Wednesday, August 19, 2009

കൊതുക് രാജു മോന്‍

പഠിച്ച സ്കൂളില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ പറ്റുക എന്ന് വെച്ചാല്‍ ഒരു ഭാഗ്യം തന്നെ ആണേ. ഞാന്‍ പഠിച്ച പൊള്ളേത്തൈ ഗവന്മേന്റ്റ്‌ സ്കൂളില്‍ നിന്നും ആ ഭാഗ്യം ആദ്യമായി ലഭിച്ച വ്യക്തി ആണ് നമ്മുടെ രാജു മോന്‍. അധ്യാപകന്‍ ആയാണോ രാജുമോന്‍ സ്കൂളില്‍ ജോലിക്ക് പോയത് എന്ന് ചോദിച്ചാല്‍, അല്ല. കാരണം രാജുമോന്‍ കോളേജില്‍ പഠിച്ചിട്ടില്ല.കോളേജില്‍ പഠിക്കാത്തവരെ ടീച്ചരാക്കില്ലല്ലോ? അപ്പോള്‍ പിന്നെ പ്യൂണ്‍ ആയിട്ടായിരിക്കും എന്ന് കരുതാനും വയ്യ. പത്താം ക്ലാസ്സ് ജയിക്കത്തവര്‍ക്ക് പ്യൂണ്‍ ആകാനും പറ്റില്ലല്ലോ. പിന്നെങ്ങനെ രാജുമോന്‍ ഇതു ഒപ്പിച്ചു എന്നറിയണമെങ്കില്‍ ആദ്യം രാജുമോനെ പറ്റി അറിയണം...

രാജു മോന്‍ എന്ന് പറഞ്ഞാല്‍ ആര്‍ക്കും പെട്ടെന്ന് മനസിലാകില്ല. മനസിലാകണമെങ്കില്‍ കൊതുക്‌ എന്ന് കൂടെ പറയണം.ആളെ കണ്ടാല്‍ കൊതുകിനെ പോലെ ഇരിക്കുന്ന കൊണ്ടല്ല പുള്ളിക്കാരന് ആ പേരു കല്‍പ്പിച്ചു കിട്ടിയത്.അഞ്ചു മിനിറ്റ്‌ എങ്കിലും രാജുമോന്റെ കൂടെ ഇരുന്നാല്‍ യഥാര്‍ത്ഥ കാരണം ആര്‍ക്കായാലും മനസിലായിക്കോളും. കത്തി വെച്ചു കത്തി വെച്ചു കൊതുക് ചോര മുഴുവന്‍ ഊറ്റി എടുക്കും. കൊതുകിന്റെ കത്തിയെ പറ്റി ധാരാളം കഥകള്‍ ഉണ്ട്. ഞാന്‍ കൊതുകിനെ കാണാന്‍ തുടങ്ങിയത് ഗ്രൗണ്ടില്‍ കളിയ്ക്കാന്‍ പോകുമ്പോള്‍ ആണ്. അന്ന് നാട്ടില്‍ ഒന്നോ രണ്ടോ വീട്ടില്‍ മാത്രമെ ടിവി ഉള്ളൂ.അതും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്. കൊതുക് എല്ലാവരോടുമായി പറഞ്ഞിരിക്കുന്നത് അവന്റെ വീട്ടിലും ടിവി ഉണ്ടെന്നാണ്‌. ഒരിക്കല്‍ അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ അവനോടു ടിവിയെ പറ്റി തിരക്കി.മുഘത്ത്‌ യാതൊരു ഭാവ വെത്യസവും വരുത്താതെ അന്നവന്‍ പറഞ്ഞതു അമ്മ മേശയില്‍ വെച്ചു പൂട്ടിയിരിക്കുകയാണെന്നാണ്. കുട്ടിക്കാലത്ത്, കാണുന്ന എല്ലാവരോടും കൊതുക് അഭിമാനത്തോടെ പറയുമായിരുന്നു."മദം പൊട്ടിയ കൊമ്പന്റെ മസ്തകത്തില്‍ (നെറ്റിക്ക്) കൊട്ടുവടിക്ക്‌ അടിച്ച് ഇരുത്തിയിട്ടുണ്ട് എന്റെ അച്ഛന്‍."പിന്നെ അച്ഛനെ പറ്റി കുറെ വീര വാദങ്ങള്‍ പുരകെയുണ്ടാകും.എന്നിട്ടിപ്പോള്‍ അച്ഛന്‍ എന്ത് ചെയ്യുന്നു എന്ന് ആരെങ്കിലും ചോദിച്ചാല്‍, "എന്ത് ചെയ്യാന്‍. ആന ചവിട്ടി കൊന്നു" എന്ന് നിര്‍വികാരനായി പറഞ്ഞിട്ട് പതുക്കെ സ്ഥലം കാലിയാക്കും.

