മലയാളികൾക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഒരു കൃതിയാണ് ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ "യക്ഷി". 1967 ഇൽ പുറത്തിറങ്ങിയ ആ പുസ്തകം വായിച്ചിട്ടില്ലാത്തവർ ചുരുക്കം. 1968 ഇൽ തന്നെ സത്യൻ, ശാരദ ജോടികൾ അഭിനയിച്ച "യക്ഷി" എന്ന പേരിൽ ഇറങ്ങിയ സിനിമ പുസ്തകം വായിക്കാത്ത മലയാളികളെ വരെ ആ കഥയിലേക്ക് കൊണ്ടുപോയി. വയലാർ എഴുതിയ "സ്വർണ്ണച്ചാമരം വീശിയെത്തുന്ന" എന്ന മനോഹരഗാനം ആ സിനിമയിലേതായിരുന്നു. പിന്നീട് മലയാളസിനിമ ന്യൂ ജൻ കാലത്തിൽ എത്തിയപ്പോഴും അവർ ആ കഥ തേടിപ്പോയെങ്കിൽ കാലത്തിന് മായ്ക്കാൻ സാധിക്കാത്ത ബ്രില്ല്യൻസ് ആ കഥയ്ക്കുണ്ട് എന്ന സത്യം അവർ തിരിച്ചറിഞ്ഞത് കൊണ്ടുതന്നെ ആവാം. അങ്ങനെയാണ് 2011 ഇൽ ഫഹദ് ഫാസിൽ നായകനായി "അകം" എന്ന സിനിമ ഉദയം കൊണ്ടത്. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ ആ ചിത്രം ശ്രദ്ധിക്കപ്പെടുകയുണ്ടായി.
മലയാളത്തിൽ ഇന്നോളം ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ചതെന്ന് കണക്കാക്കാവുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറിനെ നിരൂപണം ചെയ്തുകളയാമെന്ന സാഹസം ഒന്നുമല്ലെങ്കിലും ആ വായനാനുഭവം ഇവിടെ പങ്കുവെക്കുന്നു. മലയാളം നോവലുകൾ വായിച്ചുതുടങ്ങിയ കാലം. പൊള്ളേത്തൈ സ്ക്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു. പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ ഒരു വഴിയുണ്ടായിരുന്നു. മലയാളം പാഠപുസ്തകത്തിൽ മലയാളത്തിലെ പ്രശസ്തരായ കവികളുടെയും കഥാകാരന്മാരുടെയും ചെറിയൊരു സൃഷ്ടി പഠിക്കുവാനുള്ള പാഠമായി നൽകും. പാഠം തുടങ്ങുന്നതിന് മുൻപായി ഒരു പാരഗ്രാഫ് ചെറിയ അക്ഷരത്തിൽ രചയിതാവിനെ പരിചയപ്പെടുത്താൻ മാറ്റിവെച്ചേക്കും. അതിൽ അദ്ദേഹത്തിൻറെ പ്രധാന കൃതികൾ ഏതൊക്കെയാണെന്നും ലഭിച്ച അവാർഡുകൾ ഏതൊക്കെയാണെന്നും കുറിച്ചിട്ടുണ്ടാകും. (വളരെ നല്ലൊരു ആശയം ആയിരുന്നെങ്കിലും സിലബസ് തീർക്കാനുള്ള വ്യഗ്രതയിൽ അന്നത്തെ ഒരു ടീച്ചറും ആ പാരഗ്രാഫ് എന്തിനാണെന്ന് പോലും പറഞ്ഞു നൽകിയിരുന്നില്ല എന്നത് ദുഃഖകരമായ ഒരു വസ്തുത ആയിരുന്നു. ആവശ്യക്കാർക്ക് വേണമെങ്കിൽ വായിച്ചു നോക്കാം എന്ന ലൈൻ) പാഠഭാഗം ഇഷ്ടപ്പെട്ടാൽ ആ രചയിതാവിൻറെ മറ്റ് പുസ്തകങ്ങൾ ആ പാരഗ്രാഫിൽ നിന്നും നോക്കി മനസിലാക്കും, പിന്നെ ലൈബ്രറിയിൽ പോകുമ്പോൾ അത് അന്വേഷിച്ച് വായിക്കും. മലയാറ്റൂരിൻറെ വേരുകളിലെ ഒരു ഭാഗം അന്ന് പഠിക്കാൻ ഉണ്ടായിരുന്നു. അത് വളരെ ഇഷ്ടപ്പെട്ടതിനാൽ ആ പുസ്തകം കോർത്തുശ്ശേരി എസ്.