Thursday, November 27, 2025

വിലായത്ത് ബുദ്ധ - പുസ്തകവും സിനിമയും (Review - Vilayath Budha)

വിലായത്ത് ബുദ്ധ - പുസ്തകവും സിനിമയും   




കഴിഞ്ഞ ദിവസം തിയേറ്ററിൽ പോയി ആസ്വദിച്ച് കണ്ട സിനിമയാണ് പൃഥ്വിരാജ് അഭിനയിച്ച, ജയൻ നമ്പ്യാർ സംവിധാനം നിർവഹിച്ച "വിലായത്ത് ബുദ്ധ". ജി.ആർ ഇന്ദുഗോപൻ എഴുതിയ "വിലായത്ത് ബുദ്ധ" എന്ന നോവൽ സിനിമയാക്കപ്പെടുന്നു എന്ന് കേട്ടപ്പോൾ തന്നെ അത് തിയേറ്ററിൽ കാണണം എന്ന് തീരുമാനിച്ചിരുന്നതാണ്. നോവലിനോട് നൂറുശതമാനം നീതി പുലർത്തിയതായി സിനിമ കണ്ടപ്പോൾ തോന്നി. പക്ഷെ സോഷ്യൽ മീഡിയയിലുടനീളം ഈ സിനിമയ്‌ക്കെതിരെ ഭയങ്കര ഹേറ്റ് ക്യാമ്പയിൻ നടക്കുന്നതായി തോന്നി. റിവ്യൂകൾ വായിച്ചാൽ ഒരുത്തനും തിയേറ്ററിന്റെ പരിസരത്ത് പോലും പോകാൻ തോന്നില്ല. നായകനായ പൃഥ്വിരാജ് ആണ് മിക്കവരുടെയും ഇര. ചിലർ സിനിമയുടെ കഥയിലെ പോരായ്മകൾ വരെ വിളമ്പിയിരിക്കുന്നു. ലൂസിഫർ കണ്ട് ത്രില്ലടിച്ച് എംപുരാൻ ആദ്യ ദിവസം തന്നെ കയറി നിരാശനായ എനിക്ക് വിലായത്ത് ബുദ്ധ നന്നായി ഇഷ്ടപ്പെട്ടു. കൂടെ ഇറങ്ങിയ "എക്കൊ" കയറി കത്തിയതിനാലും കൂടി ആവണം തിയേറ്ററുകളിൽ അർഹിക്കുന്നൊരു പരിഗണന പടത്തിന് കിട്ടുന്നില്ല. എന്തായാലും നമുക്ക് സിനിമയിലേക്കും അതിന് കാരണമായ നോവലിലേക്കും ഒന്ന് കണ്ണോടിക്കാം.

 

