Sunday, June 18, 2023

വായനാനുഭവം - മാറ്റാത്തി - സാറാ ജോസഫ്


എസ്.കെ പൊറ്റക്കാടിൻറെ ഒരു ദേശത്തിൻറെ കഥ വായിച്ചു തീർത്തുകഴിഞ്ഞപ്പോൾ അത് കഴിയാതിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. അതിൻറെ അടുത്ത ഭാഗം ആയിരിക്കും എന്നുകരുതിയാണ് ഒരു തെരുവിൻറെ കഥ വായിച്ചത്. ആ നോവൽ അത്ര സുഖിക്കാതിരുന്നതിൻറെ ഒരു കാരണവും ആ പാളിപ്പോയ പ്രതീക്ഷവെക്കൽ ആയിരുന്നു. ഇതിപ്പോൾ ഇവിടെ പറയാൻ കാരണം ഒരു ദേശം നൽകിയ വായനാസുഖം അടുത്തകാലത്ത് എനിക്ക് സാറാ ജോസഫിൻറെ ആലാഹയുടെ പെണ്മക്കൾ വായിച്ചപ്പോൾ ലഭിച്ചിരുന്നു. ആലാഹയ്ക്ക് ശേഷം വായിച്ചതും സാറാ ജോസഫിൻറെ തന്നെ മറ്റൊരു കൃതിയായ "മാറ്റാത്തി" ആയിരുന്നു. അത്ഭുതകരമെന്ന് പറയാം. ആദ്യ പുസ്തകത്തിൻറെ തുടർച്ച പോലെ നല്ല വായനാസുഖം നൽകുന്ന പുസ്‌തകം. സ്ത്രീ കഥാപാത്രത്തെ കേന്ദ്രകഥാപാത്രമാക്കി കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൻറെ തലതൊട്ടമ്മ എന്ന് വിളിക്കാവുന്ന ശ്രീമതി സാറാ ജോസഫ് നൽകിയ മറ്റൊരു വിസ്മയം.

ആലാഹായിൽ ആനിയുടെ കണ്ണുകളിലൂടെ കോക്കാഞ്ചറയുടെ കഥയാണ് പറഞ്ഞതെങ്കിൽ ലൂസിയുടെ കണ്ണുകളിലൂടെ മറിയപുരത്തിന്റെ കഥയാണ് മാറ്റാത്തി പറയുന്നത്. ആനിയുടെ അമ്മാമ കോക്കാഞ്ചറക്കാരി മറിയാമ്മ ഗസ്റ്റ് റോളിൽ മാറ്റാത്തിയിൽ പരാമർശിക്കപ്പെടുന്നുണ്ട്. മാറ്റാത്തി ലൂസിയുടെ കഥയാണ്. അനാഥയായ അവളെ വളർത്തുന്ന അല്ലെങ്കിൽ മുതലെടുക്കുന്ന ബ്രിജിത്തയുടെയും അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന മറിയപുരം സ്വദേശികളുടെയും കഥയാണ്.

ഒരു സിനിമയിൽ കാണുന്നതുപോലെയുള്ള വർണ്ണന, മനസ്സിൽ തൊടുന്ന മനുഷ്യബന്ധങ്ങളുടെ വർണ്ണന, ഇരുത്തി ചിന്തിപ്പിക്കുന്ന കഥാസന്ദർഭങ്ങൾ എന്നിവയാൽ സമ്പന്നമാണ് മാറ്റാത്തി. 

സത്യത്തിൽ സാറാ ജോസഫിൻറെ ഒതപ്പ് എന്ന നോവൽ തിരക്കി ചെന്നപ്പോൾ കയ്യിൽ തടഞ്ഞ നോവലാണ് മാറ്റാത്തി. കറന്റ് ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന പുസ്‌തകം തീർച്ചയായും വായനക്കാരിൽ സംതൃപ്‌തി നൽകുന്ന നോവലാണ്.     

