Monday, July 20, 2009

കളരി അഭ്യസങ്ങള്‍2- കുറുപ്പ് ചേട്ടന്‍

റോഡിനും ആശാന്റെ വീടിനും ഇടക്കായി ചെറിയ ഒരു പുരയിടം ഉണ്ടായിരുന്നു. ആശാന്റെ വീട്ടിലേക്കുള്ള വഴി അതിലൂടെ ആണ്. കറവക്കാരന്‍ കുറുപ്പ് ചേട്ടന്റെ ആണ് സ്ഥലം. പശുവിനു തിന്നാനുള്ള പുല്ലു ആണ് പറമ്പില്‍ പ്രധാനം ആയി ഉണ്ടായിരുന്നത്. കൂടാതെ ഒന്നു രണ്ടു പറങ്കി മാവുകളും കുറച്ചു തെങ്ങുകളും കൂടെ അവിടെ സ്ഥാനം പിടിച്ചിരുന്നു. വഴി അതിലൂടെ ആയിരുന്നെങ്കിലും ഞാന്‍ മിക്കവാറും കളരി കഴിഞു വീട്ടില്‍ പോകുന്നത് ചേട്ടന്റെ വീട് വഴിയാണ്. പേര, അമ്പഴം തുടങ്ങി കുറെ മരങ്ങള്‍ അവിടെ എനിക്കായി കാത്തു നില്‍പ്പുണ്ടെന്നതയിരുന്നു കാരണം.

ആശാന്‍ കളരിയില്‍ ഉച്ചക്ക് ചോറ് കൊണ്ടു വരുന്നതു ഞങ്ങള്‍ മൂന്ന് പേരായിരുന്നു. എന്നെ കൂടാതെ വര്‍ക്കിച്ചന്‍, ശുപ്പന്‍ എന്നിവര്‍. ഉച്ചക്ക് ക്ലാസ്സ് വിട്ടിട്ടു ആശാന്‍ പോയി വരുന്ന വരെ ഞങ്ങള്‍ മൂന്ന് പേര്‍ ആ ചുറ്റുവട്ടതുള്ളവര്‍ക്ക് മന സമാധാനം കളഞ്ഞു കൊണ്ടു അറുമാദിച്ചു പോന്നു. ഞങ്ങളുടെ ശല്യം കൂടുതലും സഹിക്കേണ്ടി വന്നത് കുറുപ്പ് ചേട്ടന്റെ വീട്ട്കാര്‍ക്ക് ആയിരുന്നു.

അങ്ങനെ ഒരു ഉച്ച സമയം. ഞങ്ങളുടെ മേച്ചില്‍പ്പുറം കുറുപ്പ് ചേട്ടന്റെ പറമ്പ്. മാവില്‍ നിറയെ മാങ്ങകള്‍ പഴുത്തു കിടക്കുന്നു. അതും ഞങ്ങളെ പോലെ ചിലര്‍ സ്ഥിരം മേയുന്ന പറമ്പില്‍....ആരെങ്കിലും കണ്ടാല്‍ നമുക്കല്ലേ നാണക്കേട്. അതുകൊണ്ട് നെഞ്ചും വിരിച്ചു കിടക്കുന്ന ആ പറങ്കി ഫലങ്ങളെ എത്രയും പെട്ടെന്ന് താഴെ എത്തിക്കേണ്ടത്‌ ആ ആശാന്‍ കളരിയിലെ സകല ആണ്‍ തരികളുടെയും പ്രതി നിധികള്‍ എന്ന നിലയില്‍ ഞങ്ങള്‍ കടമയായി ഏറ്റെടുത്തു. കശുമാങ്ങ തിന്നു മടുത്ത സമയമായതിനാല്‍ തിന്നണം എന്നില്ല. ചുമ്മാ പറിച്ചിടണം. ചെറിയൊരു കൃമികടി.അത്രേ ഉള്ളൂ.പതിവു പോലെ മരത്തില്‍ ഞാന്‍ ആഞ്ഞു കയറി. താഴെ നിന്നും മാങ്ങകളുടെ ലൊക്കേഷന്‍ പറഞ്ഞു തരാന്‍ ശുപ്പനും വര്‍ക്കിയും. അവര്‍ വിളിചു പറയുന്ന പറങ്കികളെ ഓരോന്നായി ഞാന്‍ കൊന്നു വീഴ്ത്തി. ആവേശം മൂത്ത് അവന്മാര്‍ വിളിച്ചു പറയുന്നതു, ഞാന്‍ കയറുന്ന ഉയരം അനുസരിച്ച് ഉച്ചത്തില്‍ ആയിക്കൊണ്ടിരുന്നു.

ഉച്ചക്ക് ഊണും കഴിഞ്ഞു ചെറിയ ഒരു മയക്കത്തിലേക്ക് വീഴുകയയിരുന്ന കുറുപ്പ് ചേട്ടന്‍ അപ്പുറത്തെ ഈ ബഹളം കേട്ടു പുറത്തിറങ്ങി. നോക്കുമ്പോള്‍ മണ്ടി നടന്നു അണ്ടി ശേഖരിക്കുന്ന എന്റെ സഹ പ്രതികളെ ആണ് കാണുന്നത്. ഭാര്യ ഇന്നു രാവിലേം പറഞ്ഞതെ ഉള്ളൂ..ആ ഇരണം കേട്ട പിള്ളേര് വരുന്നതിനു മുന്പ് പറമ്പില്‍ നിന്നും അണ്ടിയെല്ലാം പറിച്ചോണ്ട് വരണമെന്ന്. കലി കയറിയ കുറുപ്പ് ചേട്ടന്‍ നിക്കെടാ അവിടെ എന്നും പറഞ്ഞു പറമ്പിലോട്ടു പാഞ്ഞു. ചുവപ്പ് കണ്ട പോര്‍ കാളയെപ്പോലെ പാഞ്ഞു വരുന്ന കുറുപ്പുചെട്ടനെ കണ്ടു കിട്ടിയ സമ്പാദ്യമെല്ലാം വലിച്ചെറിഞ്ഞു അവന്മാര്‍ രണ്ടും രണ്ടു വഴിക്ക് പാഞ്ഞു. ഓടി മാവിന്റെ ചുവട്ടിലെത്തിയ കുറുപ്പ് ചേട്ടന്‍ ആശ്വസിച്ചു.ഭാഗ്യം പെറുക്കിയ അണ്ടി എല്ലാം ഇട്ടിട്ടാണ് കുരുപ്പുകള്‍ ഓടിയത്. സമാധാനം ആയി. മരത്തില്‍ കേറാതെ കഴിഞ്ഞു . ഇനി വല്ലതും മുകളില്‍ ഉണ്ടോ എന്നറിയാന്‍ മുകളിലോട്ട് നോക്കിയ ചേട്ടന്‍ കണ്ടത് ഭീമന്‍ പാണ്ട ഇരിക്കുന്നപോലെ താഴേക്ക്‌ തുറിച്ചു നോക്കി കൊണ്ടു ഇരിക്കുന്ന എന്നെ ആണ്.

