വിദ്യാരംഭദിനത്തിൽ എന്തെങ്കിലും നല്ല ശീലങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ലൊരു ചോയിസാണ് പുസ്തക വായന. എന്തെങ്കിലും പ്രശസ്തമായ ബുക്കുകൾ വായിച്ചിട്ടില്ലാത്തവർ വളരെ കുറവായിരിക്കും. എങ്കിലും അതൊരു വിനോദം ആയി, നിത്യ ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുന്നതാണ് ഞാൻ ഉദ്ദേശിച്ചത്. വിശാലമായ ലോകത്തെ അടുത്ത് അറിയാൻ വായന പോലെ നല്ലൊരു മാർഗം വേറെയില്ല. വായനയുടെ മഹത്വം വിളമ്പുകയല്ല ഞാൻ ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്. ഏത് രീതിയിലുള്ള വായനക്കാർക്കും ഇഷ്ടപ്പെടുന്ന, വായന തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനായി തിരഞ്ഞെടുക്കാവുന്ന, എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന ഒരു പുസ്തകത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. നമുക്കേവർക്കും പരിചിതനായ ശ്രീ ഇന്നസെൻറ് എഴുതിയ ക്യാൻസർ വാർഡിലെ ചിരി എന്ന പുസ്തകം.
ഇന്നസെൻറ് എന്ന നടനെയും അദ്ദേഹത്തിന് ബാധിച്ച ക്യാൻസർ എന്ന മാരക അസുഖത്തെക്കുറിച്ചും അറിയാത്തവർ കേരളത്തിൽ അധികംപേർ ഉണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം നടൻ എന്നത് കൂടാതെ അമ്മയുടെ പ്രസിഡൻറ്, ഇപ്പോൾ പാർലമെന്റിലെ ജനപ്രതിനിധി എന്ന നിലയിലും പ്രശസ്തനാണ്. അദ്ദേഹത്തിൻറെ ആത്മകഥകൾ മുൻപ് ആഴ്ചപ്പതിപ്പുകളിൽ വരുകയും പിന്നീട് പുസ്തകരൂപത്തിൽ ഞാൻ ഇന്നസെൻറ് എന്നപേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്യപ്പെട്ടിട്ടുണ്ട്. ഹാസ്യനടൻ എന്ന് പേരെടുത്ത അദ്ദേഹത്തിൻറെ കൃതികൾ ഓരോന്നും ഹാസ്യാത്മകമാണ്. ഹാസ്യരചന എന്നതിലുപരി അതിലൊക്കെ ജീവിതമുണ്ട്. അത് ഒരു സാധാരണക്കാരൻറെ - വിദ്യാഭ്യാസം അധികം ലഭിച്ചിട്ടില്ലാത്ത ഒരു സാധാരണക്കാരൻറെ ഭാഷയിൽ ജീവിതത്തെ വരച്ചുകാണിച്ചിട്ടുണ്ട്. മഹത്തായ രചനകൾ ഒന്നുമല്ല അവയെങ്കിലും നമുക്ക് പരിചിതമായ ജീവിതദുഃഖങ്ങളെ ഹാസ്യത്തിൻറെ മേൻപൊടിയോടുകൂടി വിവരിക്കുന്നതിൽ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. ബഷീറിൻറെ രചനകളിൽ കണ്ടു ശീലിച്ച ഒരു രീതി.
ഇന്നസെന്റിന്റെ മറ്റ് രചനകളിൽ നിന്നും വ്യത്യസ്തമാണ് ക്യാൻസർ വാർഡിലെ ചിരി. ഒരാളുടെ, ഒരു പ്രശസ്തന്റെ ജീവിതത്തിൽ ക്യാൻസർ പോലൊരു മഹാമാരി കടന്നു ചെല്ലുന്നതും കുടുംബജീവിതത്തിന് വിലകൽപ്പിക്കുന്ന ഒരു ഗൃഹനാഥൻ കൂടെയായ അദ്ദേഹത്തിൻറെ ജീവിതത്തിലും കുടുംബാന്തരീക്ഷത്തിലും ആ രോഗം കരിനിഴൽ വീഴ്ത്തുന്നതും വ്യക്തമായ രീതിയിൽ അദ്ദേഹം വിവരിച്ചു തരുന്നു. ക്യാൻസർ പോലൊരു അസുഖത്തെപ്പറ്റി ഒരാൾക്കുള്ള കാഴ്ചപ്പാട്. അത് രോഗം ബാധിക്കുന്നതിന് മുൻപും ശേഷവും എപ്രകാരമാണ്, ആ രോഗം ഒരു സാധാരണക്കാരൻറെ ജീവിതത്തിലേക്ക് കടന്നു ചെല്ലുമ്പോൾ ഉണ്ടാകുന്ന നിസഹായത ഇതൊക്കെ വായനക്കാരനെ തീർച്ചയായും പിടിച്ചു കുലുക്കും. ആ രോഗത്തെ അദ്ദേഹം നേരിട്ട രീതിയും അതിൽ നിന്നും മേടിക്കുന്ന മോചനവുമാണ് പുസ്തകത്തിൻറെ രണ്ടാം ഭാഗം. ഒരു സിനിമ കഥയിലെ ക്ലൈമാക്സ് ട്വിസ്റ്റ് പോലെ അവസാനം തൻ്റെ ഭാര്യയ്ക്ക് ആ രോഗം ബാധിക്കുന്നതും അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നു.
മലയാള സിനിമയിലെ ഏറ്റവും നല്ല ഹാസ്യനടൻ ആണ് ഇന്നസെൻറ് എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ ഒരു ഹാസ്യനടനെ ഒരു ദുരന്തം ബാധിക്കുന്നതും സമൂഹം അതിനെ കാണുന്ന രീതിയും ഹാസ്യനടൻ എന്ന ബാധ്യത സമൂഹം ചാർത്തി തന്നതിനാൽ ഇനി ഹാസ്യത്തിലൂടെ ഈ ദുരന്തത്തെ നേരിടാം എന്ന രീതിയിൽ നേരിട്ട് ആ ഉദ്ദ്യമത്തിൽ വിജയിച്ച ഇന്നസെന്റിന്റെ ആ അനുഭവങ്ങൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ്. കേരള സർക്കാർ അദ്ദേഹത്തിൻറെ കുറിപ്പുകൾ സ്കൂൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതും അതിൽ ഭാവി തലമുറയ്ക്ക് ഗുണകരമായ ചില അതിജീവനപാഠങ്ങൾ ഉള്ളത് കൊണ്ട് തന്നെയാണ്. നൂറോളം പേജുകൾ മാത്രമുള്ള ഈ ചെറിയ പുസ്തകം വായനയുടെ ലോകത്തേക്കുള്ള ആദ്യ ചുവടുവെയ്പ്പായി ഞാൻ വായനാ ലോകത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നവർക്ക് നിർദ്ദേശിക്കുന്നു.
No comments:
Post a Comment