Thursday, October 26, 2023

വായനാനുഭവം - കീഴാളൻ - പെരുമാൾ മുരുഗൻ (Book Review - Keezhalan by Perumal Murugan)


ശ്രീ.പെരുമാൾ മുരുഗൻറെ അർദ്ധനാരീശ്വരൻ എന്ന മാസ്റ്റർപീസ് വായിച്ച് ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിൻറെ ശ്രദ്ധേയമായ മറ്റൊരു നോവലായ കീഴാളൻ വായിച്ചുതുടങ്ങിയത്. വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും ജാതി സമ്പ്രദായങ്ങളും കൊടികുത്തിവാഴുന്ന എന്നാൽ ഗ്രാമീണ സൗന്ദര്യവും നിഷ്‌കളങ്കതയും നിറഞ്ഞുനിൽക്കുന്ന തമിഴ് ഗ്രാമം തന്നെയാണ് കീഴാളൻറെയും പശ്ചാത്തലം. അർദ്ധനാരീശ്വരനിളേക്കാളും കീഴാളനിൽ ഗ്രാമീണതയ്ക്ക് കൂടുതൽ പ്രാധാന്യം ഉള്ളതായിത്തോന്നി. വായനയിലേക്ക് കടക്കാം.


പേര് സൂചിപ്പിക്കുന്നതുപോലെ തമിഴ് ജാതി സമ്പ്രദായത്തിൽ ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഗൗണ്ടർമാരുടെ കൃഷിയിടങ്ങളിൽ ജനിച്ചുവീണ് അവർക്കായി ചോരയും നീരും ബലികൊടുത്ത് ജീവിതം അവസാനിപ്പിക്കുന്ന ചക്കിലിയന്മാർ എന്ന വിഭാഗക്കാരുടെ കഥയാണ് കീഴാളൻ. നടന്നുതുടങ്ങുന്ന കാലം മുതൽ യജമാനൻറെ ആടുകളെ പരിപാലിച്ചും പ്രായപൂർത്തിയായിക്കഴിഞ്ഞാൽ അവരുടെ കൃഷിയിടങ്ങളിൽ മാടുകളെപ്പോലെ പണിയെടുത്തും യജമാനറെയും കുടുംബത്തിൻറെയും ആട്ടും തുപ്പും ഏറ്റുവാങ്ങിയും മൃഗതുല്യമായ ജീവിതം നയിക്കുന്നവർ. പരമ്പരാഗതമായി ഒരേ തൊഴിൽ ചെയ്യുന്നവരാകയാൽ അതിൽ അവർക്കൊരു ബുദ്ധിമുട്ടും അവർ പ്രകടിപ്പിക്കുന്നില്ല. മറിച്ച് കൊള്ളാവുന്നൊരു യജമാനനെ ലഭിക്കുന്നത് അനുഗ്രഹമായാണ് കണക്കാക്കുന്നതും. അക്കൂട്ടത്തിൽ ഒരാളായ കൂലയ്യന്റെയും കൂട്ടുകാരുടേയും കാഴ്ച്ചപ്പാടിലൂടെയാണ് കഥ വികസിക്കുന്നത്. ജീവിതത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങാത്ത കുട്ടികൾ ആണവർ. ആടുമേയ്ക്കാൻ വരുന്ന മേച്ചിൽപ്പുറങ്ങളിൽ ആട്ടിൻകുട്ടികളെപ്പോലെ അവരും ഓടിനടന്നു കളിക്കുന്നു. രാത്രി തൊഴുത്തിൽ ആടുകളോടൊപ്പം ഉറങ്ങുന്നു. രാപ്പകലില്ലാതെ ആടുകളെ മേയ്ക്കുന്നതിന് അവരുടെ കൂലി അവരുടെ അച്ഛന്മാർ യജമാനന്മാരുടെ കയ്യിൽ നിന്നും കൈപ്പറ്റിയിട്ടുണ്ട്. കണക്കുകളെക്കുറിച്ച് അവർക്ക് അറിയില്ല. എങ്കിലും തങ്ങളുടെ അശ്രദ്ധ കാരണം ആടുകൾക്കെന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് അവർ ബോധവാന്മാരാണ്. ഗൗണ്ടറുടെ ഭാര്യ കൊടുത്തുവിടുന്ന ഭക്ഷണം പ്രസാദം പോലെ വിശുദ്ധമായി അവർ കരുതുന്നു. തങ്ങൾക്ക് വേണ്ടി രാപ്പകൽ പണിയെടുക്കുന്ന വിഭാഗത്തോട് യാതൊരു വിധ ദയയും ഗൗണ്ടർമാർ കാണിക്കുന്നില്ല. കാണിക്കണം എന്നുണ്ടെങ്കിൽപ്പോലും ജാതിസമ്പ്രദായം അവരെ അതിന് അനുവദിക്കുന്നില്ല. 


