Tuesday, April 21, 2020

എൻജിനീയറിങ് കോളേജ് തേടി മൂന്നാറിലേക്ക് ഒരു യാത്ര


യാത്രകൾ വളരെ ഇഷ്ടമായിരുന്നെങ്കിലും പ്ലസ് ടു കാലം വരെ എടുത്ത് പറയാവുന്ന യാത്രകൾ ഒന്നും തന്നെ എന്റെ അകൗണ്ടിൽ ഇല്ലായിരുന്നു. എറണാകുളത്തുള്ള വല്യമ്മച്ചിയുടെ വീട്ടിൽ പോകുന്നതായിരുന്നു ആലപ്പുഴ ജില്ല വിട്ടുള്ള പ്രധാന യാത്ര. വർഷത്തിൽ ഒരിക്കൽ നടത്താറുള്ള ശിവഗിരി സന്ദർശനം ആയിരുന്നു ഓർമ്മയിലെ ഏറ്റവും വലിയ യാത്ര. ചേച്ചി പഠിക്കുവാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയതോടെയാണ് ആ കാലഘട്ടത്തിലെ എന്റെ സ്വപ്നഭൂമി ആയിരുന്ന തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ അവസരം ലഭിച്ചത്. അതോടെ തീർന്നു, ദീർഘ യാത്രകളുടെ ലിസ്റ്റ്. സ്കൂൾ കാലഘട്ടത്തിൽ പൊള്ളേത്തൈ സ്കൂളിൽ നിന്നും ടൂറുകൾ പോകുമായിരുന്നെങ്കിലും ഒരിക്കലും ആ കൂട്ടത്തിൽ പോകാൻ സദ് ഗുണ സമ്പന്നനായ എന്റെ സ്വഭാവത്തെ അത്രയേറെ വിശ്വസിച്ചിരുന്ന വീട്ടുകാർ അനുവദിച്ചിരുന്നില്ല. പ്ലസ് ടു പഠിച്ച കലവൂർ സ്കൂളിൽ നിന്നാണെങ്കിലോ ആരും ടൂറിനെ കുറിച്ച് പോയിട്ട് തൂ... അല്ലെങ്കിൽ വേണ്ട. ആരും ഒന്നും ചോദിച്ചിരുന്നില്ല. ഞങ്ങളുടെ പൂർവ്വികരായി പഠിച്ച ഏതോ മഹാന്മാരുടെ ടൂർ ചരിതം കാരണം സ്കൂളിന് നല്ല ചീത്തപ്പേര് ഉണ്ടായതാണ് പിന്നാമ്പുറമെന്ന് അവിടെ പഠിച്ചു വളർന്ന കൂട്ടുകാരിൽ നിന്നും അറിയാൻ കഴിഞ്ഞു. ചുരുക്കത്തിൽ തിരുവനന്തപുരം, എറണാകുളം എന്നൊക്കെ അല്ലാണ്ട് കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എന്താണ് ഉള്ളത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു (വിനോദസഞ്ചാര കേന്ദ്രം എന്നാൽ പൊള്ളേത്തൈ സ്കൂളിന്റെ സ്ഥിരം വേട്ടമൃഗമായ മലമ്പുഴ ആയിരുന്നു എൻറെ മനസ്സിൽ എന്നുള്ളതും ഈ അവസരത്തിൽ ഓർമിപ്പിച്ചുകൊള്ളുന്നു).