നമ്മുടെ ചുറ്റുപാട് നിന്നും ഞെട്ടിക്കുന്ന ത്രെഡുകൾ കണ്ടെത്താൻ പ്രത്യേക കഴിവുള്ള നോവലിസ്റ്റാണ് ശ്രീ ജി ആർ ഇന്ദുഗോപൻ. ഒരു സിനിമ ആസ്വദിക്കുന്നത് പോലെ ഒറ്റയിരുപ്പിൽ അദ്ദേഹത്തിന്റെ നോവലുകൾ വായിച്ച് തീർക്കാൻ സാധിക്കും. ഇരുന്നൂറിൽ താഴെ പേജുകളെ മിക്കവാറും നോവലുകൾക്ക് കാണൂ. അതിൽത്തന്നെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥ ഒരു തെക്കൻ തല്ലുകേസ് എന്നപേരിലും നാലഞ്ച് ചെറുപ്പക്കാർ എന്ന നോവൽ പൊന്മാൻ എന്ന പേരിലും സിനിമകളായി. വിലായത്ത് ബുദ്ധ എന്ന നോവൽ വായിച്ച സംവിധായകൻ സച്ചി ആ നോവൽ സിനിമയാക്കുവാൻ ആഗ്രഹിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്തമായതും അവസാനത്തേതുമായ സിനിമ അയ്യപ്പനും കോശിയും പോലെ കരുത്തരായ രണ്ട് നായക കഥാപാത്രങ്ങൾ തമ്മിലുള്ള ക്ലാഷ് ആണ് വിലായത്ത് ബുദ്ധയുടെയും കഥ. നോവലിസ്റ്റ് ഒരിക്കൽ പരിചയപ്പെട്ട കുറച്ച് ചന്ദന മോഷ്ടാക്കൾ പങ്കുവെച്ച അനുഭവങ്ങളിൽ നിന്നാണ് ഈ കഥ ഉരുത്തിരിഞ്ഞു വന്നതെന്ന് അദ്ദേഹം ഒരിക്കൽ എഴുതിയിട്ടുണ്ട്. കേരളത്തിൽ ചന്ദനമരങ്ങൾ വളരുന്ന മറയൂരാണ് കഥാ പശ്ചാത്തലം. നാട്ടിലെ പ്രമാണിയും മുൻ അധ്യാപകനും വിഭാര്യനും സർവ്വോപരി രാഷ്ട്രീയക്കാരനും നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമായ ഭാസ്കരൻമാഷിനെ ചുറ്റിപ്പറ്റിയാണ് നോവൽ വളരുന്നത്. ചെയ്യാത്ത തെറ്റ് കാരണം പതിഞ്ഞ ചീത്തപ്പേര് തന്റെ മരണത്തിലൂടെ മാറ്റണം എന്ന് തീരുമാനിച്ച ഭാസ്കരൻ മാഷ് അതിനായി കരുതി വെച്ചത് പറമ്പിൽ വളരുന്ന ചന്ദനമരമാണ്. അദ്ദേഹത്തിന്റെ മുന്നിലേക്ക് ചന്ദനമോഷ്ടാവായ മുൻ ശിഷ്യൻ എത്തുന്നതോടെ നോവൽ മുറുകുന്നു. ചന്ദനമരം സൂക്ഷിക്കാൻ ഗുരുവിന് ഉള്ളതുപോലെ മോഷ്ടിക്കാൻ ശിഷ്യനായ മോഹനനും തന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നു. 120 ഓളം പേജുകൾ മാത്രമുള്ള (അതിൽ തന്നെ പല പേജുകളും ചിത്രങ്ങൾ അപഹരിച്ചിരിക്കുന്നു) നോവൽ വായിച്ചു തുടങ്ങിയാൽ ഒരു സിനിമ കാണുന്നത് പോലെ ഒറ്റയിരുപ്പിൽ വായിച്ച് തീർക്കാൻ സാധിക്കും. 


അത്തരം ഒരു നോവൽ സിനിമയാക്കുമ്പോൾ ഒട്ടേറെ പരിമിതികളുണ്ട്. ഏറ്റവും പ്രധാനം മൂലകഥയ്ക്ക് മാറ്റം സംഭവിക്കരുതെന്നതാണ്. തികഞ്ഞ ശ്രദ്ധയോടെ സംവിധായകൻ ജയൻ നമ്പ്യാർ അതിൽ വിജയിച്ചിട്ടുണ്ട്. അതിനാൽ തന്നെ കഥയെക്കുറിച്ച് ഒന്നും പറയാനില്ല. പിന്നീടുള്ളത് സിനിമയാക്കിയപ്പോൾ ഉണ്ടായ കൂട്ടിച്ചേർക്കലുകളാണ്. നോവൽ പ്രധാനമായും ഭാസ്കരൻ മാഷേ കേന്ദ്രീകരിച്ചപ്പോൾ സിനിമയിലെ നായകൻ മോഹനൻ അഥവാ ഡബിൾ മോഹനനായി വേഷമിട്ട പൃഥ്വിരാജ് ആയി. പക്ഷെ ഭാസ്‌ക്കരൻ മാഷായി വന്ന ഷമ്മി തിലകൻ ഞെട്ടിച്ചുകളഞ്ഞു. അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസിലൂടെ അദ്ദേഹം ഭാസ്കരൻ മാഷിനെ പിടിച്ചുയർത്തി. സെക്കന്റ് ഹാഫിൽ പലപ്പോഴും നമുക്ക് സാക്ഷാൽ തിലകൻ ചേട്ടനെ ഓർമ്മ വരും. നായകന് ഹീറോയിസം കാണിക്കാൻ കുറച്ച് സ്റ്റണ്ടും പാട്ടും മലകയറ്റവും ഒക്കെ വന്നപ്പോൾ പടം മൂന്ന് മണിക്കൂർ അടുത്ത് എത്തി. ആ ദൈർഘ്യവും പടത്തെ പിന്നോക്കം വലിച്ചു. എടുത്തുപറയേണ്ട മറ്റൊരു പെർഫോമൻസ് ആയിരുന്നു നായികയായി എത്തിയ പ്രിയംവദയുടേത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ. മറയൂരിന്റെ മനോഹാരിതയും ഓരോ സ്ക്രീനിലും ആസ്വദിക്കാം.  എന്തായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണുന്നത് പോലെ പൃഥ്വിരാജിന്റെ ഏറ്റവും മോശം പടം എന്നൊക്കെ ഈ സിനിമയെ കുറിച്ച് പറയുന്നത് കഷ്ടമാണ്. നല്ലൊരു തിയേറ്റർ  ആസ്വാദനം ഈ സിനിമ അർഹിക്കുന്നുണ്ട്.

