പുസ്തക പരിചയം - റെഡ് ഡേറ്റാ ബുക്ക് - ദീപു കാട്ടൂർ
പ്രിയ സുഹൃത്ത് ശ്രീ ദീപു കാട്ടൂർ എഴുതിയ നോവൽ "റെഡ് ഡേറ്റാ ബുക്ക്" കഴിഞ്ഞ ദിവസം വായിക്കുവാനിടയായി. ദീപു ചേട്ടൻ എഴുതിയ കഥകൾ വായിച്ചിട്ടുണ്ട്, സംവിധാനം ചെയ്ത ഷോർട്ട് ഫിലിം കണ്ടിട്ടുണ്ട്. എല്ലാത്തിലുമുപരിയായി ഞങ്ങളുടെ പഞ്ചായത്തായ മാരാരിക്കുളത്തെ സാഹിത്യ പ്രേമികളുടെ കൂട്ടായ്മകളുടെ തലപ്പത്ത് ശ്രദ്ധേയമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നത് വായിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിനിടയിലും കുടുംബവും സാഹിത്യവും സാംസ്കാരികപ്രവർത്തനങ്ങളും ഏകോപിപ്പിച്ച് കൊണ്ടുപോകുന്ന ഒരു മനുഷ്യസ്നേഹി.
ദീപുച്ചേട്ടന്റെ തൂലികയിൽ നിന്നും വന്ന ആദ്യ നോവൽ സംരംഭമായേ റെഡ് ഡേറ്റാ ബുക്ക് നെ കാണാൻ സാധിക്കൂ. ചെറിയൊരു നോവൽ, കാര്യമാത്രപ്രസക്തമായ അവതരണം. ഇരുത്തി ചിന്തിപ്പിക്കുന്ന സംഭാഷണ ശകലങ്ങൾ. - വെറും 83 പേജുകൾ മാത്രമുള്ള പുസ്തകത്തിലെ എഴുപതോളം പേജുകൾ മാത്രം കയ്യടക്കിയിട്ടുള്ള ആ നോവലിനെക്കുറിച്ച് ചുരുക്കത്തിൽ ഇങ്ങനെ പറയാം.
കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ അടിത്തറ തീർത്ത പുന്നപ്ര വയലാർ സമരത്തിലെ സുപ്രധാന സമരമുഖമായിരുന്നു കാട്ടൂർ എന്ന തീരദേശ ഗ്രാമം. ആ സമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന സ്വന്തം അപ്പൂപ്പനിൽ നിന്നും കേട്ടറിഞ്ഞ വിവരങ്ങളും 'പ്രശ്നങ്ങളൊന്നുമില്ലാത്ത സമൂഹത്തിൽ വളർന്നു വന്ന പുതു തലമുറ' ചരിത്രത്തെ മറന്ന് മുന്നോട്ട് കുതിക്കാനുള്ള വെമ്പലിൽ ഉയർന്നുവരുന്ന മൂല്യച്യുതികളും ഭംഗിയായിത്തന്നെ ചുരുങ്ങിയ വാക്കുകളിൽ നോവലിസ്റ്റ് വർണ്ണിച്ചിരിക്കുന്നു.
റെഡ് ഡേറ്റാ ബുക്ക് എന്നത് അന്യം നിന്നുപോകുന്ന ജീവിവർഗങ്ങളെ കുറിച്ചുള്ള പുസ്തകമാണ്. ഇതും അതുപോലെ സമൂഹത്തിൽ അന്യം നിന്നുപോകുന്ന ഒരു തലമുറയെക്കുറിച്ചുള്ള, നശിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തെക്കുറിച്ചുള്ള രേഖപ്പെടുത്തുന്ന പുസ്തകമാണ്. കൂടുതൽ ഈ പുസ്തകം വായിക്കപ്പെടട്ടെ എന്ന് ആഗ്രഹിച്ചുപോവുകയാണ്. പ്രത്യേകിച്ചും പുതുതലമുറ. സമരകാലത്തെ ജീവിതം ഇന്നവർക്ക് യക്ഷിക്കഥകൾ പോലെ കെട്ടുകഥയായി അനുഭവപ്പെട്ടേക്കാം. പക്ഷെ ഇതിൽ പറഞ്ഞിരിക്കുന്നതൊന്നും കെട്ടുകഥകളല്ല. പച്ചയായ യാഥാർഥ്യമാണ്. ഒരു തലമുറ രക്തത്തിൽ എഴുതിവെച്ച യാഥാർഥ്യം.
അഭിനന്ദനങ്ങൾ ദീപുച്ചേട്ടാ, ഈ നല്ല ഉദ്യമത്തിന്. ഇനിയും നല്ല നല്ല രചനകൾ, സാഹിത്യ സൃഷ്ടികൾ ആ തൂലികയിൽ നിന്നും പുറത്തുവരട്ടെ. ആശംസകൾ.
No comments:
Post a Comment