കൊതുകിന്റെ അച്ഛന്‍ ആശാരി നീലാണ്ടന്‍ ചേട്ടന്‍ ആളൊരു രസികന്‍ ആയിരുന്നു. കൊതുകിനെ പോലെ കത്തിയുടെ കാര്യത്തില്‍ പുള്ളിയും ഒട്ടും മോശം അല്ലായിരുന്നു. എന്നും പണി കഴിഞ്ഞു നേരെ ദാമോദരന്‍ ചേട്ടന്റെ ചാരായ ഷാപ്പില്‍ ചെന്നു രണ്ടു മൂല വെട്ടി മേടിച്ചു പുഴുങ്ങിയ താറാവ് മുട്ടയും തിന്നു കൊണ്ടു ഒരു മണിക്കൂര്‍ അവിടെ അങ്ങിനെ കത്തി വെച്ചിരിക്കും. പുള്ളിയുടെ ഈ പതിവു അറിയാവുന്ന പരിചയക്കാര്‍ ആ സമയങ്ങളില്‍ ഷാപ്പില്‍ പോക്ക് പരമാവധി ഒഴിവാക്കും. അത് കൊണ്ടു തന്നെ ദാമോദരന്‍ ചേട്ടന് പുള്ളിയെ കാണുമ്പോള്‍ രമേശ്‌ ചെന്നിത്തലക്ക് മുരളീധരനെ കാണുന്നപോലെ ആയിരുന്നു.