അങ്ങനെ പ്ലസ് ടു കഴിഞ്ഞ് എൻജിനീയറിങ് എൻട്രൻസ് ഫലം വന്ന്, പ്രാഥമിക അലോട്ട്മെന്റ് പൂർത്തിയായപ്പോൾ ആണ് എന്റെ ജീവിതത്തിലേക്ക് വശ്യമനോഹാരിയായ അവൾ കടന്നു വന്നത്. മൂന്നാർ. കേരളത്തിന്റെ കശ്മീർ ആയ മൂന്നാർ ഉള്ള എൻജിനീയറിങ് കോളേജിൽ ആണ് എനിക്ക് അഡ്മിഷൻ തരപ്പെട്ടിരിക്കുന്നത്. എൻട്രൻസ് കമ്മീഷണർ ആയി ശ്രീ അൽഫോൻസ് കണ്ണന്താനം വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന കാലം ആയിരുന്നു. ഞാൻ പരീക്ഷ എഴുതുന്നതിന് മുൻ വർഷം വരെ കേരളത്തിൽ വിരലിൽ എണ്ണാവുന്ന എൻജിനീയറിങ് കോളേജുകളെ ഉണ്ടായിരുന്നുള്ളൂ. അവയൊക്കെ ആവട്ടെ എന്നെ കൊണ്ട് കൂട്ടിയാൽ കൂടുന്ന റേഞ്ചിലും അല്ലായിരുന്നു. തൊട്ട് മുൻ വർഷം കേരളത്തിൽ ആരംഭിച്ച ഇരുപതോളം സർക്കാർ എയ്‌ഡഡ്‌ കോളേജുകൾ ഉന്നം വെച്ചായിരുന്നു എന്റെ എൻട്രൻസ് പരീക്ഷണം. ഒരു നിബന്ധന മാത്രമേ അലോട്ട്മെന്റിനായി തിരുവനന്തപുരത്തിന് വണ്ടി കയറുമ്പോൾ ഞാൻ എന്റെ തന്നെ മുന്നിലേക്ക് വെച്ചുള്ളൂ. ഒരു കാരണവശാലും പേയ്‌മെന്റ് സീറ്റ് എടുക്കരുത്. ഫ്രീ സീറ്റിൽ പഠിക്കാമെങ്കിൽ പഠിച്ചാൽ മതി. (ഇന്നത്തെ പോലെ അല്ല. അന്ന് ഫ്രീ സീറ്റ് എന്ന് പറഞ്ഞാൽ ഫ്രീ തന്നെ ആണ്). അങ്ങനെ ആണ് തൊട്ട് മുൻ വർഷം തുടർ വിദ്യാഭ്യാസ വകുപ്പ് മുന്നാറിൽ ആരംഭിച്ച മൂന്നാർ ഗവഃ എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ്ങിന് സെലക്ഷൻ കിട്ടുന്നത്. അതും ഫ്രീ സീറ്റ്. കമ്പ്യൂട്ടർ സയൻസിനേക്കാൾ സാധ്യത ഉണ്ടെന്ന് തോന്നിയ ഇലക്ട്രോണിക്സ് ആണ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്ങിന് അതേ കോളേജിൽ തന്നെ ഓപ്ഷൻ കൊടുത്ത് ഞാൻ വീട്ടിലേക്ക് മടങ്ങി. (ക്ലാസ്സ്‌ ആരംഭിക്കുന്നതിന് മുൻപ് തന്നെ എനിക്ക് ഇലക്ട്രോണിക്സ് സെലക്ഷൻ കിട്ടി).

തിരിച്ചു വീട്ടിൽ വന്നതിന് ശേഷമാണ് ഞാൻ മൂന്നാറിനെ കുറിച്ച് ആദ്യമായി ചിന്തിക്കുന്നത്. കേട്ടവർ എല്ലാം പറഞ്ഞു. നല്ല അടിപൊളി സ്ഥലമാണ്.ഊട്ടി പോലെയാണ്, കൊടൈക്കനാൽ പോലെ ആണ് എന്നൊക്കെ. ഊട്ടിയും കൊടൈക്കനാലും കണ്ടിട്ടില്ലാത്തതിനാൽ വലിയ ഫീലിംഗ്സ് ഒന്നും ഉണ്ടായില്ല. കിലുക്കവും നീലഗിരിയും പോലുള്ള സിനിമകൾ കണ്ട ഓർമയിൽ മനസ്സിൽ ഒരു ചിത്രം വരച്ചു വെച്ച് മൂന്നാറിൽ പഠിക്കാൻ പോകുന്ന ദിവസവും കാത്ത് ഞാൻ ഇരുന്നു. ഇതിനിടയിൽ മൂന്നാറിലേക്ക് കണ്ടക്ടർ ആയി ധാരാളം യാത്രകൾ നടത്തിയിട്ടുള്ള അച്ഛന്റെ സുഹൃത്ത് ഈപ്പൻ ചേട്ടൻ മൂന്നാറിനെ കുറിച്ച് ഒരു ലഘു വിവരണവും തരികയുണ്ടായി.നഗരത്തിരക്കുകളിൽ നിന്നും അകന്ന് മാറി പഠിക്കുവാൻ പറ്റിയ അന്തരീക്ഷം ആണത്രേ മൂന്നാറിൽ. എപ്പോളും മഴ ഇങ്ങനെ നൂലുപോലെ വീണ് കൊണ്ടിരിക്കും. അതിങ്ങനെ ഇന്ന സീസൺ എന്നൊന്നും ഇല്ലത്രെ. അപ്പോൾ കുട എപ്പോളും കയ്യിൽ വേണമല്ലേ എന്ന എന്റെ സംശയത്തിന്, ഏയ്‌ ഈ മഴയ്ക്ക് കുട ഒന്നും വേണമെന്നില്ല. എന്തായാലും കുട പിടിക്കേണ്ടാത്ത, നൂലുപോലെ എപ്പോളും പെയ്യുന്ന മഴയുള്ള മൂന്നാർ എന്റെ മനസ്സിൽ ഒരു പ്രഹേളികയായി മദിച്ചുകൊണ്ടിരുന്നു.

അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം വന്നെത്തി.കോളേജിൽ അഡ്മിഷനായി എത്തേണ്ട ദിവസം. ആവശ്യമുള്ള പേപ്പറുകളും ഒരു ദിവസം താമസിക്കാൻ ആവശ്യമുള്ള സാധനങ്ങളുമായി ഞാനും അച്ഛനും വീട്ടിൽ നിന്നും വെളുപ്പിനെ ആദ്യ വണ്ടിക്ക് യാത്ര ആരംഭിച്ചു. ചേർത്തല നിന്നും മൂന്നാർ വഴി സൂര്യനെല്ലിക്ക് രാവിലെ ഒരു ബസ് ഉണ്ട്. വൈക്കം, കോതമംഗലം, അടിമാലി വഴി പോകുന്ന ആ പി പി കെ ബസ് ഉച്ചയോടെ മൂന്നാർ എത്തും. ആ വണ്ടിയിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങളുടെ തീരപ്രദേശത്ത് നിന്നും വ്യത്യസ്തമായ കാടും മലകളും കണ്ടുള്ള ആ യാത്ര അടിമാലി കഴിഞ്ഞ് കയറ്റം കയറി തുടങ്ങിയതോടെ തേയില തോട്ടങ്ങളുടെ മനോഹരമായ കാഴ്ചകൾ കൺ മുന്നിലേക്ക് എത്തിത്തുടങ്ങി. കണ്ണൻ ദേവൻ തേയിലയുടെ പരസ്യത്തിൽ മാത്രം കണ്ടിട്ടുള്ള ആ കാഴ്ചകൾ ഞാൻ കൺ തുറന്ന് ആസ്വദിച്ചു തുടങ്ങിയപ്പോളേക്കും ഒരു എ സി റൂമിലേക്ക് കയറുമ്പോൾ എന്ന പോലെ തണുപ്പ് വണ്ടിയിലേക്ക് ഇരച്ചെത്തി. ഒന്ന് ഒന്നരയോടെ വണ്ടി മൂന്നാർ ടൗണിൽ എത്തി. ആകെ തിരക്ക്. നട്ടുച്ചയ്ക്കും മനം കുളിരുന്ന തണുപ്പ്. ചുറ്റുമുള്ള കടകളിൽ നിന്നും ചായപ്പൊടിയുടെയും ഏലത്തിന്റെയും മണം. ഞാൻ മനസ് തുറന്ന് അതെല്ലാം ആസ്വദിച്ചു. അച്ഛനോട് ഞാൻ എന്റെ പ്ലാൻ വിശദീകരിച്ചു. ഏതെങ്കിലും ലോഡ്ജിൽ മുറി എടുക്കണം. ഭക്ഷണം കഴിച്ചിട്ട് ഒന്ന് കോളേജ് വരെ പോകാം.അപ്പോൾ പിന്നെ നാളെ രാവിലെ അപരിചിതത്ത്വം ഒന്നുമില്ലാതെ ചെല്ലാമല്ലോ?. നോക്കുമ്പോൾ ബസ് ഇറങ്ങിയതിന് തൊട്ട് അടുത്തായി തന്നെ ഒരു ഹോട്ടൽ. അതിന്റെ തന്നെ മുകളിലായി ഒരു ലോഡ്ജും. നല്ല വിശപ്പ്. കയറി ചോറും പുഴമീൻ വറുത്തതും ബീഫും കൂട്ടി ആ പ്രശ്നം തീർത്തു. പൈസ കൊടുക്കാൻ നേരം കൗണ്ടറിൽ താമസസൗകര്യത്തെ കുറിച്ച് തിരക്കി. ഞങ്ങൾക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും, രാവിലെ കുളിക്കാനുള്ള ചൂടുവെള്ളം ഉൾപ്പെടെ ലഭിക്കുമെന്ന് പറഞ്ഞതോടെ ഇനി വേറെ സ്ഥലം അന്വേഷിക്കേണ്ട എന്ന് ഉറപ്പിച്ചു. അത്യാവശ്യം നല്ല റൂം. ബാഗൊക്കെ വെച്ച് ഒന്ന് ഫ്രഷ് ആയ ശേഷം കോളേജ് കണ്ടുപിടിക്കാൻ ഇറങ്ങി. അലോട്ട്മെന്റ് മനുവലിൽ പറഞ്ഞിരിക്കുന്ന അഡ്രസ്സ് ഒന്നുകൂടി എടുത്ത് നോക്കി. ഗവഃ എൻജിനീയറിങ് കോളേജ് മൂന്നാർ, കുണ്ടള സാൻഡോസ്‌ പ്ലോട്ട്, കുണ്ടള,  മൂന്നാർ.  അപ്പോൾ ആദ്യം കുണ്ടള സാൻഡോസ്‌ പ്ലോട്ടിൽ എത്തണം. റൂം പൂട്ടി അച്ഛനുമായി ഇറങ്ങി. ഹോട്ടലിലെ കാഷ്യറോട് ചെന്ന് ചോദിച്ചു. കുണ്ടള സാൻഡോസ്‌ പ്ലോട്ട് എവിടാ? 

