Wednesday, December 21, 2022

വായനാനുഭവം - പച്ച മഞ്ഞ ചുവപ്പ്



ശ്രീ ടി ഡി രാമകൃഷ്ണൻറെതായി ഞാൻ വായിക്കുന്ന അഞ്ചാമത്തെ നോവൽ ആണ് പച്ച മഞ്ഞ ചുവപ്പ്. ആദ്യമായി അദ്ദേഹത്തിൻറെ ഒരു  പുസ്‌തകം വായിക്കുന്നത് ഫ്രാൻസിസ് ഇട്ടിക്കോരയും സുഗന്ധി ആണ്ടാൾ ദേവനായകിയും എഴുതിയ ആളുടെ പുസ്‌തകം എന്ന ലേബലിൽ ആയിരുന്നു. ഏറെക്കുറെ അടുത്തടുത്തായാണ് അഞ്ച് പുസ്‌തകങ്ങളും ഞാൻ വായിച്ചുതീർത്തത്. ഒന്നും എന്നെ മടുപ്പിച്ചില്ല എന്ന് മാത്രമല്ല ഇനിയും വായിക്കാനുള്ള ആൽഫാ പോലുള്ള പുസ്‌തകങ്ങൾ തേടിപ്പോകുവാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹത്തിന്റെ രചനകൾ. 

അദ്ദേഹത്തിന്റെ ആദ്യ നാല് നോവലുകളും വായിച്ചപ്പോൾ തോന്നിയ അനുഭവം അദ്ദേഹം മിത്ത് അഥവാ കെട്ടുകഥകളെ അതിമനോഹരമായി യാഥാർഥ്യത്തോട് കൂട്ടിച്ചേർത്ത് എഴുതുന്ന എഴുത്തുകാരൻ ആണെന്ന് ആയിരുന്നു. അതേപോലെ നായികമാർക്ക് അനുഭവിക്കേണ്ടിവരുന്ന ലൈംഗിക പീഡനങ്ങളും ഏറെക്കുറെ പൊതുവായ സാന്നിധ്യം ആയിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്‌തമായ ഒരു അനുഭവമായിരുന്നു പച്ച മഞ്ഞ ചുവപ്പ്. ടി ഡി യുടെ കൃതികൾ ആസ്വാദ്യകരമാകാൻ അതൊന്നും വേണ്ടായെന്ന് അടിവരയിട്ട് പറയുന്ന പുസ്‌തകം. ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ തോന്നുന്ന ഒരു ത്രില്ലർ. ഒരു സിനിമ കാണുന്നത് പോലെ ആസ്വദിച്ച മറ്റൊരു മലയാളം നോവൽ. ഇന്ത്യൻ റയിൽവേ ആണ് പശ്ചാത്തലം. ഈ കൃതിയോട് കൂടുതൽ ആകർഷണീയത തോന്നുവാൻ കാരണം ഗ്രന്ഥകാരൻ ഒരു റയിൽവേ ഉദ്യോഗസ്ഥൻ ആയിരുന്നു എന്നതാണ്. അദ്ദേഹത്തിന്റെ പൊസിഷൻ ആയിരുന്ന ചീഫ് കൺട്രോളർ എന്നത് എന്തായിരുന്നു എന്ന് നോവൽ വായിച്ചു കഴിയുമ്പോൾ വായനക്കാരന് വളരെ വ്യക്തമാകും. അതോടെ അവനാകെ കൺഫ്യൂഷനിലാകും വായിച്ചതൊക്കെ സത്യമാണോ അതോ മിഥ്യയാണോ എന്ന്.

