Sunday, June 18, 2023

വായനാനുഭവം - പെർഫ്യൂം - പാട്രിക് സൂസ്‌കിൻറ്


ഇത്തവണത്തെ വായനാദിനത്തിന് മുന്നോടിയായി വായിച്ചുതീർത്തത് ലോക ക്ലാസിക്കുകളിൽ ഒന്നായ പെർഫ്യൂം - ദി സ്റ്റോറി ഓഫ് എ മർഡറർ ആണ്. ജർമ്മൻ എഴുത്തുകാരനായ പാട്രിക് സൂസ്‌കിൻറ് 1985 ഇൽ പുറത്തിറക്കിയ നോവലിന് ശ്രീ പി ആർ പരമേശ്വരൻ രചിച്ച പെർഫ്യൂം - ഒരു കൊലപാതകിയുടെ കഥ എന്ന മലയാള പരിഭാഷയാണ് വായിച്ചത്. പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് എച്ച് ബി ഓ യിലോ സ്റ്റാർ മൂവീസിലോ പെർഫ്യൂം എന്ന സിനിമ കാണുമ്പോൾ ആ പേരിൽ ഒരു നോവൽ ഉള്ളതായും ആ നോവലിനെ അടിസ്ഥാനമാക്കിയെടുത്ത സിനിമയാണ് ഇതെന്നും അറിഞ്ഞിരുന്നില്ല. വർഷങ്ങൾക്ക് ശേഷം ഈ പുസ്തകം വായിക്കുന്നതിനായി നൽകിയ പ്രിയ സുഹൃത്തിന് നന്ദി. ഒരു സാഹിത്യകാരൻറെ ഭാവനകൾക്ക് അതിരുകളില്ല എന്നതിന് മകുടോദാഹരണമാണ് ഈ പുസ്‌തകം. മനുഷ്യൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് കൂട്ടുന്നതും ശാസ്‌ത്രീയമായ അടിത്തറകൾ നൽകി വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നതിലും പാശ്ചാത്യ രചയിതാക്കൾ എന്നും ബഹുദൂരം മുന്നിലും നമ്മൾ ഇന്നും അതിഭാവുകത്വങ്ങൾ നിറഞ്ഞ മിത്തുകളുടെ പിന്നാലെയുമാണെന്നത് അതിശയകരമായ വസ്തുതയാണ്. അന്യഗ്രഹജീവികളും മറ്റ് ഗ്രഹങ്ങളിലെ ജീവിതങ്ങളും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മണ്ണടിഞ്ഞ ദിനോസറുകളുടെ മടങ്ങിവരവുമൊക്കെ ഓരോ ഭാവനകളിൽ ചിറകുവിരിയുന്നതും സത്യൻ അന്തിക്കാട് അടുത്ത വീട്ടിലെ കഥ പറയുമ്പോൾ തോന്നുന്ന വിശ്വാസ്യതയോടെ തിയേറ്ററുകളിൽ ആസ്വദിക്കുമ്പോഴും ആ വസ്തുതയാണ് തെളിഞ്ഞുവരുന്നത്. അതേപോലെ അത്ഭുതപ്പെടുത്തുന്ന ഒരു ചിന്തയാണ് പെർഫ്യൂം എന്ന നോവലിൻറെ അടിസ്ഥാനം. അവിശ്വസനീയമായ ഒരു പ്രമേയത്തെ ഓരോ വരിയിലും വിശ്വാസയോഗ്യമായ വസ്‌തുതകൾ നിരത്തി വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു എന്നതാണ് ഗ്രന്ഥകാരന്റെ വിജയം. നോവൽ വായന പൂർത്തിയാക്കിയ ശേഷം ഞാൻ ആദ്യം ചെയ്‌തത്‌ പാട്രിക് സൂസ്‌കിൻറ് എഴുതിയ മറ്റ് കൃതികളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. അത്രയ്ക്ക് വ്യത്യസ്തമായ സൃഷ്ടി തന്നെയാണ് പെർഫ്യൂം. ആ നിലയ്ക്ക് അദ്ദേഹത്തിൻറെ മറ്റ് കൃതികളിലും ആ സ്‌പർശം പ്രകടമാകാതെയിരിക്കില്ലല്ലോ. നോവലിനോട് നൂറ് ശതമാനം നീതിപുലത്തുന്ന രീതിയിലാണ് 2005 ഇൽ പ്രശസ്ത സംവിധായകൻ ടോം ടൈക്കർ ഇതേ പേരിൽ സിനിമ ഇറക്കിയിരിക്കുന്നത്.

