കുട്ടനാട്ടിലെ എന്നല്ല ആലപ്പുഴയിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമാണ് കുട്ടനാട് കൈനകരി പഞ്ചായത്തിലെ ആർ ബ്ലോക്ക് എന്ന പ്രദേശം.ആലപ്പുഴ കോട്ടയം ബോട്ട് പാതയിൽ ഏകദേശം ഒരു മണിക്കൂർ അടുത്ത് യാത്ര ചെയ്താൽ മാത്രമാണ് ആർ ബ്ലോക്കിൽ എത്തിച്ചേരാൻ സാധിക്കുക. പുന്നമടക്കായലും വേമ്പനാട്ട് കായലും കടന്ന് മാർത്താണ്ഡൻ കായലിലൂടെ ആർ ബ്ലോക്കിലേക്കുള്ള യാത്ര കുട്ടനാടൻ കായൽ യാത്രയുടെ എല്ലാ സൗന്ദര്യവും ഇഴചേർന്നതാണ്. മാർത്താണ്ഡൻ കായൽ അവസാനിക്കുന്ന സ്ഥലത്തുനിന്നാണ് ആർ ബ്ലോക്ക് ആരംഭിക്കുന്നത്. ആലപ്പുഴ കോട്ടയം അതിർത്തിയിൽ ആലപ്പുഴ ഭാഗത്തുള്ള അവസാന ബ്ലോക്കുകളിൽ ഒന്നാണ്
ആർ ബ്ലോക്ക്.
ചിത്രം 1 . മാർത്താണ്ഡൻ കായലിലൂടെ ആർ ബ്ലോക്കിലേക്ക്
തുടർന്ന് മുന്നോട്ട് പോകുന്നതിനു മുൻപ് എന്താണ് ഈ ബ്ലോക്ക് എന്ന് ഒന്ന് വിശദമാക്കാം. ഒന്നാം കുട്ടനാടൻ ബ്ലോഗിൽ പറഞ്ഞത് പോലെ കായൽ നികത്തി വയലുകൾ നിർമ്മിക്കാൻ സ്വകാര്യവ്യക്തികൾ ഇറങ്ങിത്തിരിച്ച കാലത്ത് ഈ കായൽ പ്രദേശം മുഴുവൻ തിരുവിതാംകൂർ രാജവംശത്തിൻറെ കീഴിൽ ആയിരുന്നു. അവരുടെ ഓർമയിലാണ് കായലുകൾക്ക് മാർത്താണ്ഡൻ കായൽ എന്നും, റാണി കായൽ എന്നും ചിത്തിര കായൽ എന്നും ഒക്കെ പേര് നൽകിയിരിക്കുന്നത്. കായൽ പ്രദേശം വ്യക്തികൾക്ക് നൽകുന്നതിനുള്ള എളുപ്പത്തിനായി അവയെ പല ബ്ലോക്കുകളായി തിരിച്ച് ഇംഗ്ലീഷ് അക്ഷരങ്ങളുടെ പേര് നൽകുകയുണ്ടായി. എ ബ്ലോക്ക് , ബി ബ്ലോക്ക് എന്നിങ്ങനെ. ഓരോ ബ്ലോക്കും അഞ്ഞൂറുമുതൽ ആയിരത്തിയഞ്ഞൂറു വരെ ഏക്കറുകൾ വ്യാപിച്ചതാണ്. ഇതിൽ ആയിരത്തി നാന്നൂറ് ഏക്കർ പരന്നുകിടക്കുന്ന ഒരു ഭൂപ്രദേശമാണ് ആർ ബ്ലോക്ക്.
നമുക്ക് ആർ ബ്ലോക്ക് യാത്രയിലേക്ക് മടങ്ങാം. ആർ ബ്ലോക്ക് എത്തുന്നത് വരെ കായലിൻറെ ഇരുകരകളിലും പ്രളയത്തിന് ശേഷം വിതച്ച നെല്ലുകൾ പച്ച പരവതാനി വിരിച്ച പാടങ്ങളാണ്. അങ്ങോട്ട് ചെല്ലുന്തോറും കായൽ കരകളിൽ ജനവാസം കുറഞ്ഞു തുടങ്ങും. ആർ ബ്ലോക്ക് എത്തുന്നതിന് മുൻപായി കായലിൻറെ വലത്ത് ഭാഗത്തായി ഇപ്പോളും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു പാടശേഖരം കാണാം. അതാണ് ഇ ബ്ലോക്ക്. ആറു വർഷമായി അവിടെ മട വീണു കിടക്കുകയാണത്രേ. പ്രളയത്തിന് ശേഷം അവിടെ മടയുടെ പണി ആരംഭിച്ചിട്ടുണ്ടെങ്കിലും വളരെ സാവകാശത്തിലാണ് പണി നീങ്ങുന്നതെന്ന് തദ്ദേശ വാസികൾ പറയുന്നു. കഴിഞ്ഞ ആറു വർഷമായി കൃഷി ഇല്ലാത്തതിനാൽ അവർക്കും കിട്ടിയാൽ കിട്ടി എന്നൊരു ഭാവം ഉള്ളതായി തോന്നി.