അതിഭാവുകത്വങ്ങളില്ലാതെ പച്ചയായ ദളിത് ജീവിതം പെരുമാൾ മുരുഗൻ കീഴാളനിൽ വരച്ചിടുന്നുണ്ട്. അവരുടെ വേദനകളും നിസ്സഹായതയ്ക്കുമൊപ്പം അവരുടെ സുന്ദരദേശത്തെയും നമുക്ക് ഇതിൽ ദർശിക്കാനാവും. 'കൂലമാതാരി' എന്നപേരിൽ 2017 ലാണ് ആദ്യമായി ഈ കൃതി പ്രസിദ്ധീകരിക്കുന്നത്. കീഴാളൻ എന്ന പേരിൽ മലയാളം വിവർത്തനം നടത്തിയിരിക്കുന്നത് കബനി സി ആണ്. 


അർദ്ധനാരീശ്വരൻ വായിച്ചതിന് ശേഷം വായിച്ചതിനാലാവാം ആദ്യകൃതിയുടെയത്ര വായനാസുഖം കീഴാളനിൽ നിന്നും ലഭിച്ചില്ല. വിവർത്തനവും അതിനൊരു കാരണമായെന്ന് പറയാം. അർദ്ധനാരീശ്വരൻ തമിഴ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള നല്ലൊരു ഫാമിലി ഡ്രാമ ആയിരുന്നെങ്കിൽ കീഴാളൻ, ചക്കിലിയന്മാരുടെ ജീവിതം വർണ്ണിക്കുന്ന ഒരു ഡോക്യുമെന്ററി പോലെ തോന്നി. കൂലയ്യന്റെയും കൂട്ടുകാരുടേയും ജീവിതം പ്രതിപാദിക്കുന്നുണ്ടെങ്കിലും അവർ ശരിക്കും ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുക മാത്രമാണ് ചെയ്യുന്നത്. അവസാനം ചില നാടകീയതകൾ ഉള്ളത് കുറച്ചുകാണുന്നില്ല. എന്തായാലും വ്യത്യസ്തമായ ഒരു വായനാനുഭവം തന്നെയാണ് കീഴാളൻ.  

Tuesday, October 24, 2023

വായനാനുഭവം - അർദ്ധനാരീശ്വരൻ - പെരുമാൾ മുരുഗൻ (Book Review - Ardhanareeswaran by Perumal Murugan)


പി.എസ്.സി പരീക്ഷയ്ക്ക് പഠിക്കുന്ന സമയത്ത് ഒരു ചോദ്യത്തിൻറെ ഭാഗമായാണ് ശ്രീ പെരുമാൾ മുരുഗനെക്കുറിച്ചും അദ്ദേഹത്തിൻറെ 'അർദ്ധനാരീശ്വരൻ' എന്ന കൃതിയെക്കുറിച്ചും കേൾക്കുന്നത്. സാഹിത്യമോ അവാർഡുകളോ ആയി ബന്ധപ്പെട്ടല്ലായിരുന്നു ആ കൃതിയും ഗ്രന്ഥകർത്താവും അവിടെ ഇടംപിടിച്ചത്. വിവാദമായ കൃതി തമിഴ്‌നാട്ടിൽ നിരോധിക്കപ്പെടുകയും ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് ധാരാളം ചർച്ചകൾക്ക് അത് ഇടയാക്കുകയും ചെയ്തതായിരുന്നു കൃതി പി.എസ്.സി പരീക്ഷകളിൽ ഇടംപിടിക്കാനുള്ള കാരണം. അന്ന് ആ പേരുകൾ ആ ഒരു രീതിയിൽ മാത്രമേ പരിഗണിച്ചുള്ളൂ. പിന്നീട് വായനയെ കുറച്ചുകൂടി സീരിയസ് ആയി സമീപിച്ചുതുടങ്ങിക്കഴിഞ്ഞാണ് ആ പേരുകൾ ഒരിക്കൽക്കൂടി അന്വേഷിച്ച് ചെല്ലുന്നത്. - പെരുമാൾ മുരുഗൻ, അർദ്ധനാരീശ്വരൻ. എന്താണ് ആ കൃതിയുടെ കുഴപ്പം? എന്താണ് അല്ലെങ്കിൽ എന്തായിരുന്നു വിവാദം? അടുത്തിടെ ആ കൃതി വായിച്ചു. വിവാദങ്ങളെക്കുറിച്ച് ഓർക്കാൻ പോലും അവസരം നൽകാതെ വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന ഒരു കൃതി. വായിച്ചതിന് ശേഷമാണ് അതിനുപിന്നിലെ വിവാദങ്ങളെക്കുറിച്ച് അന്വേഷിച്ചത്. വായനാനുഭവവും വിവാദവിശേഷങ്ങളും ചുവടെ ചേർക്കുന്നു. എല്ലാം എൻറെ കാഴ്ചപ്പാടിൽ ആണെന്നുമാത്രം.