സ്വതവേ കുറുപ്പ് ചേട്ടന് എന്നെ ഭയങ്കര സ്നേഹം ആണ്. ഞാന്‍ അവരുടെ വേലിക്ക് അകത്തു കടക്കുന്നതു കണ്ടാല്‍ ഉടനെ പോ പട്ടീ പോ എന്ന് പറഞ്ഞു ചില ചെത്തല പട്ടിയെ ഓടിക്കുന്നപോലെ എന്നെ സമീപിക്കുന്ന അങ്ങേരെ എനിക്കും ഭയങ്കര കാര്യമാ. എന്നെ കണ്ട ഉടനെ അങ്ങേര്‍ക്കു ഹാല്‍ വീണ്ടും ഇളകി. നിന്നെ കുറെ നാളായി ഞാന്‍ നോക്കി നടക്കെരുന്നു. ഇറങ്ങി വാടാ ഇവിടെ എന്ന് ചേട്ടനും. നിന്നേം ഞാന്‍ കുറെ നാളായി നോക്കി നടക്കെരുന്നു പോടാ പട്ടീ എന്ന് ഞാനും. കലി കയറിയ ചേട്ടന്‍ അറിയാവുന്ന വാക്കുകള്‍ മുകളിലോട്ടും ഗുരുക്കന്മാരെ മനസ്സില്‍ ധ്യാനിച്ച് അറിയാവുന്ന വാക്കുകള്‍ താഴോട്ട് ഞാനും വിട്ടോണ്ടിരുന്നു. എനിക്കാണേല്‍ കൈ, കാല്‍ ഒക്കെ കഴക്കാന്‍ തുടങ്ങി. അറ്റ കൈ ആയി ഞാന്‍ ആ നമ്പര്‍ ഇറക്കി. "മര്യാദക്ക് പോയില്ലേല്‍ അന്ന് കണ്ട മറ്റേ കാര്യം ഞാന്‍ എല്ലാരോടും പറഞ്ഞു കൊടുക്കും". ഇത്തവണ ചേട്ടന്‍ ഞെട്ടി. "നീ പറയുമോ". "ഞാന്‍ പറയും ". ആഹാ നിന്നെ ഇറക്കാന്‍ എനിക്കറിയാം എന്നും പറഞ്ഞു കൊണ്ടു ചേട്ടന്‍ മാങ്ങാ പറിക്കുന്ന വലിയ വാരി (നീണ്ട വടി.അറ്റത്ത്‌ ചെറിയ ഉടക്ക് ഉള്ളത്) എടുത്തു കൊണ്ടു വന്നു. ഇപ്പോള്‍ ഞെട്ടിയത് ഞാനായിരുന്നു. എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിന്ന എന്നെ ആ കശ്മലന്‍ പപ്പായ കുത്തുന്ന പോലെ കുത്തി താഴെ ഇടാന്‍ നോക്കി.ഭാഗ്യത്തിന് എന്റെ കാലിന്റെ താഴെ വരെ അത് എത്തുന്നുള്ളൂ.എന്നാലും എന്റെ പാദത്തില്‍ ഉന്നം വെച്ചാണ്‌ അങ്ങേരുടെ നില്‍പ്പ്. പോള്‍ വോള്‍ട്ട് ചാടുന്ന വടിയും പിടിച്ചു ധ്യാനിച്ച് നില്ക്കുന്ന ബൂബ്ക്കയെപ്പോലെ നില്ക്കുന്ന അങ്ങേരെ കണ്ടപ്പോള്‍ പെട്ടെന്ന്‍ എനിക്ക് ഒരു ഐഡിയ തോന്നി. ദൈവം ജന്മനാ തന്നിട്ടുള്ള ജൈവയുധം എടുത്തു പ്രയോഗിക്കുക തന്നെ.എന്റെ കാല്‍ പാദം ധ്യാനിച്ച് നിന്ന കുറുപ്പ് ചേട്ടന് കാര്യങ്ങള്‍ മനസിലായി വരുന്നതിനു മുന്പ് തന്നെ എന്റെ പരി പാവനമായ മൂത്രം അങ്ങേരുടെ തല വഴി മുഘതൂടെ താഴേക്ക്‌ ഒലിച്ചിറങ്ങി. കണ്ണ് നീറിയത്തില്‍ നിന്നും , മൂക്കില്‍ നേരിട്ടെത്തിയ മണത്തില്‍ നിന്നും, വായിലെ ഉപ്പ് രുചിയില്‍ നിന്നും, മുഘത്തെ പൊള്ളലില്‍ നിന്നും ചേട്ടന് തനിക്ക് നേരിട്ട അപകടത്തെ പറ്റി തിരിച്ചറിവ് ആകുംബോളെക്കും ഞാന്‍ ഇറങ്ങി ആശാന്റെ വീട് കടന്നിരുന്നു. വാരി ദൂരെ വലിച്ചെറിഞ്ഞു ചേട്ടന്‍ നേരെ അടുത്ത കുളത്തിലേക്കും.

കറുപ്പു ചേട്ടന്റെ പരാതിയില്‍ നല്ല പെട പ്രതീക്ഷിച്ച എന്നെ അത്ഭുതപ്പെടുത്തി കൊണ്ടു അങ്ങേരു എനിക്കെതിരെ പരാതി കൊടുത്തില്ല. ഞാന്‍ "മറ്റെക്കാര്യം" പറയും എന്നോര്‍ത്താണോ അതോ വീട്ടിലെ കുളി സോപ്പും അലക്ക് സോപ്പും തീരുന്നവരെ കുളത്തില്‍ ഇറങ്ങി കുളിച്ചതിന്റെ ക്ഷീണം കാരണമാണോ എന്തോ.

(ഞാന്‍ ഉദ്ദേശിച്ച "മറ്റേ കാര്യം" ചേട്ടന്‍ പാലില്‍ വെള്ളം ചേര്‍ക്കുന്നത് കണ്ടതായിരുന്നു. ചേട്ടന്‍ അതിന് എന്തിനാ ഇത്ര ഞെട്ടിയത് എന്ന് മനസിലായില്ല. ഇനി ഞാന്‍ അമ്പഴം പറിക്കാന്‍ കേറിയപ്പോള്‍ കണ്ട കാര്യമാണേല്‍, കൊച്ചയതിനാല്‍ ഞാന്‍ അത് അത്ര കാര്യമാക്കിയില്ല എന്ന് അങ്ങേര്‍ക്കു മനസിലായിട്ടില്ല. പാവം. പിന്നെ എന്തായാലും ഞാന്‍ അങ്ങേരുടെ വീട് വഴി പോക്ക് നിര്ത്തി. അങ്ങേരു എന്റെ മുന്നിലൂടെ ഉള്ള പോക്കും)

Monday, July 13, 2009

കളരി അഭ്യസങ്ങള്‍1 - തെറി പാഠം

കഴിഞ്ഞ ബ്ലോഗ് വായിച്ചവര്‍ക്കും അതിലുപരി അന്ന് ഞങ്ങളുടെ കൂടെ സദ്യ ഉണ്ണാന്‍ ഇരുന്നവര്‍ക്കും ഒരു പോലെ തോന്നിയ ഒരു സംശയം ഉണ്ട്. കൊച്ചു വായില്‍ എങ്ങനാ ഞാന്‍ ഇത്രേം വലിയ വാക്കുകള്‍ പറഞ്ഞതെന്ന്.(ബ്ലോഗിന്റെ സഭ്യതയെ മാനിച്ചു ഞാന്‍ censor ചെയ്താ വാക്കുകള്‍ മാത്രമെ ഇവിടെ വിവരിചിരുന്നുള്ളൂ.ബാക്കി എന്താണെന്നു അറിയാന്‍ ആഗ്രഹം ഉള്ളവര്‍ കൊടുങ്ങല്ലൂര്‍ അമ്മയെ മനസ്സില്‍ ഓര്ത്തു ക്ഷമിക്കൂ). അതിനെ പറ്റി പറഞ്ഞു കൊണ്ടാകട്ടെ ഇതിന്റെ ഒരു തുടക്കം.

