Tuesday, February 9, 2010

പ്രണയ സഹായം: ചാക്കോച്ചി വക.

പ്രിയപ്പെട്ട വര്‍ക്കിച്ചന്,

നീ എന്നെ മറന്നു കാണില്ല എന്ന് അറിയാം എന്നാലും എന്റെ ഈ എഴുത്ത് കാണുമ്പോള്‍ തീര്‍ച്ച ആയിട്ടും നീ അത്ഭുതപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം നിനക്ക് അവിടെ ആദ്യമായി കിട്ടുന്ന ഒരു എഴുത്ത് ഇത് ആയിരിക്കുമല്ലോ. നിനക്ക് ആര് എഴുത്ത് എഴുതാന്‍ അല്ലെ?. ഇത് തന്നെ എത്ര കഷ്ട്ടപ്പെട്ടിട്ടു ആണ് നിന്റെ അഡ്രസ്സ് കിട്ടിയത് എന്ന് അറിയാമോ? നിന്റെ വീട്ടില്‍ ചോദിച്ചപ്പോള്‍ നിന്റെ അമ്മ പറഞ്ഞത് നാട്ടുകാര്‍ തല്ലി കൊന്നില്ലെങ്കില്‍ ഇപ്പോള്‍ വല്ല ജയിലിലും കാണും എന്ന് ആണ്. നിന്റെ അമ്മ എന്നെ തല്ലാതിരുന്നത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് തോന്നുന്നു. പിന്നെ നിന്നോടുള്ള ദേഷ്യം കുറെ എന്നോട് പറഞ്ഞു തീര്‍ത്തു. കൊള്ളാം എന്തായാലും!!. പിന്നെ നീ ആയ കൊണ്ട് എനിക്ക് വലിയ അത്ഭുതം ഒന്നും ഉണ്ടായില്ല. ആവശ്യക്കാരന്‍ ഞാന്‍ ആയതു കൊണ്ട് ഒരു വിധത്തില്‍ നിന്റെ അഡ്രസ്സ് ഒപ്പിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. കുറെ വര്‍ഷം ആയി ഞാന്‍ ഓര്‍ക്കുട്ടിലും ട്വിട്ടരിലും ഒക്കെ നിന്നെ തപ്പുന്നു. എവിടെ കിട്ടാന്‍? ഞാന്‍ ആദ്യം ഓര്‍ത്തത് നീ നിന്റെ പതിവ് ജാഡ ഇട്ടു മാറി നിക്കുവായിരിക്കും എന്നാണ്. പിന്നെയാണ് കമ്പ്യൂട്ടറില്‍ ഉള്ള വിവരക്കുറവു കൊണ്ടാണ് നീ ഇന്റര്‍നെറ്റില്‍ അടുക്കാത്തത് എന്ന് മനസിലായത്. എഴാം ക്ലാസ്സില്‍ വെച്ച് യൂത്ത് ഫെസ്ടിവെലിനു നീ എന്തോ തോന്ന്യാസം കാണിച്ചു എന്ന് പറഞ്ഞു പഠിത്തം നിര്‍ത്തിപ്പോയ നമ്മുടെ പഴയ രീത്താമ്മ വരെ ഇപ്പോള്‍ ഓര്‍ക്കുട്ടില്‍ ഉണ്ട്. ങാ പറഞ്ഞിട്ടെന്താ അതിനൊക്കെ ഒരു യോഗം വേണം. അല്ലേല്‍ നീ ഇപ്പോള്‍ എവിടെ എത്തേണ്ടതാ. ആര്‍മിയില്‍ കേണലോ, IPS ഒക്കെ കിട്ടേണ്ട നീ ആണ് ഇപ്പോള്‍ ക്യാമ്പില്‍ തോക്കും തുടച്ചു ഇരിക്കുന്നത്. ഓ നീ ഇപ്പോള്‍ സസ് പെന്‍ഷനില്‍ ആണെന്ന് ലീവിന് വന്ന ജോജി പറഞ്ഞു. പെണ്ണ് കേസ് തന്നെ അല്ലെ? ഇതിനാണ് നായ് നടുകടലില്‍ പോയാലും നക്കിയേ കുടിക്കൂ എന്ന് പഴമക്കാര്‍ പറയുന്നത്.
അതൊക്കെ പോട്ടെ. ഞാന്‍ ഇപ്പോള്‍ നിനക്ക് ഈ എഴുത്ത് എഴുതാന്‍ ഒരു കാരണം ഉണ്ട്. ഞാന്‍ കഴിഞ്ഞ ലീവിന് പോയപ്പോള്‍ അമ്പലത്തില്‍ വെച്ച് അവളെ കണ്ടു. യേതവളെ? എന്ന് നീ ചോദിക്കേണ്ട. ആരെ കുറിച്ചാണോ ഞാന്‍ ഏറ്റവും കൂടുതല്‍ നിന്നോട് സംസാരിച്ചിട്ടുള്ളത്, ആരുടെ പേര് ആണോ ഇനി ഞാന്‍ ഇനി നിന്നോട് മിണ്ടിപ്പോയാല്‍ അവളെ നീ തട്ടും എന്ന് എന്നോട് എപ്പോളും പറഞ്ഞിരുന്നത്, അവളെ തന്നെ. പണ്ട് ഞാന്‍ അവള്‍ വരും എന്ന് പ്രതീക്ഷിച്ചു