Friday, September 29, 2023

പുസ്‌തകപരിചയം - പാപ്പിയോൺ - ഹെന്ററി ഷാരിയർ



ലോകത്തെമ്പാടുമായി വളരെയധികം ശ്രദ്ധ നേടിയ ഒരു ആത്മകഥയാണ് ഹെന്ററി ഷാരിയർ എഴുതിയ പാപ്പിയോൺ. പാരീസ് അധോലോകത്ത് പാപ്പിയോൺ അഥവാ ചിത്രശലഭം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഹെന്ററി ഷാരിയർ ഇരുപത്തിയഞ്ചാം വയസിൽ ചെയ്യാത്ത കുറ്റത്തിനായി ഫ്രഞ്ച് ഗയാനയിലെ ജയിലിൽ അടക്കപ്പെടുകയും തുടർന്ന് അവിടെ നിന്നും രക്ഷപ്പെടുന്നതിനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളുമാണ് പുസ്തകത്തിലെ പ്രതിപാദ്യം. ഫ്രഞ്ച് ഭാഷയിൽ 1969 ലാണ് ഈ കൃതി ആദ്യമായി രചിക്കപ്പെടുന്നത്. ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് കോപ്പികൾ ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ടു. കുറ്റവാളികളുടെ വേദപുസ്തകം എന്ന പേരിലാണ് ഈ ആത്മകഥ അറിയപ്പെടുന്നത്. ഒരു അധോലോകനായകനായ ഷാരിയർ ഒരിക്കലും ഒരു എഴുത്തുകാരൻ ആയിരുന്നില്ല. ഈ പുസ്തകത്തിൻറെ പിറവിയെക്കുറിച്ച് വിവരിക്കപ്പെടുന്നത് ഇങ്ങനെയാണ്. ഒരിക്കൽ വെനിസ്വേലയിൽ വെച്ച് ഒരു പുസ്തകക്കട സന്ദർശിക്കാൻ ഇടയായ ഷാരിയർ അവിടെയുള്ള ബെസ്റ്റ് സെല്ലറുകളായ ആത്മകഥകൾ ശ്രദ്ധിക്കാനിടയാകുന്നു. കൗതുകത്തോടെ ആ പുസ്തകങ്ങളെക്കുറിച്ച് അന്വേഷിച്ചറിഞ്ഞപ്പോഴാണ് താൻ അനുഭവിച്ച കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പുസ്തകങ്ങളൊക്കെ വെറും കുട്ടിക്കഥകൾ പോലെ ആണല്ലോ എന്ന കാര്യം മനസിലാകുന്നതും അതുപോലൊരു ആത്മകഥ എഴുതിയാലോ എന്ന് വിചാരിക്കുന്നതും. എന്നാൽ അങ്ങനെ തുനിഞ്ഞിരുന്ന് എഴുതാനും എഴുത്തുകാരനായി അറിയപ്പെടാനും അദ്ദേഹത്തിന് താത്‌പര്യം ഇല്ലായിരുന്നു. തൻറെ ജയിൽ അനുഭവങ്ങളെക്കുറിച്ച് പേപ്പറുകളിൽ കുത്തിക്കുറിച്ചതാണ് പിൽക്കാലത്ത് ലോകപ്രശസ്‌ത ആത്മകഥയായി മാറിയ പാപ്പിയോൺ. നോവലിസ്റ്റ് ആയ പാട്രിക് ഒബ്രയാൻ ആണ് ആ പുസ്തകത്തെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഷാരിയർ നാടൻ ഭാഷയിൽ കുറിച്ചിരിക്കുന്ന പല പ്രയോഗങ്ങൾക്കും യോജിച്ച വാക്കുകൾ തനിക്ക് ഇംഗ്ലീഷ് ഭാഷയിൽ ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പരിഭവപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ പാപ്പിയോൺ ബുക്ക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിമനോഹരമായി വിവർത്തനകർമ്മം നിർവഹിച്ചിരിക്കുന്നത് ഡോ എസ് വേലായുധൻ ആണ്. 470 ഓളം പേജുകളുള്ള ബൃഹത്തായ ആത്മകഥയാണ് പാപ്പിയോൺ.