വായനാനുഭവം - പെർഫ്യൂം - പാട്രിക് സൂസ്‌കിൻറ്


ഇത്തവണത്തെ വായനാദിനത്തിന് മുന്നോടിയായി വായിച്ചുതീർത്തത് ലോക ക്ലാസിക്കുകളിൽ ഒന്നായ പെർഫ്യൂം - ദി സ്റ്റോറി ഓഫ് എ മർഡറർ ആണ്. ജർമ്മൻ എഴുത്തുകാരനായ പാട്രിക് സൂസ്‌കിൻറ് 1985 ഇൽ പുറത്തിറക്കിയ നോവലിന് ശ്രീ പി ആർ പരമേശ്വരൻ രചിച്ച പെർഫ്യൂം - ഒരു കൊലപാതകിയുടെ കഥ എന്ന മലയാള പരിഭാഷയാണ് വായിച്ചത്. പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് എച്ച് ബി ഓ യിലോ സ്റ്റാർ മൂവീസിലോ പെർഫ്യൂം എന്ന സിനിമ കാണുമ്പോൾ ആ പേരിൽ ഒരു നോവൽ ഉള്ളതായും ആ നോവലിനെ അടിസ്ഥാനമാക്കിയെടുത്ത സിനിമയാണ് ഇതെന്നും അറിഞ്ഞിരുന്നില്ല. വർഷങ്ങൾക്ക് ശേഷം ഈ പുസ്തകം വായിക്കുന്നതിനായി നൽകിയ പ്രിയ സുഹൃത്തിന് നന്ദി. ഒരു സാഹിത്യകാരൻറെ ഭാവനകൾക്ക് അതിരുകളില്ല എന്നതിന് മകുടോദാഹരണമാണ് ഈ പുസ്‌തകം. മനുഷ്യൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് കൂട്ടുന്നതും ശാസ്‌ത്രീയമായ അടിത്തറകൾ നൽകി വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നതിലും പാശ്ചാത്യ രചയിതാക്കൾ എന്നും ബഹുദൂരം മുന്നിലും നമ്മൾ ഇന്നും അതിഭാവുകത്വങ്ങൾ നിറഞ്ഞ മിത്തുകളുടെ പിന്നാലെയുമാണെന്നത് അതിശയകരമായ വസ്തുതയാണ്. അന്യഗ്രഹജീവികളും മറ്റ് ഗ്രഹങ്ങളിലെ ജീവിതങ്ങളും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മണ്ണടിഞ്ഞ ദിനോസറുകളുടെ മടങ്ങിവരവുമൊക്കെ ഓരോ ഭാവനകളിൽ ചിറകുവിരിയുന്നതും സത്യൻ അന്തിക്കാട് അടുത്ത വീട്ടിലെ കഥ പറയുമ്പോൾ തോന്നുന്ന വിശ്വാസ്യതയോടെ തിയേറ്ററുകളിൽ ആസ്വദിക്കുമ്പോഴും ആ വസ്തുതയാണ് തെളിഞ്ഞുവരുന്നത്. അതേപോലെ അത്ഭുതപ്പെടുത്തുന്ന ഒരു ചിന്തയാണ് പെർഫ്യൂം എന്ന നോവലിൻറെ അടിസ്ഥാനം. അവിശ്വസനീയമായ ഒരു പ്രമേയത്തെ ഓരോ വരിയിലും വിശ്വാസയോഗ്യമായ വസ്‌തുതകൾ നിരത്തി വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു എന്നതാണ് ഗ്രന്ഥകാരന്റെ വിജയം. നോവൽ വായന പൂർത്തിയാക്കിയ ശേഷം ഞാൻ ആദ്യം ചെയ്‌തത്‌ പാട്രിക് സൂസ്‌കിൻറ് എഴുതിയ മറ്റ് കൃതികളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. അത്രയ്ക്ക് വ്യത്യസ്തമായ സൃഷ്ടി തന്നെയാണ് പെർഫ്യൂം. ആ നിലയ്ക്ക് അദ്ദേഹത്തിൻറെ മറ്റ് കൃതികളിലും ആ സ്‌പർശം പ്രകടമാകാതെയിരിക്കില്ലല്ലോ. നോവലിനോട് നൂറ് ശതമാനം നീതിപുലത്തുന്ന രീതിയിലാണ് 2005 ഇൽ പ്രശസ്ത സംവിധായകൻ ടോം ടൈക്കർ ഇതേ പേരിൽ സിനിമ ഇറക്കിയിരിക്കുന്നത്.