എന്റെ വീടിനോട് ചേര്‍ന്നായിരുന്നു ചരിത്ര പ്രസിദ്ധമായ പൊള്ളേത്തൈ സ്കൂള്‍ ഗ്രൌണ്ട്. സംസ്ഥാന ദേശീയ വേദികളില്‍ അധികം ഇല്ലെങ്കിലും കേരള പോലീസിന് വളരെ അധികം സംഭാവനകള്‍ നല്കിയ ഞങ്ങളുടെ കൊച്ചു ഗ്രൌണ്ട്. ഓര്‍മ വെച്ച കാലം മുതല്‍ ഞാന്‍ അഭ്യസങ്ങള്‍ പഠിച്ചു തുടങ്ങിയ സര്‍വകലാശാല. ആശാന്‍ പള്ളിക്കൂടത്തില്‍ പോകാന്‍ തുടങ്ങും മുന്‍പേ ഞാന്‍ അവിടത്തെ ഒരു അന്തേവാസി ആയിരുന്നു. കാലത്ത് നാട്ടിലെ ആണായി പിറന്നവരെല്ലാം വൈകിട്ട് ഒരു അഞ്ചു മണി ആകുംബോളെക്കും ഗ്രൗണ്ടില്‍ ഹാജര്‍ വെച്ചിട്ടുണ്ടാകും. സീസണ്‍ അനുസരിച്ച് ക്രിക്കറ്റ്, ഫുട്ബോള്‍, വോളീബോള്‍ തുടങ്ങിയ ഇനങ്ങള്‍ ആണ് അവിടെ ഉണ്ടാകുക. കളിയ്ക്കാന്‍ വളരെ കുറച്ചു ആള്‍ക്കാരെ ഉണ്ടാകൂ എങ്കിലും ഗ്രൌണ്ടിന്റെ കിഴക്കേ മൂലയില്‍ ഉള്ള പുളിച്ചുവട്ടില്‍ എല്ലാ ആണ്‍ പിറന്നോരും നിരന്നിരുപ്പുണ്ടാകും. നാട്ടില്‍ നടക്കുന്ന സകല ഉടായിപ്പ് വാര്‍ത്തകളും പുളിച്ചുവട് സംഘത്തിന്റെ മുഘ്യ അജണ്ടയില്‍ ഉണ്ടാകും. വാര്‍ത്തകള്‍ കേള്‍ക്കാനായി മാത്രം രണ്ടു കിലോ മീറ്റര്‍ അകലെ നിന്നും ഓരോരുത്തന്‍മാര്‍ സ്ഥിരമായി അവിടെ വരാറുണ്ടായിരുന്നു. കാര്യമായി ഒന്നും മനസിലാകില്ലെങ്കിലും സമ്മേളനങ്ങളില്‍ പതിവായി ഞാനും പങ്കു കൊള്ളുംയിരുന്നു. വീട്ടില്‍ നിന്നും കൊറിക്കാനായി ഞാന്‍ എന്തെങ്കിലും കൊണ്ടു വരുമായിരുന്ന കൊണ്ടും എന്നില്‍ ഒരു നല്ല ഭാവി അവിടത്തെ ഗുരു പുംഗവന്മാര്‍ നേരത്തെ തന്നെ കണ്ടിരുന്നതിനാലും എന്റെ സാന്നിധ്യത്തിന് അവര്‍ വിലക്ക് കല്‍പ്പിച്ചിരുന്നില്ല.

നാട്ടിലെ യുവ കേസരികളെ സ്കൂള്‍ ഗ്രൂണ്ടിലോട്ടു ആകര്ഷിച്ചതിനു മറ്റൊരു കാരണം കൂടെ ഉണ്ടായിരുന്നു. നാട്ടില്‍ നിന്നും ടൌണിലെ കോളേജുകളില്‍ പഠിക്കുന്ന തരുണീമണികള്‍ ബസ്സിറങ്ങി നടന്നു പോകുന്നത് ഗ്രൂണ്ടിനും എന്റെ വീടിനും ഇടക്കുള്ള പൊതു വഴിയില്‍ കൂടെ ആണ്. ഗ്രൌണ്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും അവര്‍ വഴിയില്‍ കടന്നു കഴിഞ്ഞാല്‍ പിന്നെ പുളിച്ചുവട് കഴിയുന്നവരെ അവര്‍ അവിടെ ഉള്ള കേസരികള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് എന്ന് ആയിരുന്നു അവിടെ ഇരുന്ന ഓരോ ചേട്ടനും മനസ് നിറഞ്ഞു വായില്‍ നോക്കുമ്പോള്‍ കരുതി ഇരുന്നത്. തല കുമ്പിട്ടു ഇരിക്കുന്നവന്മാര്‍ എല്ലാം തന്നെ മാത്രം ആണ് നോക്കുന്നത് എന്ന രീതിയില്‍ ആയിരുന്നു ഓരോ ചേച്ചിമാരും അവിടെ കൂടെ നടന്നു പോയിരുന്നത്. മിക്കവാറും എല്ലാ ചേച്ചിമാര്‍ക്കും അത്യാവശ്യം ഇരട്ടപേരുകളും ചേട്ടന്മാര്‍ കല്‍പ്പിച്ചു നല്‍കിയിരുന്നു. പച്ചണ്ടി, മത്തി തല,തുടങ്ങി ഓരോരുത്തരുടെയും മുഘത്തിനു ചേരുന്ന പേരുകള്‍ കല്‍പ്പിച്ചു നല്കാന്‍ മിടുക്കന്മാര്‍ കൂട്ടത്തില്‍ ധാരാളം ഉണ്ടായിരുന്നു. എന്റെ തെറി പഠനത്തിന്റെ തുടക്കം പേരുകളില്‍ നിന്നും ആയിരുന്നു. കൂട്ടത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ഭാഗ്യവതിയെ പുതുതായി ചാര്‍ത്തപ്പെട്ട പേരു ആദ്യമായി പോയി വിളിക്കേണ്ട ചുമതല എനിക്കായിരുന്നു കല്‍പ്പിച്ചു കിട്ടിയിരുന്നത്. അതൊരു വലിയ ബഹുമതി ആയി ഞാന്‍ കണക്കാക്കി പോന്നിരുന്നു. കാരണം നല്ല പ്രായത്തില്‍ കല്യാണം കഴിചിരുന്നേല്‍ എന്റെ പ്രായത്തില്‍ ഉള്ള മക്കള്‍ ഉണ്ടാകാന്‍ പോന്ന ചേട്ടന്മാര്‍ എല്ലാം എന്റെ പ്രകടനത്തിനായി പുറകില്‍ പ്രാര്‍ത്ഥനയോടെ ഇരുപ്പുണ്ടെന്ന ചിന്ത തന്നെ ഐഡിയ സ്റ്റാര്‍ singeril ഏറ്റവും കൂടുതല്‍ sms കിട്ടുന്ന കുട്ടിക്കുള്ള പോലത്തെ ഒരു ഗമ എനിക്ക് നല്‍കിയിരുന്നു. പോകുന്നതിനു മുന്‍പായി ചേട്ടന്മാര്‍ എനിക്ക് ചില പൊടിക്കൈകള്‍ പറഞ്ഞു തരാറുണ്ട്.ഫോളോ ഓണ്‍ ഒഴിവാക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി ബാറ്റുമായി തുഴയാന്‍ പോകുന്ന ഇഷാന്ത്‌ ശര്‍മ്മക്ക് എങ്ങനെ കണ്ണടച്ച് പിടിച്ചു ബാറ്റ് ചെയ്യാം എന്ന് പറഞ്ഞു കൊടുക്കുന്ന ഗാംഗുലിയുടെ ഭാവത്തോടെ അവര്‍ എനിക്ക് ചേച്ചിമാര്‍ ആക്രമിക്കുമ്പോള്‍ തിരിച്ചു പറയാനുള്ള വാക്കുകള്‍ ഓതി തന്നു. അര്ത്ഥം അറിയാതെ ആണേലും എന്റെ വായീന്ന് അത് പുറത്തേക്ക് വരുന്ന കേട്ടാല്‍ സാക്ഷാല്‍ കൊടുങ്ങല്ലൂരമ്മ വരെ ഒന്നു കിടുങ്ങിപ്പോകും.പൊള്ളേത്തൈ പള്ളിയില്‍ പെരുന്നളിനാണ് ഗുരുക്കന്മാര്‍ കുട്ടികളുടെ അഭ്യാസ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നത്. ദൂരെ നിന്നും വരുന്ന സുഹൃത്തുക്കളുടെ മുന്നില്‍ വെച്ചു അവര്‍ എന്നെ അഭിമാനത്തോടെ അവതരിപ്പിക്കും. എന്നിട്ട് പുതിയ പത്തു തെറി പറഞ്ഞു കേള്‍പ്പിക്കാന്‍ പറയും. പദ്യപരായണ മത്സരത്തിനു കവിത ചൊല്ലുന്ന പോലെ ഞാന്‍ പുതിയ ഐറ്റംസ് അവതരിപ്പിക്കും. അപ്പോള്‍ ഗുരുക്കന്മാരുടെ മുഘത്ത്‌ തൃശൂര്‍ പൂരത്തിന് പുതിയ ഇനം അമിട്ട് പൊട്ടിച്ച ശേഷം പാറമേക്കാവ് ഭാഗത്തിന്റെ വെടിക്കെട്ട് നടത്തുന്ന രാമുണ്ണി ആശാന്റെ മുഘത്തുള്ള ഭാവം ആയിരിക്കും.

