Wednesday, September 28, 2022

പുസ്തക പരിചയം - പട്ടം പറത്തുന്നവൻ

അഫ്‌ഗാനിസ്ഥാൻ എന്ന രാജ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ ഇപ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് താലിബാനും അവരുടെ ഭീകരഭരണവുമായിരിക്കും. മഹത്തായ  പാരമ്പര്യം ഉള്ള രാജ്യമാണ് ഇന്ന് ആ ദുരവസ്ഥയിലൂടെ കടന്നുപോകുന്നത്. ഒരുകാലത്ത്, കൃത്യമായിപ്പറഞ്ഞാൽ സോവിയറ്റ് യൂണിയൻ അധിനിവേശത്തിന് മുൻപ് നമ്മുടെ രാജ്യതലസ്ഥാനമായ ഡൽഹിയേക്കാൾ പ്രതാപത്തോടെ കഴിഞ്ഞിരുന്ന അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ ജനിച്ച് വളരുകയും പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്ത ഖാലിദ് ഹൊസൈനിയുടെ ആദ്യത്തേതും ലോകപ്രശസ്‌തവുമായ കൃതിയാണ് ദി കൈറ്റ് റണ്ണർ. ഖാലിദ് ഹൊസൈനിയുടെ ആത്മകഥാംശമുള്ള കൃതിയെ മലയാളത്തിലേക്ക് പട്ടം പറത്തുന്നവൻ എന്ന പേരിൽ വിവർത്തനം ചെയ്ത് ഡിസി ബുക്‌സിലൂടെ പുറത്തിറക്കിയിരിക്കുന്നത് രമാ മേനോൻ ആണ്. 


ഉന്നതനിലവാരത്തിൽ ജീവിച്ചിരുന്ന അഫ്‌ഗാൻ ജനത എങ്ങനെ ഇന്ന് കാണുന്ന സാംസ്കാരിക അധഃപതനത്തിലേക്ക് എത്തി എന്നറിയാനുള്ള ആകാംക്ഷയാണ് ഈ പുസ്തകത്തിലേക്ക് എത്താൻ എന്നെ പ്രേരിപ്പിച്ചത്. പ്രത്യേകിച്ചും നോവലിസ്റ്റ് ഒരു അനുഭവസ്ഥൻ ആയതിനാൽ കൗതുകം കൂടി. വായിച്ചു തുടങ്ങിയപ്പോൾ അതിനേക്കാളേറെ എന്നെ ആകർഷിച്ചത് മാനുഷികബന്ധങ്ങളുടെ തീവ്രത ആ കൃതിയിൽ വർണ്ണിച്ചിരിക്കുന്നതാണ്. ഹൊസൈനിയെപ്പോലെ അമേരിക്കയിലേക്ക് കുടിയേറിയ അമീർ എന്ന കഥാപാത്രത്തിലൂടെയാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. കാബൂളിലെ പ്രഭുകുടുംബത്തിൽ ജനിച്ച അമീറും വീട്ടിലെ ജോലിക്കാരനായ ഹസ്സനും തമ്മിലുള്ള ബന്ധമാണ് ആദ്യഭാഗങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. അഫ്‌ഗാന്റെ പതനത്തിന് ഒരു പരിധിവരെ കാരണമായ പഷ്തുക്കളും ഹസാരകളും തമ്മിലുള്ള വംശീയ സ്പർദ്ധ ഈ സൗഹൃദത്തിൽ ഉണ്ടാക്കുന്ന വിള്ളലുകൾ നമ്മെ വേദനിപ്പിക്കും. യജമാനനായ അമീറിനെ ജീവനേക്കാളേറെ നിഷ്കളങ്കമായി സ്‌നേഹിക്കുന്ന ഹസ്സനും, സ്വന്തം സൗകര്യംപോലെ അവനെ പരിഗണിക്കുകയും അവഗണിക്കുകയും ചെയ്യുന്ന അമീറും. നമ്മുടെ ഇടയിൽ കണ്ടുമറന്ന ആരെയൊക്കെയോ ഇവർ ഓർമ്മിപ്പിക്കും. സ്നേഹിതന് വേണ്ടി ഒരു ആപത്തിൽ ബലിയാടാകേണ്ടി വരുന്ന ഹസ്സനെ രക്ഷപ്പെടുത്തുന്നതിന് പകരം പേടിച്ച് പിന്മാറുന്ന അമീർ പിന്നീട് ആ തെറ്റിൽ നിന്നും ഒളിച്ചോടുന്നതിനായി ഹസനെയും അവൻറെ അച്ഛൻ അലിയെയും വീട്ടിൽ നിന്നും പുറത്താക്കുന്നത് വൈകാരിക തീവ്രതയോടെത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. 