"അത് കുറച്ചു ദൂരം ഉണ്ട്. ജീപ്പ് കിട്ടും.ദാ ആ സ്റ്റാൻഡിൽ കിടക്കുന്ന ജീപ്പ് കുണ്ടള പോകും."

ഓക്കേ. അച്ഛനോട് ഫോളോ മി എന്നും പറഞ്ഞ് ജീപ്പിന്റ അടുത്തെത്തി. ബാബു ആന്റണിയെ പോലെ ഒരുത്തനാണ് ഡ്രൈവർ. ജീപ്പിൽ മൂന്ന് നാല് പേരുണ്ട്. ഡ്രൈവർ ജീപ്പ് സ്റ്റാർട്ടാക്കി മുന്നോട്ട് അനക്കുന്നു. പിന്നോട്ട് അനക്കുന്നു. ഓഫ് ആക്കുന്നു. ഇത് തന്നെ വീണ്ടും ചെയ്യുന്നു. ഞാൻ പതിയെ ചെന്ന് ചോദിച്ചു. ചേട്ടാ, ഈ വണ്ടി കുണ്ടള സാൻഡോസ്‌ പ്ലോട്ട് പോകുമോ? 

"കുണ്ടള പോകും കേറിക്കോ" അയാൾ തമിഴ് കലർന്ന മലയാളത്തിൽ മൊഴിഞ്ഞു.

അങ്ങനെ അച്ഛനും ഞാനും ആ വണ്ടിയിൽ സീറ്റ് ഉറപ്പിച്ചു.അപ്പോളേക്കും വണ്ടി ഫുൾ ആയെങ്കിലും കുറേ നേരം കൂടി ചാഞ്ചാടി നിന്നിട്ടാണ് വണ്ടി യാത്ര ആരംഭിച്ചത്. ഇതിനിടയിൽ വണ്ടിയുടെ മുകളിൽ മുഴുവൻ സാധനങ്ങളും പുറകിൽ തൂങ്ങി കുറച്ച് ആളുകളും ഇടം പിടിച്ചിരുന്നു. കുറച്ചു ചെന്നപ്പോൾ ഞാൻ അടുത്തിരിക്കുന്ന ആളോട് ചോദിച്ചു "ഈ കുണ്ടള സാൻഡോസ്‌ പ്ലോട്ടിലേക്ക് കുറേ പോകണോ?" 

"ങാ കുണ്ടള, മാട്ടുപ്പെട്ടി കഴിഞ്ഞാണ്."

അവിടെ ആണോ സാൻഡോസ്‌ പ്ലോട്ട്? ഈ എൻജിനീയറിങ് കോളേജ് ഒക്കെയുള്ള??

"അത് തെരിയാത്" അയാൾ താത്പര്യമില്ലാത്തത് പോലെ തിരിഞ്ഞിരുന്നു.