Sunday, November 23, 2025

വായനാനുഭവം - ബോഡി ലാബ് - രജത് ആർ (Book Review - Body Lab by Rajath R)

വായനാനുഭവം - ബോഡി ലാബ് - രജത് ആർ  



ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന നോവലിലൂടെ പ്രശസ്തനായ ശ്രീ രജത് ആർ എഴുതിയ ബോഡി ലാബ് എന്ന നോവലിന്റെ വായനാ വിശേഷങ്ങളാണ് ഇക്കുറി. ആലപ്പുഴ മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം പ്രൊഫസറായ രജത് സാർ വളരെ തന്മയത്വത്തോടെയാണ് ഫോറൻസിക് സംബന്ധമായ വിഷയങ്ങളിലൂടെ ത്രില്ലർ വിഭാഗത്തിലുള്ള ഈ നോവൽ എഴുതിയിരിക്കുന്നത്. പുസ്തകത്തെ കുറിച്ച് പറയുമ്പോൾ വ്യത്യസ്തമായ രീതിയിൽ ഒരുക്കിയിരിക്കുന്ന അതിന്റെ പുറംചട്ടയെക്കുറിച്ച് പ്രതിപാദിക്കാതെ വയ്യ. ഉള്ളിലുള്ള  വിഷയത്തിന് അനുയോജ്യമായ രീതിയിലാണ് കവർ ഡിസൈൻ. 


ഒരു ടിപ്പിക്കൽ ക്രൈം ത്രില്ലറിൽ നിന്നും വ്യത്യസ്തമായ രീതിയിൽ കഥ മുന്നോട്ട് കൊണ്ടുപോകാൻ നോവലിസ്റ്റ് നെ സഹായിച്ചിരിക്കുന്നത് അദ്ദേഹം ജോലി ചെയ്യുന്ന മേഖലയിലുള്ള പരിജ്ഞാനമാണ്. മെഡിക്കൽ ടെർമിനോളജികൾ ധാരാളം കടന്നുവരുന്നുണ്ടെങ്കിലും ഒരു അദ്ധ്യാപകൻ ക്ലാസെടുക്കുന്നതുപോലെ ലളിതമായി ആ പദങ്ങൾ വായനക്കാരന് മനസ്സിലാക്കിത്തരുവാൻ രജത് സാറിന് സാധിക്കുന്നുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളോട് പടപൊരുതി മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു ശിഷ്യയെ മോഡലാക്കി അത്തരം പരിമിതികളാൽ വീർപ്പുമുട്ടുന്ന ഒരു നായികയെയാണ് ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ വ്യത്യസ്തതമായ പ്രമേയവും പശ്ചാത്തലവും കൂടിയാകുമ്പോൾ നിരാശപ്പെടുത്താത്ത ഒരു വായനാനുഭവമായി ബോഡി ലാബ് മാറും.


2022 ജൂലൈയിൽ ഡി.സി ബുക്ക്സ് പുറത്തിറക്കിയ നോവലിന്റെ അതേ വർഷം സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച  രണ്ടാം പതിപ്പായിരുന്നു ഞാൻ വായിച്ചത്. 230 പേജുകളുള്ള പുസ്തകത്തിന്റെ വില 280 രൂപ.

Saturday, November 22, 2025

വായനാനുഭവം - നനയുവാൻ ഞാൻ കടലാകുന്നു - നിമ്ന വിജയ് (Book Review - Nanayuvan Njan Kadalaakunnu by Nimna Vijay)