അമീറും അവൻറെ ബാബയും (അച്ഛനും) തമ്മിലുള്ള ബന്ധമാണ് അടുത്തതായി കടന്നുവരുന്നത്. ധീരനായ ബാബയും ഭീരുവായ മകനും. സോവിയറ്റ് അധിനിവേശത്തെ തുടർന്ന് പാക്കിസ്ഥാനിലേക്കും അവിടെനിന്നും അമേരിക്കയിലേക്കും കുടിയേറുന്ന അവരിലൂടെ രണ്ട് വ്യത്യസ്ത വ്യക്തികളിൽ കുടിയേറ്റം ഉണ്ടാക്കുന്ന മാനസികാവസ്ഥകൾ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. 


പിന്നീട് ഒരിക്കൽക്കൂടി കാബൂളിലേക്ക് വരേണ്ടിവരുന്ന അമീർ കാണുന്നത് പ്രേതനഗരമായ ജന്മനാടിനെയാണ്. താലിബാൻ ഭരണത്തിൻറെ ഭീകരതയും വൈകൃതങ്ങളും വിവരിക്കുന്നത് ആ ഭാഗങ്ങളിലാണ്. തൻറെ സഹോദരൻ തന്നെ ആയിരുന്നു ഹസൻ എന്ന് തിരിച്ചറിയുകയും അവനോട് ചെയ്‌ത അപരാധങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുന്നതിനുമായാണ് അമീർ ഒരിക്കൽക്കൂടി കാബൂളിലെത്തുന്നത്. 


ഒരിക്കൽ അഫ്‌ഗാനിലെ ജനകീയ ആഘോഷമായിരുന്നു പട്ടം പറത്തൽ മത്സരങ്ങൾ. പറവ എന്ന മലയാള ചലച്ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതമായ ആ മത്സരം പിന്നീട് താലിബാൻ നിരോധിക്കുന്നുണ്ട്. അച്ഛന്റെ ചങ്കൂറ്റം തൊട്ടുതെറിച്ചിട്ടില്ലാത്ത, അതിന്റെ നീരസം ബാബയുടെ മുഖത്തുനിന്നും തന്നെ കേൾക്കേണ്ടിവരുന്ന അമീർ തന്റെ ബാബയുടെ മുന്നിൽ വിജയിയായി നിൽക്കുന്നത് പട്ടം പറത്തലിലൂടെയാണ്. പട്ടം പറത്തി വിജയിക്കുന്നത് പോലെ കടുപ്പമേറിയതാണ് പൊട്ടിവീഴുന്ന പട്ടങ്ങൾ ഓടി കരസ്ഥമാക്കാനുള്ള മത്സരവും. അമീറിന് വേണ്ടി ഒരായിരം തവണ പട്ടങ്ങൾ ഓടിയെടുക്കാൻ വെമ്പുന്ന ഹസൻ. അവസാനം ഹസന് വേണ്ടിയെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അമീർ പട്ടം പിടിച്ചെടുക്കാൻ ഓടുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്.


ഒട്ടേറെ പ്രത്യേകതകളുണ്ട് ആ പുസ്തകത്തിനെന്ന് വായിച്ചു തീർത്തുകഴിഞ്ഞപ്പോൾ തോന്നി. അഫ്‌ഗാനിസ്ഥാൻ എന്ന രാജ്യത്തിന് നേരിടേണ്ടിവരുന്ന ദുരന്തം, മാനുഷിക ബന്ധങ്ങളുടെ തീവ്രത എന്നിവ ഒരു സിനിമയിൽ കാണുന്നതുപോലെ വിവരിച്ചിരിക്കുന്നു. (Kite Runner എന്ന പേരിൽ 2007 ഇൽ ഈ നോവൽ സിനിമയാക്കിയിട്ടുണ്ട്). ആദ്യഭാഗങ്ങളിൽ വിവരിച്ചിരിക്കുന്ന സ്വതന്ത്ര അഫ്‌ഗാനിലെ ജീവിതത്തിൽ ഖാലിദ് ഹൊസൈൻ തൻറെ ജീവിതാനുഭവങ്ങൾ തന്നെയാണ് പറഞ്ഞിരിക്കുന്നത്. അമേരിക്കയിലേക്ക് നടത്തുന്ന കുടിയേറ്റത്തിന് ശേഷം കഥയിൽ ചെറിയൊരു വലിച്ചിൽ അനുഭവപ്പെട്ടെങ്കിലും മികച്ച ഒരു വായനാനുഭവം തന്നെയായിരുന്നു പട്ടം പറത്തുന്നവൻ. ശ്രീമതി രമാ മേനോൻറെ വിവർത്തനവും മികച്ച നിലവാരം പുലർത്തി. യാഥാർത്ഥകൃതിയുടെ ആത്മസത്ത ഒട്ടും നഷ്ടപ്പെടാതെകാക്കാൻ വിവർത്തകയ്ക്കായിട്ടുണ്ട്.

No comments:

Post a Comment