ആശാന്‍ പള്ളിക്കൂടത്തില്‍ കൊണ്ടു പഠിക്കാന്‍ ചേര്‍ത്തതോടെ ആണ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും കിട്ടുന്ന ട്രെയിനിങ്ങിന്റെ യഥാര്‍ത്ഥ ഗുണം ഞാന്‍ മനസിലാക്കിയത്‌. എന്റെ വീട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ മാറിയാണ് ആശാന്റെ വീട്. എന്നെ കൂടാതെ രണ്ടു മൂന്നു കിടാങ്ങള്‍ കൂടെ ആശാന്റെ അടുത്ത് പഠിക്കാന്‍ എന്റെ വീടിന്റെ അടുത്ത് നിന്നും ഉണ്ടായിരുന്നു. ഇതിനിടയില്‍ ഉള്ള ഏകദേശം ഇരുപതോളം വീടുകള്‍ എന്റെ സ്വന്തം എന്ന രീതിയില്‍ ആയിരുന്നു ഞാന്‍ ബാലസംഘത്തെയും നയിച്ചു കൊണ്ടു ആശാന്‍ പള്ളിക്കൂടത്തില്‍ പോയിരുന്നത്. വീടുകളില്‍ ഉള്ള മാവു, അമ്പഴം, തല്ലി, തുടങ്ങി എല്ലാ മരങ്ങളിലും കേറിയിട്ടെ വൈകിട്ട് ഞങ്ങള്‍ വീട്ടില്‍ എത്തിയിരുന്നുള്ളൂ. ധാരാളം കുളങ്ങളും പാടങ്ങളും ഉണ്ടെങ്കിലും എന്നെ ആശാന്‍ കളരിയില്‍ ഒറ്റയ്ക്ക് വിടാന്‍ വീട്ടുകാര്‍ക്ക് യാതൊരു പേടിയും ഇല്ലായിരുന്നു. കാരണം ഞാന്‍ ഒരു വീടിന്റെ അതിരില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ അവരുടെ വേലിക്കെട്ടു കഴിയുന്നവരെ വീട്ടുകാരുടെ എല്ലാ ശ്രദ്ധയും എന്റെ മേല്‍ തന്നെ ആയിരിക്കും. ഉത്സവത്തിന് പറ എടുക്കാന്‍ ആന വരുമ്പോള്‍ പോലും വീട്ടുകാര്‍ ഇത്ര ശ്രദ്ധ കൊടുത്തിരുന്നില്ല . അത് തന്നെയും അല്ല മിക്ക ദിവസോം ഞാന്‍ ക്ലാസ്സ് കഴിഞ്ഞെത്തുമ്പോള്‍ ഏതെങ്കിലും വീട്ടിലെ ചേച്ചിമാര്‍ കൂടെ കാണും. അത് ആക്കിതരണം എന്ന ഉദ്ധേശത്തില്‍ ആയിരിക്കില്ല. വീടിന്റെ ഓടു എറിഞ്ഞു പൊട്ടിച്ചു, വേലിക്ക് വെച്ച ഓല വലിച്ചു കീറി, തെറി പറഞ്ഞു തുടങ്ങിയ പരാതികള്‍ അമ്മയെ നേരിട്ടു ഏല്‍പ്പിക്കാന്‍ ആയിരുന്നെന്നു മാത്രം.

നിലത്തെഴുത്ത് കളരി രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട തങ്കപ്പനശാന്റെ അധ്യാപന ജീവിതത്തിലെ പരീക്ഷണ കാലഘട്ടം ആയിരുന്നു ഞാന്‍ പഠിച്ച രണ്ടു വര്‍ഷങ്ങള്‍. വികലാംഗനായ ആശാന്‍ ചെമ്പ് കെട്ടിയ ഒരു വടിയുടെ സഹായത്തോടെ ആയിരുന്നു നടന്നിരുന്നത്. ആശാന്റെ ലുന്കിയുടെ നിറവും ചെമ്പ് പിടിപ്പിച്ച വടിയും കാണുമ്പോള്‍ തന്നെ എന്റെ മേത്തൂടെ ഒരു വിറയല്‍ ഓടി കയറുമായിരുന്നു. മണല്‍ വിരിച്ച ഒരു ഷെഡ്‌ ആയിരുന്നു കളരി. അതിന്റെ വാതുക്കല്‍ തന്നെ ആശാന്‍ ഇരിക്കും. കുത്തി നടക്കുന്ന വടി പുറകില്‍ ചാരി വെക്കും. വാതിലിന്റെ പുറകില്‍ നിന്നും പല സൈസില്‍ ഉള്ള ചൂരലുകള്‍ എടുത്തു മുന്നില്‍ വെക്കും. പിന്നെ ക്രമത്തില്‍ ഓരോരുത്തരെയും വിളിച്ചു തുടങ്ങും. പഠിപ്പിക്കുന്ന ബുക്കുമായി വിളിക്കുന്ന ആള്‍ ആശാന്റെ മുന്നില്‍ പോയി ഇരിക്കണം. ബാക്കിയുള്ളവര്‍ക്ക് ബുക്ക്‌ തുറന്നു അക്ഷരങ്ങള്‍ മുന്നിലെ മണലില്‍ എഴുതി പഠിക്കാം. പേരു വിളിക്കപ്പെട്ട ഹതഭാഗ്യന്‍ ആശാന്റെ മുന്നില്‍ ചെല്ലുമ്പോള്‍ തന്നെ പഠിച്ചതൊക്കെ മറക്കും. പിന്നെ ആശാന്റെ ചൂരല്‍ ഒന്നു മിന്നി മറയുന്നത് കാണാം. തല്ലല്ലേ ആശാനെ എന്ന് കരഞ്ഞോണ്ട് പുറകോട്ടു നിരങ്ങി നീങ്ങുന്ന സഹപാഠിയെ ഞങ്ങള്‍ സഹതാപത്തോടെ, അതിലുപരി ഭയത്തോടെ നോക്കും. ആശാന്‍ ഇരിക്കുന്ന വാതിലിന്റെ അടുത്ത് നിന്നും കളരിയുടെ അങ്ങേ അറ്റം വരെ മോങ്ങിക്കൊണ്ട് നിരങ്ങിപ്പോകാം. പോയ വഴി മണലില്‍ ആന തടി വളിച്ച പാടു പോലെ കാണപ്പെടും. ആശാന് എഴുന്നേറ്റു പോയി തല്ലാന്‍ പറ്റില്ല. അത് കൊണ്ടു ആശാന്‍ അടുത്ത ചൂരല്‍ എടുക്കും. പുകയത് വെച്ച കറുപ്പിച്ച ചൂരല്‍ ഞങ്ങളുടെ ഒരു പേടി സ്വപ്നം ആയിരുന്നു. അത് കൊണ്ടു അടി ആരും ഇതു വരെ കൊള്ളുന്നത്‌ കണ്ടിട്ടില്ല. പക്ഷെ എന്നും അത് കാണിച്ചായിരുന്നു ആശാന്‍ ദൂരെ പോയ കുഞ്ഞാടുകളെ തിരികെ കൊണ്ടു വന്നിരുന്നത്. ചെറിയ ഒരു പ്രലോഭനം. "അത് കൊണ്ടുള്ള അടി വേണ്ടേല്‍ മരിയാദക്കു തിരികെ വന്നു ഇരിക്കൂ എന്ന്". പ്രലോഭനം സ്നേഹപൂര്‍വ്വം നിരസിച്ച ആദ്യ വ്യെക്തി ഞാന്‍ ആയിരുന്നു.