നോവലിൻറെ കഥയിലേക്ക് ഒന്ന് നോക്കാം. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാൻസ് ആണ് പശ്ചാത്തലം. ജന്മം തന്നെ അസാധാരണമായ രീതിയിലായ ഷാങ് ബാപ്റ്റിസ്റ്റ് ഗ്രെനോയ്‌ൽ എന്നയാളാണ് കഥാനായകൻ. യേശു ക്രിസ്‌തു പിറന്നത് കാലിത്തൊഴുത്തിൽ ആയിരുന്നെങ്കിൽ ഗ്രെനോയ്‌ൽ ജനിക്കുന്നത് ഒരു മീൻമാർക്കറ്റിലാണ്. അവിടുത്തെ ദുർഗന്ധത്തിൻറെ ഇടയിലേക്ക് പെറ്റുവീഴുന്ന അവന് വിസ്മയകരമായ ഒരു കഴിവ് ജന്മനാലെ ലഭിക്കുന്നു. ഗന്ധങ്ങളെ അതിസൂക്ഷ്മമായി തിരിച്ചറിയുന്നതിനുള്ള കഴിവ്. അനാഥനായി വളരുമ്പോഴും തനിക്ക് ലഭിച്ചിരിക്കുന്ന സിദ്ധിയെക്കുറിച്ച് ബോധവാനായ ഗ്രെനോയ്‌ൽ ആ കഴിവിനെ പ്രയോജനപ്പെടുത്തി ഒരു അവസരത്തിനായി കാത്തിരിക്കുന്നു. തന്നെ അനാഥമായി തള്ളിവിട്ട മനുഷ്യരാശിയോട് തന്നെ മറുപടി നൽകുവാൻ. പടിപടിയായി തൻറെ ലക്ഷ്യത്തിലേക്കുള്ള വളർച്ചയിൽ ഗന്ധം എന്നത് മറ്റ് രസങ്ങളെ അപേക്ഷിച്ച് ഒട്ടേറെ ഗുണങ്ങൾ ഉള്ളതാണെന്ന് തിരിച്ചറിയുന്നതോടെ അതിവിചിത്രവും അത്ഭുതകരവുമായ ഗന്ധങ്ങൾ അവൻ സൃഷ്ടിക്കുന്നു. അതിനായുള്ള യാത്രയിൽ ഒട്ടേറെ കൊലപാതകങ്ങൾ അവൻ നടത്തുന്നു. കൊലപാതകിക്ക് ഒരു ലക്ഷ്യം മാത്രം. ഇരയുടെ ഗന്ധം. അവസാനം കൊലപാതകിയെ പിടികൂടുമ്പോൾ ഗ്രെനോയ്‌ൽ കുറ്റം നിഷേധിക്കുന്നില്ല. എന്നാൽ ശിക്ഷ നടപ്പാക്കുവാൻ അധികാരികൾക്ക് സാധിക്കുന്നില്ല. മന്ത്രികവിദ്യയിലെന്നപോലെ ഗ്രെനോയ്‌ൽ രക്ഷപ്പെട്ടുപോകുന്നത് നോവലിൽ വായിക്കുമ്പോൾ ലഭിക്കുന്ന പൂർണ്ണത സിനിമയിൽ കിട്ടില്ല. 

ഷെർലക് ഹോംസ് എന്ന ലോകപ്രശസ്ത കഥാപാത്രത്തെ സൃഷ്‌ടിച്ച സർ ആർതർ കാനൻ ഡോയൽ പ്രൊഫസർ ചലഞ്ചർ എന്ന പേരിൽ ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒട്ടനവധി ഫിക്ഷൻ രചനകൾ നടത്തിയിട്ടുണ്ട്. അതിൽ പറയുന്നതുപോലെ ഭ്രാന്തമായ ഒരു ഭാവനയാണ് പെർഫ്യൂം എന്ന നോവലും. വ്യത്യസ്തമായ കൃതികൾ വായിക്കണം എന്നുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം. ശ്രീ പി ആർ പരമേശ്വരൻറെ പരിഭാഷ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കറന്റ് ബുക്‌സ് .

Wednesday, June 7, 2023

വായനാനുഭവം - ആലാഹയുടെ പെൺമക്കൾ - സാറാ ജോസഫ്


 ഏതൊരു പുസ്‌തകം വായിച്ചുതീർത്താലും അതിനെക്കുറിച്ച് രണ്ടുവാക്ക് എഴുതിവെക്കുന്ന ശീലമുണ്ട്. ശ്രീമതി സാറാ ജോസഫ് എഴുതിയ ആലാഹയുടെ പെൺമക്കൾ വായിച്ചുകഴിഞ്ഞപ്പോൾ തോന്നിയകാര്യം, ഇതിനെക്കുറിച്ച് എഴുതാം പക്ഷെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കാൻ മുതിരണ്ട. കാരണം ആലാഹയുടെ പെൺമക്കൾ ഇപ്പോഴാണ് വായിക്കുന്നത് എന്ന് പറയുന്നതുതന്നെ കുറച്ചിലാണ്. ഞാൻ ആദ്യമായി വായിക്കുന്ന നോവൽ ഒരു ദേശത്തിൻറെ കഥ ആയിരുന്നു. വായിച്ച് എത്ര നാൾ കഴിഞ്ഞിട്ടും ആ കഥയും കഥാപാത്രങ്ങളും മനസ്സിൽ നിന്നും ഇറങ്ങിപ്പോയില്ല. അതുപോലൊരു പുസ്‌തകം തേടിയാണ് ഒരു തെരുവിൻറെ കഥയിലേക്കും പിന്നീട് മറ്റ് എഴുത്തുകാരുടെ പുസ്തകങ്ങളിലേക്കും എൻറെ വായന പടർന്നത്. അതിരാണിപ്പാടത്തെ ശ്രീധരനും കൂട്ടരും നൽകിയ സുഖം പിന്നീട് ലഭിക്കാതിരുന്നതിനാൽ ആ പുസ്തകം തന്നെ പിന്നീട് പലകുറി വായിച്ചിട്ടുണ്ട്. 

