Tuesday, January 4, 2022

വായനാനുഭവം : മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ


ശ്രീ ബെന്യാമിന് 2021 ലെ വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയാണ് "മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ". ഒരുകാര്യം ഉറപ്പാണ് മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായി ശ്രീ ബെന്യാമിൻ സിംഹാസനം അരക്കിട്ടുറപ്പിക്കുന്ന കൃതി എന്ന പേരിലായിരിക്കും ഈ കൃതി ഭാവിയിൽ അറിയപ്പെടാൻ പോകുന്നത്. ചെറുതും വലുതുമായ ധാരാളം അവാർഡുകൾ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങളെ തേടി ഇനിയുമെത്തും. 

ആടുജീവിതത്തിലൂടെയാണ് ശ്രീ ബെന്യാമിൻ എന്ന എഴുത്തുകാരനെക്കുറിച്ച് ആദ്യമായി കേൾക്കുന്നതും വായിച്ചനുഭവിക്കുന്നതും. അന്ന് തോന്നി ഒരു എഴുത്തുകാരൻറെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന ഏറ്റവും മികച്ച സൃഷ്ടി എന്നൊന്ന് ഉണ്ടെങ്കിൽ അതായിരിക്കും ബെന്യാമിന് ആടുജീവിതം എന്നാണ്. പിന്നീട് അദ്ദേഹത്തിൻറെ ഓരോ കൃതികൾ വായിക്കുമ്പോളും ആ ധാരണ തെറ്റായിരുന്നുവെന്ന് മനസിലായി. അദ്ദേഹത്തിൻറെ പുസ്തകങ്ങളിലെ താളുകൾ വായിച്ചു തീർക്കുന്തോറും അദ്ദേഹത്തോടുള്ള ബഹുമാനവും ആദരവും അത്ഭുതവും കൂടിക്കൂടിവരുന്നു. റിയലിസ്റ്റിക് നോവലുകൾക്ക് ഉത്തമനിദാന്തമാണ് ബെന്യാമിൻറെ കൃതികൾ. സത്യമാണോ അതോ ഭാവനയാണോ എന്ന് വായനക്കാരന് സ്ഥലജലവിഭ്രമം ഉണ്ടാക്കുകയും അവസാനം ഇത് നടന്ന സംഭവം തന്നെ അല്ലാതെ ഇങ്ങനെയൊക്കെ ഭാവനയിൽ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുമോ എന്നൊരു ചിന്തയോടെ വായിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കൃതികൾ. ഇനിയും അതുപോലുള്ള ധാരാളം കൃതികൾ അദ്ദേഹത്തിൻറെ തൂലികയിൽ നിന്നും ജന്മംകൊള്ളട്ടെ എന്ന് ആശംസിക്കുന്നു, കാത്തിരിക്കുന്നു.

സ്വദേശമായ മാന്തളിർ ദേശത്തെ ആധാരമാക്കി നാല് പുസ്തകങ്ങൾ - ഒരു നോവൽ സഞ്ചയം. മാന്തളിരിലെ ഇരുപത് വർഷങ്ങളുടെ ജീവിതത്തെ ഓരോ പുസ്തകങ്ങളിലാക്കി നാല് ഭാഗങ്ങളായി പുറത്തിറക്കുകയാണ് അദ്ദേഹത്തിൻറെ മനസിലുള്ളതെന്ന് ഈ പുസ്തകത്തിന്റെ മുഖവുരയിൽ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ആദ്യപുസ്തകം, "അക്കപ്പോരിൻറെ ഇരുപത് നസ്രാണി വർഷങ്ങൾ" പുറത്തിറങ്ങിക്കഴിഞ്ഞ് രണ്ടാമത്തെ പുസ്തകമായാണ് മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ പുറത്തിറങ്ങുന്നതെങ്കിലും സ്വതന്ത്രമായ ഒരു വായനാനുഭവം നൽകുന്ന കൃതി തന്നെയാണ് രണ്ടാമത്തെ പുസ്തകം. ഇനിയും രണ്ട് പുസ്തകങ്ങൾ കൂടി ഈ സഞ്ചയത്തിൽ ബാക്കിയുണ്ട് എന്നത് മനസിന് വളരെ സന്തോഷം നൽകുന്നു. ആദ്യ പുസ്തകം മാന്തളിർ ദേശത്തെ പള്ളിയുമായി ബന്ധപ്പെട്ട് ഉള്ള സഭാ തർക്കങ്ങളെയാണ് വരച്ചിട്ടത്. മാന്തളിർ മത്തായിയും അനുജൻ മാന്തളിർ കുഞ്ഞൂഞ്ഞുമായിരുന്നു അവിടെ കേന്ദ്രകഥാപാത്രങ്ങൾ. രണ്ടാമത്തെ പുസ്തകത്തിലെത്തുമ്പോൾ ആദ്യപുസ്തകത്തിൽ പ്രതിപാദിച്ച 20 വർഷങ്ങൾക്ക് ശേഷമുള്ള 20 വർഷത്തെ ജീവിതങ്ങൾ വിവരിക്കപ്പെടുന്നു. അതിലൂടെ മാന്തളിർ കുടുംബത്തെ നമ്മൾ വളരെ അടുത്ത് പരിചയപ്പെടുന്നു. മാന്തളിർ മത്തായിയുടെ ചെറുമകനാണ് ഇവിടെ കേന്ദ്രകഥാപാത്രം. ആദ്യകഥയിൽ സഭാതർക്കങ്ങൾ ആയിരുന്നെങ്കിൽ ഇവിടെ തർക്കം രണ്ട് വിശ്വാസപ്രമാണങ്ങൾ തമ്മിലാകുന്നു. മതവും കമ്മ്യൂണിസവും. വളരെ പ്രകോപനപരമായ ഈ രണ്ടു വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് ഒന്നാമത്തെ ഹൈലൈറ്റ്. ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും, ഇതിലെ ഓരോ അധ്യായങ്ങളും. കൗതുകം ജനിപ്പിച്ച പുസ്തകത്തിൻറെ പുറംചട്ടയെക്കുറിച്ചും പറയാതെ തരമില്ല. ചെഗുവേരയെ ഒരു കസേരയിലിരുത്തി കൊണ്ടുപോകുന്ന കുറെ സഖാക്കൾ. അതിൽ ജയരാജനെയും കോടിയേരിയെയും പോലെ പരിചിതമുഖങ്ങൾ. ഇ.എം.എസിനെ കസേരയിൽ കൊണ്ടുപോകുന്ന ചിത്രം എഡിറ്റ് ചെയ്ത് ഒരു കഥാപാത്രംകൂടിയായ ചെഗുവേരയെ പ്രതിഷ്ഠിച്ചതാണെന്ന് പിന്നീട് നടത്തിയ അന്വേഷണം മനസിലാക്കിത്തന്നു.