നിന്നെയും കൂട്ടി പോയി, മണിക്കൂറുകള്‍ നിന്റെ തെറിയും കെട്ടു കാത്തു നിന്നു വെറുതെ തിരിച്ചു പോന്നിരുന്ന അതേ അമ്പലപ്പറമ്പില്‍ വെച്ച് തന്നെ ഞാന്‍ അവളെ കണ്ടു. ദൈവമേ നീ ഇത് വരെ അവളെ വിട്ടില്ലേ! എന്ന് ചോദിയ്ക്കാന്‍ വരട്ടെ. ഞാന്‍ കാണുമ്പോള്‍ അവളുടെ ഒക്കത്ത് അവളുടെ കൊച്ചു ഉണ്ടായിരുന്നു, കൂടെ അവളുടെ കെട്ടിയോനും. പഴയപോലെ അല്ല കേട്ടാ, അവള്‍ എന്നെ നോക്കി ചിരിക്കുക മാത്രം അല്ല, മാമന്‍ എന്നും പറഞ്ഞു കൊച്ചിനെ എനിക്ക് എടുക്കാന്‍ തരുകയും ചെയ്തു. നീയല്ലേ പറഞ്ഞത്, അവള്‍ ഇനിയും സ്ലിം ആകുമെന്നും ഞാന്‍ തടിച്ചു വീര്‍ക്കുമെന്നും. ഇപ്പോള്‍ അവളെ നീ ഒന്ന് കാണണം ബിന്ദു പണിക്കര്‍ മാറി നില്‍ക്കും. പണ്ട് നീ എന്റെ വണ്ണം കാരണം ആണ് അവള് വീഴാത്തെ എന്നും പറഞ്ഞു എന്തൊക്കെ അന്തക്കരണം ആണ് എന്നെ കൊണ്ട് ചെയ്യിച്ചത് എന്ന് ഓര്‍മ ഉണ്ടോ? പത്തിലെ പരീക്ഷയുടെ അന്ന് പോലും ഏഴു മണിക്ക് എഴുന്നേറ്റിരുന്ന ഞാന്‍ അലാറം വെച്ച് രാവിലെ അഞ്ചു മണിക്ക് മുന്നേ ഗ്രൗണ്ടില്‍ ഓടാന്‍ പോകുമായിരുന്നു. നീ മറന്നാലും ഗ്രൗണ്ടില്‍ സ്ഥിരം ആയി കിടപ്പുകാരായ പട്ടികള്‍ ആ കാലം മറക്കില്ല. അതുപോലല്ലേ ആ നായിന്റെ മക്കള്‍ എന്നെ ഇരുട്ടത്ത് ഇട്ടു ഓടിച്ചിരുന്നത്. അതുകൊണ്ട് എന്തായാലും ഒരു ഗുണം ഉണ്ടായി. കവലയിലെ ലാലു ചേട്ടന്റെ ജീപ്പിന്റെ സ്പീഡോ മീറ്റര്‍ സൂചി പോലെ തൊണ്ണൂറില്‍ ഇടിച്ചു ഇടിച്ചു നിന്നിരുന്ന എന്റെ ശരീര ഭാരം ,രിസഷന്‍ സമയത്ത് കല്യാണ മാര്‍ക്കറ്റില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മാരുടെ വില ഇടിഞ്ഞ പോലെ അല്ലെ കുറഞ്ഞത്‌.ആദ്യമായിട്ട് അവളെ കണ്ട അന്ന് തന്നെ നിന്നോട് അവളെപ്പറ്റി വാതോരാതെ സംസാരിച്ചത് എനിക്ക് ഓര്‍മ ഉണ്ട്. അവളോട്‌ സംസാരിക്കുമ്പോള്‍ എന്റെ കണ്ണില്‍ വിരിഞ്ഞിരുന്ന ഭാവം പ്രണയം ആണെന്ന് നീ പറഞ്ഞപ്പോള്‍ നീ ഈ ഫീല്‍ഡില്‍ ഒരു കിടു ആണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചു പോയി. അത് കൊണ്ടാണല്ലോ പല കാര്യങ്ങള്‍ക്കും നിന്നോട് ഉപദേശം തേടാന്‍ എനിക്ക് തോന്നിയത്. സുരേഷ് ഗോപിയുടെ ലേലം സിനിമ കണ്ടു കണ്ടു ചാക്കോച്ചി തലയ്ക്കു പിടിച്ചു നടന്ന നീ അതിലെ നായികാ തമ്പുരാട്ടി കുട്ടി ആയിരുന്നെന്നും പറഞ്ഞു നമ്മുടെ ക്ലാസിലെ സുന്ദരി കോത ശ്രീജാ മേനോനോട് സിനിമാ ഡയലോഗ് പറയാന്‍ പോയതും അവള്‍ നിന്റെ കവിളില്‍ പൊട്ടിക്കുന്നതും കണ്ടപ്പോള്‍ ആണ് നീ വെറും കിടു അല്ല കിക്കിടു ആണെന്ന് മനസിലായത്. അതോടെ ആണ് നിന്നോട് ഉപദേശം തിരക്കുന്നത് നിര്‍ത്തിയത്. എന്നാലും നീ എന്നെ വിടാന്‍ ഉദ്ദേശം ഇല്ലായിരുന്നു എന്ന് മനസിലാക്കി വന്നപ്പോളേക്കും എല്ലാം കഴിഞ്ഞു പോയിരുന്നു.