പാരീസിൽ ഒരധ്യാപകന്റെ മകൻനായി ജനിച്ച് പിന്നീട് അധോലോകത്ത് എത്തിപറ്റിയ ഹെന്ററി ഷാരിയർ, ചെയ്യാത്ത കുറ്റത്തിന് ജീവപര്യന്തം ശിക്ഷവിധിക്കപ്പെട്ട് ഫ്രഞ്ച് ഗയാനയിലെ ജയിലിലേക്കുള്ള യാത്രയിൽത്തന്നെ മനസ്സിൽ കുറിക്കുന്ന കാര്യമാണ് എത്രയും പെട്ടെന്ന് ജയിൽ ചാടണം, തന്നെ ചതിച്ചവരോട് പ്രതികാരം ചെയ്യണം എന്നത്. നമ്മുടെ കാലാപാനി പോലൊരു ജയിൽ സംവിധാനം ആയിരുന്നു ഫ്രഞ്ച് ഗയാനയിലും തയ്യാറാക്കിയിരുന്നത്. അതിനാൽ തന്നെ അവിടെ നിന്നും രക്ഷപ്പെടുന്ന കാര്യം അസാധ്യം എന്ന് തന്നെ കേട്ടവരെല്ലാം വിചാരിച്ചു. പക്ഷെ പാപ്പിയുടെ നിശ്ചയദാർഢ്യം, അതൊന്ന് വേറെത്തന്നെ ആയിരുന്നു. 1931 മുതൽ 1945 വരെയുള്ള 14 വർഷക്കാലത്തെ ജയിൽ ജീവിതത്തിനിടയിൽ എട്ടോളം ജയിൽ ചാട്ടങ്ങൾ അദ്ദേഹം നടത്തുന്നു. ഓരോ തവണയും പിടിക്കപ്പെടുമ്പോഴും അടുത്ത തവണ എങ്ങനെ വിജയകരമായി പുറത്തെത്താം എന്ന ചിന്തയോടെയായിരുന്നു പാപ്പി ജയിലിലേക്ക് വീണ്ടും കടക്കുന്നത്. ആ ശ്രമങ്ങൾക്കിടയിലും ജയിലിലെ ജീവിതത്തിനിടയിലും ഒട്ടേറെ ജീവിതങ്ങളെ പാപ്പിയോൺ കാണുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ദയയോടെയും കരുണയുടെയും സഹായ ഹസ്തങ്ങൾ നീട്ടിയ അപരിചിതരായ രാജ്യക്കാർ, സ്വന്തമായി സ്വീകരിച്ച് അവരിലൊരാളായി എല്ലാ സ്വാതന്ത്ര്യത്തോടെയും രണ്ടു ഭാര്യമാരുമായി ജീവിക്കാൻ അനുവദിച്ച റെഡ് ഇന്ത്യക്കാരായ ഗോത്രവർഗക്കാർ, ക്രൂരമായി പെരുമാറുന്ന അധികാരികൾ, ചതിച്ച് വീണ്ടും ജയിലാകുവാൻ കാരണമാകുന്നവർ, തുടങ്ങി പാപ്പിയോൺ കാണുന്നവരെയെല്ലാം നമ്മളും കാണും, സഞ്ചരിക്കുന്നയിടത്തെല്ലാം നമ്മളും യാത്ര ചെയ്യും, മനുഷ്യത്വത്തിന്റെ വിവിധ മുഖങ്ങളെ പരിചയപ്പെടും. അവസാനം അനുയോജ്യമായ അവസരത്തിനായി വർഷങ്ങളോളം കാത്തിരുന്ന് പാപ്പിയോൺ രക്ഷപ്പെടുകതന്നെ ചെയ്യും. അതും അതി സാഹസികമായി. പിന്നീട് വെനിസ്വേലയിൽ എത്തിച്ചേരുന്നതും ആ രാജ്യത്ത് അഭയം പ്രാപിക്കുന്നതും വരെയുള്ള കാര്യങ്ങളാണ് ആത്മകഥയിൽ പറയുന്നത്. 