വായനക്കാരന് ഒരു സ്വാതന്ത്ര്യവും നൽകാതെ വരച്ച വരയിലൂടെ ഓരോ പേജിലും സഞ്ചരിക്കുവാൻ നിർബന്ധിതമാക്കിയ മറ്റൊരു പുസ്തകം എൻറെ ഓർമ്മയിലില്ല. അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഒരുതരത്തിലും ഊഹിക്കുവാൻ സാധിക്കില്ല. എന്തിനേറെ ഒരു ഭാഗത്തുനിന്നും അടുത്ത ഭാഗത്തേക്ക് കടക്കുമ്പോൾ കഥ പറഞ്ഞുകൊണ്ടിരിക്കുന്ന കേന്ദ്ര കഥാപാത്രത്തെ തന്നെ മാറ്റി വേറൊരാളെ പ്രതിഷ്ഠിക്കുവാൻ ബെന്യാമിൻ കാണിച്ച ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എന്തായാലും  കേന്ദ്രകഥാപാത്രത്തിനു അൽപ്പമെങ്കിലും റോൾ നൽകിയിട്ടുള്ളത് അവസാന ഭാഗങ്ങളിൽ മാത്രമാണ്. അതുവരെ കഥ വിവരിക്കുക എന്ന കർത്തവ്യം ഭംഗിയായി നിർവഹിക്കുകമാത്രമാണ് കേന്ദ്രകഥാപാത്രത്തിന് ചെയ്യുവാനുണ്ടായിരുന്നത്. അക്കാര്യം ഭംഗിയായിത്തന്നെ നിർവഹിക്കുകയും ചെയ്തു. കഥ അവസാനിപ്പിക്കുവാനുള്ള ത്വരയിൽ ആണോ എന്നറിയില്ല റോൾ കിട്ടിക്കഴിഞ്ഞ് സ്വന്തം മാനസികവ്യാപാരങ്ങളെ വിവരിക്കുന്ന ഭാഗങ്ങൾ ഏച്ചു കെട്ടിയത് പോലെ അനുഭവപ്പെട്ടു. പക്ഷെ വിശ്വാസിയായി ജീവിച്ചുമരിച്ച വല്യപ്പച്ഛന്റെ ചിന്തകളും കമ്മ്യൂണിസ്റ്റായി ജീവിച്ച് അന്ധവിശ്വാസിയായി പരിണമിച്ച വല്യച്ചായൻറെ മനോവ്യാപാരങ്ങളും അതിഗംഭീരമായിത്തന്നെ വിവരിച്ചിരിക്കുന്നു. ശരിക്കും വായനക്കാരൻറെ മനസിനെ ഇളക്കുന്ന രീതിയിൽ തന്നെ. 

ചരിത്രത്തിലും രാഷ്ട്രീയത്തിലും താത്പര്യമില്ലാത്തവർ നാന്നൂറിൽ കൂടുതൽ പേജുകൾ വരുന്ന ഈ പുസ്തകം എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ല. പക്ഷെ എൺപതുകളിൽ ജനിച്ച എനിക്ക് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന കാലഘട്ടം നന്നായി മനസിലാക്കാൻ സാധിച്ചു. ടിവിയുടെയും ഓട്ടോറിക്ഷയുടേയുമൊക്കെ കടന്നുവരവ്, രാജീവ് ഗാന്ധി വധം തുടങ്ങിയവ എൻറെയും ഓർമ്മകളെ പിന്നിലേക്ക് നയിച്ചു.

കൂടുതൽ ആ പുസ്തകത്തെക്കുറിച്ച് വിവരിക്കുന്നത് ഇനി വായിക്കുവാനിരിക്കുന്നവരോട് ചെയ്യുന്ന ക്രൂരതയാകും. അതിനാൽ നിർത്തുന്നു. ഇനി മാന്തളിരിലെ ഇരുപത് പ്രവാസി വർഷങ്ങൾക്കായുള്ള കാത്തിരുപ്പ്. 

അവസാന വാക്ക് : തീർച്ചയായും വായിച്ചിരിക്കേണ്ട ബെന്യാമിൻറെ മറ്റൊരു മാസ്റ്റർപീസ്. 

No comments:

Post a Comment