കല്യാണം കഴിഞ്ഞ് പന്ത്രണ്ട് വർഷമായിട്ടും കുട്ടികളില്ലാത്ത കാളി പൊന്ന ദമ്പതികളുടെ കഥയാണ് 'അർദ്ധനാരീശ്വരൻ'. പാതി പുരുഷനും പാതി സ്ത്രീയുമായ ദൈവ (ശിവ-പാർവ്വതി) സങ്കൽപ്പമാണ് 'അർദ്ധനാരീശ്വരൻ' എന്നത്. പുരുഷൻറെ നല്ലപാതിയാണ് ഭാര്യ എന്ന സങ്കൽപ്പം. ആ ഒരു അർത്ഥത്തിന്റെ ശരിയായ തലത്തിൽ ജീവിക്കുന്ന ദമ്പതികളാണ് കാളിയും പൊന്നയും. കാളിയുടെ ഒരു മിഴിയനക്കത്തിന്റെ അർത്ഥം വരെ അറിഞ്ഞുപെരുമാറുന്നവളാണ് പൊന്ന. അവർ തമ്മിലുള്ള ബന്ധത്തെ  അതിസൂക്ഷ്മമായി നോവലിലുടനീളം വിശകലനം ചെയ്തിട്ടുണ്ട്. ദമ്പതികൾ എന്ന നിലയിൽ പൂർണ്ണതയിൽ എത്തിയവരായിരുന്നെങ്കിലും സമൂഹത്തിൻറെ കണ്ണിൽ അവർ കുട്ടികളില്ല എന്ന വലിയ കുറവുള്ളവർ ആയിരുന്നു. എല്ലാ മേഖലകളിൽ നിന്നും ആ പേരിൽ സഹതാപവും കളിയാക്കലും വേർതിരിക്കലും നേരിടേണ്ടിവരുമ്പോൾ അവരുടെ സ്വാഭാവികമായ ജീവിതം തന്നെ മാറിമറിയുന്നു. കാളി തന്റെ കൃഷിയിടത്തിലും ചുറ്റുപ്രദേശങ്ങളിലുമായി ഒതുങ്ങിപ്പോകുന്നു. പൊന്നയാവട്ടെ, സഹതപിക്കാനും കളിയാക്കാനും വരുന്ന സർവരോടും വഴക്കുണ്ടാക്കി തികച്ചും ഏകാകിയായി മാറുന്നു. സമൂഹത്തിന് വേണ്ടി മാത്രം ഒരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ചവരാവാം അവർ. കുഞ്ഞിന് വേണ്ടി നേരാത്ത നേർച്ചകളും കയറിയിറങ്ങാത്ത അമ്പലങ്ങളും ഉണ്ടായിരുന്നില്ല. വിശ്വാസങ്ങൾ മാത്രമായിരുന്നു ആ ജനതയുടെ കൂട്ട്. അത്തരം ഒരു വിശ്വാസം അവസാനകയ്യായി അവരെ തേടിയെത്തുന്നു. തേരുത്സവത്തിന്റെ പതിനെട്ടാം നാൾ മലയിലുള്ളവരൊക്കെയും ദൈവങ്ങളാണ് എന്ന സങ്കൽപ്പമാണ്. അന്നവിടുത്തെ ഇരുട്ടിൽ ഉഭയസമ്മതത്തോടെ ആർക്കും ഇണചേരാം. അങ്ങനെ ഉണ്ടാകുന്ന കുട്ടികൾ ദൈവപുള്ളകൾ ആയി വളർത്തപ്പെടും. ദൈവം നൽകിയ കുട്ടികൾ. അന്നേദിവസം ഒരു കളവിലൂടെ പൊന്നയെ സമൂഹം മലയിലേക്കയക്കുന്നു, കാളിയുടെ സമ്മതം കൂടാതെ തന്നെ.  വൈകാരികമായ ഒട്ടേറെ രംഗങ്ങളിലൂടെ അതി വൈകാരികമായിത്തന്നെ വായിക്കാവുന്ന ഒരു മാസ്റ്റർപീസ് നോവൽ ആണ് 'അർദ്ധനാരീശ്വരൻ'. നോവൽ വായന കഴിഞ്ഞാലും കാളിയും പൊന്നയും ഒക്കെ നമ്മുടെ മനസ്സിൽ നിന്നും എളുപ്പം ഇറങ്ങിപ്പോകില്ല.


