Saturday, March 9, 2019

കുട്ടനാടൻ ബ്ലോഗ് 5 : ഒരു കുട്ടനാടൻ അതിജീവനത്തിൻ്റെ കഥ

    കുട്ടനാട്ടിലെ ഒരു സ്ഥാപനത്തിൽ ജോലിക്കായി ഞാൻ അവിടെ കാലു കുത്തിയപ്പോൾ തന്നെ എന്നെ ആകർഷിച്ച ഒരു കാര്യം ആശുപത്രിയുടെ പുറകിലായി നീണ്ടു നിവർന്നു കിടക്കുന്ന കുട്ടനാടൻ പാടശേഖരം ആയിരുന്നു. അന്ന് അത് എന്നെപ്പോലെ കുളിച്ചൊരുങ്ങി പുതിയൊരു ജോലിക്ക് പോകാൻ തയ്യാറായി നിൽക്കുന്ന ജോലിക്കാരനെ പോലെ അടുത്ത കൃഷിക്കുള്ള വിത കഴിഞ്ഞു നെൽ നാമ്പുകൾ തല പൊക്കി വരുന്ന പരുവത്തിലായിരുന്നു. 


ചിത്രം 1 

       വളരെ സന്തോഷം തോന്നി. കുട്ടിക്കാലം മുതൽ കേട്ടറിഞ്ഞ, തകഴിയുടെ കഥകളിൽ വായിച്ചറിഞ്ഞ കുട്ടനാടൻ കൃഷി അടുത്ത് കാണാൻ, ആദ്യം മുതൽ കാണാൻ സാധിക്കുന്നതിലുള്ള സന്തോഷം. അങ്ങനെ എൻറെ കൺ മുന്നിൽ ആ കൃഷി വേഗം വളർന്നു. നെൽക്കതിരുകൾ ഇളം കാറ്റിനനുസരിച്ച് തലയാട്ടി നിൽക്കുന്ന കാഴ്ച്ച മനസിന് കുളിർമ നൽകി. 


ചിത്രം 2 


ചിത്രം 3 

      അപ്പോളാണ് വില്ലനെ പോലെ കുട്ടനാട്ടിൽ പ്രളയം വിരുന്നിനെത്തിയത്. കുട്ടനാട്ടിലെ ഒട്ടുമിക്ക പാടങ്ങളും വെള്ളത്തിലാക്കിയ ആദ്യ പ്രളയത്തെ ഞങ്ങളുടെ പാടം (അതെ എനിക്കിപ്പോൾ ആ പാടത്തെ അങ്ങനെ വിളിക്കാനാണ് ഇഷ്ടം) അതിജീവിച്ചപ്പോൾ അവിടെ വിളവെടുപ്പ് കാണാൻ പറ്റുമെന്ന് കരുതി. പക്ഷെ രണ്ടാമത്തെ പ്രളയത്തിൽ പൊട്ടാതെ നിന്ന പാടത്തിന്റെ ബണ്ടിന് മുകളിലൂടെ പ്രളയജലം കുത്തിയലച്ച് ആ നെൽനാമ്പുകളെ മുക്കിക്കളഞ്ഞു. പ്രളയത്തിൽ മുങ്ങിയ ഓഫീസിൽ നിന്നും കുറച്ചു പ്രധാനപ്പെട്ട സാധനങ്ങൾ എടുക്കാൻ ഞങ്ങൾ അടുത്ത ദിവസം എത്തുമ്പോൾ, സാധാരണ ഞാൻ നിന്ന് ഫോട്ടോ എടുത്തിരുന്ന സ്ഥലം വരെ ഒരാൾ പൊക്കത്തിൽ മുങ്ങിക്കഴിഞ്ഞിരുന്നു. അതായത് നെൽ ചെടികൾ ഏകദേശം മൂന്ന് മീറ്ററോളം വെള്ളത്തിനടിയിൽ.


ചിത്രം 4 : വെള്ളം കയറിത്തുടങ്ങിയ ദിവസം 


ചിത്രം 5 : അടുത്ത ദിവസം ഓഫീസിൽ എത്തിയപ്പോൾ. പുറകിൽ കാണുന്നതാണ് പാടം 

പ്രളയത്തിന് ശേഷം വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോൾ ഞങ്ങൾ എത്തുമ്പോൾ ഇതായിരുന്നു അവസ്ഥ. 


ചിത്രം 6 

പിന്നെ ഓരോ ദിവസവും വെള്ളം കുറയുന്നത് നോക്കിയിരുന്നു. ഓഫിസിന്റെ പടിയിൽ നിന്നും മുറ്റത്തു നിന്നും പതിയെ പതിയെ വെള്ളം ഇറങ്ങിയപ്പോൾ തന്നെ മൂന്ന് ആഴ്ച എങ്കിലും എടുത്തു. പാടത്തെ വെള്ളം പറ്റി കൃഷിക്ക് തയ്യാറാകാൻ പിന്നെയും രണ്ടു മാസം കൂടെ കാത്തിരിക്കേണ്ടി വന്നു. 


ചിത്രം 7. മുറ്റത്ത് നിന്നും ഇറങ്ങിയ വെള്ളം പാടത്ത് നിറഞ്ഞു നിൽക്കുന്നു.


ചിത്രം 8. വെള്ളം ഇറങ്ങിയ സമയം 


ചിത്രം 9 . വീണ്ടും കൃഷിക്ക് തയ്യാറായപ്പോൾ 


ചിത്രം 10. വിത്ത് വിതച്ചപ്പോൾ 

കുറച്ചു താമസിച്ചിട്ടാണെങ്കിലും ഞങ്ങളുടെ പാടശേഖരത്തിലും വിതയ്ക്കാനുള്ള വിത്ത് സർക്കാരിൽ നിന്നും ലഭിച്ചപ്പോൾ ഒക്ടോബർ മാസം തീരാറായിരുന്നു. 