നമുക്ക് നോവലിൻറെ ഉള്ളടക്കത്തിലേക്ക് ഒന്ന് കടക്കാം. സേലത്തിനടുത്ത് പശ്ചിമഘട്ട മലനിരകളിൽ 1994 ഇൽ നടന്ന ഒരു ട്രെയിൻ അപകടത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. അപകടത്തോടനുബന്ധിച്ച് ശിക്ഷിക്കപ്പെടുന്ന ലോക്കൂർ സ്റ്റേഷൻ മാസ്റ്റർ രാമചന്ദ്രനെ ചുറ്റിപ്പറ്റി കഥ മുന്നോട്ട് പോകുന്നു. ആത്മാർത്ഥമായി ജോലി ചെയ്യുന്ന അല്ലെങ്കിൽ ജോലിയോട് നൂറ്റമ്പത് ശതമാനം ആത്മാർത്ഥത പുലർത്തിയിരുന്ന രാമചന്ദ്രൻ എങ്ങനെ കുറ്റക്കാരനായി എന്നുള്ള അന്വേഷണം വർഷങ്ങൾക്ക് ശേഷം കൊറോണക്കാലത്ത് അദ്ദേഹത്തിൻറെ മകൻ നടത്തുന്നതായാണ് കഥാഗതി. തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയുമൊക്കെ ഏറെക്കുറെ അവസാനിച്ചെങ്കിലും ഇന്ത്യൻ റെയിൽവേ പോലൊരു പ്രസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങൾ അവിടെ നിന്നും വിരമിച്ചൊരാൾ വിവരിക്കുമ്പോൾ അതിശയത്തോടുകൂടിയല്ലാതെ ഓരോ പേജുകളും മറിക്കുവാൻ സാധിക്കില്ല. റെയിൽവേ സിസ്റ്റത്തിലെ കെടുകാര്യസ്ഥതകൾ ഇല്ലാതാക്കി ആ പ്രസ്ഥാനത്തെ ലാഭകരമാക്കുവാൻ രാമചന്ദ്രൻ നിർദ്ദേശിക്കുന്ന ക്രമീകരണങ്ങളോട് അയാൾ തങ്ങളേക്കാൾ താഴ്ന്ന പദവിയിൽ ഉള്ള ആളാണെന്ന കാരണത്താൽ മേലുദ്യോഗസ്ഥർ വിമുഖത കാണിക്കുന്നതും കാലാകാലങ്ങളായി തങ്ങൾ ശീലിച്ചുപോന്ന രീതികളിൽ നിന്നും മാറാൻ മടിക്കുന്നതുമൊക്കെ വായിക്കുമ്പോൾ കമ്പ്യൂട്ടർ ഉപയോഗത്തോട് ഒരു വിഭാഗം ജീവനക്കാർ മടി കാണിക്കുന്നത് ഓർമ്മയിലേക്കെത്തി. കെടുകാര്യസ്ഥതയും ഉദ്യോഗദുഷ്പ്രഭുത്വവും സംഘടനകളുടെ അമിതമായ കടന്നുകയറ്റവും ഇന്ത്യൻ റയിൽവേ പോലൊരു പ്രസ്ഥാനത്തെ (പൊതുവെ പറഞ്ഞാൽ ഒരു സർക്കാർ സംരംഭത്തെ) എങ്ങനെ നശിപ്പിക്കുന്നു, അല്ലെങ്കിൽ മറ്റു രാജ്യങ്ങളുടെ നിലവാരത്തെക്കാൾ മുകളിലേക്ക് ഉയരാതെ പോകുന്നു എന്നതൊക്കെ ഇതിലും വ്യക്തമായി വായിച്ചിട്ടില്ലെന്ന് നിസംശ്ശയം പറയാം.

നോവലിൽ എനിക്ക് തോന്നിയ ചെറിയ ചില പോരായ്‌മകൾ പറയാം. പോരായ്‌മ എന്ന് പറയാമോ എന്നറിയില്ല. 1999 ഇൽ ഷാജികൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി അഭിനയിച്ച എഫ്.ഐ.ആർ.എന്നൊരു സിനിമയുണ്ട്. മലയാളത്തിലെ മികച്ച വില്ലൻ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ആ സിനിമയിലെ ഷെട്ടി. പെറ്റി തല്ലുകേസ് മുതൽ അതിർത്തിയിലെ ആയുധക്കടത്ത് വരെ അന്വേഷിച്ചു ചെല്ലുമ്പോൾ ഷെട്ടി ആണെന്ന് കാണാൻ സാധിക്കും. അതുപോലെ തന്നെയാണ് ഇതിലെ വില്ലന്മാരും. ഏത് ഉടായിപ്പ് കേസിൻറെ പിന്നാലെ പോയാലും കാരണം ഒന്ന് തന്നെ ആയിരിക്കും. എങ്കിലും നായകന് ഇവരെയൊക്കെ വളരെ നിസാരമായി പൂട്ടാനും സാധിക്കുന്നുണ്ട്. ഇതൊന്നും വായനയുടെ ആസ്വാദനത്തെ പൊടിക്ക് പോലും ബാധിക്കുന്ന കാര്യങ്ങളല്ല. ഒരു മുൻ റയിൽവെ ഉദ്യോഗസ്ഥൻ അനുഭവങ്ങൾ വിവരിക്കുന്നതായി മാത്രമേ തോന്നൂ. അതിനാൽത്തന്നെ റെയിൽവെ സിസ്റ്റത്തിലെ ഒട്ടേറെ കാര്യങ്ങൾ നിസാരമായി നമുക്ക് മനസിലാക്കാൻ സാധിക്കും. അതോടൊപ്പം ആ സിസ്റ്റത്തെ പിന്നോക്കം നയിക്കുന്ന ഘടകങ്ങളെ അടുത്തറിയാനും അധികാരച്ചുഴികളിൽപ്പെട്ട് സാധാരണക്കാരായ മനുഷ്യർ ബലിയാടാകുന്നതും കോർപ്പറേറ്റുകൾ സ്വാർത്ഥലാഭത്തിനായി ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലെ മരണത്തിന്റെ വ്യാപാരികളാവുകയും ചെയ്യുന്നതൊക്കെ മരവിപ്പോടുകൂടിയല്ലാതെ വായിച്ചു തീർക്കാനാവില്ല. 

അവസാന വാക്ക് : ടി ഡി രാമകൃഷ്ണന്റെ വായിച്ചിരിക്കേണ്ട നോവൽ 

No comments:

Post a Comment