മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ സാറിന്റെ ഏറ്റവും പുതിയ കൃതിയാണ് 2023 ജനുവരിയിൽ പ്രസിദ്ധീകരിച്ച "നിങ്ങൾ". ഡി.സി ബുക്ക്സ് പുറത്തിറക്കിയ നോവലിന്റെ ആറാം പതിപ്പായിരുന്നു ഞാൻ വായിച്ചത് (2024 ഏപ്രിൽ). എം. മുകുന്ദൻ സാറിന്റെ കൃതികൾ നിരൂപണം ചെയ്യാനുള്ള അവിവേകം മനസിലില്ല, ആ കൃതിയുടെ വായനാനുഭവം ഒന്ന് പങ്കുവെക്കുന്നു. അത്രമാത്രം.
എന്താണ് നോവലിന്റെ ഉള്ളടക്കം എന്നത് ഏറെക്കുറെ ആ പുസ്തകത്തിന്റെ പുറംചട്ടയിൽ എഴുതിവെച്ചിട്ടുണ്ട്. പുസ്തകഷോപ്പിൽ ചെല്ലുമ്പോൾ എം മുകുന്ദന്റെ പുതിയ പുസ്തകം വന്നു എന്ന് കേട്ടാൽ മേടിക്കാൻ രണ്ടാമതൊന്ന് വായനാപ്രേമികൾക്ക് ആലോചിക്കേണ്ടി വരില്ല. എന്നാൽ ആളെ അത്ര പരിചയമില്ലാത്ത ഒരാൾ ആണ് പുസ്തകം എടുത്ത് പിന്നിലെ കുറിപ്പ് വായിക്കുന്നതെങ്കിൽ അയാളെ ആ പുസ്തകം മേടിക്കുവാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ആ പിൻകുറിപ്പുകൾ. പുസ്തകം പ്രസിദ്ധീകരിച്ചു എന്നറിഞ്ഞെങ്കിലും മേടിച്ച പുസ്തകങ്ങൾ വായിച്ചു തീരാത്തതിനാൽ പുതിയ പുസ്തകങ്ങൾ ഇപ്പോൾ മേടിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തിരുന്നതിനാൽ 'നിങ്ങൾ' മേടിക്കുവാൻ ലേശം വൈകി. അത്രയും നാൾ പിടിച്ചിരിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നാമത് എഴുതിയിരിക്കുന്നത് എം മുകുന്ദൻ, രണ്ടാമത് അതിന്റെ പിന്നിൽ സസ്പെൻസ് ഒളിപ്പിച്ച കുറിപ്പ്. ഒടുക്കം പുസ്തകം മേടിച്ച് വായിച്ചു കഴിഞ്ഞപ്പോൾ ആകെ ഒരു നെഗറ്റിവ് ആയി തോന്നിയത് പിന്നിൽ എഴുതിയിരുന്ന ആ സസ്പെൻസ് വരികൾ ആയിരുന്നു. ഒരുമാതിരി ഇപ്പോഴത്തെ ഓൺലൈൻ മാധ്യമങ്ങൾ എഴുതുന്ന തലക്കെട്ടുകൾ മനസിലേക്ക് വന്നുപോയി. ഷൂട്ടിങ് മുടങ്ങി വീട്ടിലെത്തിയ പ്രമുഖ നടി കിടപ്പുമുറിയിൽ കണ്ട കാഴ്ച. എന്നായിരിക്കും തലക്കെട്ട്. ആക്രാന്തം പിടിച്ച് വായിച്ചു ചെല്ലുമ്പോഴായിരിക്കും ഫാൻ അല്ലെങ്കിൽ എസി ഓഫാക്കാൻ മറന്നതായിരുന്നു ആ കാഴ്ച എന്ന് അറിയുന്നത്. നോവലിലെ നായകൻ ഒരു പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുന്നു. "ഞാൻ അടുത്ത മാസം പതിനാറിന് മരിക്കും" അത് ഒരു ആത്മഹത്യ ആയിരിക്കില്ല. അപ്പോൾ എങ്ങനെയായിരിക്കും ആ മരണം. ആ ആകാംക്ഷയുമായി നോവൽ വായിക്കാനിരുന്നാൽ നിരാശരാകും.
പക്ഷെ അല്ലാതെ ആ നോവൽ വായിച്ചാൽ വേറൊന്നായിരിക്കും ഫലം. എം മുകുന്ദൻ എന്ന ക്ലാസിക് എഴുത്തുകാരന്റെ രചന നമ്മെ പിടിച്ചിരുത്തും. ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കാര്യം ഇതിലെ നായകനെ അഭിസംബോധന ചെയ്യുന്നത് "നിങ്ങൾ" എന്നാണ്. നിങ്ങളുടെ ജീവിതം വായിക്കുമ്പോൾ ഒട്ടേറെ പരിചയം നമുക്ക് തോന്നും, അതോടൊപ്പം അപരിചിതത്വങ്ങളും. നമുക്ക് പലപ്പോഴും തോന്നും ഈ സന്ദർഭങ്ങൾ നമുക്ക് പരിചയമുള്ള ആരുടെയോ ജീവിതത്തിലെ സംഭവങ്ങൾ അല്ലേ? എന്ന്. അതെ, ഇത് നിങ്ങളുടെ കഥയാണ്. നിങ്ങളുടെ കഥ എനിക്ക് പരിചയം ഉണ്ടാകാതിരിക്കില്ലല്ലോ. പക്ഷെ നിങ്ങൾ എന്താണ് അങ്ങനെ ചെയ്തത്? ആ അപരിചിതത്വവും നമുക്ക് പരിചയമുണ്ട്.
ഒരു കാലഘട്ടത്തെ മനോഹരമായി എഴുതിഫലിപ്പിച്ച മഹാരഥന്മാർ ഏറെയുണ്ടായിരുന്ന നമ്മുടെ മലയാളത്തിൽ ഇപ്പോൾ ആ നിരയിൽ എം മുകുന്ദനെപ്പോലെ അധികം ആരെയും കാണാൻ സാധിക്കുന്നില്ല എന്നൊരു സങ്കടം ആയിരുന്നു നോവൽ വായന അവസാനിപ്പിക്കുമ്പോൾ. അദ്ദേഹത്തിന്റെ മുൻ കൃതികളുമായി താരതമ്യം ചെയ്യാൻ പോലും സാധിക്കില്ലെങ്കിലും നിങ്ങൾ മികച്ചൊരു വായനാനുഭവം തന്നെ ആയിരുന്നു എന്ന് പറയാതെ വയ്യ.