വിത്ത് വിതച്ച് അഞ്ച് മാസം തികയുന്നതിന് മുൻപ് വിളവെടുപ്പ് നടന്നു. 
ചിത്രം 11, 12, 13 : കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ 

പ്രളയത്തിൽ ദുരിതം എത്തിച്ച പ്രകൃതി കുട്ടനാടിൻറെ മക്കൾക്കായി കിഴക്കൻ നാടുകളിൽ നിന്നും ഫലഭൂയിഷ്ഠമായ എക്കൽ മണ്ണ് അവരുടെ പാടങ്ങളിൽ നിറച്ചിട്ടാണ് പോയത്. അതിനാൽ തന്നെ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച വിളവാണ് ഇത്തവണ. അതായത് സാധാരണ ഒരു ഏക്കർ പാടത്തിൽ നിന്നും ലഭിക്കുന്നത് 20 മുതൽ 25 ക്വിന്റൽ വരെ നെല്ല് ആയിരുന്നെങ്കിൽ ഇപ്രാവശ്യം അത് 35 ക്വിന്റലിന് മുകളിൽ വരെ ലഭിച്ചിട്ടുണ്ട്. കുട്ടനാട്ടുകാരുടെ തന്നെ അഭിപ്രായത്തിൽ പ്രളയത്തിൽ മുക്കിക്കളഞ്ഞ കൃഷിയുടെ കുറവ് കൂടെ നികത്തിയാണ് ഇത്തവണത്തെ വിളവെടുപ്പ്. 


ചിത്രം 14 . ഞങ്ങളുടെ പാടത്തും കൊയ്ത്ത് മെഷീൻ ഇറങ്ങിയപ്പോൾ 


ചിത്രം 15 : കൊയ്ത നെല്ലിന്റെ അളക്കലും ചാക്കിൽ നിറക്കലും 


ചിത്രം 16 : ചാക്കുകൾ വള്ളത്തിൽ കയറ്റിയപ്പോൾ. 250 ക്വിന്റൽ വരെ ഈ കേവ് വള്ളങ്ങളിൽ കയറ്റാൻ കഴിയും 

Saturday, February 23, 2019

കുട്ടനാടൻ ബ്ലോഗ് 4സ്വർണ്ണ വർണ്ണമണിഞ്ഞ കുട്ടനാടൻ പുഞ്ചപ്പാടത്തിൻ്റെ നടുക്ക് തെങ്ങോലകൾ തണലിടുന്ന ഒരു പച്ച തുരുത്ത്. അവിടെ കേരളീയ ശൈലിയിൽ പണിതുയർത്തിയ ചെറിയ രണ്ട് മൂന്ന് വീടുകൾ. മനം മയക്കുന്ന ഈ കുട്ടനാടൻ മനോഹാരിത എത്ര പറഞ്ഞാലും തീരില്ല. തത്ക്കാലം ആ മനോഹാരിതയെക്കുറിച്ചല്ല ഞാൻ ഈ ബ്ലോഗിൽ പറയാൻ ഉദ്ദേശിക്കുന്നത്. 

ഞങ്ങളുടെ ആശുപത്രിയുടെ പിന്നിലായുള്ള 340 ഏക്കർ പാടശേഖരം ആണ് ഈ ചിത്രത്തിലുള്ളത്. അതിൻ്റെ നടുക്കായുള്ള ആ മനോഹരമായ തുരുത്തിൽ ആണ് ഞങ്ങളുടെ ഫ്‌ളോട്ടിങ് ഡിസ്പെൻസറിയുടെ ബോട്ട് ഡ്രൈവർ ആയ ബിനുവിൻറെ വീട്. ഇന്നലെ, അതായത് ഈ ചിത്രം എടുക്കുന്നതിന് ഏകദേശം 24 മണിക്കൂർ മുൻപ് പാടത്തിന് അക്കരയിലുള്ള ഒരു അമ്പലപ്പറമ്പിൽ തൊഴിലുറപ്പിൻ്റെ ഭാഗമായ ശുചീകരണ പ്രവർത്തനം കഴിഞ്ഞ് ബിനുവിൻറെ അമ്മ, സുകുമാരി ചേച്ചി ഊണ് കഴിക്കാൻ കൂട്ടുകാരിയോടൊപ്പം വീട്ടിലേക്ക് തിരിച്ചു. അമ്പലത്തിൽ നിന്നും കിട്ടിയ പായസം ഒക്കെ കഴിച്ചതിനാൽ വിശപ്പില്ല എങ്കിലും വീടുവരെ ഒന്ന് പോയി വരാം എന്നും പറഞ്ഞാണ് സുകുമാരി ചേച്ചി പോയത്. വിശേഷങ്ങൾ പറഞ്ഞു നടന്ന് പാടത്തിലൂടെയുള്ള ഇടവഴിയിലേക്ക് ഇറങ്ങി പത്ത് ചുവട് വെച്ചില്ല. മുന്നിൽ നടന്ന ചേച്ചിയുടെ കാലിൽ എന്തോ കടിച്ചു. കാൽ കുടഞ്ഞ് നോക്കിയപ്പോൾ കാലിൽ ചോര. എന്തോ ഇഴ ജന്തു ആണെന്ന് മനസിലായി. എന്തായാലും ഒന്ന് ആശുപത്രിയിൽ കാണിച്ചേക്കാം എന്ന് കരുതി വീട്ടിൽ പോയി വേഷം മാറിയേക്കാം എന്ന് വിചാരിച്ചതാണ്. കുറച്ചു കഴിഞ്ഞപ്പോളേക്കും ആള് കുഴഞ്ഞു വീണു. ആൾക്കാർ ഓടിക്കൂടി എടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോളേക്കും എല്ലാം കഴിഞ്ഞിരുന്നു. റേഡിയൽ ദൂരം നോക്കിയാൽ ബിനുവിൻറെ വീടിനോട് ഏറ്റവും അടുത്ത് വിഷ ചികിത്സ ലഭിക്കുന്ന ആശുപത്രിയായ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് പത്തിൽ താഴെ കിലോ മീറ്ററേ വരൂ. കൂടിപ്പോയാൽ 15 മിനിറ്റ് ഡ്രൈവ്. എന്നാൽ ഇപ്പോൾ അവിടെ നിന്നും ആളെ ഈ ആശുപത്രിയിൽ എത്തിക്കാൻ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വേണം. നേരിട്ട് റോഡ് ഇല്ല എന്ന് ഒറ്റയടിക്ക് പറഞ്ഞാൽ മനസിലാകില്ല അവിടുത്തെ യാത്രാ ദുരിതം. അപകടം നടന്ന സ്ഥലത്ത് നിന്നും ഒരാളെ ആംബുലൻസിൽ എത്തിക്കണമെങ്കിൽ കുറഞ്ഞത് കാൽ കിലോമീറ്റർ എങ്കിലും എടുത്തുകൊണ്ട് പോകണം. അതും കുത്തനെയുള്ള ഒരു പാലം ഉൾപ്പെടെ. ആംബുലൻസ് എന്ന് പറഞ്ഞാൽ മിനി വാൻ ആംബുലൻസ്. കാരണം കൈനകരി പഞ്ചായത്ത് റോഡിനും ഈ വീടിനും ഇടയ്ക്ക് രണ്ട് കനാലുകൾ ആണുള്ളത്. അതിൽ ഒരെണ്ണത്തിന് കുറുകെ കൂടിപ്പോയാൽ ഒരു ചെറിയ കാർ പോകുന്ന ഒരു പാലം ഉണ്ട്. രണ്ടാമത്തെ തോടിന് അതും ഇല്ല. ഒരു നടപ്പാലം മാത്രം. പാലം പണിക്കുള്ള പദ്ധതികൾ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ അൽപ്പം ചുറ്റി വളഞ്ഞ് ആണെങ്കിലും അവിടെ വണ്ടി എത്താനുള്ള സൗകര്യം ആകും. 