വര്ഷം കുറെ കഴിഞ്ഞു എങ്കിലും ആ ദിവസം എനിക്ക് ഇപ്പോളും ഇന്നലെ എന്ന പോലെ ഓര്‍മ ഉണ്ട്. നീ എന്റെ നെഞ്ചത്ത് കയറി ചാക്കോച്ചി കളിച്ച ദിവസം. ടിവിയില്‍ ഇന്ത്യ - ശ്രീ ലങ്ക ക്രിക്കറ്റ്‌ കളി കാണാന്‍ ഞാന്‍ ഉച്ചക്കുള്ള ക്ലാസ്സ്‌ കട്ടടിച്ചു വീട്ടില്‍ പോയതായിരുന്നു, ക്ലാസ്സില്‍ മാറിയിരുന്നു അസ്സിന്മേന്റ്റ് എഴുതുന്ന അവളെ കണ്ടപ്പോള്‍ ആണ് നിന്റെ മനസിലെ, സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ചാക്കോച്ചി ഉണര്‍ന്നത്. എന്റെ കഷ്ട്ടകാലം എന്നല്ലാതെ എന്ത് പറയാന്‍. തല്ലാന്‍ ചെല്ലുന്ന പോലെ അല്ലെ നീ അവളുടെ അടുത്ത് ചെന്നിട്ടു എനിക്ക് അവളെ ഇഷ്ട്ടം ആണെന്ന് പറഞ്ഞത്. എന്നിട്ട് പഴയ രവികുമാര്‍ സിനിമയിലെ പോലെ ഒരു താക്കീതും. നാളെ വരുമ്പോള്‍ അവനു ഇഷ്ട്ടമുള്ള പച്ച പട്ടു പാവാട ഇട്ടു വരണം പോലും. നിന്നോട് എപ്പോളടാ പുല്ലേ ഞാന്‍ ആ പാവാട എനിക്ക് ഇഷ്ട്ടം ആണെന്ന് പറഞ്ഞത്. ആദ്യത്തെ ആ ഷോക്ക്‌ ഒന്ന് മാറിക്കിട്ടിയ അവള്‍ നിന്നെ ശെരിക്കും കുടഞ്ഞെന്നും അപ്പോള്‍ കൈ ചൂണ്ടി സംസാരിച്ചെന്നും പറഞ്ഞു നീ അവളെ തല്ലാന്‍ ഒന്ഗിയെന്നും ഒക്കെ വളരെ വൈകി ആണെടാ കോപ്പേ ഞാന്‍ അറിഞ്ഞത്. അതെല്ലാം സഹിക്കാം പിറ്റേന്ന് നീ എന്നോട് കളിച്ച നാടകം ആണ് എനിക്ക് ഇപ്പോളും ദഹിക്കാത്തത്.