വായനാനുഭവം - നനയുവാൻ ഞാൻ കടലാകുന്നു - നിമ്ന വിജയ്  



ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന ബ്ലോക്ക് ബസ്റ്റർ നോവലിന്റെ രചയിതാവായ ശ്രീമതി നിമ്ന വിജയ് ന്റെ അടുത്ത പുസ്തകം ആണ് "നനയുവാൻ ഞാൻ കടലാകുന്നു". ആദ്യ പുസ്തകത്തോട് ഒട്ടും മമത തോന്നാതിരുന്നതിനാൽ ഈ പുസ്തകത്തിന്റെ പുറത്ത് എഴുതിയിരുന്ന ആ 'ഫ്രം ദി ഓതർ ഓഫ്' എന്ന ലേബലാണ് സത്യത്തിൽ ഇതുവരെ എന്നെ ആ വായനയിൽ നിന്നും പിൻവലിച്ചു നിർത്തിയിരുന്നത്. യാദൃശ്ചികമായാണ് എനിക്ക് ആ പുസ്തകം വായനയ്ക്കായി ലഭിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട എന്നോട് പോലെ സ്ത്രീ കേന്ദ്രീകൃതമായ, പുരുഷന്മാർ ഒന്നടങ്കം ശത്രുപക്ഷത്ത് അണിനിരക്കുന്ന ഒരു നോവൽ പ്രതീക്ഷിച്ച് പുസ്തകം തുറന്ന ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്ന് പറയാം. ഫെമിനിസ്റ്റ് ആയ ഒരു മോഡേൺ എഴുത്തുകാരി എന്നതിൽ നിന്നും അനുജത്തിയോട് തോന്നുന്നത് പോലൊരു വാത്സല്യത്തോടെയാണ് ആ വായന എനിക്ക് അവസാനിപ്പിക്കേണ്ടി വന്നത്. ആർദ്രമായ ഒരു പറ്റം ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.


നിമ്ന വിജയ് ആരായിരുന്നു എന്നതിനൊപ്പം തൊണ്ണൂറുകളിൽ ജനിച്ച ഒരു മലയാളി പെൺകുട്ടിയുടെ ചിന്തകളും ജീവിതവും അടുത്തറിയുവാൻ നമുക്ക് ഈ അനുഭവക്കുറിപ്പുകളിലൂടെ സാധിക്കും. ജോസഫ് അന്നംക്കുട്ടി ജോസ് ന്റെ ദൈവത്തിന്റെ ചാരന്മാരുമായി ഒരു സാദൃശ്യം എനിക്ക് തോന്നി. അതിൽ അന്നംക്കുട്ടി ജോസ് ന്റെ അനുഭവങ്ങൾ വിവരിക്കുന്നു, ഇതിൽ നിമ്നയുടെയും. രണ്ടും തികച്ചും വ്യത്യസ്തമായ ജീവിതപശ്ചാത്തലം ആയതിനാൽ സാദൃശ്യം ആദ്യം പറഞ്ഞത് മാത്രമേയുള്ളൂ. രണ്ടും വായിക്കാൻ ഹൃദ്യവും മനസിനെ ആർദ്രമാക്കുന്നതുമാണ്. ആമുഖമായി നിമ്ന പറയുന്നത് പൂർണ്ണമായും സത്യമാണ്. എഴുതി തീർത്ത വരികൾക്കിടയിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾക്ക് പലപ്പോഴും നിങ്ങളെ കണ്ടുമുട്ടിയേക്കാം. 


മാൻ കൈൻഡ് പബ്ലിക്കേഷൻസ് 2023 ൽ പുറത്തിറക്കിയ നോവലിന്റെ 2024 ൽ ഇറങ്ങിയ പത്തൊൻപതാമത്തെ പതിപ്പായിരുന്നു ഞാൻ വായിച്ചത്. അതിൽ നിന്നും തന്നെ നിമ്നയുടെ പുസ്തകങ്ങളുടെ സ്വീകാര്യത അനുമാനിക്കാവുന്നതാണ്. 168 പേജുകളുള്ള പുസ്തകത്തിന്റെ വില 299 രൂപ.

Wednesday, November 5, 2025

വായനാനുഭവം - രാത്രി 12 നു ശേഷം - അഖിൽ പി ധർമ്മജൻ (Book Review - Rathri 12 nu shesham by Akhil P Dharmajan)