ശെടാ കേരളത്തിലെ എണ്ണം പറഞ്ഞ എൻജിനീയറിങ് കോളേജ് ഉണ്ടായിട്ട് ആ സ്ഥലം തെരിയാതെന്നോ. എന്ന കൊടുമൈ എന്ന് മനസ്സിൽ ഓർത്ത് ഞാൻ പുറത്തെ കാഴ്ചകൾ ശ്രദ്ധിച്ചു. എന്തോ ഒന്നും ആസ്വദിക്കാൻ പറ്റുന്നില്ലാത്തത് പോലെ. ചാത്തന്മാരുടെ മുഖപ്രസാദം നഷ്ടപ്പെട്ട പ്രതീതി. വഴിയിലെങ്ങും മനുഷ്യരെ അധികം കാണുന്നില്ല. കന്നുകാലികൾ പുല്ലുമേഞ്ഞ് അവിടവിടെ കൂട്ടം കൂടി നിൽപ്പുണ്ട്. ഇതിനിടയിൽ കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ മാട്ടുപ്പെട്ടി ഡാമും പ്രസിദ്ധമായ എക്കോ പോയിന്റും ഒക്കെ കടന്നു പോയത് ഞാൻ അറിഞ്ഞില്ല. ഏകദേശം ഒരുമണിക്കൂർ ഓടിയ ശേഷം ജീപ്പ് നിർത്തി പുറകിൽ തൂങ്ങി നിന്ന കിളി ഞങ്ങളോട് സ്ഥലം എത്തി എന്ന് പറഞ്ഞു. പുറത്ത് ഇറങ്ങിയ ഞാൻ ചെറുതായി ഒന്ന് ഞെട്ടി. ആലപ്പുഴ മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് തുടങ്ങിയ പ്രൊഫഷണൽ കോളേജുകൾ നേരിട്ടും REC പോലുള്ള എൻജിനീയറിങ് കോളേജുകൾ സിനിമകളിലും കണ്ടിട്ടുള്ള എന്റെ മുന്നിൽ നോക്കെത്താ ദൂരത്തോളം തേയില തോട്ടങ്ങൾ മാത്രം. അതുവരെ ഹോസ്റ്റലിൽ താമസിക്കാൻ പോകുന്ന എന്റെ സ്വയം പര്യാപ്തത അളക്കാൻ എന്നോണം കാര്യങ്ങൾ ഒക്കെ എനിക്ക് വിട്ടു തന്ന് പിന്നിൽ നിന്ന അച്ഛൻ എന്നോട് കിലുക്കത്തിൽ തിലകൻ ഇന്നസെന്റിനോട് ചോദിക്കും പോലെ ചോദിച്ചു. 

"എവിടെ? എൻജിനീയറിങ് കോളേജ് എവിടെ?"

എന്താ സംഭവം എന്നൊരു പിടിയും കിട്ടാതെ ഞാൻ ബാഗിൽ നിന്നും ആ മാനുവൽ ഒന്നുകൂടി എടുത്ത് അഡ്രസ്സ് ഒന്ന് കൂടി വായിച്ചു. ഇല്ല. ഒരു തെറ്റും സംഭവിച്ചിട്ടില്ല. 

അപ്പോളാണ് കുറച്ച് മാറി റോഡിൽ നിന്നും താഴേക്ക് തേയില തോട്ടത്തിൽ ഒരു ചെറിയ കട കണ്ടത്. നേരെ അങ്ങോട്ട്‌ പിടിച്ചു. അവിടെ കണ്ട ആളോട് ഒറ്റ ശ്വാസത്തിൽ എൻജിനീയറിങ് കോളേജ് എവിടെ ആണെന്ന് ചോദിച്ചു. അയാൾ ഏതോ വിചിത്ര ജീവിയെ നോക്കുംപോലെ ഞങ്ങളെ നോക്കി. എൻജിനീയറിങ് കോളേജ് എന്ന് ആദ്യമായി കേൾക്കുന്നത് പോലെ. ഞാൻ അഡ്രസ്സ് ഒന്ന് ഉറക്കെ വായിച്ചു. അപ്പോൾ അവിടെ ഇരുന്ന ഒരാൾ പറഞ്ഞു സംഭവം അവിടെ തന്നെ ആണ്. കുറച്ചു ഉള്ളിലേക്ക് പോകണം. തേയില തോട്ടത്തിന്റെ ഇടയിലൂടെ നടന്നു ചെന്നാൽ കോളേജിലേക്കുള്ള വഴി കാണാം. പക്ഷെ അവിടെ ക്ലാസ്സ്‌ ഉണ്ടോ എന്നൊന്നും അറിയില്ല.