സംഭവം എനിക്ക് ശേഷം കളരിയില്‍ പഠിക്കാന്‍ എത്തിയ കുഞ്ഞുങ്ങള്‍ക്ക് എന്നും ഒരു മാതൃക ആയിരുന്നു. ഇടക്കിടക്ക്‌ ആശാന്‍ ഇരിക്കുന്നിടത്ത് നിന്നും പുറത്തേക്ക്‌ എഴുന്നേറ്റു പോകും(മനുഷ്യനല്ലേ സ്വാഭാവികം) അത് പോലെ മാതാപിതാക്കാന്‍മാര്‍ ആരെങ്കിലും എത്തുംബോളും ആശാന്‍ ഒന്നു എഴുന്നേല്‍ക്കും. വടി കുത്തി എഴുന്നെട്ടാല്‍ ഉടനെ ആശാന്‍ മുണ്ട് ഒന്നു മുറുക്കി ഉടുക്കാറുണ്ട്. അന്ന് ഞാന്‍ ആയിരുന്നു ആശാന്റെ മുന്നില്‍ ഇരിക്കാന്‍ വിധിക്കപ്പെട്ട കുഞ്ഞാട്. പേടിച്ചു ഓരോ അക്ഷരങ്ങള്‍ ആയി ഞാന്‍ എഴുതുമ്പോള്‍ ആണ് കൂടെ പഠിക്കുന്ന വേണുവിന്റെ അമ്മ മെമ്പര്‍ പൊന്നമ്മ ചേച്ചി ആശാനെ കാണാന്‍ എത്തിയത്. പതിവുപോലെ ആശാന്‍ എഴുന്നേറ്റു. വടി കുത്തി എഴുന്നേറ്റു പോകുന്ന പോക്കില്‍ താഴെ കിടന്ന മുണ്ടിന്റെ അറ്റത്ത്‌ ഞാന്‍ ഒരു പിടുത്തം പിടിച്ചു. സംഭവിച്ചത് എന്താണെന്നു ആശാന് മനസിലായി വന്നപ്പോളേക്കും മെമ്പര്‍ അടുത്ത രണ്ടു പറമ്പ് കഴിഞ്ഞിരുന്നു.കയ്യിലിരുന്ന ചെമ്പ് കെട്ടിയ വടി കൊണ്ടു ആശാന്‍ എന്നെ തല്ലതിരുന്നത് ആകെ ഉള്ള ബാലന്‍സ് കൂടെ പോകും എന്നോര്‍ത്ത് ആയിരിക്കണം. ഇരിപ്പ് ഉറപ്പിച്ച ആശാന്‍ പ്രത്യേകിച്ച് പ്രലോഭനങ്ങള്‍ ഒന്നും നല്കാന്‍ നില്‍ക്കാതെ നേരെ തന്റെ തുരുപ്പ് ചീട്ടായ ചൂരല്‍ എന്റെ മേല്‍ പ്രയോഗിക്കുകയായിരുന്നു.

ഇക്ക, ഇംഗ, എഴുതി കാണിക്കുന്ന സമയത്താണ് എനിക്ക് അതെ ചൂരല്‍ കൊണ്ടുള്ള അടി വേണ്ടെങ്കില്‍ എഴുന്നെന്നു വാ എന്ന ഓഫര്‍ ആദ്യമായി കിട്ടുന്നത്. ഒരു പ്രാവശ്യം കിട്ടിയതിന്റെ ഓര്‍മ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ അടുത്തോട്ടു ചെല്ലാന്‍ ഭയപ്പെട്ടു. കുറെ ആലോചിച്ചിട്ട് ഞാന്‍ ഒരു കടും കൈ ചെയ്യാന്‍ തീരുമാനിച്ചു. എന്റെ അടുത്ത നടപടി എന്തായിരിക്കും എന്ന് ആലോചിച്ചു വണ്ടറടിച്ചു ഇരുന്ന എല്ലാ സഹാപാടികള്‍ക്കും മാതൃക ആയിക്കൊണ്ട്‌ ഞാന്‍ പുറത്തേക്ക് ഒറ്റ ഓട്ടം. പോണ പോക്കില്‍ ആശാന്റെ ചെമ്പ് കെട്ടിയ വടിയും എടുത്തു മുറ്റത്തേക്ക്‌ എറിയാന്‍ ഞാന്‍ മറന്നില്ല. ആശാന്‍ എഴുന്നേറ്റിട്ട് വേണമല്ലോ എന്നെ പിടിക്കാന്‍. വെടി കൊണ്ട പന്നിയെ ഞാന്‍ അടുത്ത തോടും ചാടി ഓടി. ബഹളം കെട്ട് തിരിഞ്ഞു നോക്കിയ അടുത്ത വീട്ടിലെ മേര്സി ചേച്ചി കണ്ടത് ബ്രേക്ക്‌ പോയ റോഡ് roller പോലെ പാഞ്ഞു വരുന്ന എന്നെ ആണ്. കാര്യം മനസിലായില്ലെങ്കിലും എന്നെ തടയാന്‍ തന്നെ ചേച്ചി തീരുമാനിച്ചു. കബഡി കളിക്കാരിയെ പോലെ മുന്നില്‍ നിന്ന ചേച്ചിയെ വെട്ടിക്കാന്‍ ഞാന്‍ പല അടവും നോക്കി. അവസാനം കളിയില്‍ ചേച്ചി തന്നെ ജയിച്ചു. ഒള്യ്മ്പിച്സിനു മെഡല് വാങ്ങിയ കര്‍ണം മല്ലെസ്വരിയുടെ ഭാവത്തോടെ ചേച്ചി എന്നെ പൊക്കി തോളില്‍ ഇട്ടു. അവരുടെ പത്തു തലമുറ വരെ ഉള്ള സകലരേം ഞാന്‍ തെറി വിളിച്ചെങ്കിലും ചേച്ചി എന്നേം കൊണ്ടു ആശാന്റെ അടുത്തേക്ക് നീങ്ങി. വെതാളത്തെയം കൊണ്ടു വിക്രമാദിത്യന്‍ പോണ പോലെ. അറ്റ കൈ ആയി ഞാന്‍ "നാട്ടുകാരെ എന്നെ കൊല്ലാന്‍ കൊണ്ടു പോണേ" എന്ന നമ്പറും ഇറക്കിയെങ്കിലും വിജയിച്ചില്ല. ഒരു മേര്സിയും കാട്ടാതെ മേര്സി ചേച്ചി എന്നെ ആശാന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.

ഒരാഴ്ചക്കുള്ളില്‍ മേര്സി ചേച്ചിയുടെ വീട്ടില്‍ തൊണ്ട് തല്ലുന്ന ഇരുമ്പ് വടി ഞാന്‍ അടിച്ച് മാറ്റി കുളത്തിലിട്ടു പകരം വീട്ടിയെന്കിലും മുതുകു വേദന കാരണം ആശുപത്രിയില്‍ പ്രവെശിപ്പിക്കപ്പെട്ടതിനാല്‍ അവര്‍ അതൊന്നും അറിഞ്ഞില്ല. ആശുപത്രിയില്‍ വെച്ചു ഡോക്ടര്‍ അവരോട് ചോദിച്ചത് അരിയും ചാക്കും എടുത്തു ചുമലില്‍ വെച്ചയിരുന്നോ എന്നാണത്രേ.
(തുടരും....)