ഒരു പരിചയവുമില്ലാത്ത ഒരാളുടെ ആത്മകഥ. അതും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപുള്ള കാലഘട്ടം. പ്രതിപാദിക്കുന്ന പല കാര്യങ്ങളും ഊഹിച്ച് മനസിലാക്കേണ്ട അവസ്ഥ (പലതും അങ്ങനെ അല്ലായിരുന്നെന്ന് മനസിലായത് 2017 ൽ ഈ പുസ്തകത്തെ അടിസ്ഥാനമാക്കി മൈക്കൾ നോയർ സംവിധാനം ചെയ്ത പാപ്പിയോൺ എന്ന സിനിമ കണ്ടപ്പോളാണ് മനസിലായത്. ഈ പുസ്‌തകം വായിച്ചുകഴിഞ്ഞുള്ള അന്വേഷണമാണ് എന്നെ ആ സിനിമയിലേക്ക് എത്തിച്ചത്), എല്ലാറ്റിലുമുപരിയായി 450 ലേറെ പേജുകളുള്ള പുസ്തകത്തിൻറെ വലിപ്പം, എന്നിങ്ങനെ പിന്നോക്കം വലിച്ചേക്കാവുന്ന ഒട്ടേറെ സാഹചര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും വായന അവസാനിപ്പിക്കുമ്പോൾ നമുക്ക് ഇനി എന്തൊക്കെ അദ്ദേഹത്തിൻറെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്, റെഡ് ഇന്ത്യൻ ഗോത്രക്കാരായ ഭാര്യമാരുടെ അടുത്തേക്ക് അദ്ദേഹം പോകുന്നുണ്ടോ എന്നൊക്കെ അറിയാനുള്ള ആകാംക്ഷ മാത്രമേ അവശേഷിക്കൂ. അപ്പോഴാണ് നമ്മൾ മനസിലാക്കുന്നത് നമ്മളും പാപ്പിയോടൊപ്പം ഇതുവരെ ആ ജയിലിൽ ആയിരുന്നെന്ന്.   

മനുഷ്യന്റെ അടങ്ങാത്ത ആത്മവിശ്വാസത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഇതിഹാസമായാണ്  പാപ്പിയോൺ കണക്കാക്കപ്പെടുന്നത്. തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ആത്മകഥ.

Thursday, September 28, 2023

വായനാനുഭവം - മുതൽ - വിനോയ് തോമസ്



പുതുതലമുറ എഴുത്തുകാരിൽ ശ്രദ്ധേയനും പുറ്റ് എന്ന കൃതിയിലൂടെ 2021 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടുകയും ചെയ്ത ശ്രീ വിനോയ് തോമസിൻറെ പുതിയ നോവൽ - മുതൽ - ൻറെ വായനാനുഭവമാണ് ഇക്കുറി. വിഷമത്തോടെതന്നെ ആദ്യമേ പറയുകയാണ് ശ്രദ്ധേയമായ പുറ്റ്, കരിക്കോട്ടക്കരി എന്നീ നോവലുകൾ എഴുതിയതിന് ശേഷമാണ് 2023 ആഗസ്റ്റിൽ 'മുതൽ' പ്രസിദ്ധീകരിക്കുന്നതെങ്കിലും ഞാൻ ആദ്യമായി വായിക്കുന്ന വിനോയ് തോമസ് കൃതി 'മുതൽ' ആണ്. അതിനാൽ തന്നെ അദ്ദേഹത്തിൻറെ പതിവ് എഴുത്തുരീതികളെക്കുറിച്ച് താരതമ്യം ചെയ്തുനോക്കുവാനോ ഈ പുസ്തകത്തിൽ ഞാൻ വളരെ പ്രത്യേകതയോടെ കാണുന്ന കാര്യങ്ങൾ അദ്ദേഹത്തിൻറെ സ്ഥിരം ചേരുവകകൾ തന്നെ ആണല്ലോയെന്ന് പറയുവാനോ സാധിക്കില്ല. ഒരു കാര്യം ഉറപ്പ് പറയാം അദ്ദേഹത്തിൻറെ മുൻ നോവലുകൾ വായിക്കാതിരുന്നത് മോശമായിപ്പോയി എന്നൊരു തോന്നൽ ഈ നോവൽ വായന കഴിഞ്ഞപ്പോൾ തോന്നി. തീർച്ചയായും വായിക്കുക തന്നെ ചെയ്യും. കാരണം മുതലിൻറെ മുതൽ എഴുത്തുകാരൻറെ ബുദ്ധിയും സാമർത്ഥ്യവുമാണ്. 

