Wednesday, November 5, 2025

വായനാനുഭവം - രാത്രി 12 നു ശേഷം - അഖിൽ പി ധർമ്മജൻ (Book Review - Rathri 12 nu shesham by Akhil P Dharmajan)

വായനാനുഭവം  - രാത്രി 12 നു ശേഷം - അഖിൽ പി ധർമ്മജൻ



ഒരു നോവലിന്റെ ഓരോ പേജ് വായിച്ചുതീരുമ്പോഴും അടുത്തതായി എന്ത് സംഭവിക്കുമെന്ന ആകാംക്ഷയോടെ അടുത്ത പേജിലേക്ക് കടക്കുക. അങ്ങനെ ഒറ്റയിരുപ്പിൽ ഒരു നോവൽ വായിച്ചു തീർക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുക. ഏതൊരു നോവലിസ്റ്റും ആഗ്രഹിക്കുന്നൊരു രീതിയാണത്. ത്രില്ലർ വിഭാഗത്തിൽ എഴുതുന്ന നോവലാണെങ്കിൽ പ്രത്യേകിച്ചും. അഖിൽ പി ധർമ്മജൻ എഴുതിയ ഏറ്റവും പുതിയ നോവലായ രാത്രി 12 നു ശേഷം വായിച്ചുകഴിഞ്ഞപ്പോൾ മനസ്സിലേക്ക് വന്ന കാര്യം ആണത്. വായനക്കാരിൽ ആകാംക്ഷ ജനിപ്പിക്കാനും ഒറ്റയിരുപ്പിന് വായിച്ചുതീർക്കുവാനും പ്രേരിപ്പിക്കുന്നൊരു നോവലാണ് രാത്രി 12 നു ശേഷം. ഒരു നോവലിസ്റ്റ് എന്ന നിലയിൽ അഖിലിന്റെ വളർച്ച ഈ നോവൽ വായിക്കുമ്പോൾ മനസ്സിലാകും. അഖിലിന്റെ മൂന്നാമത്തെയും ഏറ്റവും വിഖ്യാതവുമായ നോവൽ രാം c/o ആനന്ദി മാറ്റിവെച്ചാൽ അദ്ദേഹത്തിന്റെ ഓരോ നോവലിലും ആ വളർച്ചയുടെ പടവുകൾ കാണാം. 


ആദ്യ നോവലായ ഓജോ ബോർഡ്, ത്രില്ലറുകളും ഹൊറർ നോവലുകളും വായിച്ച് ഒരു നോവൽ എഴുതുവാൻ തുനിഞ്ഞിറങ്ങുന്ന ഒരു കൗമാരക്കാരന്റെ അത്ര മോശമല്ലാത്ത സൃഷ്ടി ആയിരുന്നെങ്കിൽ രണ്ടാമത്തെ നോവൽ മെർക്കുറി ഐലന്റ് കുറച്ചുകൂടി വിശാലമായ, പക്വമായ ഒരു അവതരണം ആയിരുന്നു. ആ നോവലിൽ ഒരു കല്ലുകടിയായി എനിക്ക് തോന്നിയത് അടുത്തത് എന്ത് സംഭവിക്കുമെന്ന ആകാംക്ഷ വായനക്കാരനിൽ ഉണ്ടാകാൻ വേണ്ടി മാത്രം കൂട്ടിച്ചേർത്ത കുറെ കഥാസന്ദർഭങ്ങളായിരുന്നു. നാലാമത്തെ നോവൽ ആയ രാത്രി 12 നു ശേഷം എത്തുമ്പോൾ അത്തരം ഏച്ചുകെട്ടലുകൾ ഇല്ലാത്ത സസ്പെൻസ് സന്ദർഭങ്ങൾ കഥയിലുടനീളം കാണാം. വ്യത്യസ്തമായൊരു കഥയും ഈ നോവലിന്റെ മുതൽക്കൂട്ടാണ്. 


അഖിലിന്റെ മൂന്നാമത്തെ നോവലായ ആനന്ദിയെ ഞാൻ നേരത്തെ സൂചിപ്പിച്ച പടവുകളിൽ ഉൾപ്പെടുത്താതിരുന്നത് മനഃപൂർവ്വമാണ്. സൂപ്പർ ഹിറ്റായ ആ നോവൽ അഖിലിന് സത്യത്തിൽ ഒരു ബാധ്യതയായി മാറാതിരുന്നാൽ നന്ന്. കാരണം ആ നോവൽ കാരണം നോവലിസ്റ്റിന്റെ മറ്റ് നോവലുകൾ തേടിപ്പോകുന്നവർ നിരാശരാകേണ്ടി വരും. മറ്റ് നോവലുകളും ആനന്ദിയും തമ്മിലുള്ള പ്രധാന വ്യത്യാസം ആ നോവലിൽ ജീവിതം ഉണ്ടായിരുന്നു, ബാക്കി നോവലുകൾ ജീവിത ഗന്ധിയല്ല എന്നതാണ്. വായിച്ചു തുടങ്ങുമ്പോഴേ നോവലിലെ കഥാപാത്രങ്ങൾ കഥാപാത്രങ്ങൾ മാത്രമാണെന്ന് വായനക്കാരന് മനസ്സിലാകും. മല്ലിയെയും ആനന്ദിയെയും റാമിനെയുമൊക്കെ തിരഞ്ഞ് ചെന്നൈയിലേക്ക് വണ്ടി കയറിയപോലെ, റയിൽവെ സ്റ്റേഷനിലെ ബെഞ്ചിൽ റാമിന്റെ പേര് കൊത്തിയത് അന്വേഷിക്കുന്ന പോലെ ആരാധകർ ഈ നോവലുകളിലെ കഥാപാത്രങ്ങളുടെ പിന്നാലെ പോകില്ല.  