മനോഹരമായ ഈ നോവലിന് എന്താണ് വിവാദം? ആശ്ചര്യം തോന്നിയതിനാൽ അതിനെക്കുറിച്ച് അന്വേഷിച്ചു. 2010 ലാണ് 'മാതൊരുഭാഗൻ' എന്ന പേരിൽ പെരുമാൾ മുരുഗൻ ഈ കൃതി പുറത്തിറക്കുന്നത്. തമിഴ് നാട്ടിലെ തിരുച്ചെങ്കോട്ടൈ മലൈക കോവിലിലെ പ്രതിഷ്ഠയാണ്  മാതൊരുഭാഗൻ  അഥവാ അർദ്ധനാരീശ്വരൻ. വൈകാശി മാസത്തിലെ തേരുത്സവത്തിൻറെ പതിന്നാലാംദിവസം തിരുച്ചെങ്കോട്ടു കാൽ കുത്തുന്ന എല്ലാവരും ദൈവങ്ങളാണ്. ആ രാത്രി ഉഭയസമ്മതപ്രകാരം ഏതു ആണിനും പെണ്ണിനും എവിടെയും സംഗമിക്കാം. കുട്ടികൾ ഇല്ലാത്തവർക്ക് അന്നൊരു വിശേഷദിനം കൂടിയാണ്. പത്തു മാസം കഴിയുമ്പോൾ അവർക്ക് 'സാമി പുള്ളൈകൾ' ഭൂജാതരാവും. അത് ആ നാടിന്റെ വിശ്വാസമാണ്. ഈ അനുഷ്ഠാനമാണ് പെരുമാൾ മുരുകന്റെ നോവലിന്  ആധാരം. നോവൽ പ്രസിദ്ധീകരിച്ചതോടെ സമുദായ സംഘടനകൾ പ്രക്ഷോഭം തുടങ്ങി. കേസ് മദ്രാസ് ഹൈക്കോടതിയിലെത്തി. താൻ എഴുത്ത് നിർത്തുന്നുവെന്ന് നോവലിസ്റ്റ് പ്രഖ്യാപിച്ചു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് എതിരായ ഈ നടപടിയിൽ പ്രതിക്ഷേധിച്ച് "അർദ്ധനാരീശ്വരൻ" എന്ന പേരിൽ ഈ കൃതിയുടെ മലയാള പരിഭാഷ 2015 ൽ പുറത്തിറക്കി. കേസ് നിലനിൽക്കുന്നതിനാൽ ഇംഗ്ലീഷ് പതിപ്പിൽ നിന്നുമുള്ള പരിഭാഷയാണ് മലയാളത്തിൽ ഇറങ്ങിയത്. എന്നാൽ കേസ് അനുകൂലമായി വിധിവന്ന ശേഷം പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം പതിപ്പിൽ തമിഴിൽ നിന്നും നേരിട്ടുള്ള വിവർത്തനമാണ് ശ്രീ ബാബുരാജ് കളമ്പൂർ നടത്തിയിട്ടുള്ളത്. മനോഹരമായ പരിഭാഷ അർദ്ധനാരീശ്വരനെ വേറിട്ടൊരു ആസ്വാദ്യനിലവാരത്തിലേക്ക് ഉയർത്തുന്നുണ്ട്. 