സംഭവസ്ഥലവും ആശുപത്രിയും തമ്മിലുള്ള ദൂരം ചുവപ്പ് കളറിൽ. സഞ്ചരിക്കേണ്ട ദൂരം നീല കളറിൽ. 


ഇത് മനസ്സിൽ ആലോചിച്ച് നിൽക്കുമ്പോൾ ആശുപത്രിയിൽ നിന്നും കൊണ്ടുവന്ന ശരീരം സ്ട്രച്ചറിൽ ചുമന്നുകൊണ്ട് ആളുകൾ എത്തി. നാലുപേർക്ക് അതും പിടിച്ച് ഒറ്റയടി പാതയിലൂടെ നടക്കാൻ വയ്യാത്തതിനാൽ രണ്ടുപേർ തോളിൽ ചുമന്നുകൊണ്ട് ആ പാടത്തിലൂടെ നടന്നു നീങ്ങി, 24 മണിക്കൂർ മുൻപ് സുകുമാരി ചേച്ചി തമാശകൾ പറഞ്ഞുകൊണ്ട് നടന്ന അതേ വഴിയിലൂടെ.

Friday, November 30, 2018

കുട്ടനാടൻ ബ്ലോഗ് 3

കുട്ടനാട്ടിലെ എന്നല്ല ആലപ്പുഴയിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമാണ് കുട്ടനാട് കൈനകരി പഞ്ചായത്തിലെ ആർ ബ്ലോക്ക് എന്ന പ്രദേശം.ആലപ്പുഴ കോട്ടയം ബോട്ട് പാതയിൽ ഏകദേശം ഒരു മണിക്കൂർ അടുത്ത് യാത്ര ചെയ്താൽ മാത്രമാണ് ആർ ബ്ലോക്കിൽ എത്തിച്ചേരാൻ സാധിക്കുക. പുന്നമടക്കായലും വേമ്പനാട്ട് കായലും കടന്ന് മാർത്താണ്ഡൻ കായലിലൂടെ ആർ ബ്ലോക്കിലേക്കുള്ള യാത്ര കുട്ടനാടൻ കായൽ യാത്രയുടെ എല്ലാ സൗന്ദര്യവും ഇഴചേർന്നതാണ്. മാർത്താണ്ഡൻ കായൽ അവസാനിക്കുന്ന സ്ഥലത്തുനിന്നാണ് ആർ ബ്ലോക്ക് ആരംഭിക്കുന്നത്. ആലപ്പുഴ കോട്ടയം അതിർത്തിയിൽ ആലപ്പുഴ ഭാഗത്തുള്ള അവസാന ബ്ലോക്കുകളിൽ ഒന്നാണ് 
ആർ ബ്ലോക്ക്. 