ചിത്രം 2 . മട വീണുകിടക്കുന്ന ഇ ബ്ലോക്ക്. മടയുടെ പണി നടക്കുന്നത് കാണാം
ഇ ബ്ലോക്കിന്റെ കാഴ്ചകളിൽ നിന്നും കണ്ണ് ഇടത്ത് ഭാഗത്തേക്ക് മാറുമ്പോൾ തികച്ചും വ്യത്യസ്തമായ ഒരു ഭൂപ്രദേശം കണ്മുന്നിൽ തെളിയും.പതിവ് കുട്ടനാടൻ ബ്ലോക്കുകളിൽ നിന്നും വ്യത്യസ്തമായി പാടശേഖരങ്ങൾക്ക് പകരം തെങ്ങിൻ തോപ്പുകൾ. അതും നൂറു കണക്കിന് തലപോയ തെങ്ങുകൾ. കായൽ വരമ്പിൽ തകർന്ന വീടുകൾ, ഓഫീസ് കെട്ടിടങ്ങൾ, ആകെ കാട് പിടിച്ചു കിടക്കുന്ന പ്രദേശം. ഇംഗ്ലീഷ് സിനിമകളിലും പ്രശസ്തമായ ലോസ്റ്റ് സീരിയലിലും കണ്ടിട്ടുള്ളത് പോലെ ഉപേക്ഷിക്കപ്പെട്ട, എന്നാൽ നല്ലൊരു ഭൂതകാലത്തിന്റെ ഓർമ്മകൾ പേറുന്ന കെട്ടിടങ്ങൾ. വളരെ കുറച്ച് കുടുംബങ്ങൾ മാത്രമേ ഇപ്പോൾ ആർ ബ്ലോക്കിൽ അവശേഷിക്കുന്നുള്ളൂ. പ്രളയത്തെ തുടർന്ന് കുട്ടനാട് വിട്ടുപോയ കുറെ കുടുംബങ്ങൾ ഇപ്പോളും നാട്ടിൽ തന്നെ വീട് വാടകയ്ക്ക് എടുത്ത് അവിടെ ആണ് താമസം. മിച്ചം ഉള്ളത് നൂറോളം ആളുകൾ മാത്രമാണ്. ശരിക്കും നരകതുല്യമാണ് അവിടെ അവശേഷിക്കുന്നവരുടെ ഇപ്പോളത്തെ ജീവിതം. വർഷങ്ങളായി ആ പ്രദേശം വെള്ളത്തിനടിയിലാണ്. അതിനാൽ തന്നെ കാട് കയറി ശുദ്ധജല ദൗർലഭ്യതയും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ പോലും ഇല്ലാതെയുമാണ് അവർ ഇപ്പോൾ അവിടെ കഴിയുന്നത്. ഇവരെ പുനഃരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കുട്ടനാട്ട്കാരുടെ സ്വഭാവം വെച്ച് അവർ ആ ഭൂപ്രദേശം വിട്ട് അങ്ങനെ പോകാറില്ല. അതിനാൽ എത്ര കുടുംബങ്ങൾ ഒരു പുനരധിവാസത്തിന് തയ്യാറാകുമെന്നത് കണ്ടറിയാം.
ചിത്രം 3 . ആർ ബ്ലോക്ക് കാഴ്ചകൾ
ചിത്രം 4. ആർ ബ്ലോക്ക് കാഴ്ചകൾ
ചിത്രം 5 . ആർ ബ്ലോക്ക് കാഴ്ചകൾ
ചിത്രം 6 . ആർ ബ്ലോക്ക് കാഴ്ചകൾ
ചിത്രം 7 . ആർ ബ്ലോക്കിൽ ആൾ താമസം ഉള്ള ഒരു വീട്. വരാന്തയിൽ വരെ ഇപ്പോളും വെള്ളം
ചിത്രം 8 . ആർ ബ്ലോക്ക് കാഴ്ചകൾ
ചിത്രം 9 . ആർ ബ്ലോക്ക് കാഴ്ചകൾ
ചിത്രം 10. ആർ ബ്ലോക്ക് കാഴ്ചകൾ
ചിത്രം 11 . ഉത്സവപ്പറമ്പിലെ വളക്കടകൾ പോലെ കാണുന്ന ഈ ഷെഡുകളിലാണ് ആർ ബ്ലോക്കുകാർ ഇപ്പോൾ താമസിക്കുന്നത്
ചിത്രം 12. കിടപ്പ് മുറിയും ഓഫീസുമായി രൂപാന്തരപ്പെട്ട ഒരു ബോട്ട് ജെട്ടിയിൽ അവിടുത്തെ കാവൽക്കാർ
ചിത്രം 13 . ഈ പ്രളയത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഒന്ന്
ചിത്രം 14 . ഈ പ്രളയത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഒന്ന്
ചിത്രം 15. ഈ പ്രളയത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഒന്ന്
ചിത്രം 16. വർഷങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു വീട്. സൺ ഷേഡ് വരെ ഇപ്പോളും വെള്ളം