രാവിലെ പഴം കഞ്ഞിയുടെ കൂടെ തിരുമാന്‍ ഉള്ള കാ‍ന്താരി മുളക് പറിച്ചോണ്ട് നില്‍ക്കുമ്പോള്‍ ആണ് കയ്യില്‍ ഒരു ബാറ്റും പിടിച്ചു, ഒരു വളിച്ച ചിരിയും ആയി നീ എന്റെ വീട്ടില്‍ വരുന്നത്. ചോദിച്ചപ്പോള്‍ പറഞ്ഞത്, നിനക്ക് രാവിലെ ട്യൂഷന്‍ ഉള്ള കൊണ്ട് വൈകിട്ട് കളിയ്ക്കാന്‍ ഉള്ള ബാറ്റ് എന്റെ കയ്യില്‍ ഏല്‍പ്പിക്കാന്‍ വന്നതാണ് എന്ന്. ഇന്നലെ ക്ലാസ്സില്‍ എന്തായിരുന്നു വിശേഷം എന്ന് ചോദിച്ചപ്പോലും നീ ഓ എന്ത് വിശേഷം പതിവുപോലോക്കെ തന്നെ എന്ന് പറഞ്ഞു മാറി. പിന്നെ പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ " എടാ ഞാന്‍ ഇന്നലെ നിന്റെ കൊച്ചും ആയി സംസാരിച്ചായിരുന്നു. അവള് നമ്മള്‍ വിചാരിച്ച പോലെ അല്ല അല്‍പ്പം സ്ട്രോങ്ങ്‌ ആണ് " എന്നൊരു ഡയലോഗും . കയ്യില്‍ ഇരുന്ന കാ‍ന്താരി മുളകുകള്‍ അറിയാതെ ഞെങ്ങി പൊട്ടിപ്പോയ നീറ്റല്‍, സ്ട്രോങ്ങ്‌ എന്ന കൊണ്ട് നീ എന്താണ് ഉദ്ദേശിച്ചത് എന്നും എന്താണ് നീ സംസാരിച്ചത് എന്ന് അറിയാനുള്ള വെമ്പലില്‍ ഞാന്‍ മറന്നു പോയി. എന്നാല്‍ കൂടുതല്‍ ഒന്നും പറയാതെ "അവള്‍ക്കു നിന്നോട് ഒരു ചാഇവ് ഉണ്ട്" എന്ന് മാത്രം പറഞ്ഞു നീ പോയി കളഞ്ഞു. ഹോ. അതിനു ശേഷം ക്ലാസ്സില്‍ വരുന്ന വരെ ഞാന്‍ കണ്ടു കൂട്ടിയ സ്വപ്‌നങ്ങള്‍ ജയിംസ് കാമറൂണ്‍ പോലും കണ്ടു കാണില്ല. ഞങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന കുടികളുടെ പേര് വരെ മനസ്സില്‍ കണ്ടിട്ട് ആണ് ഞാന്‍ അന്ന് ക്ലാസ്സില്‍ എത്തിയത്. എന്നാല്‍ സൈക്കിള്‍ വെക്കുന്ന അവിടെ തന്നെ എന്നെ കാത്തു നില്‍ക്കുന്ന നിന്നെ കണ്ടപ്പോള്‍ തന്നെ എന്റെ മനസ്സില്‍ ഏതോ ഒരു ആപത്ത് സംഭവിച്ച പ്രതീതി ഉണ്ടായിരുന്നു. സിനിമകളില്‍ നായകനോട് ദുരന്ത വാര്‍ത്ത പറയുന്ന നായകന്റെ കൂട്ടുകരന്മാര്‍ ചെയ്യുന്ന പോലെ നീ എന്നെ വിളിച്ചു മാറ്റിയിട്ടു, "അവള്‍ക്കു ഈ പ്രണയത്തില്‍ ഒന്നും താല്‍പ്പര്യം ഇല്ല. വീട്ടുകാര്‍ വഴി ആലോചിക്കണം അത്രേ." എന്ന് പറഞ്ഞപ്പോള്‍ ഇത്തരെ ഉള്ളോ അതൊക്കെ ഞാന്‍ ഏറ്റു എന്ന ഭാവം ആയിരുന്നു എനിക്ക്. അവള്‍ കാര്യം അറിഞ്ഞിട്ടും എതിര്‍പ്പ് ഒന്നും പറഞ്ഞില്ലല്ലോ എന്ന ആശ്വാസം ആയിരുന്നു . അപ്പോലെങ്കിലും നിനക്ക് എന്നോട് എല്ലാം പറയാമായിരുന്നു. അന്ന് അവളുടെ മുന്നില്‍ കൂടെ പച്ച മീനിനു ചുറ്റും പൂച്ച നടക്കുന്ന പോലെ ഞാന്‍ കുറെ പ്രാവശ്യം നടന്നിട്ടും അവള്‍ നോക്കിയ പോലും ഇല്ല എന്ന് മാത്രം അല്ല മുഖം കടന്നല് കുത്തിയ പോലെ കാണുകേം ചെയ്തു. വൈകിട്ട് വീട്ടിലോട്ടു പോകുന്ന വഴിക്ക് ആണ് നീ സംഭവങ്ങളുടെ കിടപ്പ് വശത്തെ പറ്റി ഒരു സൂചന എനിക്ക് തരുന്നത്. ദിവസങ്ങളോളം കുത്തിയിരുന്നു ഞാന്‍ അവള്‍ക്കു ഉണ്ടാക്കി കൊടുത്ത കര കൌശല സാധനങ്ങള്‍ അവള്‍ നിന്റെ നേര്‍ക്ക്‌ എറിഞ്ഞിട്ടു എനിക്ക് കൊടുത്തെക്കാന്‍ പറഞ്ഞ വിവരം ഞാന്‍ അറിയുന്നത് , അതില്‍ ഞാന്‍ താജ് മഹാലിന്റെ തൂണ് പോലെ ഉണ്ടാക്കി കൊടുത്ത പെന്‍സില്‍ നീ എന്നെ കൊണ്ട് റെക്കോര്‍ഡ്‌ വരപ്പിക്കാന്‍ കൊണ്ട് വന്നപ്പോള്‍ ആണ്. കഷ്ട്ടപ്പെട്ടു ഞാന്‍ ഉണ്ടാക്കി കൊടുത്ത ആ പെന്‍സില്‍ വെട്ടി പടം വരയ്ക്കാന്‍ നിനക്ക് അല്ലാതെ വേറെ ആര്‍ക്കും തോന്നില്ല. എന്നിട്ടും നീ അതും കൊണ്ട് എന്റെ അടുത്ത് തന്നെ വന്നല്ലോ.


