എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളായിരുന്നു കിരീടവും തന്മാത്രയും തനിയാവർത്തനവുമെങ്കിലും ഒരിക്കൽപ്പോലും ആ സിനിമകൾ ഒരിക്കൽക്കൂടി കാണണം എന്ന് തോന്നിയിട്ടില്ല. നാളുകളോളം മനസിനെ അസ്വസ്ഥമാക്കുന്ന അനുഭവം കാണികളിൽ ഉളവാക്കുന്നു എന്നതുതന്നെയായിരുന്നു ആ സിനിമകളുടെ വിജയവും. ശ്രീ ടി.ജെ ജോസഫ് എഴുതിയ അറ്റുപോകാത്ത ഓർമ്മകൾ എന്ന ആത്മകഥ മേടിച്ച് കുറേനാൾ കയ്യിൽ വെച്ചിട്ടും അത് വായിക്കാൻ ഒരു മടി തോന്നിയതും ആ അനുഭവം ഓർത്തുതന്നെ ആയിരുന്നു. നമുക്കേവർക്കും ചിരപരിചിതനാണ് ശ്രീ ടി.ജെ ജോസഫ്. കേരളസമൂഹത്തിനാകെ അപമാനമായ കൈവെട്ട് കേസിലെ ഇരയാണ് അദ്ദേഹം. 2010 ഇൽ തൊടുപുഴ ന്യൂമാൻ കോളേജിലെ വിവാദമായ വിവാദമായ ചോദ്യപ്പേപ്പർ കേസിൽ ചോദ്യം തയ്യാറാക്കിയ വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ദുരിതങ്ങളിൽ അദ്ദേഹത്തിൻറെ തോളോട് ചേർന്ന് നിന്നിരുന്ന പ്രിയങ്കരിയായ ഭാര്യ 2014 ഇൽ ആത്മഹത്യ വാർത്തയാണ് ഈ പുസ്‌തകവുമായി ബന്ധപ്പെട്ടല്ലാതെ അദ്ദേഹത്തെക്കുറിച്ച് അവസാനമായി കേൾക്കുന്നത്.
2010 ഇൽ ചോദ്യപ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട ചോദ്യം വായിച്ചപ്പോൾ മനസ്സിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി ഒരു മതവിഭാഗത്തെ ചൊറിയുന്നതിൽ എന്ത് മനഃസംതൃപ്തിയാണ് ഇവനൊക്കെ കിട്ടുന്നതെന്ന് മനസിലോർത്തുകൊണ്ടാണ് അന്ന് അടുത്ത വാർത്തയിലേക്ക് കണ്ണോടിച്ചത്. ആ ചോദ്യത്തിലെ വിവാദമായ സംഭാഷണം അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയതല്ല, പി.ടി.കുഞ്ഞുമുഹമ്മദ് എഴുതിയ ഒരു പുസ്‌തകത്തിലെ വരികൾ കടമെടുത്തതാണെന്ന് എന്ന് വായിച്ചറിഞ്ഞതോടെ ഓഹ് ഇത്രേയുള്ളോ, അല്ലാതെ ചുമ്മാ ഇങ്ങനെ ഒരു ചോദ്യപ്പേപ്പറിൽ എഴുതിവെക്കേണ്ട കാര്യം ഇല്ലല്ലോ എന്നോർത്ത് ആ അധ്യായം ക്ലോസ് ചെയ്‌തു. അതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തകാര്യവും മറ്റും വാർത്തയിൽ വന്നപ്പോൾ അത്ര പ്രാധാന്യം കൊടുത്തില്ല. പിന്നീടാണ് അദ്ദേഹത്തിൻറെ കൈകൾ വെട്ടിയെറിഞ്ഞു എന്ന ഭീകരവാർത്ത കേൾക്കുന്നത്. അത്രയും ക്രൂരമായ ഒരു ശിക്ഷ ഒരു അധ്യാപകന് നൽകിയെന്ന വാർത്ത വളരെയധികം വിഷമിപ്പിച്ചിരുന്നു. പിന്നീട് ഭാര്യയുടെ ആത്മഹത്യയെക്കുറിച്ച് കേട്ടപ്പോൾ ദുരന്തങ്ങളുടെ സഹയാത്രികനായ ആ ആധ്യാപകനെക്കുറിച്ചോർത്ത് സഹതാപം തോന്നി. ഈ ദുരന്തങ്ങൾ അറിയാവുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ ആത്മകഥ വായിക്കാൻ ഒരു വിമുഖത ആദ്യം തോന്നിയത്.
തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് സാർ എന്ന മലയാളം വകുപ്പ് മേധാവിയുടെ സാധാരണ ഒരു ദിവസത്തിൽ നിന്നാണ് പുസ്തകം തുടങ്ങുന്നത്. അതിവേഗം അദ്ദേഹത്തിൻറെ ജീവിതം അസാധാരണമായ രീതിയിലേക്ക് മാറുന്നത് തുടർന്നുള്ള പേജുകളിൽ വായിക്കാം. സമൂഹത്തിലെ ബഹുമാന്യനായ വകുപ്പ് മേധാവിയിൽ നിന്നും പ്രത്യേകിച്ച് തെറ്റുകളൊന്നും ചെയ്യാതെ കുറ്റവാളിയായി ഒളിജീവിതത്തിലേക്കും പോലീസ് കസ്റ്റഡിയിലേക്കും ജയിലിലേക്കുമൊക്കെ മാറുന്നത് അവിശ്വസനീയമായ രീതിയിലാണ്. അദ്ദേഹത്തിന് സംഭവിച്ച ദുരന്തങ്ങൾ അറിയാമായിരുന്നതിനാൽ ഓരോ പേജ് വായിക്കുമ്പോഴും അടുത്ത പേജിലാണോ ആ ദുരന്തം ഉണ്ടാകുന്നതെന്ന് ഞാൻ ഇടയ്ക്കിടെ മറിച്ച് നോക്കിക്കൊണ്ടിരുന്നു. ഒരുതരം മരവിപ്പോട് കൂടിയല്ലാതെ അദ്ദേഹത്തിന് സംഭവിച്ച ദുരന്തങ്ങൾ വിവരിക്കുന്ന ആത്മകഥയിലെ ആദ്യഭാഗം വായിച്ച് തീർക്കാൻ സാധിക്കില്ല. പ്രബുദ്ധമായ ഒരു സമൂഹത്തിൽ ജീവിക്കുന്നു എന്ന് അഹങ്കരിക്കുമ്പോഴും മനപ്പൂർവ്വമല്ലാത്ത ഒരു അക്ഷരപ്പിശക് മതി എൻറെയും ആരുടേയും ജീവിതം ഇതുപോലൊക്കെ അസാധാരണമാകാൻ എന്ന സത്യം ഓരോ പേജ് വായിക്കുമ്പോഴും മുന്നിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു.
കൈവെട്ടിയ മതഭ്രാന്തന്മാരോട് അദ്ദേഹം ക്ഷമിക്കുന്നുണ്ട്, പക്ഷെ അദ്ദേഹത്തെ അതിലേറെ ബാധിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചത് വർഷങ്ങളോളം സ്വന്തമെന്നപോലെ കൊണ്ടുനടന്ന സ്ഥാപനത്തിലെ മേധാവികളിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് എന്ന് ഓരോ വരിയിലും അദ്ദേഹം പറയാതെ പറയുന്നുണ്ട്. അർഹതപ്പെട്ട ആനുകൂല്യങ്ങളോടെ, അഭിമാനത്തോടെ വിരമിക്കാനുള്ള അവസരം തല്ലിക്കെടുത്തിയ മാനേജ്‌മെൻറ് തന്നെയാണ് തൻറെ ഭാര്യയുടെ മനസ്സിൽ അവശേഷിച്ചിരുന്ന അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത്.
ചോദ്യപ്പേപ്പർ വിവാദം ഉണ്ടാക്കിയ അധ്യാപകന്റെ കൈ ഭീകരമായി വെട്ടി വലിച്ചെറിയുന്ന അക്രമികൾ മുന്നോട്ട് വെക്കുന്ന സന്ദേശം വ്യക്തമാണ്. ഞങ്ങളുടെ മതത്തിൽ തൊട്ട് കളിക്കുന്നവരുടെ അവസ്ഥ ഇതാണ്. രാഷ്‌ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും ഇതുപോലെ ഭീകരമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. അങ്ങനെ ശത്രുക്കളെ പേടിപ്പിച്ച് അതുവഴിയാണ് അനുയായികളെയും സാമ്പത്തിക സഹായങ്ങളും രാഷ്ട്രീയ/മത/തീവ്രവാദ സംഘടനകൾ ലഭ്യമാക്കുന്നത്. ഒരു മുൻപരിചയവുമില്ലാത്ത ഒരു ദുർബലൻറെ നേരെ കണ്ണിൽച്ചോരയില്ലാത്ത ആക്രമണം നടത്താൻ അവരെ പ്രേരിപ്പിക്കുന്നതും മറ്റൊന്നല്ല. ഏറെക്കുറെ അതുപോലെ ഒരു സ്വാർത്ഥലാഭത്തിനാണ് അദ്ദേഹത്തിൻറെ സ്വന്തം മാനേജ്‌മെന്റും അദ്ദേഹത്തിന് അർഹമായ ജോലിയെ വെട്ടി വികൃതമാക്കിയത്. ഒരു മതത്തിൻറെ വക്താക്കളായ തങ്ങൾ നടത്തുന്ന സ്ഥാപനത്തിൽ മറ്റൊരു മതവിഭാഗത്തിന് വേദനയുളവാക്കുന്ന ഒരു സംഭവം നടക്കുമ്പോൾ തുടർന്ന് ആ വിഭാഗത്തിലെ കുട്ടികൾ തങ്ങളുടെ സ്ഥാപനത്തിൽ പഠിക്കാൻ വന്നില്ലെങ്കിൽ സംഭവിക്കുന്ന സാമ്പത്തിക നഷ്ടം നികത്താൻ അവർ അവരുടെ പ്രിയങ്കരനായ വകുപ്പ് മേധാവിയെ ബലികൊടുക്കുന്നു.
