വായനാനുഭവം - അന്ധകാരനഴി - ഇ സന്തോഷ്‌കുമാർ
2012 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് ശ്രീ ഇ സന്തോഷ്‌കുമാർ എഴുതിയ "അന്ധകാരനഴി". അന്ധകാരനഴി, ആ പേരിൽ ഒരു സ്ഥലം ആലപ്പുഴയിലുണ്ട്. വീടിന്റെ അടുത്തുകൂടി അന്ധകാരനഴി ബോർഡ് വെച്ച ബസ് സർവീസ് നടത്തുന്നുമുണ്ട്. അതിനാലാണ് അവാർഡ് പ്രഖ്യാപനസമയത്ത് ഈ നോവലിനെ ശ്രദ്ധിക്കുന്നത്. പിന്നീട് പലകുറി വായിക്കുവാൻ ശ്രമിച്ചെങ്കിലും ഒത്തുവന്നത് ഈയടുത്താണ്. ആ നോവൽ വായനയുടെ വിശേഷമാണ് ഇക്കുറി.
കടലിലേക്ക് ചെറുപുഴകൾ വന്നുപതിക്കുന്ന അഴികൾ ധാരാളമുള്ള ജില്ലയാണ് ആലപ്പുഴ. അതിലൊരു അഴിയാണ് അന്ധകാരനഴി. കടലുമായോ, അഴിയുമായോ യാതൊരു ബന്ധവുമില്ലാത്ത തികച്ചും വ്യത്യസ്തമായ പ്രമേയം ചർച്ച ചെയ്യുന്ന നോവലാണിത്. അതും ശക്തമായ ഒരു പ്രമേയം. സമീപകാല മലയാളരചനകളിൽ ഇങ്ങനെ ഒരു ഭൂതകാല പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നോവൽ ഇല്ലെന്നുതന്നെ പറയാം. അടിയന്തിരാവസ്ഥ പോലൊരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. പ്രധാനമായും രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രശസ്ത നോവൽ ചുരുളിയുടെ പോലെ, മുന്നിൽ കാണുന്നതല്ലാതെ ഒട്ടേറെ കാര്യങ്ങൾ വരികൾക്കിടയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. അന്ധകാരത്തിന്റെ ഒരു തുരുത്തിൽ അഭയം തേടുന്ന, അവിടുത്തെ ഇടനാഴികളിൽ തളയ്ക്കപ്പെട്ട ഒരു വിപ്ലവകാരിയാണ് ഒരു കഥാപാത്രം. നിഗൂഢതകളുള്ള നിഗൂഢരായ കുറച്ച് ആളുകൾ മാത്രം വസിക്കുന്ന ഒരു തുരുത്ത്. അന്ധമായി തന്റെ പ്രത്യയശാസ്ത്രങ്ങളിൽ മുറുകെ പിടിച്ച് ഒടുക്കം സ്വയമറിയാതെ അതിന്റെ വിപര്യങ്ങളിൽ പര്യവസാനിക്കുന്ന നായകൻറെ ജീവിതം. മറ്റൊരാൾ വിപ്ലവത്തിന്റെ ആവേശത്തിൽ ജീവിതം ബലികൊടുത്ത ഒരു കവിയാണ്. കവികളോടും കഥകളോടും വിപ്ലവകാരിയുടെ സമീപനം കഥയിൽ വ്യക്തമാണ്. നിത്യജീവിതത്തിൽ ആശയങ്ങളോട് വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്ന വിപ്ലവകാരികളെയും അധികാരത്തിലിരിക്കുന്നവരുടെ കളിപ്പാട്ടങ്ങളായി മാറേണ്ടിവരുന്ന ഭരണസംവിധാനത്തെയും നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്.
മനസ്സിനെ പിടിച്ചുകുലുക്കുന്ന കഥാസന്ദർഭങ്ങളോ വായനയ്ക്ക് ശേഷവും മനസ്സിൽ നിന്നും കുടിയിറങ്ങാൻ വിസമ്മതിക്കുന്ന കഥാപാത്രങ്ങളോ കഥാ പശ്ചാത്തലങ്ങളോ നോവലിൽ നിന്നും എനിക്ക് ലഭിച്ചില്ല. 368 പേജുകളുള്ള നോവൽ ഇടക്കുവെച്ച് മതിയാകാതെ മുന്നോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ നോവലിലുണ്ട്. അത് തന്നെയാണ് എന്റെ അവസാന അഭിപ്രായവും. 2011 മെയ് മാസത്തിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ ഈ 2022 ഡിസംബറിൽ പ്രസിദ്ധീകരിച്ച എട്ടാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. വില 420/- രൂപ.

No comments:
Post a Comment