ചിത്രം 1 . മാർത്താണ്ഡൻ കായലിലൂടെ ആർ ബ്ലോക്കിലേക്ക് 

തുടർന്ന് മുന്നോട്ട് പോകുന്നതിനു മുൻപ് എന്താണ് ഈ ബ്ലോക്ക് എന്ന് ഒന്ന് വിശദമാക്കാം. ഒന്നാം കുട്ടനാടൻ ബ്ലോഗിൽ പറഞ്ഞത് പോലെ കായൽ നികത്തി വയലുകൾ നിർമ്മിക്കാൻ സ്വകാര്യവ്യക്തികൾ ഇറങ്ങിത്തിരിച്ച കാലത്ത് ഈ കായൽ പ്രദേശം മുഴുവൻ തിരുവിതാംകൂർ രാജവംശത്തിൻറെ കീഴിൽ ആയിരുന്നു. അവരുടെ ഓർമയിലാണ് കായലുകൾക്ക് മാർത്താണ്ഡൻ കായൽ എന്നും, റാണി കായൽ എന്നും ചിത്തിര കായൽ എന്നും ഒക്കെ പേര് നൽകിയിരിക്കുന്നത്. കായൽ പ്രദേശം വ്യക്തികൾക്ക് നൽകുന്നതിനുള്ള എളുപ്പത്തിനായി അവയെ പല ബ്ലോക്കുകളായി തിരിച്ച് ഇംഗ്ലീഷ് അക്ഷരങ്ങളുടെ പേര് നൽകുകയുണ്ടായി. എ ബ്ലോക്ക് , ബി ബ്ലോക്ക് എന്നിങ്ങനെ. ഓരോ ബ്ലോക്കും അഞ്ഞൂറുമുതൽ ആയിരത്തിയഞ്ഞൂറു വരെ  ഏക്കറുകൾ വ്യാപിച്ചതാണ്. ഇതിൽ ആയിരത്തി നാന്നൂറ് ഏക്കർ പരന്നുകിടക്കുന്ന ഒരു ഭൂപ്രദേശമാണ് ആർ ബ്ലോക്ക്. 

നമുക്ക് ആർ ബ്ലോക്ക് യാത്രയിലേക്ക് മടങ്ങാം. ആർ ബ്ലോക്ക് എത്തുന്നത് വരെ കായലിൻറെ ഇരുകരകളിലും പ്രളയത്തിന് ശേഷം വിതച്ച നെല്ലുകൾ പച്ച പരവതാനി വിരിച്ച പാടങ്ങളാണ്. അങ്ങോട്ട് ചെല്ലുന്തോറും കായൽ കരകളിൽ ജനവാസം കുറഞ്ഞു തുടങ്ങും. ആർ ബ്ലോക്ക് എത്തുന്നതിന് മുൻപായി കായലിൻറെ വലത്ത് ഭാഗത്തായി ഇപ്പോളും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു പാടശേഖരം കാണാം. അതാണ് ഇ ബ്ലോക്ക്. ആറു വർഷമായി അവിടെ മട വീണു കിടക്കുകയാണത്രേ. പ്രളയത്തിന് ശേഷം അവിടെ മടയുടെ പണി ആരംഭിച്ചിട്ടുണ്ടെങ്കിലും വളരെ സാവകാശത്തിലാണ് പണി നീങ്ങുന്നതെന്ന് തദ്ദേശ വാസികൾ പറയുന്നു. കഴിഞ്ഞ ആറു വർഷമായി കൃഷി ഇല്ലാത്തതിനാൽ അവർക്കും കിട്ടിയാൽ കിട്ടി എന്നൊരു ഭാവം ഉള്ളതായി തോന്നി. 


ചിത്രം 2 . മട വീണുകിടക്കുന്ന ഇ ബ്ലോക്ക്. മടയുടെ പണി നടക്കുന്നത് കാണാം 

ഇ ബ്ലോക്കിന്റെ കാഴ്ചകളിൽ നിന്നും കണ്ണ് ഇടത്ത് ഭാഗത്തേക്ക് മാറുമ്പോൾ തികച്ചും വ്യത്യസ്തമായ ഒരു ഭൂപ്രദേശം കണ്മുന്നിൽ തെളിയും.പതിവ് കുട്ടനാടൻ ബ്ലോക്കുകളിൽ നിന്നും വ്യത്യസ്തമായി പാടശേഖരങ്ങൾക്ക് പകരം തെങ്ങിൻ തോപ്പുകൾ. അതും നൂറു കണക്കിന് തലപോയ തെങ്ങുകൾ. കായൽ വരമ്പിൽ തകർന്ന വീടുകൾ, ഓഫീസ് കെട്ടിടങ്ങൾ, ആകെ കാട് പിടിച്ചു കിടക്കുന്ന പ്രദേശം. ഇംഗ്ലീഷ് സിനിമകളിലും പ്രശസ്തമായ ലോസ്റ്റ് സീരിയലിലും കണ്ടിട്ടുള്ളത് പോലെ ഉപേക്ഷിക്കപ്പെട്ട, എന്നാൽ നല്ലൊരു ഭൂതകാലത്തിന്റെ ഓർമ്മകൾ പേറുന്ന കെട്ടിടങ്ങൾ. വളരെ കുറച്ച് കുടുംബങ്ങൾ മാത്രമേ ഇപ്പോൾ ആർ ബ്ലോക്കിൽ അവശേഷിക്കുന്നുള്ളൂ. പ്രളയത്തെ തുടർന്ന് കുട്ടനാട് വിട്ടുപോയ കുറെ കുടുംബങ്ങൾ ഇപ്പോളും നാട്ടിൽ തന്നെ വീട് വാടകയ്ക്ക് എടുത്ത് അവിടെ ആണ് താമസം. മിച്ചം ഉള്ളത് നൂറോളം ആളുകൾ മാത്രമാണ്. ശരിക്കും നരകതുല്യമാണ് അവിടെ അവശേഷിക്കുന്നവരുടെ ഇപ്പോളത്തെ ജീവിതം. വർഷങ്ങളായി ആ പ്രദേശം വെള്ളത്തിനടിയിലാണ്. അതിനാൽ തന്നെ കാട് കയറി ശുദ്ധജല ദൗർലഭ്യതയും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ പോലും ഇല്ലാതെയുമാണ് അവർ ഇപ്പോൾ അവിടെ കഴിയുന്നത്. ഇവരെ പുനഃരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കുട്ടനാട്ട്കാരുടെ സ്വഭാവം വെച്ച് അവർ ആ ഭൂപ്രദേശം വിട്ട് അങ്ങനെ പോകാറില്ല. അതിനാൽ എത്ര കുടുംബങ്ങൾ ഒരു പുനരധിവാസത്തിന് തയ്യാറാകുമെന്നത് കണ്ടറിയാം. 