വായനാനുഭവം  - രാത്രി 12 നു ശേഷം - അഖിൽ പി ധർമ്മജൻ



ഒരു നോവലിന്റെ ഓരോ പേജ് വായിച്ചുതീരുമ്പോഴും അടുത്തതായി എന്ത് സംഭവിക്കുമെന്ന ആകാംക്ഷയോടെ അടുത്ത പേജിലേക്ക് കടക്കുക. അങ്ങനെ ഒറ്റയിരുപ്പിൽ ഒരു നോവൽ വായിച്ചു തീർക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുക. ഏതൊരു നോവലിസ്റ്റും ആഗ്രഹിക്കുന്നൊരു രീതിയാണത്. ത്രില്ലർ വിഭാഗത്തിൽ എഴുതുന്ന നോവലാണെങ്കിൽ പ്രത്യേകിച്ചും. അഖിൽ പി ധർമ്മജൻ എഴുതിയ ഏറ്റവും പുതിയ നോവലായ രാത്രി 12 നു ശേഷം വായിച്ചുകഴിഞ്ഞപ്പോൾ മനസ്സിലേക്ക് വന്ന കാര്യം ആണത്. വായനക്കാരിൽ ആകാംക്ഷ ജനിപ്പിക്കാനും ഒറ്റയിരുപ്പിന് വായിച്ചുതീർക്കുവാനും പ്രേരിപ്പിക്കുന്നൊരു നോവലാണ് രാത്രി 12 നു ശേഷം. ഒരു നോവലിസ്റ്റ് എന്ന നിലയിൽ അഖിലിന്റെ വളർച്ച ഈ നോവൽ വായിക്കുമ്പോൾ മനസ്സിലാകും. അഖിലിന്റെ മൂന്നാമത്തെയും ഏറ്റവും വിഖ്യാതവുമായ നോവൽ രാം c/o ആനന്ദി മാറ്റിവെച്ചാൽ അദ്ദേഹത്തിന്റെ ഓരോ നോവലിലും ആ വളർച്ചയുടെ പടവുകൾ കാണാം. 


ആദ്യ നോവലായ ഓജോ ബോർഡ്, ത്രില്ലറുകളും ഹൊറർ നോവലുകളും വായിച്ച് ഒരു നോവൽ എഴുതുവാൻ തുനിഞ്ഞിറങ്ങുന്ന ഒരു കൗമാരക്കാരന്റെ അത്ര മോശമല്ലാത്ത സൃഷ്ടി ആയിരുന്നെങ്കിൽ രണ്ടാമത്തെ നോവൽ മെർക്കുറി ഐലന്റ് കുറച്ചുകൂടി വിശാലമായ, പക്വമായ ഒരു അവതരണം ആയിരുന്നു. ആ നോവലിൽ ഒരു കല്ലുകടിയായി എനിക്ക് തോന്നിയത് അടുത്തത് എന്ത് സംഭവിക്കുമെന്ന ആകാംക്ഷ വായനക്കാരനിൽ ഉണ്ടാകാൻ വേണ്ടി മാത്രം കൂട്ടിച്ചേർത്ത കുറെ കഥാസന്ദർഭങ്ങളായിരുന്നു. നാലാമത്തെ നോവൽ ആയ രാത്രി 12 നു ശേഷം എത്തുമ്പോൾ അത്തരം ഏച്ചുകെട്ടലുകൾ ഇല്ലാത്ത സസ്പെൻസ് സന്ദർഭങ്ങൾ കഥയിലുടനീളം കാണാം. വ്യത്യസ്തമായൊരു കഥയും ഈ നോവലിന്റെ മുതൽക്കൂട്ടാണ്. 


അഖിലിന്റെ മൂന്നാമത്തെ നോവലായ ആനന്ദിയെ ഞാൻ നേരത്തെ സൂചിപ്പിച്ച പടവുകളിൽ ഉൾപ്പെടുത്താതിരുന്നത് മനഃപൂർവ്വമാണ്. സൂപ്പർ ഹിറ്റായ ആ നോവൽ അഖിലിന് സത്യത്തിൽ ഒരു ബാധ്യതയായി മാറാതിരുന്നാൽ നന്ന്. കാരണം ആ നോവൽ കാരണം നോവലിസ്റ്റിന്റെ മറ്റ് നോവലുകൾ തേടിപ്പോകുന്നവർ നിരാശരാകേണ്ടി വരും. മറ്റ് നോവലുകളും ആനന്ദിയും തമ്മിലുള്ള പ്രധാന വ്യത്യാസം ആ നോവലിൽ ജീവിതം ഉണ്ടായിരുന്നു, ബാക്കി നോവലുകൾ ജീവിത ഗന്ധിയല്ല എന്നതാണ്. വായിച്ചു തുടങ്ങുമ്പോഴേ നോവലിലെ കഥാപാത്രങ്ങൾ കഥാപാത്രങ്ങൾ മാത്രമാണെന്ന് വായനക്കാരന് മനസ്സിലാകും. മല്ലിയെയും ആനന്ദിയെയും റാമിനെയുമൊക്കെ തിരഞ്ഞ് ചെന്നൈയിലേക്ക് വണ്ടി കയറിയപോലെ, റയിൽവെ സ്റ്റേഷനിലെ ബെഞ്ചിൽ റാമിന്റെ പേര് കൊത്തിയത് അന്വേഷിക്കുന്ന പോലെ ആരാധകർ ഈ നോവലുകളിലെ കഥാപാത്രങ്ങളുടെ പിന്നാലെ പോകില്ല.  