എൻ. ലൈബ്രറിയിൽ നിന്നും കണ്ടുപിടിച്ച് വായിച്ചു. അതോടൊപ്പം മറ്റൊരു പേരും മനസ്സിൽ കുറിച്ചിട്ടു, യക്ഷി. പ്രേതകഥകൾ വായിക്കാൻ ഇഷ്ടമാണ്. അപ്പോൾ മലയാറ്റൂർ തന്നെ യക്ഷി എന്നൊരു കൃതി എഴുതിയിട്ടുണ്ടെങ്കിൽ അത് വായിക്കുക തന്നെ. പക്ഷെ എസ്.എൻ. ലൈബ്രറിയിൽ ആ പുസ്തകം ഇല്ലായിരുന്നു. പിന്നീട് ദേശസേവിനിയിൽ അംഗത്വം എടുത്ത് ചെന്നപ്പോളാകട്ടെ നോക്കുന്നതൊക്കെ വായിക്കാൻ ആഗ്രഹിച്ച പുസ്തകങ്ങൾ മാത്രം. ആ തിരക്കിനിടയിൽ യക്ഷി വഴുതിപ്പോയി. "എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ" എന്ന് പറയും പോലെ ഈ അടുത്തകാലത്താണ് ആ പുസ്തകം കയ്യിലെത്തുന്നത്.
ഒറ്റയിരുപ്പിനു വായിച്ചു തീർക്കാൻ പറ്റുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലർ. ഇപ്പോൾ ഒരു നല്ല സിനിമ ഇറങ്ങിയാൽ കാണുന്ന ഒരു ട്രെൻഡ് ആണ് ഡയറക്‌ടർ ബ്രില്ല്യൻസ് കണ്ടുപിടിക്കൽ. യക്ഷി വായിച്ചുകഴിയുമ്പോൾ അത്ഭുതപ്പെട്ടുപോകുന്നത് മലയാറ്റൂരിൻറെ ബ്രില്ല്യൻസിനെ കുറിച്ചോർത്താണ്. കഥാഗതിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ വ്യക്തമായി നിർവചിച്ചിരിക്കുന്നു. സൈക്കിക്ക് ആയ ഒരാളുടെ ചിന്താഗതികൾ അതിമനോഹരമായാണ് മലയാറ്റൂർ വരച്ചിട്ടിരിക്കുന്നത്. കാലാനുവർത്തിയാണ് ആ കഥ എന്നതാണ് മറ്റൊരു പ്രത്യേകത. ഇവിടെ നായകൻറെ ചിന്തകളെ സ്വാധീനിച്ചത് അക്കാലഘട്ടത്തിലെ ആളുകളുടെ പേടിസ്വപ്നം ആയിരുന്ന യക്ഷി ആയിരുന്നെങ്കിൽ ഇന്ന് മറ്റെന്തെങ്കിലും ആവാം. സംശയത്താൽ ഭാര്യയെ കൊലപ്പെടുത്തുന്ന കഥകളും ദാമ്പത്യ ബന്ധങ്ങൾ തകരുന്ന കഥകളും ധാരാളം നാം കേൾക്കാറുണ്ട്. അവരുടെയൊക്കെ ജീവിതത്തിൽ ഇതുപോലെയുള്ള യക്ഷികൾ തന്നെ ആകും വില്ലന്മാർ. നാല്പത്തഞ്ച് വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഭാഷയിൽ ഇതുപോലൊരു സാഹിത്യസൃഷ്ടി ഉദയം ചെയ്തതിൽ മലയാളികളായ നമുക്കോരോരുത്തർക്കും അഭിമാനിക്കാം.
No comments:
Post a Comment