Monday, July 6, 2009

ങ്കിലും ന്റെ ദേവ്യേ........

"ഇതൂടെ കഴിച്ചിട്ട് പോ മോളൂ.."കോഴി ചിക്കി തിന്നുന്ന പോലെ പാത്രത്തില്‍ നിന്നും നുള്ളി പെറുക്കി എന്തൊക്കെയോ തിന്നെന്നു വരുത്തി കളിയ്ക്കാന്‍ ഓടിയ മോളെ നോക്കി അമ്മ നെടുവീര്‍പ്പിട്ടു. ആറ്റു നോറ്റുണ്ടായ മോളാ.പറഞ്ഞിട്ടെന്താ കാര്യം ഭക്ഷണം കണ്ടാല്‍ ചെകുത്താനെ കുരിശു കാണിച്ച പോലാ.വന്നു വന്നു ബന്ധുക്കളൊക്കെ കുറ്റം പറഞ്ഞു തുടങ്ങി..നീ ഒന്നും കൊടുക്കാത്ത കൊണ്ടാ കൊച്ചിങ്ങനെ ക്ഷീണിച്ചു വരുന്നേ...പാവം അമ്മ എന്ത് ചെയ്യാനാ.എത്ര പറഞ്ഞിട്ടും ഒരു രെക്ഷേം ഇല്ല.ഇപ്പോളാണേല്‍ മോളുടെ പുറകെ പഴയ പോലെ ഓടാനും പാടില്ല. വീര്‍ത്തു വരുന്ന വയറിനെ നോക്കി അമ്മ മനം നൊന്തു പ്രാര്‍ത്ഥിച്ചു."ദേവീ കൊച്ച് എങ്കിലും നന്നായി ഭക്ഷണം കഴിക്കുന്ന കൊച്ചായിരിക്കണേ".അങ്ങനെ അച്ഛനും അമ്മയും നന്നായി ഭക്ഷണം കഴിക്കുന്ന കൊച്ചിനായി ദേവിക്ക് നേര്‍ച്ചകള്‍ നേര്‍ന്നു തുടങ്ങി.

നേര്‍ച്ചയുടെ ഫലമായാണോ എന്തോ അമ്മയുടെ വയറു കണ്ട അയലോത്തെ ചേച്ചിമാര്‍ ഉറപ്പിച്ചു. ഇത് ഇരട്ട തന്നെ.പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മേടെ വെപ്രാളം കണ്ടു നേര്സുമാര്‍ ചൂടായി."നിങ്ങളുടെ വെപ്രാളം കണ്ടാല്‍ തോന്നും കടിഞ്ഞൂലാനെന്ന്‍്. ഇതിപ്പോ രണ്ടാമത്തെ അല്ലെ.അടങ്ങി കിടക്കു". അമ്മക്കാണേല്‍ ഒരു രക്ഷേം ഇല്ല.ഒടുക്കം വയറിന്റെ വലുപ്പം കണ്ടിട്ടാണോ എന്തോ ഓപ്പറേഷന്‍ നടത്താന്‍ ഡോക്ടര്‍ തീരുമാനിച്ചു. ബോധം തെളിഞ്ഞു കണ്ണ് തുറക്കുമ്പോള്‍ സ്ഥലം ആശുപത്രിയാനെന്നു മനസിലായി.ആദ്യ അനുഭവം വെച്ചു അടുത്ത് കൈ കൊണ്ടു തപ്പി നോക്കി.ഇല്ല അടുത്ത് കിടത്തിയിട്ടില്ല. പതുക്കെ ചരിഞ്ഞു നോക്കി. കട്ടിലിനോട് ചേര്‍ന്നുള്ള തൊട്ടിലില്‍ ഒരു കുട്ടി ഭീമന്‍ അതാ നിറഞ്ഞു കിടക്കുന്നു.അങ്ങനെ ബ്രഹ്മാവിന്റെ കൈയില്‍ നിന്നും നേരിട്ടു കിട്ടിയ ദൌത്യവുമായി ഞാന്‍ ഭൂജാതനായി.

പാലിനോടുള്ള ആക്രാന്തവും പിന്നെ ഭക്ഷണ കാര്യത്തില്‍ കുട്ടികള്‍ക്കുള്ള വളര്‍ച്ചാ പടവുകള്‍ (കുറുക്ക്, പഴ ചാറ് , ചോറ് തുടങ്ങിയ ക്രമം) ചാടിക്കടക്കാന്‍ കുട്ടി കാണിച്ച ആവേശവും ഒക്കെ കണ്ടപ്പോള്‍ അമ്മ ഉറപ്പിച്ചു. ദേവി എന്റെ പ്രാര്ത്ഥന കേട്ടു. സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ കൊണ്ടു ചേര്‍ത്തപ്പോള്‍ എങ്കിലും ഞാന്‍ പാല് കുടി നിര്‍ത്തും എന്ന് കരുതിയ വീട്ടുകാര്‍ക്ക് തെറ്റി.സ്കൂളില്‍ നിന്നും വന്നു നേരെ അമ്മയേം കൊണ്ടു തെക്കേ മുറിയിലോട്ട് പോകുമ്പോളും അത്ര കുഴപ്പം അമ്മയ്ക്കും തോന്നിയില്ല. എന്റെ പ്രസവത്തോടെ മതിയായതുകൊണ്ടാണോ നാം ഒന്നു നമുക്കു രണ്ടു എന്ന പോളിസിയില്‍ ആക്രിഷ്ടരായകൊണ്ടാണോ എന്തോ എന്റെ ഒന്നാം ക്ലാസ്സിലെ ആ പതിവില്‍ ആരും എതിര്‍പ്പ് കാണിച്ചില്ല.എന്നാല്‍ ഒന്നിലെ ഓണ പരീക്ഷ എത്തിയതോടെ പണി പാളി. അന്ന് പരിസ്ഥിതി പഠനം എന്ന പേരില്‍ ഒരു വിഷയം ഉണ്ട്. അതിന് എഴുത്ത് പരീക്ഷ ഇല്ല. സാറ് നമ്മളെ വിളിപ്പിച്ചു ചോദ്യം ചോദിക്കും നമ്മള്‍ ഉത്തരം പറയണം.ഞാന്‍ ആദ്യമായി പങ്കെടുത്ത ഇന്റര്‍വ്യൂ.അമ്മേടെ കൂട്ടുകാരി കൂടെ ആയ രീത്താമ്മ ടീച്ചര്‍ എന്നോട് ചോദ്യം ചോദിച്ചു. പാല് തരുന്ന ഒരു വളര്‍ത്തു മൃഗം? സിമ്പിള്‍ ചോദ്യം. എനിക്ക് അധികം ഒന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല ഉടനെ ഉത്തരം നല്കി.അമ്മ. എന്തിനാ അവരൊക്കെ അതിനും മാത്രം ചിരിച്ചതെന്ന് മനസിലാക്കി വന്നപ്പോളേക്കും എന്റെ പാല് കുടി മുട്ടിയിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

