Thursday, October 28, 2021

വായനാനുഭവം : അയൽക്കാർ


പി കേശവദേവ് 

ഇരുപതാം നൂറ്റാണ്ടിൽ മലയാളത്തിൽ രചിക്കപ്പെട്ട അതുല്യ രചനകളിൽ ഒന്നാണ് പി. കേശവദേവിൻറെ "അയൽക്കാർ". ആ കാലഘട്ടത്തിൽ ഒട്ടേറെ കൃതികൾക്ക് പ്രതിപാദ്യവിഷയമായത് കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായം എന്ന സമ്പ്രദായത്തിന്റെ ദൂഷ്യഫലങ്ങളും തകർച്ചയും പിന്നെ ജാതി സമവാക്യങ്ങളിൽ ഉണ്ടായ വ്യത്യാസങ്ങളുമാണ്. അയൽക്കാർ എന്ന കൃതിയുടെ പ്രതിപാദ്യവും അത് തന്നെ. ലളിതമായ ശൈലിയിൽ ഒരു സിനിമയിൽ കാണുന്നത് പോലെ ആ കഥ വർണ്ണിച്ചിരിക്കുന്ന രീതിയാണ് മറ്റു കൃതികളിൽ നിന്നും അയൽക്കാരെ ഒരു പടി ഉയർത്തി നിർത്തുന്നത്.


1953 ലാണ് പി കേശവദേവ് "അയൽക്കാർ" എഴുതുന്നത്. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിലേ മധ്യകേരളത്തിലെ ഒരു കർഷക ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങളെ ചുറ്റിപ്പറ്റിയാണ് കഥയുടെ വികാസം. മംഗലശ്ശേരി എന്ന നായർ തറവാട് ആണ് കഥയിലെ കേന്ദ്രബിന്ദു. യാഥാസ്ഥിതികനായ കാരണവർ പദ്‌മനാഭപിള്ള ആഢ്യത്വത്തിൽ നിന്നും പടിയിറങ്ങിപ്പോകേണ്ടി വരുന്ന കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തിന്റെ പ്രതിനിധിയാണ്. ഒരു പ്രളയകാലത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ മംഗലശ്ശേരിയിൽ അഭയം തേടുന്ന കുഞ്ഞുവറീതും ഈഴവൻ ആണെങ്കിലും മംഗലശ്ശേരി തറവാടിൻറെ നെടുംതൂണായ കുഞ്ഞനുമാണ് മറ്റ് കഥാപാത്രങ്ങൾ. മംഗലശ്ശേരിയുടെ തകർച്ചയിലൂടെ ഫ്യൂഡൽ സംവിധാനം ഇല്ലാതായ രീതി കഥാകാരൻ വ്യക്തമാക്കിത്തരുന്നു. പടിപടിയായി കുഞ്ഞുവറീത് ഒരു മുതലാളിയായി മാറുന്നതും ഈഴവർ ഒരു സമുദായം എന്ന നിലയിൽ മുന്നേറുന്നതും ഈ മൂന്ന് കുടുംബങ്ങളിലൂടെ തന്നെ കേശവദേവ് വരച്ചുകാട്ടുന്നുണ്ട്. കഥ ആരംഭിക്കുന്ന സമയത്തുള്ള ഒരു കഥാപാത്രത്തിന് സ്വപ്‌നത്തിൽ പോലും ചിന്തിക്കാൻ സാധിക്കാത്ത വ്യത്യാസമാണ് കഥ അവസാനിക്കുമ്പോൾ ആ ഗ്രാമത്തിൽ ഉണ്ടാകുന്നത്. തിരിച്ചും അതേപോലെ തന്നെ. കഥ അവസാനിക്കുന്ന സമയത്തുള്ള ഒരു കഥാപാത്രത്തിന് തുടക്കത്തിൽ ആ ഗ്രാമത്തിൽ ഉണ്ടായിരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനേ സാധിക്കുന്നില്ല.  


