Thursday, October 28, 2021

വായനാനുഭവം : അയൽക്കാർ


പി കേശവദേവ് 

ഇരുപതാം നൂറ്റാണ്ടിൽ മലയാളത്തിൽ രചിക്കപ്പെട്ട അതുല്യ രചനകളിൽ ഒന്നാണ് പി. കേശവദേവിൻറെ "അയൽക്കാർ". ആ കാലഘട്ടത്തിൽ ഒട്ടേറെ കൃതികൾക്ക് പ്രതിപാദ്യവിഷയമായത് കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായം എന്ന സമ്പ്രദായത്തിന്റെ ദൂഷ്യഫലങ്ങളും തകർച്ചയും പിന്നെ ജാതി സമവാക്യങ്ങളിൽ ഉണ്ടായ വ്യത്യാസങ്ങളുമാണ്. അയൽക്കാർ എന്ന കൃതിയുടെ പ്രതിപാദ്യവും അത് തന്നെ. ലളിതമായ ശൈലിയിൽ ഒരു സിനിമയിൽ കാണുന്നത് പോലെ ആ കഥ വർണ്ണിച്ചിരിക്കുന്ന രീതിയാണ് മറ്റു കൃതികളിൽ നിന്നും അയൽക്കാരെ ഒരു പടി ഉയർത്തി നിർത്തുന്നത്.


1953 ലാണ് പി കേശവദേവ് "അയൽക്കാർ" എഴുതുന്നത്. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിലേ മധ്യകേരളത്തിലെ ഒരു കർഷക ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങളെ ചുറ്റിപ്പറ്റിയാണ് കഥയുടെ വികാസം. മംഗലശ്ശേരി എന്ന നായർ തറവാട് ആണ് കഥയിലെ കേന്ദ്രബിന്ദു. യാഥാസ്ഥിതികനായ കാരണവർ പദ്‌മനാഭപിള്ള ആഢ്യത്വത്തിൽ നിന്നും പടിയിറങ്ങിപ്പോകേണ്ടി വരുന്ന കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തിന്റെ പ്രതിനിധിയാണ്. ഒരു പ്രളയകാലത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ മംഗലശ്ശേരിയിൽ അഭയം തേടുന്ന കുഞ്ഞുവറീതും ഈഴവൻ ആണെങ്കിലും മംഗലശ്ശേരി തറവാടിൻറെ നെടുംതൂണായ കുഞ്ഞനുമാണ് മറ്റ് കഥാപാത്രങ്ങൾ. മംഗലശ്ശേരിയുടെ തകർച്ചയിലൂടെ ഫ്യൂഡൽ സംവിധാനം ഇല്ലാതായ രീതി കഥാകാരൻ വ്യക്തമാക്കിത്തരുന്നു. പടിപടിയായി കുഞ്ഞുവറീത് ഒരു മുതലാളിയായി മാറുന്നതും ഈഴവർ ഒരു സമുദായം എന്ന നിലയിൽ മുന്നേറുന്നതും ഈ മൂന്ന് കുടുംബങ്ങളിലൂടെ തന്നെ കേശവദേവ് വരച്ചുകാട്ടുന്നുണ്ട്. കഥ ആരംഭിക്കുന്ന സമയത്തുള്ള ഒരു കഥാപാത്രത്തിന് സ്വപ്‌നത്തിൽ പോലും ചിന്തിക്കാൻ സാധിക്കാത്ത വ്യത്യാസമാണ് കഥ അവസാനിക്കുമ്പോൾ ആ ഗ്രാമത്തിൽ ഉണ്ടാകുന്നത്. തിരിച്ചും അതേപോലെ തന്നെ. കഥ അവസാനിക്കുന്ന സമയത്തുള്ള ഒരു കഥാപാത്രത്തിന് തുടക്കത്തിൽ ആ ഗ്രാമത്തിൽ ഉണ്ടായിരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനേ സാധിക്കുന്നില്ല.  


ഇതുപോലെയുള്ള പ്രമേയങ്ങൾ ധാരാളം പിന്നീട് പല പല നോവലുകളിലും സിനിമകളിലും വന്നിട്ടുള്ളതിനാൽ ഇപ്പോൾ വായിക്കുമ്പോൾ കഥാഗതിയൊക്കെ ഏറെക്കുറെ പ്രവചിക്കാൻ സാധിക്കുമെങ്കിലും അയൽക്കാർ നൽകുന്ന വായനാനുഭവം ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് 1964 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ഈ കൃതിയെ തേടിയെത്തിയത്. മലയാള നോവൽ സാഹിത്യത്തിലെ മികച്ച കൃതികളുടെ ലിസ്റ്റിൽ ഇടംപിടിച്ച അയൽക്കാർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കൃതി തന്നെയാണ്   

No comments:

Post a Comment