സ്കൂളില്‍ നിന്നും വന്നുള്ള പതിവു വിഭവം മാറിയതോടെ ആ സമയത്തും ചോറ് മതിയെന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ ചുരുക്കത്തില്‍ നാലു നേരം ചോറുമായി ഞാന്‍ അങ്ങനെ പോകുമ്പോളാണ് അമ്മയുടെ മുന്നില്‍ പുതിയ ഒരു പ്രശ്നം അവതരിച്ചത്‌. ഭക്ഷണ കാര്യത്തില്‍ ഞാനും ചേച്ചിയുമായി ആരോഗ്യപരമായ ഒരു മത്സരം ആയിടക്ക്‌ ഉരുത്തിരിഞ്ഞു വന്നിരുന്നു. പാവം ചേച്ചി. കുറ്റം പറയാന്‍ പറ്റില്ല. ആരായാലും കഴിച്ചു പോകും. അതായിരുന്നു വീട്ടിലെ ഒരവസ്ഥ. ചേച്ചി ഇത്രേം ആയിട്ടും ഒരു വിരുന്നുകാരന്‍ പോലും ഒരു ഗ്യാസ് മിട്ടായി പോലും വീട്ടില്‍ വാങ്ങിക്കൊണ്ടു വന്നിട്ടില്ല.ഇപ്പോള്‍ ഞാന്‍ കളത്തില്‍ ഇറങ്ങി കഴിഞപ്പോള്‍ ആകട്ടെ കുറഞ്ഞത്‌ ഒരു കിലോ ഏത്തപ്പഴം എങ്കിലും ഇല്ലാതെ ആരും വീട്ടില്‍ വരുന്നില്ല. അത് ഞാന്‍ അവരുടെ മുന്‍പില്‍ വെച്ചു തന്നെ തീര്‍ക്കുമ്പോള്‍ അവരുടെ മുഘത്ത്‌ യോദ്ധയില്‍ ജഗതി പാല് കുടിക്കുമ്പോള്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മുഘത്ത്‌ വരുന്ന പോലുള്ള ഭാവങ്ങള്‍ വിരിയുമായിരുന്നു. കാഴ്ച ബെന്ഗ്ലാവില്‍പോകുമ്പോള്‍ കുരങ്ങിനു കടല മേടിച്ചോണ്ട് പോകുന്ന പോലത്തെ ഒരു സുഖം. നില നില്‍പ്പിന്റെ പ്രശ്നം എന്ന നിലയിലാണ്‌ ചേച്ചി എന്നോട് മത്സരിക്കാന്‍ ഇറങ്ങിയതെന്കിലും, മത്സരം കഴിഞ wimbledon ഫൈനല്‍ പോലെ കടുത്തതായിരുന്നു. വീട്ടുകാര്‍ വലഞ്ഞെന്നു പറഞ്ഞാല്‍ മതിയല്ലോ.

കാര്യങ്ങള്‍ ഇങ്ങനെ പോകുന്നതിന് ഇടയിലാണ് ആലപ്പുഴയില്‍ എന്റെ ഒരു കസിന്‍ ചേച്ചീടെ കല്യാണത്തിനായി ഞങ്ങള്‍ പോകുന്നത്. മഹാത്മാ ഗാന്ധി സത്യാഗ്രഹം എന്ന സമര മുറ കണ്ടു പിടിച്ചു രജത ജൂബിലി ആഘോഷിച്ചു കൊണ്ടിരുന്ന ആ സമയത്തു ഞാനും അത് പോലത്തെ ഒരു സമര മുറ കണ്ടു പിടിച്ചിരുന്നു. വലിയ വെത്യാസം ഒന്നും ഇല്ല. ഗാന്ധി പട്ടിണി കിടന്നാണ് കാര്യങ്ങള്‍ നടത്തിയതെങ്കില്‍ ഞാന്‍ മറ്റുള്ളവരെ പട്ടിനിക്കിടാനാണ് എന്ന് മാത്രം. വീട്ടില്‍ എന്തെങ്കിലും കലിപ്പ് ഉണ്ടായാല്‍ അല്ലേല്‍ നല്ല കീറു കിട്ടിയാല്‍ വേഗം വീട്ടിലുള്ള ചോറ് മുഴുവന്‍ തിന്നു തീര്‍ക്കുക.അങ്ങനെ ഇപ്പോള്‍ സുഘിക്കേണ്ട. കല്യാണ വീട്ടില്‍ എത്തിയ സമയതിന്റെതാണോ എന്തോ.ആകെ ഇടങ്ങേരായിരുന്നു. വരനും കൂട്ടരും വരുമ്പോള്‍ കൊടുക്കാന്‍ വെച്ചിരുന്ന കൂള്‍ ഡ്രിങ്ക്സ് ന്റെ സ്ട്രോ ഞാന്‍ കൂടോടെ അടിച്ച് മാറ്റിയത് അമ്മ കയ്യോടെ പൊക്കി. തൊണ്ടി സാദനം പിടിചെടുതെന്നു മാത്രം അല്ല കയ്യോടെ രണ്ടു പോട്ടീരും തന്നു. അതും നാലാള് കാണ്കെ. എന്റെ മനസിലെ സമര നായകന് ഉണര്‍ന്നു. പണി കൊടുക്കുക തന്നെ. സദ്യക്ക്‌ സാദാരണ പോലെ അമ്മയുടെ അടുത്ത് തന്നെ എന്നേം പ്രതിഷ്ടിച്ചു. കൂടെ അമ്മേടെ സഹോദരിമാരും മറ്റു ബന്ധുക്കളും. വിളമ്പാന്‍ വന്ന ചേട്ടന്‍ (പാവം), എന്നെ ഒന്നു നൊക്കിയിട്ട് ഒരു ചെറിയ ഇല എടുത്തു എന്റെ മുന്‍പില്‍ ഇട്ടു. പോരെ പൂരം. ഉച്ചത്തില്‍ തന്നെ ഞാന്‍ അലറി. നിന്റെ അമ്മക്ക് തിന്നാന്‍ ആണോടാ ഈ ഇല. കേട്ടത് വിശ്വാസം വരാതെ എല്ലാവരും തരിച്ചിരുന്ന സമയത്ത് ഇടവഴി ഇറങ്ങി ഓടാനാണ് അമ്മക്ക്‌ ആദ്യം തോന്നിയത്‌. അധികം ചളം ആകുന്നതിനു മുന്പേ നല്ലൊരു ഇല തന്നിട്ട് തല്ലേണ്ട ചേച്ചീ എന്നും പറഞ്ഞു എലക്കാരന്‍ സ്ഥലം വിട്ടു. അമ്മേടെ വിശപ്പ്‌ അപ്പോളെ പോയി. പിടിച്ചതിലും വലുതാണ് അളയില്‍ എന്ന് പറഞ്ഞ പോലെ പുറകെ ഇതൊന്നും അറിയാതെ ചോറ് കാരന്‍ എത്തി. പതിവു പോലെ കൊച്ചല്ലേ എന്നോര്‍ത്ത് കുറച്ചു ചോറിട്ടു നടന്നു. ഡാ ന്നൊരു വിളി. അയളദ്യം തിരിഞ്ഞു പുറകോട്ടു നോക്കി. "നിന്നെ തന്നെ. ഇതാര്‍ക്ക് തിന്നാന. മരിയാദക്ക് ചോറിടെടാ. ഇവിടെ മീന്‍ കറി ഇല്ലേ. പിന്നെ എന്നാ സദ്യ ആണെടോ ".തുടങ്ങി ഒരു കാച്ച്. സദ്യക്ക്‌ ഇരുന്ന എല്ലാവരും എന്റെ ഒച്ചയിലെ ബാല്യതയും വാക്കുകളിലെ ചേര്‍ച്ച ഇല്ലൈമെമ് കേട്ടു അറിയാതെ എഴുന്നേറ്റ നോക്കിപ്പോയി. ശകുന്തളെടെ കൂടെ വന്ന മോനേ ദുഷ്യന്തന്‍ നോക്കിയ പോലെ ഒരു നോട്ടം അമ്മ എന്നെ നോക്കിയ ഓര്മ പിന്നീട് നടന്ന അടി കലാശതിന്റെതിനേക്കാള്‍ കൃത്യമായി എനിക്കുണ്ട്.

പിന്നീട് ഏത് കല്യാണത്തിന് പോകണം എങ്കിലും ആദ്യം അമ്മ വീട്ടില്‍ വെച്ചു മീനും കൂട്ടി എനിക്ക് മതിയാകുന്ന വരെ തീറ്റിക്കും. മുന്നിലെ ചോറ് കൂനകളെ വല്ലാത്തൊരു വൈരാഗ്യ ബുദ്ധിയോടെ വെട്ടി നിരത്തുന്ന എന്നെ നോക്കി അമ്മ അറിയാതെ പറയുന്നുണ്ടാകും..."ങ്കിലും ന്റെ ദേവ്യേ....വല്ലാത്തൊരു പണി ആയിപ്പോയി..