ഇതുപോലെയുള്ള പ്രമേയങ്ങൾ ധാരാളം പിന്നീട് പല പല നോവലുകളിലും സിനിമകളിലും വന്നിട്ടുള്ളതിനാൽ ഇപ്പോൾ വായിക്കുമ്പോൾ കഥാഗതിയൊക്കെ ഏറെക്കുറെ പ്രവചിക്കാൻ സാധിക്കുമെങ്കിലും അയൽക്കാർ നൽകുന്ന വായനാനുഭവം ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് 1964 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ഈ കൃതിയെ തേടിയെത്തിയത്. മലയാള നോവൽ സാഹിത്യത്തിലെ മികച്ച കൃതികളുടെ ലിസ്റ്റിൽ ഇടംപിടിച്ച അയൽക്കാർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കൃതി തന്നെയാണ്   

Tuesday, October 19, 2021

വായനാനുഭവം - ജീവിതപ്പാത


ആത്മകഥകൾ പലതും വായിച്ചിട്ടുണ്ട്. എ.പി.ജെ അബ്ദുൾകലാം സാറിനെ പോലെ ജീവിതം തന്നെ പാഠപുസ്തകം ആക്കേണ്ടുന്നവരുടെ ജീവിതകഥകൾ വായിക്കുക എന്നത് സത്യത്തിൽ വളരെ വിലയേറിയ ഒരു വായനാനുഭവം തന്നെ ആണെന്ന് പറയാം. എന്നിരിക്കിലും ആത്മകഥ എന്നത് അതിൻറെ എല്ലാ അർത്ഥത്തിലും സത്യസന്ധമായ ഒരു തുറന്നെഴുത്ത് തന്നെ ആണെന്ന് മനസിലാക്കിത്തന്ന ഒരു പുസ്തകം ഈ അടുത്ത ദിവസങ്ങളിൽ വായിക്കുവാൻ ഇടയായി. ചെറുകാട് എന്നപേരിൽ അറിയപ്പെടുന്ന ശ്രീമാൻ ഗോവിന്ദ പിഷാരോടിയുടെ "ജീവിതപ്പാത". 


ഒട്ടേറെ സവിശേഷതകൾ നിറഞ്ഞൊരു അമൂല്യ രചനയാണ്‌ ജീവിതപ്പാത. ചെറുകാട് ജനിക്കുന്ന 1914 കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹ്യഘടന, പ്രത്യേകിച്ചും മലപ്പുറം ഉൾപ്പെടുന്ന മലബാർ മേഖലയിലെ അമ്പലവാസി സമൂഹത്തിൻറെ ജീവിതം വളരെ വ്യക്തമായി ഈ കൃതിയിൽ വരച്ചിട്ടിരിക്കുന്നു. പിഷാരോടി, വാര്യർ തുടങ്ങിയ അമ്പലവാസികൾക്ക് അന്നത്തെ ജാതിവ്യവസ്ഥയിൽ ഉണ്ടായിരുന്ന സ്ഥാനം, അവരുടെ ഇടയിൽ നിലനിന്നിരുന്ന ആചാരങ്ങൾ, സർവ്വോപരി അക്കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായം. അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ നമ്മൾ ഇതൊക്കെ കേട്ടിട്ടുള്ള കാര്യങ്ങൾ ആണെങ്കിലും അനുഭവസ്ഥന്റെ വാക്കുകളിൽ അവയുടെയൊക്കെ ഭീകരത വിവരിച്ചു കേൾക്കുമ്പോൾ നമ്മൾ ശരിക്കും അത്ഭുതപ്പെട്ടുപോകും. ഇതൊക്കെ ശരിക്കും കേരളത്തിൽ അതും ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ നിലനിന്നിരുന്നതാണോ എന്ന് സങ്കൽപ്പിക്കാൻ പോലും കേരളത്തിലെ ആധുനിക തലമുറയ്ക്ക് സാധിക്കില്ല. ഒരു ചരിത്രാന്വേഷി തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് ജീവിതപ്പാത. രാജവംശങ്ങളുടെ ചരിത്രങ്ങൾ വിവരിക്കുന്ന മ്യൂസിയങ്ങൾ അല്ലാതെ അക്കാലത്തെ സാധാരണക്കാരൻറെ ജീവിതത്തിൻറെ ശേഷിപ്പുകൾ കണ്ടു മനസിലാക്കാൻ പറ്റിയ സംവിധാനങ്ങൾ ഒന്നും കേരളത്തിൽ അധികം ഇല്ലെന്ന് നിരാശയോടെ അംഗീകരിക്കേണ്ടി വരും. ആ സാഹചര്യത്തിലാണ് ജീവിതപ്പാത പോലൊരു ഗ്രന്ഥത്തിൻറെ മൂല്യം വർദ്ധിക്കുന്നത്.