1999 ലാണ് സാറാ ജോസഫിൻറെ 'ആലാഹയുടെ പെൺമക്കൾ' ആദ്യമായി പുറത്തിറങ്ങുന്നത്. 2023 ഇൽ ബുധിനിയാണ് എഴുത്തുകാരിയുടേതായി ആദ്യമായി ഞാൻ വായിക്കുന്ന കൃതി. അതിലെ വാക്കുകളുടെ ശക്തിയും അവതരണത്തിലെ ഒറിജിനാലിറ്റിയും അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി. ശ്രീമതി സാറാ ജോസഫിൻറെ പുസ്‌തകം വായിക്കുവാൻ ഇത്രയും വൈകിയതിൽ മനസാ മാപ്പ് പറഞ്ഞുകൊണ്ടാണ് വായന അവസാനിപ്പിച്ചത്. മനസ്സിൽ നിറഞ്ഞു നിന്ന ബുധിനി യുടെ വായനാനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ ലഭിച്ച കമന്റുകളിൽ അധികവും "ഇതൊക്കെ എന്ത്? നിങ്ങൾ 'ആലാഹയുടെ പെൺമക്കൾ' വായിക്ക്" എന്ന രീതിയിലായിരുന്നു. അങ്ങനെയാണ് ഞാൻ ആ പുസ്തകത്തിലേക്ക് എത്തുന്നത്.

ഒരു ദേശത്തിൻറെ കഥയുമായി ഒരു വിദൂരസാമ്യം 'ആലാഹയുടെ പെൺമക്കൾ' എനിക്ക് തോന്നിച്ചു. മറ്റൊന്നുമല്ല, നമ്മളുടെ ചുറ്റുവട്ടത്ത് കാണുന്ന ജീവിതങ്ങളുടെ സൂക്ഷ്‌മമായ അവതരണം രണ്ടിലും കാണാം. ചതുപ്പ് തൂർത്തെടുത്ത അതിരാണിപ്പാടത്ത് കുടിയേറിയ ജീവിതങ്ങളെ അവിടെ ജനിച്ചുവളർന്ന ശ്രീധരന്റെ കണ്ണിലൂടെ കാണുകയാണ് ഒരു ദേശത്തിൻറെ കഥയിൽ. തൃശൂർ നഗരത്തിൻറെ മാലിന്യസംഭരണകേന്ദ്രമായ കോക്കാഞ്ചിറയും അവിടുള്ളോരുടെ ജീവിതവും ആനിയുടെ കണ്ണിലൂടെ കാണുന്നതാണ് 'ആലാഹയുടെ പെൺമക്കൾ'. 

ആനിയുടെയും അവളുടെ വീടിന്റെയും വീട്ടുകാരുടെയും കോക്കാഞ്ചറക്കാരുടെയും കഥയാണ് നോവലിൽ പറയുന്നത്. ആനിയെന്ന കുട്ടി തൻറെ നിഷ്‌കളങ്കമായ കണ്ണിലൂടെ ജീവിതത്തെ കാണുന്നത് തൃശൂർ ഭാഷയിൽ വിവരിച്ചിരിക്കുന്നത് വളരെ രസകരമായി അനുഭവപ്പെട്ടു. അല്ലെങ്കിലും നിഷ്കളങ്കമായി സംസാരിക്കാൻ തൃശൂർ ഭാഷ ബെസ്റ്റാണ്. വായിച്ചുകഴിഞ്ഞാലും വീണ്ടും കുറേനാൾ നമ്മുടെ മനസ്സിൽ മറിഞ്ച്ചേടത്തിയും കുട്ടിപ്പാപ്പനും ആനിയുടെ അമ്മയും ചിന്നമ്മയും ചിയമ്മയുമൊക്കെ നിറഞ്ഞുനിൽക്കും. ആനി ചോദിക്കുന്ന പല ചോദ്യങ്ങളും നമ്മുടെ ഉള്ളിൽ കൊള്ളും. അവസാനം ഒരു നൊമ്പരമായി ആ കോക്കാഞ്ചറക്കാർ അവശേഷിക്കും. അതിരാണിപ്പാടത്തുകാരെപ്പോലെ കോക്കാഞ്ചറക്കാരെയും ഒരിക്കൽ നേരിൽ കാണണമെന്നു മനസ്സിൽ ഓർക്കും.