നോവലിനെക്കുറിച്ച് പറയാം. വ്യത്യസ്തമായ ഒരു കഥാതന്തുവും അതിലും വ്യത്യസ്തമായ ഒരു അവതരണവുമാണ് നോവലിൻറെ പ്രത്യേകത. മുതൽ - എന്താണ് മുതൽ? ധനം, ധാന്യം, പശു, രാജ്യം, ആരോഗ്യം, സന്താനം എന്നിങ്ങനെ പല രൂപത്തിൽ നമ്മൾ മുതലിനെ കാണുന്നു, അനുഭവിക്കുന്നു. ഒരാൾക്ക് മുതൽ ആകുന്നത് മറ്റൊരാൾക്ക് മുതൽ ആകുന്നില്ല. എന്തായാലും മുതലിനെ തേടിയാണ് മനുഷ്യൻറെ ജീവിതത്തിൻറെ നല്ലപങ്കും ചിലവഴിക്കപ്പെടുന്നത്. ആ മുതലിനെ ഒന്ന് പരിചയപ്പെടുന്നതിനായി നോവലിസ്റ്റ് നടത്തുന്ന യാത്ര. കണ്ടെത്തിയ കാര്യങ്ങൾ ഒരു കഥാകാരൻറെ എല്ലാ സ്വാതന്ത്ര്യങ്ങളോടും കൂടി ഒരു നോവലായി അവതരിപ്പിച്ചിരിക്കുന്നു. അതും രസകരമായി, വേളൂർ കൃഷ്ണൻകുട്ടിയെയോ അതിലേറെ പമ്മനെയോ ഓർമ്മിപ്പിക്കുന്ന രചനാ രീതി. നഷ്ടബോധമില്ലാതെ 381 പേജുകളുള്ള പുസ്‌തകം വായിച്ചു തീർക്കാം. 

കഥാകാരൻറെ സ്വാതന്ത്ര്യം അതിൻറെ പൂർണതോതിൽ വാരിവിതറിയിരിക്കുന്നതിനാൽ എരിവും പുളിയുമൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും കടന്നുകൂടിയിട്ടുണ്ട്. ശ്രീനാരായണഗുരു മുതൽ ഭഗവൻ രജനീഷ് വരെ, അല്ലെങ്കിൽ സിറാജ് ഉദ്ദ് ദൗള മുതൽ നെഹ്‌റു വരെ ഒരുമാതിരിപ്പെട്ട സകല സാംസ്കാരിക രാഷ്ട്രീയ നേതാക്കളെയും സംഭവങ്ങളെയും മുതലിൽ കെട്ടി അലക്കിയിട്ടുമുണ്ട്. അല്ലെങ്കിലും നമ്മൾ കണ്ടു പരിചയിച്ച ഒരു സംഭവത്തെ വേറൊരു വീക്ഷണകോണകത്തിൽ കാണുമ്പോഴാണല്ലോ ആഗസ്റ്റ് 17 പോലുള്ള കൃതികൾ ഉണ്ടാകുന്നത്. ചില കടുംവെട്ട് പ്രയോഗങ്ങളെയെല്ലാം നായകനായ സുധീഷ് നിലാവിൻറെ തലയിൽകെട്ടിവെച്ച് നോവലിസ്റ്റ് കൈകഴുകുന്നുണ്ട്. എന്തായാലും ഈ സംഭവങ്ങളെയെല്ലാം ഒരു ചരടിൽ കോർത്തിണക്കാൻ വേണ്ടിവന്ന ബുദ്ധിയെക്കുറിച്ചാണ് ഞാൻ ആദ്യം സൂചിപ്പിച്ചതും അദ്ദേഹത്തിൻറെ ബാക്കി പുസ്തകങ്ങൾ കൂടി വായിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും.