ഒരു ദിവസം പതിവു പോലെ ഷാപ്പില്‍ ചെന്നു കഴിഞ്ഞപ്പോള്‍ പുള്ളിക്ക് കത്തി വെക്കാന്‍ ഒരു ഇരയെ കിട്ടി.നാട്ടിലെ ഏക ആന ആയ ശങ്കരന്‍ കുട്ടിയുടെ(അപ്പോള്‍ ഞാനോ എന്ന് ചോദിക്കും എന്ന് എനിക്കറിയാം.ഇതു ഒറിജിനല്‍ ആന) പാപ്പാന്‍ പപ്പനാവന്‍ ചേട്ടന്‍. പതിവിനു വിപരീതം ആയി ഇത്തവണ ആശാരിക്കു കത്തി വെക്കാന്‍ അവസരം കൊടുക്കാതെ പാപ്പാന്‍ കത്തി കയറി കളഞ്ഞു.പാപ്പാന്‍ മാരുടെ വിഷമങ്ങള്‍, ദുരിതങ്ങള്‍ അങ്ങനെ പലതും പുള്ളി വിളമ്പി.ഉത്സവ പറമ്പില്‍ വെച്ചു ആനയുടെ ചവിട്ടു കൊണ്ടു മരിച്ച കൂട്ടുകാരന്റെ കഥ പപ്പനാവന്‍ ചേട്ടന്‍ വിവരിച്ചു കഴിഞ്ഞപ്പോളെക്കും വിഷമം കാരണം നീലാണ്ടന്‍ ചേട്ടന്‍ മൂലവെട്ടി നാല്‌ വെട്ടി കഴിഞ്ഞിരുന്നു. അങ്ങനെ തെന്നി തെറിച്ചു ഒരു കയ്യില്‍ പണി ആയുധങ്ങള്‍ വെച്ച സഞ്ചിയും ആയി ആശാരി പുറത്തിറങ്ങി. വേലി കഴിഞ്ഞു നോക്കുമ്പോള്‍ അതാ നില്ക്കുന്നു ശങ്കരന്‍ കുട്ടി. പപ്പനാവന്‍ ചേട്ടനെയും നോക്കി "എത്ര നേരമായ് ഞാന്‍ കാത്തു കാത്തു നില്‍പ്പൂ ഒന്നിങ്ങു പോരുമോ കാലമാടാ" എന്ന് പാട്ടും പാടി നില്ക്കുന്ന ആനയെ കണ്ടപ്പോള്‍ നീലാണ്ടന്‍ ചേട്ടന്റെ മനസ്സില്‍ ഉത്സവ പറമ്പില്‍ നിസഹായനായ പാപ്പാന്റെ നെഞ്ചില്‍ കാലോങ്ങി നില്ക്കുന്ന മദയാനയെ ആണ് ഓര്മ വന്നത്.പുള്ളിയുടെ സമയദോഷം അല്ലാതെന്തു പറയാന്‍. ആശാരിയുടെ കാതില്‍ ഒരു പാപ്പാന്റെ ദയനീയമായ നിലവിളി മുഴങ്ങി . പിന്നെ ഒന്നും ആലോചിച്ചില്ല. സഞ്ചിയില്‍ നിന്നും കൊട്ടുവടി വലിച്ചെടുത്തു. സഞ്ചി ദൂരെ വലിച്ചെറിഞ്ഞു. കിരീടത്തില്‍ മോഹന്‍ലാല്‍ ചെല്ലുന്നപോലെ ഒരു കുതിപ്പായിരുന്നു ആനയുടെ നേര്‍ക്ക്‌. ഒറ്റ അടി.ബഹളം കെട്ട് ആളുകള്‍ ഓടി എത്തി നോക്കുമ്പോള്‍ കാണുന്നത്, ഒന്നും സംഭവിക്കാത്ത പോലെ നില്ക്കുന്ന ആനയെയും പാണ്ടി ലോറി കയറിയ തവളയെ പോലെ കിടക്കുന്ന നീലാണ്ടന്‍ ചേട്ടനെയും ആണ്.