നോവലിൻറെ കഥയിലേക്ക് ഒന്ന് നോക്കാം. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാൻസ് ആണ് പശ്ചാത്തലം. ജന്മം തന്നെ അസാധാരണമായ രീതിയിലായ ഷാങ് ബാപ്റ്റിസ്റ്റ് ഗ്രെനോയ്‌ൽ എന്നയാളാണ് കഥാനായകൻ. യേശു ക്രിസ്‌തു പിറന്നത് കാലിത്തൊഴുത്തിൽ ആയിരുന്നെങ്കിൽ ഗ്രെനോയ്‌ൽ ജനിക്കുന്നത് ഒരു മീൻമാർക്കറ്റിലാണ്. അവിടുത്തെ ദുർഗന്ധത്തിൻറെ ഇടയിലേക്ക് പെറ്റുവീഴുന്ന അവന് വിസ്മയകരമായ ഒരു കഴിവ് ജന്മനാലെ ലഭിക്കുന്നു. ഗന്ധങ്ങളെ അതിസൂക്ഷ്മമായി തിരിച്ചറിയുന്നതിനുള്ള കഴിവ്. അനാഥനായി വളരുമ്പോഴും തനിക്ക് ലഭിച്ചിരിക്കുന്ന സിദ്ധിയെക്കുറിച്ച് ബോധവാനായ ഗ്രെനോയ്‌ൽ ആ കഴിവിനെ പ്രയോജനപ്പെടുത്തി ഒരു അവസരത്തിനായി കാത്തിരിക്കുന്നു. തന്നെ അനാഥമായി തള്ളിവിട്ട മനുഷ്യരാശിയോട് തന്നെ മറുപടി നൽകുവാൻ. പടിപടിയായി തൻറെ ലക്ഷ്യത്തിലേക്കുള്ള വളർച്ചയിൽ ഗന്ധം എന്നത് മറ്റ് രസങ്ങളെ അപേക്ഷിച്ച് ഒട്ടേറെ ഗുണങ്ങൾ ഉള്ളതാണെന്ന് തിരിച്ചറിയുന്നതോടെ അതിവിചിത്രവും അത്ഭുതകരവുമായ ഗന്ധങ്ങൾ അവൻ സൃഷ്ടിക്കുന്നു. അതിനായുള്ള യാത്രയിൽ ഒട്ടേറെ കൊലപാതകങ്ങൾ അവൻ നടത്തുന്നു. കൊലപാതകിക്ക് ഒരു ലക്ഷ്യം മാത്രം. ഇരയുടെ ഗന്ധം. അവസാനം കൊലപാതകിയെ പിടികൂടുമ്പോൾ ഗ്രെനോയ്‌ൽ കുറ്റം നിഷേധിക്കുന്നില്ല. എന്നാൽ ശിക്ഷ നടപ്പാക്കുവാൻ അധികാരികൾക്ക് സാധിക്കുന്നില്ല. മന്ത്രികവിദ്യയിലെന്നപോലെ ഗ്രെനോയ്‌ൽ രക്ഷപ്പെട്ടുപോകുന്നത് നോവലിൽ വായിക്കുമ്പോൾ ലഭിക്കുന്ന പൂർണ്ണത സിനിമയിൽ കിട്ടില്ല. 

ഷെർലക് ഹോംസ് എന്ന ലോകപ്രശസ്ത കഥാപാത്രത്തെ സൃഷ്‌ടിച്ച സർ ആർതർ കാനൻ ഡോയൽ പ്രൊഫസർ ചലഞ്ചർ എന്ന പേരിൽ ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒട്ടനവധി ഫിക്ഷൻ രചനകൾ നടത്തിയിട്ടുണ്ട്. അതിൽ പറയുന്നതുപോലെ ഭ്രാന്തമായ ഒരു ഭാവനയാണ് പെർഫ്യൂം എന്ന നോവലും. വ്യത്യസ്തമായ കൃതികൾ വായിക്കണം എന്നുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം. ശ്രീ പി ആർ പരമേശ്വരൻറെ പരിഭാഷ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കറന്റ് ബുക്‌സ് .

No comments:

Post a Comment