ചിത്രം 3 . ആർ ബ്ലോക്ക് കാഴ്ചകൾ 


ചിത്രം  4. ആർ ബ്ലോക്ക് കാഴ്ചകൾ 


ചിത്രം 5 . ആർ ബ്ലോക്ക് കാഴ്ചകൾ 


ചിത്രം 6 . ആർ ബ്ലോക്ക് കാഴ്ചകൾ 


ചിത്രം 7 . ആർ ബ്ലോക്കിൽ ആൾ താമസം ഉള്ള ഒരു വീട്. വരാന്തയിൽ വരെ ഇപ്പോളും വെള്ളം 


ചിത്രം 8 . ആർ ബ്ലോക്ക് കാഴ്ചകൾ 


ചിത്രം 9 . ആർ ബ്ലോക്ക് കാഴ്ചകൾ 


ചിത്രം 10. ആർ ബ്ലോക്ക് കാഴ്ചകൾ 


ചിത്രം 11 . ഉത്സവപ്പറമ്പിലെ വളക്കടകൾ പോലെ കാണുന്ന ഈ ഷെഡുകളിലാണ് ആർ ബ്ലോക്കുകാർ ഇപ്പോൾ താമസിക്കുന്നത് 


ചിത്രം 12. കിടപ്പ് മുറിയും ഓഫീസുമായി രൂപാന്തരപ്പെട്ട ഒരു ബോട്ട് ജെട്ടിയിൽ അവിടുത്തെ കാവൽക്കാർ 


ചിത്രം 13 . ഈ പ്രളയത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഒന്ന് 


ചിത്രം 14 . ഈ പ്രളയത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഒന്ന് 


ചിത്രം 15. ഈ പ്രളയത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഒന്ന് 


ചിത്രം 16. വർഷങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു വീട്. സൺ ഷേഡ് വരെ ഇപ്പോളും വെള്ളം 


ചിത്രം 18. പ്രളയത്തെ തുടർന്ന് കൊണ്ടുവന്ന് വെച്ച പമ്പുകൾ. ഡീസൽ ഇല്ലാത്തതിനാൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

ഒരുകാലത്ത് കുട്ടനാടൻ ടൂറിസത്തിൻറെ അവിഭാജ്യ ഘടകമായ കുട്ടനാടൻ കള്ളിന് ഏറ്റവും പ്രശസ്തമായ പ്രദേശമായിരുന്നു ആർ ബ്ലോക്ക്. നെല്ലിൽ നിന്നും മാറി തെങ്ങും മാറ്റ് മരങ്ങളും വെച്ചു പിടിപ്പിച്ച അവിടെ ഒരു സമയത്ത് ആയിരക്കണക്കിന് തെങ്ങുകൾ ആണ് കുട്ടനാടൻ ഫല സമൃദ്ധിയുടെ നേർക്കാഴ്ചയായി നിന്നിരുന്നത്. അഞ്ഞൂറോളം ചെത്ത് തൊഴിലാളികൾ ആർ ബ്ലോക്കിൽ മാത്രം ജോലി നോക്കിയിരുന്നു എന്ന് പഴമക്കാർ പറയുന്നു. തെങ്ങിൽ നിന്നും നേരിട്ട് ചെത്തി ഇറക്കുന്ന കള്ള് തേടി സഞ്ചാരികൾ കുട്ടനാട്ടിലേക്ക് വഞ്ചി കയറുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ കാലത്തിന്റെ പ്രേതമാണ് ഇന്നത്തെ ആർ ബ്ലോക്ക്. ഈ ഒരു അവസ്ഥയ്ക്ക് കാരണമായി അവിടുള്ളവർ പറയുന്നത് ഇതാണ്. കുട്ടനാടിനെയും ആർ ബ്ലോക്കിനെയും കുറിച്ച് കേട്ട മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇവിടെ ഏക്കർ കണക്കിന് സ്ഥലം വാങ്ങി കൂട്ടി. കുട്ടനാടൻ ഭൂമിശാസ്ത്രത്തെ കുറിച്ച് ഒരു ധാരണയുമില്ലാത്ത അവർ മറ്റുള്ള ബ്രോക്കർമാരുടെയും മറ്റും വാക്കുകൾ കേട്ട് കുട്ടനാടിന് ചേരാത്ത കൃഷികൾ അവിടെ പരീക്ഷിക്കുകയും അവർ നോക്കാൻ ഏൽപ്പിച്ച ആളുകളുടെ അനാസ്ഥത മൂലം മടകൾ സംരക്ഷിക്കാതെ തകർന്ന് വെള്ളം കയറുകയും ചെയ്തത്രേ. അങ്ങനെ വെള്ളത്തിൽ മുങ്ങിക്കിടന്നപ്പോൾ തെങ്ങുകളും മരങ്ങളും നശിക്കുകയും പുല്ല് കാട് പിടിക്കുകയും ചെയ്തു, ആ മടകൾ കെട്ടി വെള്ളം പറ്റിക്കാൻ ആരും മിനക്കെട്ടില്ല. ഫലമോ? ആ പ്രദേശം ഒരു പ്രേതഭൂമി ആയി പാമ്പുകൾ നിറഞ്ഞു. ഇപ്പോൾ താമസിക്കുന്ന ഓരോ വീട്ടുകാരുടെ കൂടെയും കുറഞ്ഞത് ഒരു പട്ടി എങ്കിലും കൂട്ട് ഉണ്ട്. പാമ്പ് ശല്യം തന്നെ കാരണം. 