അതോടൊപ്പം മറ്റൊരു കാര്യവും ജോസഫ് സാർ സൂചിപ്പിക്കുന്നുണ്ട്. തിടുക്കപ്പെട്ട് ജോലിയിൽ നിന്നും പിരിച്ചുവിട്ട ശേഷം മാനേജ്‌മെൻറ് പകരം ആളെ നിയമിക്കുന്നുണ്ട്. ലക്ഷങ്ങൾ വാങ്ങിച്ചിട്ടാകാം ആ നിയമനം. പിന്നീട് ജോസഫ് സാറിൻറെ പിരിച്ചുവിടൽ അസാധുവാക്കപ്പെട്ടാൽ അത്രയും കാലയളവിൽ സർക്കാരിൽ നിന്നും പകരം നിയമിച്ച അധ്യാപകന് മേടിച്ചുനൽകിയ ശമ്പളം മാനേജ്‌മെൻറ് തിരിച്ചടക്കണം.അതിനാൽ ഏത് വിധേനയും ആ ഗുരുനാഥന് ഒരവസരവും നൽകാതിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. കുത്തഴിഞ്ഞ രീതിയിൽ നിയമനം നടത്തുന്നതിന് പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന സർക്കാർ കെടുകാര്യസ്ഥതയെ പരോക്ഷമായെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അവിടെയും പ്രധാന വില്ലൻ ന്യൂനപക്ഷ/മത പ്രീണനങ്ങൾ തന്നെ. പ്രൈവറ്റ് മാനേജ്‌മെൻറ് സ്ഥാപനങ്ങൾ 99 ശതമാനവും മത/ജാതീയ സംഘടനകളുടെ കയ്യിലായതിനാൽ അവരെ പിണക്കാൻ സർക്കാരുകൾ മടിക്കും.
മനസിനെ ആർദ്രമാക്കുന്ന, ഒട്ടേറെ ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയർത്തുന്ന, മലയാളി എന്ന നിലയിൽ നമ്മളിൽ കുറ്റബോധം ജനിപ്പിക്കുന്ന ഒന്നാം ഭാഗം കൂടാതെ ടിപ്പിക്കൽ ആത്മകഥാംശമുള്ള രണ്ടാം ഭാഗവും ചേർന്നതാണ് അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്‌തകം. ജോസഫ് സാറിൻറെ ജീവിതത്തിലെ പ്രധാനസംഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ മനോഹരമായി അദ്ദേഹം വിവരിച്ചിരിക്കുന്നു. മലയാളം വിഭാഗം മേധാവി ആയിരുന്നതിനാലാകണം പിഴവുകൾ കൂടാതുള്ള മനോഹരമായ ഒരു രചനയാണ് അറ്റുപോകാത്ത ഓർമ്മകളുടേത്.
അനുഭവങ്ങൾ ആണ് യഥാർത്ഥ ഗുരുനാഥർ. ആ അർത്ഥത്തിൽ ഗുരുനാഥരാൽ അനുഗ്രഹീതമായ ശ്രീ ജോസഫ് സാറിന് മനുഷ്യമനഃസാക്ഷിയെ നേർവഴി കാട്ടുവാൻ ഉതകുന്ന ഒട്ടേറെ രചനകൾ ആ അറ്റുപോകാത്ത കൈവിരലുകളാൽ എഴുതി നൽകുവാൻ സാധിക്കും. സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
No comments:
Post a Comment