വനിത സേവ്യർ എന്ന നായികാകഥാപാത്രത്തിന്റെ വണ്ടി രാത്രിയിൽ ഒരു യുവാവിനെ തട്ടുന്നതിനെ തുടർന്നുണ്ടാവുന്ന വിചിത്രമായ സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ട്വിസ്റ്റുകളിലൂടെ പടർന്ന് പന്തലിക്കുന്ന കഥ പതുക്കെ വേറൊരു ലെവലിലേക്ക് ട്രാക്ക് മാറ്റുന്നു. ഇപ്പോഴത്തെ ന്യൂ ജൻ മലയാള സിനിമകൾ അവസാനിപ്പിക്കുന്നതുപോലെ അടുത്തൊരു ഭാഗം വേണമെങ്കിൽ പ്രതീക്ഷിക്കാം എന്ന രീതിയിൽ അപൂർണ്ണമായൊരു അവസാനിപ്പിക്കലാണ് നോവലിനും ഉള്ളത്. തിരക്കിട്ട് തീർക്കാതെ അൽപ്പം കൂടി ശ്രമിച്ചിരുന്നെങ്കിൽ ഫ്രാൻസിസ് ഇട്ടിക്കോര പോലെ അല്ലെങ്കിൽ മഞ്ഞവെയിൽ മരണങ്ങൾ പോലെ മികച്ചൊരു വായനാനുഭവം ആക്കി ഈ നോവലിനെ മാറ്റാമായിരുന്നു എന്ന് തോന്നി.


ഈ നോവൽ ഇറങ്ങിയ ദിവസങ്ങളിൽ മിക്ക റിവ്യൂകളിലും നോവലിസ്റ്റ് ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ച് വലിയ ധാരണ ഇല്ലാതെയാണ് നോവലിൽ അത് കൈകാര്യം ചെയ്തത് എന്നൊക്കെ പറയുന്നത് കേട്ടിരുന്നു. സ്പോയിലർ ആയാലോ എന്നോർത്ത് അതിന്റെ പിന്നാലെ പോയില്ല. അത് ഒരുകണക്കിന് നന്നായെന്ന് തോന്നുന്നു. ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ച് ഒന്നുമറിയാതെ നോവൽ വായിച്ചതുകൊണ്ട് എനിക്ക് അതിൽ അപാകത ഒന്നും അനുഭവപ്പെട്ടില്ല.


ഡി സി ബുക്ക്സ് 2025 ഏപ്രിലിൽ പുറത്തിറക്കിയ ആദ്യ പതിപ്പ് ആണ് ഞാൻ വായിച്ചത്. (25000 കോപ്പിയാണ് രാം c/o ആനന്ദിയുടെ എഴുത്തുകാരന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ ആദ്യ പതിപ്പിൽ ഡി സി പുറത്തിറക്കിയതെന്ന് വായിച്ചു. സൂപ്പർസ്റ്റാറിന്റെ പടത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് സംശയമുള്ള വിതരണക്കാർ ആദ്യ ദിവസങ്ങളിൽ പരമാവധി തിയേറ്ററുകളിൽ പടം കളിപ്പിച്ച് കിട്ടാവുന്ന പൈസ ആദ്യ ആഴ്ച കൊണ്ട് മേടിക്കുന്ന ആ തന്ത്രം ഓർത്തപ്പോൾ ഡി.സി യെക്കുറിച്ച് സഹതാപവും ആദ്യ രണ്ട് നോവലുകൾ നിരസിച്ച പ്രസാധകരെക്കൊണ്ട് ആ പുസ്തകങ്ങൾ വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിക്കുകയും സ്വന്തം കഴിവിനാൽ മേൽപ്പറഞ്ഞ സൂപ്പർസ്റ്റാർ ആകുകയും ചെയ്ത പ്രിയ നാട്ടുകാരൻ അഖിലിനെ കുറിച്ചോർത്ത് അഭിമാനവും തോന്നുന്നു). 304 പേജുകളുള്ള പുസ്തകത്തിന്റെ വില 380 രൂപ.