ചിത്രം 19. ആർ ബ്ലോക്കുകാർ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കൂടുകൾ 

ഇതൊക്കെ ആണെങ്കിലും ആർ ബ്ലോക്ക് നിവാസികളെ ഇപ്പോളും ആ സ്ഥലത്ത് നിന്നും വിടാതെ പിടിച്ച് നിർത്തുന്ന ഒരു ഘടകം അവിടുത്തെ മൽസ്യ സമ്പത്താണ്. ജനവാസം കുറവായതിനാൽ വരാൽ, കാരി, കരിമീൻ, കക്കാ ഇറച്ചി എന്നിവയുടെ നല്ലൊരു ശേഖരം ആർ ബ്ലോക്കിലും ചുറ്റിനുമായി ഉണ്ട്. അത് തന്നെ ആണ് അവരുടെ പ്രധാന വരുമാനവും. കുട്ടനാടിൻറെ കണ്ണായ ഈ പ്രദേശത്തിന് അതിൻറെ പ്രതാപകാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് സാധ്യമായില്ലെങ്കിലും ബുദ്ധിപരമായ സമീപനത്തിലൂടെ ടൂറിസത്തിലൂടെയോ കൃഷിയിലൂടെയോ കേരളത്തിന് തന്നെ അഭിമാനമായി മാറുന്ന രീതിയിൽ ആർ ബ്ലോക്ക് ഒരിക്കൽ രൂപാന്തരപ്പെടും എന്ന വിശ്വാസത്തോടെ നിർത്തുന്നു. 

Tuesday, October 30, 2018

പുസ്തക നിരൂപണം : സ്വരഭേദങ്ങൾ


തികച്ചും അപ്രതീക്ഷിതമായി വായിക്കാനിടയായ ഒരു പുസ്തകത്തെ കുറിച്ചുള്ള നിരൂപണമാണ് ഇന്ന് കലികാലവൈഭവത്തിൽ. ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീമതി ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങൾ എന്ന പുസ്തകം. 2013 ഇൽ കേരള സാഹിത്യ അക്കാദമി അവാർഡ് ഒക്കെ ലഭിച്ച ഒരു കൃതി ആണെങ്കിലും എനിക്ക് ആ പുസ്തകം വായിക്കണം എന്ന് ഒരിക്കൽപ്പോലും തോന്നിയിരുന്നില്ല. ഭാഗ്യലക്ഷ്മി എന്ന വ്യക്തിയെ എനിക്ക് വളരെ കുറച്ചേ അറിയാമായിരുന്നുള്ളൂ എങ്കിലും അറിഞ്ഞതൊക്കെ വെച്ച് അവർ കുറച്ച് ഓവർ ആണെന്ന അഭിപ്രായക്കാരൻ ആയിരുന്നു ഞാൻ. ഏതോ ടിവി പരുപാടിയിൽ സംസാരിക്കുന്നതാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്. അടുത്ത മുറിയിൽ ഇരുന്നു കേട്ടപ്പോൾ ഒരുപാട് സിനിമകളിൽ കേട്ട ശബ്ദം, ഇത് ഏത് നടി എന്ന് ആലോചിച്ചുനോക്കി. ഉർവശി, ശോഭന, ചിന്താവിഷ്ടയായ ശ്യാമള അങ്ങനെ പലമുഖങ്ങളും മനസ്സിൽ വന്നതോടെ ആകെ കൺഫ്യൂഷൻ ആയി. അങ്ങനെ പോയി നോക്കിയപ്പോളാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ ആദ്യമായി ടിവിയിൽ കാണുന്നത്. അങ്ങനെ ശ്രദ്ധിച്ചപ്പോൾ അവരുടെ ഒരു പൊങ്ങച്ചവും ചില ഫെമിനിസ്റ്റ് നിലപാടുകളും അപ്പോൾ തന്നെ ജാഡ എന്ന ലേബൽ ഒട്ടിച്ചു മാറ്റി വെയ്ക്കാനാണ് തോന്നിച്ചത്. എൻറെ ഭാര്യ പക്ഷെ അവരുടെ വലിയ ആരാധിക ആയിരുന്നു. അങ്ങനെ അവൾക്ക് വേണ്ടിയാണ് സ്വരഭേദങ്ങൾ എന്ന പുസ്തകം വീട്ടിലെത്തുന്നത്. വന്ന ദിവസം തന്നെ അവൾ കുത്തിയിരുന്ന് അത് വായിക്കുന്നതും കണ്ടു. പക്ഷെ എനിക്കത് വായിക്കണമെന്ന് തോന്നിയില്ല. പിന്നീട് ഒരിക്കൽ പ്രത്യേകിച്ച് വായിക്കാൻ കയ്യിൽ പുസ്തകങ്ങൾ ഒന്നും ഇല്ലാതെ വന്ന ഒരു അവസരത്തിൽ എൻ്റെ ദൃഷ്ടി ഈ ബുക്കിൽ ഉടക്കി. അങ്ങനെ എടുത്ത് പതിയെ വായിച്ചു തുടങ്ങി. സത്യൻ അന്തിക്കാടും എം ടി വാസുദേവൻ നായരും എഴുതിയ അവതാരികകൾ വായിച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഈ പുസ്തകം വായിക്കാൻ അൽപ്പം താമസിച്ചോ എന്നൊരു തോന്നൽ ഉണ്ടായി. ഒരാളെ കുറിച്ച് മനസ്സിൽ ഒരു നെഗറ്റിവ് തോന്നൽ ഉണ്ടായിരിക്കുക അയാളുടെ പുസ്തകം/ആത്മകഥ വായിച്ചുകഴിഞ്ഞ് ആ അഭിപ്രായം മാറുക എന്നത് ശരിക്കും ആ കൃതിയുടെ വിജയം ആണ്. എന്തായാലും പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന രൂപമല്ല വായിച്ചു കഴിഞ്ഞപ്പോൾ എൻ്റെ മനസ്സിൽ ഭാഗ്യലക്ഷ്മിയെ കുറിച്ച് ഉണ്ടായത്.