തിരുച്ചെങ്കോട്ടൈ കോവിലിനെക്കുറിച്ചോ അവിടെ നിലവിലുണ്ടായിരുന്ന ആചാരങ്ങളെക്കുറിച്ചോ അറിയാത്തവർക്ക് കൂടി അറിയാൻ ഈ വിവാദം ഉപകരിച്ചു എന്നാണ് എനിക്ക് തോന്നിയത്. അത് യാഥാർത്ഥം ആണെന്ന് തോന്നിയില്ലെങ്കിൽ കൂടി നോവലിൻറെ ആസ്വാദ്യതയ്ക്ക് ഒരു കുറവും ഉണ്ടാകില്ല. അത് ഒരു മിത്ത് ആയിരുന്നു, കഥാകാരൻ സങ്കൽപ്പിച്ചെടുത്ത ഒരു ആചാരം എന്ന് വിചാരിച്ചിരുന്നെങ്കിൽ അൽപ്പം കൂടി ആരാധന കൂടിയേനെ എന്നാണ് എൻറെ അഭിപ്രായം. വായനയെ എപ്പോഴും വായനയായിക്കണ്ട് ആസ്വദിക്കണം. അല്ലാതെ അതിൻറെ പിന്നാമ്പുറങ്ങൾ ചികഞ്ഞ് വിവാദങ്ങൾ സൃഷ്ടിക്കുന്നത് വിപണനത്തെ മുന്നിൽക്കണ്ട് ആയാൽപ്പോലും നന്നല്ല .ഇനിയും വായിച്ചിട്ടില്ലാത്തവർ തീർച്ചയായും വായിച്ചിരിക്കേണ്ട മനോഹരമായ ഒരു തമിഴ് ഗ്രാമീണ നോവൽ. വിവാദങ്ങൾക്കപ്പുറം തമിഴ് ഗ്രാമങ്ങളിലെ സൗന്ദര്യവും, ഊഷരതയും, നിഷ്കളങ്കതയും, പച്ചയായ ജീവിതവും നമുക്ക് അർദ്ധനാരീശ്വരനിൽ കാണാൻ സാധിക്കും.

Tuesday, October 17, 2023

വായനാനുഭവം - സ്‌നേഹം കാമം ഭ്രാന്ത് - ജോസഫ് അന്നംക്കുട്ടി ജോസ് (Book Review - Sneham Kamam Bhranth by Joseph Annamkutty Jose)


ജോസഫ് അന്നംക്കുട്ടി ജോസ് - അദ്ദേഹം എഴുതിയ പുസ്തകത്തെക്കുറിച്ച് പറയും മുൻപ് അദ്ദേഹത്തെക്കുറിച്ച് രണ്ടുവാക്ക്. ന്യൂ ജെൻ എഴുത്തുകാർ എന്നൊരു കൂട്ടർ ഉണ്ടോ എന്നറിയില്ല എന്നിരിക്കിലും സോഷ്യൽ മീഡിയയിൽ താരമായ, കേരളത്തിലെ അറിയപ്പെടുന്നൊരു റേഡിയോ ജോക്കി ആയ ഒരാളെന്ന നിലയിൽ അദ്ദേഹത്തിൻറെ പുസ്തകങ്ങളായ ദൈവത്തിൻറെ ചാരന്മാർ, Buried Thoughts തുടങ്ങിയവ ടോപ് സെല്ലറുകളായി മാറിയത് അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കണ്ടത്. എന്നിരിക്കിലും അതൊന്ന് മേടിച്ച് വായിച്ചുനോക്കാം എന്ന് എന്തോ എനിക്ക് തോന്നിയില്ല. മോട്ടിവേഷണൽ സ്റ്റോറീസ് എന്ന ഗണത്തിലുള്ള പുസ്തകങ്ങളോട് പൊതുവേയുള്ളൊരു വിരസതയായിരുന്നു കാരണം (ആൾറെഡി ഫുള്ളി മോട്ടിവേറ്റഡ് ആയതിനാൽ പുറത്തുനിന്നൊരു സഹായം വേണ്ടെന്നൊരു ലൈൻ). അങ്ങനെയിരിക്കുമ്പോഴാണ് സന്ദർഭവശാൽ അദ്ദേഹത്തിൻറെ ഏറ്റവും പുതിയ (നേരത്തെ പറഞ്ഞ രണ്ടു പുസ്തകങ്ങളെ അപേക്ഷിച്ച്) പുസ്തകമായ 'സ്‌നേഹം കാമം ഭ്രാന്ത്' എന്നെ തേടിയെത്തുന്നത്. ഡി സി ബുക്‌സ് 2022 ഡിസംബറിൽ ആദ്യമായി പുറത്തിറക്കിയ സ്‌നേഹം കാമം ഭ്രാന്ത് ൻറെ ആറാമത്തെ പതിപ്പായിരുന്നു 2023 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച ഞാൻ വായിച്ച പുസ്‌തകം. അതുതന്നെ ജോസഫ് അന്നംക്കുട്ടി ജോസ് എന്ന എഴുത്തുകാരൻറെ സ്വീകാര്യതയെ കാണിക്കുന്നു. അദ്ദേഹത്തിൻറെ ആദ്യ് കൃതികൾ രണ്ടും ഇരുപതും മുപ്പതും പതിപ്പുകൾ കഴിഞ്ഞുവെന്നതാണ് അറിയാൻ കഴിഞ്ഞത്. യുവ എഴുത്തുകാരിൽ ഇത്രയും സ്വീകാര്യതയുള്ള മറ്റൊരു എഴുത്തുകാരൻ ഇല്ലെന്നുതന്നെ പറയാം.