എനിക്കൊരു കുഴപ്പമുണ്ട്. അത് എൻറെ മാത്രം കുഴപ്പമാണോയെന്നറിയില്ല. തൃശൂർ പശ്ചാത്തലമാക്കിയുള്ള നോവലോ സിനിമകളോ കണ്ടുകഴിഞ്ഞാൽ കുറെ നേരം ആ സ്ലാങ് വായിൽ നിന്നും പോകില്ല. ന്നാ താൻ കേസ് കൊട് പോലുള്ള കാസർകോടൻ പശ്ചാത്തലമുള്ള സിനിമകൾ കണ്ടാൽ ആ സ്ളാങ് ബഹിർഗമിക്കും. അതായിരിക്കും 381 പേജ് സുധീഷ് നിലാവിൻറെ കൂടെ സഞ്ചരിച്ച ശേഷം നോവലിനെക്കുറിച്ച് രണ്ടുവാക്ക് എഴുതിയേക്കാം എന്ന് വിചാരിച്ചപ്പോൾ പുറത്തേക്ക് വന്നത് താഴെ എഴുതിയിരിക്കുന്ന പാരഗ്രാഫാണ്. അത് വായിച്ച് മാമനോടൊന്നും തോന്നല്ലേ, ഒക്കെ ആ സുധീഷ് നിലാവ് പറയുന്നതാണെന്ന് കരുതിയാൽ മതി.

"ചുമ്മാ ഊമ്പിത്തിരിഞ്ഞ് ഇരിക്കുമ്പോൾ വായിച്ചുതള്ളാൻ പറ്റിയ ഒരു മൂഞ്ചിയ കഥ. അല്ലെങ്കിലും വല്ലവനും അവരാതിച്ച കഥയാണെന്ന് പറഞ്ഞു തന്നാൽ ഇവിടുത്തെ മൈഗുണാണ്ടികൾ ഇടിച്ചുകുത്തിനിന്ന് വായിച്ചുകൊള്ളുമെന്ന് എൻറെ ആശാൻ ശ്രീപൂമരം ഗോപാലനാശാൻ അവർകൾ കാലങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുള്ളതാണ്. അല്ലെങ്കിലും ആശാൻ പറഞ്ഞ ഏത് കാര്യമാണ് പിഴച്ചിട്ടുള്ളത്. എന്നാലും എൻറെ വിനോയ് ആശാനേ സോറി ശ്രീപൂമരം ഗോപാലനാശാനേ നമിക്കുന്നു"

Monday, September 25, 2023

പുസ്‌തകപരിചയം - കാറ്റിൻറെ നിഴൽ - കാർലോസ് റൂയിസ് സാഫോൺ


    കാറ്റിൻറെ നിഴൽ -  സ്‌പാനിഷ്‌ എഴുത്തുകാരനായ കാർലോസ് റൂയിസ് സാഫോൺ 2001 ള്ള പ്രസിദ്ധീകരിച്ച 'ദി ഷാഡോസ് ഓഫ് ദി വിൻഡ്' എന്ന കൃതിയുടെ ശ്രീമതി രമാ മേനോൻ തയ്യാറാക്കിയ മലയാളം പരിഭാഷയാണത്. ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ട കൃതിയാണ് 'ദി ഷാഡോസ് ഓഫ് ദി വിൻഡ്'. അതിശയകരമായ ഒരു സൃഷ്ടി തന്നെയാണ് ആ നോവൽ. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ സ്‌പാനിഷ്‌ സിറ്റിയായ ബാഴ്‌സലോണയിലെ ആഭ്യന്തരയുദ്ധകാലഘട്ടത്തിലാണ് കഥ നടക്കുന്നത്. അതിനാൽത്തന്നെ ഈ കൃതി 2001 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് നോവൽ വായിച്ചുകഴിയുമ്പോൾ തോന്നും. അത്രയ്ക്ക് മനോഹരമായിട്ടാണ് കാർലോസ് റൂയിസ് സാഫോൺ നോവൽ രചിച്ചിരിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ക്ലാസിക് രചന.