നമുക്ക് അത്ര പരിചിതമല്ലാത്ത ഡബ്ബിങ് എന്ന മേഖലയിൽ നിന്നും ഇത്ര പ്രശസ്തയായി വളർന്ന ഭാഗ്യലക്ഷ്മിയുടെ ജീവിതകഥ അതിശയിപ്പിക്കുന്നതാണ്. അവരുടെ സ്വഭാവത്തിൽ അനുഭവപ്പെടുന്ന ഗൗരവത്തിന്റെയും സ്ത്രീപക്ഷ ചിന്താഗതിയുടെയും കാരണങ്ങൾ അവർ കൃത്യമായി സൂചിപ്പിച്ചിരുന്നു. പ്രസാധകകുറിപ്പിൽ പറയുന്നത് പോലെ ഭാഗ്യലക്ഷ്മിയുടെ സ്വരത്തിൽ വായിച്ചുകേൾക്കുന്നത് പോലെ ആസ്വാദ്യമാണ് ഈ പുസ്തകം. മുൻവിധികൾ ഒന്നും വലുതായി ഇല്ലാതിരുന്നതിനാൽ തന്നെ നന്നായി ആസ്വദിക്കാൻ സാധിച്ചു. മലയാളം പാഠ്യവിഷയമായി പഠിക്കാതെ വളർന്ന ആളായതിനാൽ ആവണം ആർക്കും മനസിലാകുന്നത്ര സിംപിൾ ആയി കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സിനിമയുടെ പിന്നാമ്പുറവുമായി ബന്ധപ്പെട്ട ജീവിതം ആയതിനാൽ തന്നെ അവരുടെ ആ ജീവചരിത്രം ഒരു പരിധിവരെ നമുക്ക് അനുഭവിച്ചറിയാനും സാധിക്കും. മിക്കവാറും കഥാപാത്രങ്ങളെ നമുക്ക് അറിയാവുന്നത് കൊണ്ട് പ്രത്യേകിച്ചും. അനാഥമന്ദിരത്തിലെ ബാല്യം, ചെന്നൈയിൽ കഷ്ടപ്പെട്ട യുവത്വം, വളരെ പ്രതീക്ഷയോടെ കടന്നു ചെന്നിട്ട് അതൊന്നും അനുഭവിക്കാനാവാത്ത ദാമ്പത്യം, എവിടെയും അനുഭവിച്ച ഒറ്റപ്പെടൽ, ഒരു പെൺകുട്ടി എങ്ങനെ ഇന്നത്തെ ഭാഗ്യലക്ഷ്മിയായി എന്നത് ഒരു സിനിമ കഥപോലെ തന്നെ അനുഭവേദ്യമാണ്. 

ആത്മകഥ എഴുതിയിരിക്കുന്ന രീതിയും എനിക്ക് ഇഷ്ടപ്പെട്ടു. ഒരു സിനിമ കഥപോലെ ഫ്ലാഷ്ബാക്ക് പോലെ ഉള്ള തുടക്കം, ജീവിതവർണ്ണന, ജോലിയെ പരിചയപ്പെടുത്തൽ, ജീവിതത്തിലെ പ്രധാന വ്യക്തികളെ പരിചയപ്പെടുത്തൽ സ്വഭാവത്തെയും സംഘടനെയും തുടങ്ങി താനുമായി ബന്ധപ്പെട്ട, വായനക്കാർ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും സ്വരഭേദങ്ങളിൽ നന്നായി തന്നെ ഭാഗ്യലക്ഷ്മി വർണ്ണിച്ചിട്ടുണ്ട്. 

അവസാന വാക്ക് : വായിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. വായിച്ചാൽ ആർക്കും ബോറടിക്കില്ല.

Friday, October 19, 2018

പുസ്തക നിരൂപണം : ക്യാൻസർ വാർഡിലെ ചിരിവിദ്യാരംഭദിനത്തിൽ എന്തെങ്കിലും നല്ല ശീലങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ലൊരു ചോയിസാണ് പുസ്തക വായന. എന്തെങ്കിലും പ്രശസ്തമായ ബുക്കുകൾ വായിച്ചിട്ടില്ലാത്തവർ വളരെ കുറവായിരിക്കും. എങ്കിലും അതൊരു വിനോദം ആയി, നിത്യ ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുന്നതാണ് ഞാൻ ഉദ്ദേശിച്ചത്. വിശാലമായ ലോകത്തെ അടുത്ത് അറിയാൻ വായന പോലെ നല്ലൊരു മാർഗം വേറെയില്ല. വായനയുടെ മഹത്വം വിളമ്പുകയല്ല ഞാൻ ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്. ഏത് രീതിയിലുള്ള വായനക്കാർക്കും ഇഷ്ടപ്പെടുന്ന, വായന തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനായി തിരഞ്ഞെടുക്കാവുന്ന, എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന ഒരു പുസ്തകത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. നമുക്കേവർക്കും പരിചിതനായ ശ്രീ ഇന്നസെൻറ് എഴുതിയ ക്യാൻസർ വാർഡിലെ ചിരി എന്ന പുസ്തകം.