ചിത്രം 18. പ്രളയത്തെ തുടർന്ന് കൊണ്ടുവന്ന് വെച്ച പമ്പുകൾ. ഡീസൽ ഇല്ലാത്തതിനാൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
ഒരുകാലത്ത് കുട്ടനാടൻ ടൂറിസത്തിൻറെ അവിഭാജ്യ ഘടകമായ കുട്ടനാടൻ കള്ളിന് ഏറ്റവും പ്രശസ്തമായ പ്രദേശമായിരുന്നു ആർ ബ്ലോക്ക്. നെല്ലിൽ നിന്നും മാറി തെങ്ങും മാറ്റ് മരങ്ങളും വെച്ചു പിടിപ്പിച്ച അവിടെ ഒരു സമയത്ത് ആയിരക്കണക്കിന് തെങ്ങുകൾ ആണ് കുട്ടനാടൻ ഫല സമൃദ്ധിയുടെ നേർക്കാഴ്ചയായി നിന്നിരുന്നത്. അഞ്ഞൂറോളം ചെത്ത് തൊഴിലാളികൾ ആർ ബ്ലോക്കിൽ മാത്രം ജോലി നോക്കിയിരുന്നു എന്ന് പഴമക്കാർ പറയുന്നു. തെങ്ങിൽ നിന്നും നേരിട്ട് ചെത്തി ഇറക്കുന്ന കള്ള് തേടി സഞ്ചാരികൾ കുട്ടനാട്ടിലേക്ക് വഞ്ചി കയറുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ കാലത്തിന്റെ പ്രേതമാണ് ഇന്നത്തെ ആർ ബ്ലോക്ക്. ഈ ഒരു അവസ്ഥയ്ക്ക് കാരണമായി അവിടുള്ളവർ പറയുന്നത് ഇതാണ്. കുട്ടനാടിനെയും ആർ ബ്ലോക്കിനെയും കുറിച്ച് കേട്ട മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇവിടെ ഏക്കർ കണക്കിന് സ്ഥലം വാങ്ങി കൂട്ടി. കുട്ടനാടൻ ഭൂമിശാസ്ത്രത്തെ കുറിച്ച് ഒരു ധാരണയുമില്ലാത്ത അവർ മറ്റുള്ള ബ്രോക്കർമാരുടെയും മറ്റും വാക്കുകൾ കേട്ട് കുട്ടനാടിന് ചേരാത്ത കൃഷികൾ അവിടെ പരീക്ഷിക്കുകയും അവർ നോക്കാൻ ഏൽപ്പിച്ച ആളുകളുടെ അനാസ്ഥത മൂലം മടകൾ സംരക്ഷിക്കാതെ തകർന്ന് വെള്ളം കയറുകയും ചെയ്തത്രേ. അങ്ങനെ വെള്ളത്തിൽ മുങ്ങിക്കിടന്നപ്പോൾ തെങ്ങുകളും മരങ്ങളും നശിക്കുകയും പുല്ല് കാട് പിടിക്കുകയും ചെയ്തു, ആ മടകൾ കെട്ടി വെള്ളം പറ്റിക്കാൻ ആരും മിനക്കെട്ടില്ല. ഫലമോ? ആ പ്രദേശം ഒരു പ്രേതഭൂമി ആയി പാമ്പുകൾ നിറഞ്ഞു. ഇപ്പോൾ താമസിക്കുന്ന ഓരോ വീട്ടുകാരുടെ കൂടെയും കുറഞ്ഞത് ഒരു പട്ടി എങ്കിലും കൂട്ട് ഉണ്ട്. പാമ്പ് ശല്യം തന്നെ കാരണം.
ചിത്രം 19. ആർ ബ്ലോക്കുകാർ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കൂടുകൾ
ഇതൊക്കെ ആണെങ്കിലും ആർ ബ്ലോക്ക് നിവാസികളെ ഇപ്പോളും ആ സ്ഥലത്ത് നിന്നും വിടാതെ പിടിച്ച് നിർത്തുന്ന ഒരു ഘടകം അവിടുത്തെ മൽസ്യ സമ്പത്താണ്. ജനവാസം കുറവായതിനാൽ വരാൽ, കാരി, കരിമീൻ, കക്കാ ഇറച്ചി എന്നിവയുടെ നല്ലൊരു ശേഖരം ആർ ബ്ലോക്കിലും ചുറ്റിനുമായി ഉണ്ട്. അത് തന്നെ ആണ് അവരുടെ പ്രധാന വരുമാനവും. കുട്ടനാടിൻറെ കണ്ണായ ഈ പ്രദേശത്തിന് അതിൻറെ പ്രതാപകാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് സാധ്യമായില്ലെങ്കിലും ബുദ്ധിപരമായ സമീപനത്തിലൂടെ ടൂറിസത്തിലൂടെയോ കൃഷിയിലൂടെയോ കേരളത്തിന് തന്നെ അഭിമാനമായി മാറുന്ന രീതിയിൽ ആർ ബ്ലോക്ക് ഒരിക്കൽ രൂപാന്തരപ്പെടും എന്ന വിശ്വാസത്തോടെ നിർത്തുന്നു.
No comments:
Post a Comment