നോവലിനെക്കുറിച്ച് പറയുവാനാണെങ്കിൽ ഒരു കുറ്റാന്വേഷണ സ്വഭാവത്തിലൂടെ മുന്നേറുന്ന എന്നാൽ പ്രണയവും, ഡ്രാമയും, കുടുംബ വൈകാരികതകളും ആവശ്യത്തിന് മേമ്പൊടിയായിട്ടുള്ള കഥ. ശ്രീ അജയ് പി മങ്ങാട്ട് എഴുതിയ സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവൽ പോലെ പുസ്‌തകങ്ങളും ഗ്രന്ഥപ്പുരകളും നിറഞ്ഞൊരു പശ്ചാത്തലത്തിൽ നിന്നാണ് കഥയുടെ തുടക്കം. നായകനായ ഡാനിയേലിൻറെ ബാല്യത്തിൽ ലഭിക്കുന്ന ഒരു പുസ്‌തകം. അത് അവന്റെയും അവനോട് അനുബന്ധിച്ചുള്ളവരുടെയും ജീവിതത്തെ മാറ്റിമറിക്കുന്നു. വിവിധ കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. ഡാനിയേലും അച്ഛനുമായുള്ള ബന്ധം പോലെ മൂന്നോളം ഊഷ്‌മളമായ അച്ഛൻ-മകൻ ബന്ധങ്ങളെ തികച്ചും വ്യത്യസ്തവും എന്നാൽ മനസ്സിൽ തൊടുന്നരീതികളിൽ നോവലിസ്റ്റ് എഴുതിച്ചേർത്തിരിക്കുന്നു. അതേപോലെ തന്നെയാണ് രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ഡാനിയേലിന്റെയും ജൂലിയൻ കാരക്‌സിന്റെയും പ്രണയത്തിലെ തീവ്രതകളും ഹൃദ്യമെന്ന് വിശേഷിപ്പിക്കാം. ഒരു സിനിമയിൽ കാണുന്നതുപോലെ ബാഴ്‌സലോണയുടെ ആ കാലഘട്ടത്തിലെ ജീവിതങ്ങളെ നമ്മുടെ മുന്നിൽ നോവലിസ്റ്റ് തുറന്നുകാട്ടുന്നുണ്ട്. 561 പേജുകളുള്ള വലിയൊരു നോവലാണ് കാറ്റിൻറെ നിഴൽ എങ്കിലും ഒരിക്കൽപ്പോലും വായന മതിയാക്കിയേക്കാം എന്നൊരു ചിന്ത വായനക്കാരിൽ ഉളവാകാതെ താൽപര്യത്തോടെ വായനയുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന എഴുത്തുരീതി അഭിനന്ദനാർഹം തന്നെ. ഏച്ചുകെട്ടലുകളില്ലാത്ത രമാ മേനോൻറെ പരിഭാഷയും പ്രശംസനീയം തന്നെ. 

വിശ്വവിഘ്യാതമായ ഒരു നോവലിൽ കുറവുകൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് പാഴ് വേലയാണ് എന്നറിയാമെങ്കിലും, 561 എന്നത് ഒരു 400 പേജിൽ ഒതുക്കിയിരുന്നെങ്കിൽ നോവലിന് ഒരു ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന വേഗത കൈവന്നേക്കുമായിരുന്നു എന്ന് തോന്നി. ശ്രമിച്ചിരുന്നെങ്കിൽ തീർച്ചയായും അത് സംഭവ്യം ആയിരുന്നെന്നും. എന്നിരുന്നാലും ആദ്യമേ പറഞ്ഞതുപോലെ നോവലിൻറെ വലിപ്പം ഒരിക്കലും അതിൻറെ ആസ്വാദ്യതയെ ബാധിച്ചിട്ടില്ല എന്നകാര്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. 

അവസാനവാക്ക് : നിരാശപ്പെടുത്താത്ത, ഹൃദ്യമായ ഒരു വായനാനുഭവം. വ്യത്യസ്തവും കാമ്പുള്ളതുമായ കൃതികൾ വായിക്കണമെന്നുള്ളവർക്കും പേജുകളുടെ എണ്ണം വായനയെ ബാധിക്കില്ല എന്നുള്ളവർക്കും ധൈര്യപൂർവ്വം തിരഞ്ഞെടുക്കാവുന്ന പുസ്‌തകം.