ഞാൻ ആശ്വാസത്തോടെ അച്ഛനെ നോക്കി.കണ്ടാ ഞാൻ പറഞ്ഞില്ലേ. അഡ്രസ്സ് കറക്റ്റാ.

അങ്ങനെ അവർ കാണിച്ചു തന്ന വഴിയിലൂടെ ഞങ്ങൾ താഴേക്ക് ഇറങ്ങി. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പച്ചയും വെള്ളയും പെയിന്റടിച്ച കുറേ കെട്ടിടങ്ങൾക്ക് മുന്നിലൂടെ കുറേ ചെന്നപ്പോൾ അത്യാവശ്യം നല്ല വീതിയിൽ കുന്നിന്റെ ചരിവ് ചെത്തി ഉണ്ടാക്കിയ ഒരു റോഡ് കണ്ടു. ടാർ ചെയ്തിട്ടില്ല എങ്കിലും ഒരു പ്രൊഫഷണൽ കോളേജിലേക്കുള്ള റോഡ് ആണെന്ന് തോന്നും. അതോടെ എനിക്ക് നല്ല ആശ്വാസം തോന്നി. എന്നാലും ഇത്രയും കാട്ടു മുക്കിൽ ഒരു കോളേജ്?? എങ്ങനെ വീട്ടിലോട്ട് ഇടക്കൊന്നു പോകും?. അച്ഛൻ പറഞ്ഞു "കോളേജിന് വണ്ടി ഒക്കെ കാണും. പിന്നെ താമസിക്കാൻ ഹോസ്റ്റൽ ഉണ്ടാകും" 

ങാ അതും ശരിയാ. അങ്ങനെ ഓരോന്നൊക്കെ സംസാരിച്ച് ഞങ്ങൾ വിജനമായ ആ വഴിയിലൂടെ നടന്നു നീങ്ങി. ശരിക്കും പ്രകൃതിരമണീയമായ അന്തരീക്ഷം. ഒരു സൈഡിൽ മൊട്ടക്കുന്നുകൾ, മറുസൈഡിൽ കുണ്ടള റിസർവോയർ. അപ്പുറം അക്വേഷ്യ കാടുകൾ. ഇളം തണുപ്പ് ഉള്ളതിനാൽ നടപ്പിന് ക്ഷീണം ഒന്നും തോന്നിയില്ല. അടുത്തൊരു മരത്തിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന ഒരു തമിഴ് പോസ്റ്റർ കാണിച്ച് ഞാൻ അച്ഛനോട് പറഞ്ഞു. "നടന്നു നടന്ന് നമ്മൾ തമിഴ് നാട്ടിൽ എത്തി എന്ന് തോന്നുന്നു. ദേ കണ്ടില്ലേ അണ്ണാ ഡി എം കെ യുടെ രണ്ടില ചിഹ്നം". 

"എടാ അത് മാണി കോൺഗ്രസിന്റെ രണ്ടില ചിഹ്നം ആണ്. അണ്ണാ ഡി എം കെ യുടെ അല്ല". മറുവശത്ത് ഒട്ടിച്ചിരുന്ന മലയാളം പോസ്റ്റർ ചൂണ്ടിക്കാട്ടി അച്ഛൻ തിരുത്തി. 