Wednesday, July 1, 2009

കന്നി കത്തി

എന്റെ ശബരി മല മുരുഗാ.....അങ്ങനെ കാ പെറുക്കി നടന്ന ഞാനും ഒരു ബ്ലോഗ്ഗെറായി.അതും അഖില ലോക കേസരികള്‍ വിരാചിക്കുന്ന ഈ ഭൂമി മലയാളത്തില്‍ തന്നെ.എന്നെ സമ്മതിക്കണം.കുറെ നാളായി വിചാരിക്കുന്നു ഈ സംഭവം ഒന്നു ശ്രമിച്ചു നോക്കണം എന്ന്...കണ്ട ഉടായിപ്പ് സൈറ്റില്‍ ഒക്കെ കയറി കയറി ഏഷ്യാനെറ്റ്‌ അനുവദിച്ചു തന്ന പരിധിയൊക്കെ മാസം രണ്ടക്കം കടക്കുന്നതിനു മുന്നേ കഴിഞ്ഞു .ആഗോള സാമ്പത്തിക മാന്ദ്യം എന്നൊക്കെ പറഞ്ഞു കമ്പനിയായ കമ്പനിയൊക്കെ ചെലവ് ചുരുക്കാന്‍ കാലാകാലങ്ങളായി കുടി കിടപ്പവകാശം ആയി കിട്ടിക്കൊണ്ടിരുന്ന പരിപ്പ് വടേം പഴം ചോറും ഒക്കെ നിര്‍ത്തലാക്കിയിട്ടും ഒരു പാര്‍ട്ടി പോലും തെരുവിളിരങ്ങുന്ന കണ്ടില്ല. അപ്പോള്‍ ഒരു കാര്യം മനസിലായി.സൂക്ഷിച്ചാല്‍ നമ്മള്‍ക്ക് കൊള്ളാം. അതുകൊണ്ട് തന്നെ ആക്രാന്തം കാണിച്ചു വെറുതെ ഏഷ്യാനെറ്റിന്റെ വരുമാനം കൂട്ടേണ്ട എന്ന് തീരുമാനിച്ചു.കിട്ടിയ സമയം കൊണ്ടു എങ്ങനെ ബ്ലോഗ്ഗാം എന്ന് ബ്ലോഗ്ഗായ ബ്ലോഗ്ഗോക്കെ കേറി നോക്കി...മലയാളികള്‍ ഉള്ള രാജ്യങ്ങളുടെ എണ്ണം എടുക്കുന്നതാ അതിനെക്കാള്‍ എളുപ്പം എന്ന് പിന്നീടാണ്‌ മനസിലായത്‌.
ചുരുങ്ങിയ സമയം കൊണ്ടു ഒരു ബ്ലോഗ്ഗ് നിര്‍മിക്കാന്‍ അത്യാവശ്യം വേണ്ട തരികിടകള്‍ ഒക്കെ ഞാന്‍ മനസിലാക്കി.എഴുതപ്പെടാത്ത ഒരു നിയമാവലി തന്നെ ഇതിനായി ഉണ്ടെന്നു തോന്നുന്നു....അതായത്‌ പേരിടുമ്പോള്‍ നല്ല ഒരു തൂലിക നാമം നിര്‍ബന്ധം (സ്വാഭാവികം) പക്ഷെ അത് നാട്ടുകാര്‍ നമ്മളെ വിളിക്കുന്ന പേരു തന്നെ വേണോ എന്നുള്ളതാണു ഒരു സംശയം. കാരണം മിക്ക ബ്ലോഗ്ഗിലും പേരു 'അലവലാതി' 'താന്തോന്നി' 'വഷളന്‍' എന്നൊക്കെ ആണ് കണ്ടത്‌. പിന്നെ ബ്ലോഗ്ഗാന്‍ ആണേല്‍ തനി സാഹിത്യം അത്ര പത്യമല്ലെന്നു തോന്നുന്നു (സുകുമാര്‍ അഴീകോട് ബ്ലോഗ്ഗ് എഴുതാന്‍ ഇരുന്നാല്‍ ചുറ്റി പോകേ ഉള്ളൂ). തനി നാടന്‍ പ്രയോഗതിനാണ് ആരാധകര്‍ കൂടുതല്‍. പിന്നെ ചില ബ്ലോഗ്ഗിലൊക്കെ കാണുന്ന ഒരു പതിവാണ് ചെല്ലപ്പേരുകള്‍ അഥവാ ഇരട്ട പേരുകള്‍. നാലാള്‍ അറിയുന്ന ഒരാളെ പറ്റി നേരിട്ടെഴുതാത്തെ അവരുടെ ചെല്ലപ്പെരുപയോഗിക്കുന്ന ഒരു രീതി.IPL ക്രിക്കറ്റ് മാമംഗം കഴിഞ്ഞപ്പോള്‍ അതിന് കുറച്ചു ഉപയോഗം കൂടി എന്ന് തോന്നുന്നു.
എന്തായാലും പറഞ്ഞും പറയിപ്പിച്ചും ഞാനും തുടങ്ങിയെക്കാമെന്ന് വെച്ചു ഒരു ബ്ലോഗ്ഗ്. ഇതിപ്പോള്‍ പുതിയ മാസം ഒക്കെ ആയില്ലേ. എന്നാ നോക്കാനാ. കാശിനു കാശ്, നെറ്റിനു നെറ്റ്. അല്പ്പന് അര്ത്ഥം കിട്ടിയാല്‍ അര്‍ത്ഥ രാത്രി കുട പിടിക്കും എന്നൊക്കെ പറയുന്നതു പോലെ എനിക്ക് നെറ്റ് കിട്ടിയാല്‍ അര്‍ത്ഥ രാത്രി ബ്ലോഗ്ഗ് എഴുതും എന്നൊക്കെ സഹമുറിയന്‍ പറയുമോ ആവോ.എന്തായാലും ഞാന്‍ രണ്ടും കല്‍പ്പിച്ചു തന്നെ. പണ്ടു കോളേജില്‍ പഠിക്കുന്ന സമയത്ത് വീട്ടില്‍ പോയി വരുന്ന ആദ്യ ആഴ്ച മല്‍ബ്രോ അടുത്ത ആഴ്ച വില്ല്‍സ് പിന്നെ പതുക്കെ സിസ്സേര്‍സ്‌ അങ്ങനെ സാദാ ബീടിയിലും മറ്റും പോയി ക്രാഷ്‌ ലാന്‍ഡ്‌ ചെയ്യുന്നത് നമ്മള്‍ എത്ര കണ്ടതാ. അന്നൊക്കെ അവസാനം ഒരു തല്‍ക്കാല ആശ്വാസത്തിനായി വലിച്ച കുറ്റി കളയാതെ പിന്നേം സൂക്ഷിച്ചു വെച്ചു വലിച്ച പോലെ മാസാവസാനം വരെ ബ്ലോഗ്ഗാനും എന്തെങ്കിലും വഴി കാണുമായിരിക്കും.
ഇനിം ഈ കത്തി കുത്തി കൊണ്ടിരുന്നാല്‍ ആരംഭ ശൂരതം എന്ന് നിങ്ങള്‍ പറയില്ല എന്നെനിക്കറിയാം എന്നാലും വേണ്ട. ഒരു പുത്തനച്ചി എഫ്ഫക്റ്റ്‌ കിട്ടാന്‍ ഇതൊക്കെ മതി എന്ന് തോന്നുന്നു. അങ്ങനെ എന്റെ ബ്ലോഗ്ഗ് പരമ്പര ദൈവങ്ങള്‍ക്ക്‌ ഒരു തേങ്ങാ അടിച്ച് കൊണ്ടു ഞാന്‍ ഇവിടെ നിര്ത്തുന്നു.
വീണ്ടും സന്ധിപ്പ വരേയ്ക്കും വണക്കം.........