വനിത സേവ്യർ എന്ന നായികാകഥാപാത്രത്തിന്റെ വണ്ടി രാത്രിയിൽ ഒരു യുവാവിനെ തട്ടുന്നതിനെ തുടർന്നുണ്ടാവുന്ന വിചിത്രമായ സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ട്വിസ്റ്റുകളിലൂടെ പടർന്ന് പന്തലിക്കുന്ന കഥ പതുക്കെ വേറൊരു ലെവലിലേക്ക് ട്രാക്ക് മാറ്റുന്നു. ഇപ്പോഴത്തെ ന്യൂ ജൻ മലയാള സിനിമകൾ അവസാനിപ്പിക്കുന്നതുപോലെ അടുത്തൊരു ഭാഗം വേണമെങ്കിൽ പ്രതീക്ഷിക്കാം എന്ന രീതിയിൽ അപൂർണ്ണമായൊരു അവസാനിപ്പിക്കലാണ് നോവലിനും ഉള്ളത്. തിരക്കിട്ട് തീർക്കാതെ അൽപ്പം കൂടി ശ്രമിച്ചിരുന്നെങ്കിൽ ഫ്രാൻസിസ് ഇട്ടിക്കോര പോലെ അല്ലെങ്കിൽ മഞ്ഞവെയിൽ മരണങ്ങൾ പോലെ മികച്ചൊരു വായനാനുഭവം ആക്കി ഈ നോവലിനെ മാറ്റാമായിരുന്നു എന്ന് തോന്നി.


ഈ നോവൽ ഇറങ്ങിയ ദിവസങ്ങളിൽ മിക്ക റിവ്യൂകളിലും നോവലിസ്റ്റ് ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ച് വലിയ ധാരണ ഇല്ലാതെയാണ് നോവലിൽ അത് കൈകാര്യം ചെയ്തത് എന്നൊക്കെ പറയുന്നത് കേട്ടിരുന്നു. സ്പോയിലർ ആയാലോ എന്നോർത്ത് അതിന്റെ പിന്നാലെ പോയില്ല. അത് ഒരുകണക്കിന് നന്നായെന്ന് തോന്നുന്നു. ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ച് ഒന്നുമറിയാതെ നോവൽ വായിച്ചതുകൊണ്ട് എനിക്ക് അതിൽ അപാകത ഒന്നും അനുഭവപ്പെട്ടില്ല.


ഡി സി ബുക്ക്സ് 2025 ഏപ്രിലിൽ പുറത്തിറക്കിയ ആദ്യ പതിപ്പ് ആണ് ഞാൻ വായിച്ചത്. (25000 കോപ്പിയാണ് രാം c/o ആനന്ദിയുടെ എഴുത്തുകാരന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ ആദ്യ പതിപ്പിൽ ഡി സി പുറത്തിറക്കിയതെന്ന് വായിച്ചു. സൂപ്പർസ്റ്റാറിന്റെ പടത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് സംശയമുള്ള വിതരണക്കാർ ആദ്യ ദിവസങ്ങളിൽ പരമാവധി തിയേറ്ററുകളിൽ പടം കളിപ്പിച്ച് കിട്ടാവുന്ന പൈസ ആദ്യ ആഴ്ച കൊണ്ട് മേടിക്കുന്ന ആ തന്ത്രം ഓർത്തപ്പോൾ ഡി.സി യെക്കുറിച്ച് സഹതാപവും ആദ്യ രണ്ട് നോവലുകൾ നിരസിച്ച പ്രസാധകരെക്കൊണ്ട് ആ പുസ്തകങ്ങൾ വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിക്കുകയും സ്വന്തം കഴിവിനാൽ മേൽപ്പറഞ്ഞ സൂപ്പർസ്റ്റാർ ആകുകയും ചെയ്ത പ്രിയ നാട്ടുകാരൻ അഖിലിനെ കുറിച്ചോർത്ത് അഭിമാനവും തോന്നുന്നു). 304 പേജുകളുള്ള പുസ്തകത്തിന്റെ വില 380 രൂപ.