കൊതുക് പഠിത്തം നിര്ത്തി ആദ്യം അച്ഛന്റെ മാര്‍ഗം പിന്തുടര്‍ന്ന് ആശാരി പണിക്കു പോയിത്തുടങ്ങി. ആര് പണിക്കു വിളിച്ചാലും പുള്ളിക്കാരന്‍, മേടിക്കേണ്ട സാധനങ്ങളുടെ കൂടെ രണ്ടു റൂള്‍ പെന്‍സില്‍ കൂടെ എഴുത്തും. ഒരെണ്ണം വരക്കാനും ഒരെണ്ണം കാതില്‍ വെക്കാനും.പണിയുടെ ഗുണം കൊണ്ടു കൊതുകിനെ ആരും പണിക്കു വിളിക്കാതായി. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ലൈന്‍ മാന്‍ മനോഹരന്‍ ചേട്ടന്‍ ഓഫീസ് പൊളിച്ചപ്പോള്‍ ലേലത്തില്‍ പിടിച്ച തേക്ക് തടി കൊണ്ടു ഒരു കട്ടില്‍ പണിയിക്കാന്‍ കൊതുകിനെ വിളിച്ചത്. പണി മൂന്ന് ദിവസം ആയിട്ടും കട്ടില്‍ ആകുന്നില്ല. അവസാനം മനോഹരന്‍ ചേട്ടന്‍ ചൂടായി തുടങ്ങി. അപ്പോള്‍ കൊതുക് പറഞ്ഞു. " ചേട്ടാ ഇതു കടച്ചില്‍ അല്ല. കൈ പണിയാ. ഇതൊരു കലയാണു. പണിതു കഴിയുമ്പോള്‍ കണ്ടോളൂ".അങ്ങനെ നാലാമത്തെ ദിവസം മുറ്റത്തെ മാവിന്‍ ചുവട്ടില്‍ വെച്ചു കൊതുക് കട്ടില്‍ കൂട്ടാന്‍ തുടങ്ങി. കൊതുകിന്റെ കത്തി സഹിക്കാന്‍ വയ്യാണ്ട് ഒന്നു പോയി മയങ്ങിയിട്ടു വന്ന മനോഹരന്‍ ചേട്ടന്‍ കണ്ട കാഴ്ച ദയനീയം ആയിരുന്നു. കൂട്ടി തീരാറായ കട്ടിലും അതിന്റെ നടുക്കായി കൊടിമരം പോലെ മാവും. പിന്നെ അവിടെ നടന്നത് കടച്ചില്‍ ആണോ കൈ പണി ആണോ എന്ന് ഇപ്പോളും ആളുകള്‍ക്ക് ഉറപ്പിച്ചു പറയാന്‍ പറ്റിയിട്ടില്ല. എന്തായാലും കൊതുക് അന്ന് കൊണ്ടു മരപ്പണി നിര്ത്തി.

പിന്നെയാണ് രാജുമോന്‍ രാജു സൌണ്ട്സ്‌ എന്ന് പേരില്‍ ലൈറ്റ് ആന്‍ഡ്‌ സൌണ്ട് വര്‍ക്കിന് ഇറങ്ങിയത്‌. കല്യാണം, ഭജന തുടങ്ങിയവ ആയിരുന്നു കൊതുകിന്റെ പ്രധാന പണിസ്ഥലങ്ങള്‍. കല്യാണത്തിന് കെട്ട് മേളത്തിന് പകരം മുക്കാല മുക്കബിലയും ഒക്കെ ആയി കൊതുക് കല്യാണങ്ങള്‍ കൊഴുപ്പിച്ചിരുന്നു ആ ഇടക്കാണ്‌ സ്കൂളിലെ യുവജനോത്സവത്തിന് ലൈറ്റ് ആന്‍ഡ്‌ സൌണ്ട് പണി രാജു സൌണ്ട്സിനു കിട്ടുന്നത്. സ്കൂളിലെ പ്രിന്‍സിപ്പല്‍ ആയ ഗമ ആയിരുന്നു കൊതികിനു.മൈക്കില്‍ നിന്നും രണ്ടു പിള്ളേര്‍ക്ക് ഷോക്ക് അടിച്ചത് ഒഴിച്ചാല്‍ വലിയ പ്രശ്നം ഇല്ലാതെ യുവജനോല്‍സവം കൊതുക് അവസാനിപ്പിച്ച്. അങ്ങനെ ആണ് സ്കൂളിലെ ജയമോഹന്‍ സര്‍ കൊതുകിനെ വിളിച്ചു ആ വര്‍ക്ക് കൊടുക്കുന്നത്."ഈ വരുന്ന മുപ്പതാം തിയതി ഞാന്‍ റിട്ടയര്‍ ചെയ്യുകയാണ്.വീട്ടില്‍ ചെറിയ പരുപാടി ഒക്കെ ഉണ്ടാകും. നീ അഞ്ചു ട്യൂബ് കൊണ്ടു വന്നു അന്ന് കേട്ടിയെക്കണം." കൊതുക് ഏറ്റു . അഞ്ചാം തിയതി ജോലി കഴിഞ്ഞു വന്ന ജയമോഹന്‍ സര്‍ കണ്ടത് വീട്ടിലെ തെങ്ങിലും വാഴയിലും ഒക്കെ ആയി മുപ്പതു ട്യൂബും കെട്ടി നെഞ്ചും വിരിച്ചു നില്ക്കുന്ന കൊതുകിനെ ആണ്.