ഇന്നസെൻറ് എന്ന നടനെയും അദ്ദേഹത്തിന് ബാധിച്ച ക്യാൻസർ എന്ന മാരക അസുഖത്തെക്കുറിച്ചും അറിയാത്തവർ കേരളത്തിൽ അധികംപേർ ഉണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം നടൻ എന്നത് കൂടാതെ അമ്മയുടെ പ്രസിഡൻറ്, ഇപ്പോൾ പാർലമെന്റിലെ ജനപ്രതിനിധി എന്ന നിലയിലും പ്രശസ്തനാണ്. അദ്ദേഹത്തിൻറെ ആത്മകഥകൾ മുൻപ് ആഴ്ചപ്പതിപ്പുകളിൽ വരുകയും പിന്നീട് പുസ്തകരൂപത്തിൽ ഞാൻ ഇന്നസെൻറ് എന്നപേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്യപ്പെട്ടിട്ടുണ്ട്. ഹാസ്യനടൻ എന്ന് പേരെടുത്ത അദ്ദേഹത്തിൻറെ കൃതികൾ ഓരോന്നും ഹാസ്യാത്മകമാണ്. ഹാസ്യരചന എന്നതിലുപരി അതിലൊക്കെ ജീവിതമുണ്ട്. അത് ഒരു സാധാരണക്കാരൻറെ - വിദ്യാഭ്യാസം അധികം ലഭിച്ചിട്ടില്ലാത്ത ഒരു സാധാരണക്കാരൻറെ ഭാഷയിൽ ജീവിതത്തെ വരച്ചുകാണിച്ചിട്ടുണ്ട്. മഹത്തായ രചനകൾ ഒന്നുമല്ല അവയെങ്കിലും നമുക്ക് പരിചിതമായ ജീവിതദുഃഖങ്ങളെ ഹാസ്യത്തിൻറെ മേൻപൊടിയോടുകൂടി വിവരിക്കുന്നതിൽ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. ബഷീറിൻറെ രചനകളിൽ കണ്ടു ശീലിച്ച ഒരു രീതി. 

ഇന്നസെന്റിന്റെ മറ്റ് രചനകളിൽ നിന്നും വ്യത്യസ്തമാണ് ക്യാൻസർ വാർഡിലെ ചിരി. ഒരാളുടെ, ഒരു പ്രശസ്തന്റെ ജീവിതത്തിൽ ക്യാൻസർ പോലൊരു മഹാമാരി കടന്നു ചെല്ലുന്നതും കുടുംബജീവിതത്തിന് വിലകൽപ്പിക്കുന്ന ഒരു ഗൃഹനാഥൻ കൂടെയായ അദ്ദേഹത്തിൻറെ ജീവിതത്തിലും കുടുംബാന്തരീക്ഷത്തിലും ആ രോഗം കരിനിഴൽ വീഴ്ത്തുന്നതും വ്യക്തമായ രീതിയിൽ അദ്ദേഹം വിവരിച്ചു തരുന്നു. ക്യാൻസർ പോലൊരു അസുഖത്തെപ്പറ്റി ഒരാൾക്കുള്ള കാഴ്ചപ്പാട്. അത് രോഗം ബാധിക്കുന്നതിന് മുൻപും ശേഷവും എപ്രകാരമാണ്, ആ രോഗം ഒരു സാധാരണക്കാരൻറെ ജീവിതത്തിലേക്ക് കടന്നു ചെല്ലുമ്പോൾ ഉണ്ടാകുന്ന നിസഹായത ഇതൊക്കെ വായനക്കാരനെ തീർച്ചയായും പിടിച്ചു കുലുക്കും. ആ രോഗത്തെ അദ്ദേഹം നേരിട്ട രീതിയും അതിൽ നിന്നും മേടിക്കുന്ന മോചനവുമാണ് പുസ്തകത്തിൻറെ രണ്ടാം ഭാഗം. ഒരു സിനിമ കഥയിലെ ക്ലൈമാക്സ് ട്വിസ്റ്റ് പോലെ അവസാനം തൻ്റെ ഭാര്യയ്ക്ക് ആ രോഗം ബാധിക്കുന്നതും അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നു. 

മലയാള സിനിമയിലെ ഏറ്റവും നല്ല ഹാസ്യനടൻ ആണ് ഇന്നസെൻറ് എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ ഒരു ഹാസ്യനടനെ ഒരു ദുരന്തം ബാധിക്കുന്നതും സമൂഹം അതിനെ കാണുന്ന രീതിയും ഹാസ്യനടൻ എന്ന ബാധ്യത സമൂഹം ചാർത്തി തന്നതിനാൽ ഇനി ഹാസ്യത്തിലൂടെ ഈ ദുരന്തത്തെ നേരിടാം എന്ന രീതിയിൽ നേരിട്ട് ആ ഉദ്ദ്യമത്തിൽ വിജയിച്ച ഇന്നസെന്റിന്റെ ആ അനുഭവങ്ങൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ്. കേരള സർക്കാർ അദ്ദേഹത്തിൻറെ കുറിപ്പുകൾ സ്കൂൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതും അതിൽ ഭാവി തലമുറയ്ക്ക് ഗുണകരമായ ചില അതിജീവനപാഠങ്ങൾ ഉള്ളത് കൊണ്ട് തന്നെയാണ്. നൂറോളം പേജുകൾ മാത്രമുള്ള ഈ ചെറിയ പുസ്തകം വായനയുടെ ലോകത്തേക്കുള്ള ആദ്യ ചുവടുവെയ്പ്പായി ഞാൻ വായനാ ലോകത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നവർക്ക് നിർദ്ദേശിക്കുന്നു.