ഇനി ഞാൻ ആദ്യമായി വായിച്ച അദ്ദേഹത്തിൻറെ 'സ്‌നേഹം കാമം ഭ്രാന്ത്' എന്ന പുസ്തകത്തിലേക്ക് കടക്കാം. പതിനഞ്ച് കഥകളുടെ സമാഹാരമാണ് ഇത്. കഥകൾ എന്നതിനേക്കാളുപരി അദ്ദേഹത്തിന് നേരിട്ടോ അല്ലാതെയോ ഉള്ള പതിനഞ്ച് ജീവിതാനുഭവങ്ങളുടെ വിവരണം ആണെന്ന് പറയാം. 2009 ൽ രഞ്ജിത്ത് അണിയിച്ചൊരുക്കി പുറത്തിറക്കിയ കേരള കഫെ എന്ന ചിത്രം പോലെ ഹൃദ്യമായ കുറച്ചു ജീവിതങ്ങളുടെ വരച്ചിടൽ. ചില കഥകൾ നമ്മളെ പുസ്തകം അടച്ചുവെച്ച് അതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കും, ചില കഥകൾ ചെറുതായി ഞെട്ടിക്കും, കൂടുതലും കഥകൾ ചെറുചിരിയോടെയോ, ഇത് കൊള്ളാമല്ലോ എന്ന ചിന്തയോടെയോ വായിച്ചുവിടും. ഒരിക്കൽപ്പോലും ഇതൊക്കെ എന്ത് എഴുതാൻ മാത്രം ഇരിക്കുന്നു എന്ന് തോന്നിയില്ല. ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ തന്നെ എല്ലാം. എന്തുകൊണ്ട് അദ്ദേഹത്തിൻറെ പുസ്തകങ്ങൾ ഇത്ര സ്വീകാര്യമാകുന്നു എന്നതിനുള്ള കാരണം അദ്ദേഹം ആദ്യം പറഞ്ഞിരിക്കുന്ന ആമുഖക്കുറിപ്പ് വായിക്കുമ്പോൾ മനസിലാകും. നാല് വർഷത്തോളം ഈ രചനയുടെ മിനുക്ക് പണിക്കായി അദ്ദേഹം ചിലവഴിച്ചിട്ടുണ്ടത്രെ. അതിൻറെ ഗുണം തന്നെയാണ് പുസ്തകത്തിലുടനീളം കാണുന്നതും. നമ്മൾ കണ്ടിട്ടുള്ള, കേട്ടിട്ടുള്ള കുറെ കഥാപാത്രങ്ങൾ, അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ചില സംഭവങ്ങൾ. ഇത് അവതരിപ്പിച്ചിരിക്കുന്ന ശൈലി തന്നെയാണ് പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. 

ആദ്യ രണ്ടുപുസ്തകങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളുടെ അവതരണം ആയിരുന്നെങ്കിൽ ആദ്യമായി ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിലേക്ക് ഗ്രന്ഥകർത്താവ് കണ്ണോടിക്കുന്നതാണ് 'സ്‌നേഹം കാമം ഭ്രാന്ത്'. അതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ടെന്ന് പറയാം. അതിനാൽ തന്നെ ഇത്രയും കാലം ഞാൻ വായിക്കാതിരുന്ന ആദ്യ രണ്ടു പുസ്തകങ്ങൾ കൂടി ഉടനെ തേടിപ്പിടിച്ച് വായിക്കേണ്ടിയിരിക്കുന്നു. അത് തന്നെയാണ് ഗ്രന്ഥകാരന്റെ വിജയവും.