11 comments:

  1. കൊതുക് ആള് കൊള്ളാമല്ലോ...

    ReplyDelete
  2. കോത്‌കുപുരാണം നന്നായി...
    എഴുത്ത് രസം ണ്ട് ...ട്ടോ

    ReplyDelete
  3. രസമുണ്ട്.. നല്ല എഴുത്താൺ കേട്ടൊ.

    ReplyDelete
  4. കൊതുക് രാജുമോന്‍.!!!...ഹി ഹി

    ReplyDelete
  5. ചാത്തനേറ്: ഹരിഹരന്‍ പിള്ള ഹാപ്പിയാണിലെ ജഗതിയെ ചിരിക്കും തളികയിലൊക്കെ കണ്ട് മടുത്തതാ.. ബാക്കി ഓകെ.

    ReplyDelete
  6. നല്ലവനായ ഈ കൊതുകു ഇപ്പൊഴും ജീവാനൊടെ ഉണ്ടോ? ജയമോഹന്‍ സര്‍ കൊതുകിനെ വെറുതേ വിട്ടോ !!!!! :D

    ReplyDelete
  7. കൊതുക് പുരാണം കലക്കി, ഉഗ്രന്‍, ഇനിയും നല്ല നല്ല ഐറ്റങ്ങള്‍ പോരട്ടേ...

    ReplyDelete
  8. ഹമ്മേ ചിരിച്ചു ചിരിച്ചു മരിച്ചേ. ഈ കൊതുക് ഇപോളും ഉണ്ടേ.എന്റെ ഓഫീസ്ല്‍ ആണ് വര്‍ക്ക്‌ ചെയ്യണേ:)

    ReplyDelete
  9. കൊറ്റായി ചേട്ടാ, കണ്ണനുണ്ണി, രഘു നാഥന്‍ ചേട്ടാ, കുമാര, അരുണ്‍ ചേട്ടാ നന്ദി.
    കുട്ടി ചാത്താ, സത്യത്തില്‍ ആ കാര്യം ഞാന്‍ ബോബനും മോളിയിലും നിന്നും രംഗം ഒന്ന് ഉഷാര്‍ ആക്കാനായി എടുത്തതാ...പിന്നീടാ മനസിലായത് ഇതേ സംഭവം ഹരിഹരന്‍ പിള്ള നേരത്തെ പൊക്കിയെന്നും മറ്റും.ആ സിനിമ ഞാന്‍ കണ്ടില്ല.ചൂണ്ടി കാണിച്ചതിന് നന്ദി.
    Reini, കൊതുക് ഇപ്പോളും ഇവിടെയൊക്കെ മൂളി മൂളി നടപ്പുണ്ട്....ഓണം പ്രമാണിച്ച് പുള്ളിക്കാരന്‍ തിരക്കിലാ.
    മിനി ചേച്ചി, നന്ദി
    മിന്നാമിന്നി, ഓഫീസില്‍ കൊതുകു ശല്യമോ? ഗുഡ് നൈറ്റ ബെസ്റ്റ്.......:)

    ReplyDelete
  10. "ആര് പണിക്കു വിളിച്ചാലും പുള്ളിക്കാരന്‍, മേടിക്കേണ്ട സാധനങ്ങളുടെ കൂടെ രണ്ടു റൂള്‍ പെന്‍സില്‍ കൂടെ എഴുത്തും. ഒരെണ്ണം വരക്കാനും ഒരെണ്ണം കാതില്‍ വെക്കാനും"

    super :-)

    ReplyDelete