നടന്നിട്ടും നടന്നിട്ടും ഒന്നും ആകാതെ വന്നപ്പോൾ വീണ്ടും മനസിൽ പരിഭ്രമം ഉരുണ്ടു കൂടി തുടങ്ങി. തലയിൽ ചുള്ളിക്കമ്പുകൾ അടുക്കിക്കെട്ടി തൊഴിലാളി സ്ത്രീകൾ മുകളിലെ മുട്ടക്കുന്ന് ഇറങ്ങി വീടുകളിലേക്ക് പോകുന്നത് ഒഴിച്ചാൽ ഒരു മനുഷ്യ ജീവിയെ പോലും ഞങ്ങൾ ഇതിനിടയിൽ കാണുകയുണ്ടായില്ല. ഏകദേശം രണ്ട് മൂന്ന് കിലോമീറ്റർ താണ്ടി എന്ന് ഉറപ്പായപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു. നമുക്ക് ഇന്ന് ഇവിടെ തന്നെ കിടക്കാം. ഇന്ന് തിരിച്ചു പോക്ക് നടക്കും എന്ന് തോന്നുന്നില്ല. അച്ഛനും തളർന്നു തുടങ്ങിയത് പോലെ. ഇത്രയും ഒറ്റപ്പെട്ട സ്ഥലത്ത് എങ്ങനെ മകനെ നിർത്തിയിട്ട് പോകും എന്നായിരുന്നു ആ മനസ്സിൽ. സമയം അഞ്ച് മണി ആയിരിക്കുന്നു. കുറച്ച് കൂടി മുന്നോട്ട് ചെന്നപ്പോൾ റോഡ് ഒക്കെ ചെളിയായി തുടങ്ങി. സൈഡിലായി മുൾ വേലി തകർന്നു കിടക്കുന്നു. പെട്ടെന്ന് ഒരു ബോർഡ് എന്റെ കണ്ണിൽപ്പെട്ടു. "സൈറ്റ് ഫോർ കോളേജ് ഓഫ് എൻജിനീയറിങ് മൂന്നാർ" ആ ബോർഡിന് പക്ഷെ ആകെ കാലഹരണം സംഭവിച്ചത് പോലെ തോന്നി. പുല്ലും ചെളിയും നിറഞ്ഞ വഴിയിലൂടെ മുകളിലേക്ക് ചെറിയൊരു കയറ്റം. ആകെ മൂടിക്കെട്ടിയ കാലാവസ്ഥ. മുകളിൽ ഒന്ന് രണ്ട് കെട്ടിടങ്ങൾ കണ്ടു. എൻജിനീയറിങ് കോളേജ് പോയിട്ട് മനുഷ്യർ ആരും അവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ഞങ്ങൾ അറച്ചറച്ച് മുന്നോട്ട് ചെന്നു. പെട്ടെന്ന് അവിടെ കെട്ടിയിരുന്ന ഒരു താത്കാലിക ഷെഡിൽ നിന്നും ഒരു മധ്യവയസ്‌കൻ പുറത്തേക്ക് വന്നു.

ആരാ? എന്താ ഇവിടെ?

എൻജിനീയറിങ് കോളേജ്?? എന്റെ ശബ്ദം ഏറെക്കുറെ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നോ എന്നൊരു സംശയം.

"അത് ടൗണിൽ. ഇവിടെ അല്ല." അയാൾ തമിഴ് ചുവയോടെ പറഞ്ഞു. 

"അഡ്രസിൽ ഇവിടെ ആണെന്നാണ് പറഞ്ഞത്." ഞാൻ പറഞ്ഞൊപ്പിച്ചു.

ഇവിടെ ആയിരുന്നു. പണി തുടങ്ങിയതാ. ഇവിടുള്ളവര് സമ്മതിച്ചില്ല. സമരം നടന്നു. ഇപ്പോൾ ടൗണിലാ.

ടൗണിൽ എവിടാ? 

അതൊന്നും തെരിയാത്.

എന്തായാലും ഇവിടെ അല്ല എന്നറിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ആശ്വാസം തോന്നി.

റോഡിലേക്ക് തിരിച്ചു പോകാൻ വേറെ വഴി ഉണ്ടോ? ഞാൻ അയാളോട് ചോദിച്ചു. ഏതോ കുന്നിന്റെ മുകളിലൂടെ ജീപ്പ് പോകുന്ന ഒച്ച ഞാൻ കേട്ടു.

വഴി ഉണ്ട്. പക്ഷെ ഇനി അത് വഴി പോകാൻ പറ്റില്ല. ആന ഇറങ്ങും. ഈ വേലിയൊക്കെ ആന നശിപ്പിച്ചതാണ്. അവിടവിടെ കിടന്നിരുന്ന ആനപ്പിണ്ടം അയാൾ ചൂണ്ടി കാണിച്ചു.

അയാൾ പറഞ്ഞത് കേട്ടതോടെ അടിവയറ്റിലൂടെ ഒരു കൊള്ളിയാൻ മിന്നി.തിരിച്ചു വന്ന വഴി തന്നെ ശരണം.