പിന്നെ നീ എന്നോട് പറയാതിരുന്ന ഈ വിവരം ഒക്കെ ഞാന്‍ എങ്ങനെ അറിഞ്ഞു എന്ന് ആയിരിക്കും. പണ്ട് അവളുടെ കൂടെ എപ്പോളും ഉണ്ടാകുമായിരുന്ന അവളുടെ കൂട്ടുകാരിയെ നിനക്ക് ഓര്‍മ ഇല്ലേ. എനിക്ക് പാര പണിയുന്നത് അവളാണ് എന്ന് നീ കൂടെ കൂടെ പറയുമായിരുന്നു. അവള്‍ പറഞ്ഞു ആണ് നിന്റെ ചാക്കോച്ചി കഥ ഞാന്‍ അറിഞ്ഞത് . ഞാന്‍ അവളെ എങ്ങനെ കണ്ടു, സംസാരിച്ചു എന്നൊക്കെ ആയിരിക്കും ഇപ്പോള്‍ നീ ഓര്‍ക്കുന്നത്. കൂടുതല്‍ വിഷമിക്കേണ്ടാ അടുത്ത ചിങ്ങത്തില്‍ ഞങ്ങളുടെ കല്യാണം ആണ്. അത് പറയാന്‍ കൂടെ ആണ് ഇപ്പോള്‍ ഞാന്‍ ഈ കത്ത് എഴുതിയത്. തിയതിയും മറ്റും ഞാന്‍ പുറകെ അറിയിക്കാം.