യാഥാസ്ഥിതികതയിൽ മുങ്ങി മുഴുകി ജീവിക്കുന്ന ഒരു പിഷാരടി കുടുംബത്തിൽ അതിൻറെ എല്ലാ ദൂഷ്യഫലങ്ങളും അനുഭവിച്ച് വളർന്ന ചെറുകാട്, തന്നാൽ ആവുന്ന വിധം പൊരുതി ആ ചട്ടക്കൂടുകൾക്ക് പുറത്തേക്ക് വരുന്നതാണ് ഇതിൽ വിവരിച്ചിരിക്കുന്ന സന്ദർഭം. അതോടൊപ്പം തന്നെ കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ പടവുകളും ഒരു പ്രവർത്തകൻറെ കാഴ്ച്ചപ്പാടിൽ വിശദമാക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി കോൺഗ്രസ് സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഇ.എം.എസും, എ.കെ.ജി യുമൊക്കെ എങ്ങനെയാണ് ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് ചുവടുമാറിയതെന്നും ആ കാലഘട്ടത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ വളർച്ച എപ്രകാരം ആയിരുന്നെന്നും വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.


ശ്രീമാൻ. ഗോവിന്ദ പിഷാരോടി 

സ്വന്തം സമുദായത്തിലെ അനാചാരങ്ങൾ വിവരിക്കുന്നത് പോലെ തന്നെ തൻറെ പ്രസ്ഥാനത്തിലെ നിലപാട് മാറ്റങ്ങളെയും ഈ ജീവചരിത്രത്തിൽ ചെറുകാട് വിവരിക്കുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ യുദ്ധത്തിന് എതിരെ ശക്തമായ പ്രചാരണം നടത്തിവന്ന പാർട്ടി, കമ്മ്യൂണിസ്റ്റ് റഷ്യ യുദ്ധത്തിന് ഇറങ്ങിയതോടെ യുദ്ധത്തെ ന്യായീകരിക്കാൻ തുടങ്ങിയ സന്ദർഭമൊക്കെ രസകരമായി തന്നെ വർണ്ണിച്ചിട്ടുണ്ട്. 


നമ്മൾ ജീവിക്കുന്ന നാട് കൃത്യം ഒരു നൂറ്റാണ്ട് മുൻപ് എങ്ങനെ ആയിരുന്നെന്നതും അന്നത്തെ ജീവിതരീതികളും കുടുംബ ബന്ധങ്ങളും, ആചാരങ്ങളും, സാമ്പത്തിക നിലവാരവും വിദ്യാഭ്യാസ രംഗവും സാഹിത്യരംഗവും ഒക്കെ പുസ്തകം വായിച്ചു കഴിഞ്ഞാലും മനസ്സിൽ നിറഞ്ഞുനിൽക്കും. സാധാരണയിൽ നിന്നും കൂടുതൽ സമയമെടുത്താണ് ഈ പുസ്തകം ഞാൻ വായിച്ചു തീർത്തത്. കേന്ദ്ര സാഹിത്യ, കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ജീവിതപ്പാത വായിക്കുവാൻ ഇത്രയും താമസിച്ചതെന്തേ എന്ന് മാത്രമാണ് ഇപ്പോൾ അത്ഭുതം.