വന്ന സ്ഥിതിക്ക് അവിടെ ഉള്ള റൂമിൽ ഞാൻ ഒന്ന് കയറി നോക്കി. വിശാലമായി പണി കഴിപ്പിച്ചിരിക്കുന്ന ക്ലാസ്സ്‌ മുറി. പക്ഷെ നിലത്ത് മുഴുവൻ ചാണകങ്ങൾ ഇട്ട് കൂട്ടിയിരിക്കുന്നു. ബോർഡിൽ വികൃതമായി എഴുതിയിരിക്കുന്നു "ഇത് ഞങ്ങളുടെ ഭൂമി. ഇവിടെ കടന്നു കയറാൻ ആരെയും ഞങ്ങൾ അനുവദിക്കില്ല". അടുത്തായി തലയോട്ടിയുടെയും ഡെയ്ഞ്ചർ ചിഹ്നവും ഒക്കെ വരച്ചു വെച്ചിരിക്കുന്നു. 

സമയം കളയാതെ വന്ന വഴി തിരിച്ചു നടക്കാൻ തുടങ്ങി. അയാൾ പറഞ്ഞത് കൊണ്ടായിരിക്കും ചെളിയിലൊക്കെ ആനയുടെ കാൽപ്പാടുകൾ തിരികെ നടക്കുമ്പോൾ ശ്രദ്ധിക്കപ്പെട്ടു. സമീപത്തെവിടെയോ ആനകൾ അലഞ്ഞു തിരിയുന്ന കാട് ആണെന്നും ഓരോ നിമിഷവും ഇരുട്ട് കൂടി വരുകയാണെന്നും മനസിലായതോടെ നല്ല ക്ഷീണം ഉണ്ടെങ്കിലും ഞങ്ങളുടെ നടപ്പിന് വേഗം കൂടി. ആ തണുപ്പിലും ഞങ്ങൾ രണ്ടു പേരും നന്നായി വിയർത്തു. 

ഇരുട്ട് പരക്കും മുന്നേ ഞങ്ങൾ റോഡിലെത്തി. ജീപ്പിൽ കയറി മൂന്നാറിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ സമ്മിശ്ര വികാരങ്ങൾ ആയിരുന്നു. എന്നാലും ആ കോളേജ് എവിടെ പോയി?? ടൗണിൽ എത്തുമ്പോൾ സമയം 7 കഴിഞ്ഞിരുന്നു. വിശന്നു തളർന്നു ഹോട്ടലിൽ കയറി. നല്ല ചൂട് പൊറോട്ടയും പോത്ത് ഇറച്ചിയും കഴിച്ചു. ചൂട് ചായയും കുടിച്ചപ്പോൾ ശരീരത്തിന്റെ ക്ഷീണം ഒന്ന് കുറഞ്ഞു. കൈ കഴുകി പൈസ കൊടുക്കാൻ ചെന്നപ്പോൾ കടക്കാരനോട് ചോദിച്ചു "ചേട്ടാ ഈ എൻജിനീയറിങ് കോളേജ് എവിടെയാണ്?"

"എൻജിനീയറിങ് കോളേജ് ഇപ്പോൾ പഞ്ചായത്തിന്റെ മുകളിലെ നിലയിൽ ആണ്. അത് ആ പുറകിൽ കാണുന്നതാണ്."

അയാൾ ഞങ്ങളെ കൈ കഴുകുന്ന സ്ഥലത്ത് കൊണ്ട് വന്ന് പുറകിലുള്ള തോടിന്റെ മറുകരയിൽ റോഡിന്റെ അപ്പുറത്തുള്ള കെട്ടിടം ചൂണ്ടി കാണിച്ചു.

ഈ കെട്ടിടത്തിൻറെ മുകളിൽ ആയിരുന്നു എൻറെ എൻജിനീയറിങ് ജീവിതം ആരംഭിച്ചത് 
കൈ എത്തും ദൂരത്തുള്ള ഈ കോളേജ് കാണാൻ ആണല്ലോ എന്നെ നീ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് നടത്തിച്ചത് കള്ള ബടുവാ എന്ന രീതിയിൽ അച്ഛൻ ഒരു നോട്ടം. വരുന്ന വഴി അടിമാലി ബസ് സ്റ്റാന്റിൽ വച്ച് ബസിൽ കൊണ്ടുവന്നപ്പോൾ മേടിച്ച ഒരു കുപ്പി യൂക്കാലി തൈലം ആണ് അന്ന് ദേഹം വേദന മാറാൻ അച്ഛനും മകനും കൂടി തീർത്തത്.

(ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിൾ)

1 comment:

  1. Ha ha... Good writing... ഇഷ്ടപ്പെട്ടു.

    ReplyDelete