അപ്പോള്‍ നിനക്ക് എന്റെ ഹൃദയം നിറഞ്ഞ വാലന്റയിന്‍ ദിനാശംസകള്‍.


വാല്‍ക്കഷ്ണം: പതിവ് പോലെ കഥയും കഥാപാത്രങ്ങളും എല്ലാം സാങ്കല്‍പ്പികം.

6 comments:

 1. മാഷെ...കത്ത് അടിപൊളി ട്ടോ...
  ശ്ശൊ ഇതാരും കാണുന്നു ഇല്യേ

  ReplyDelete
 2. നന്നായിട്ടുണ്ട്. കത്തൊന്ന് ചെറുതാക്കാമായിരുന്നു.

  ReplyDelete
 3. എന്നിട്ട് പഴയ രവികുമാര്‍ സിനിമയിലെ പോലെ ഒരു താക്കീതും. നാളെ വരുമ്പോള്‍ അവനു ഇഷ്ട്ടമുള്ള പച്ച പട്ടു പാവാട ഇട്ടു വരണം പോലും. നിന്നോട് എപ്പോളടാ പുല്ലേ ഞാന്‍ ആ പാവാട എനിക്ക് ഇഷ്ട്ടം ആണെന്ന് പറഞ്ഞത്.

  എന്റെ പച്ചപട്ടുപാവാട എന്നാ എന്റെ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യേണ്ടി വരും മച്ചൂ,
  അളിയാ പോസ്റ്റ്‌ കലക്കി, അല്‍പ്പം നീളം കൂടിയാലും സൂപ്പര്‍ അണ്ണാ,

  ReplyDelete
 4. പോസ്റ്റ് വലുതായെങ്കിലും നന്നായി.ആദ്യ പാരഗ്രാഫും പിന്നീടുള്ള പാരഗ്രാഫും തമ്മിലുള്ള ഫോണ്ടിനു എന്താ പറ്റിയത്?

  ReplyDelete
 5. Sree,കണ്ണനുണ്ണി, അരുണ്‍ ചേട്ടാ, അര്‍ദ്രാ ആസാദ്‌: നന്ദി
  കുറുപ്പേ, ഈ രണ്ടു നായികമാരും കലവൂരുകാരികള്‍ ആയിരുന്നു..:)

  ReplyDelete