കാറ്റിൻറെ നിഴൽ - സ്‌പാനിഷ് എഴുത്തുകാരനായ കാർലോസ് റൂയിസ് സാഫോൺ 2001 ള്ള പ്രസിദ്ധീകരിച്ച 'ദി ഷാഡോസ് ഓഫ് ദി വിൻഡ്' എന്ന കൃതിയുടെ ശ്രീമതി രമാ മേനോൻ തയ്യാറാക്കിയ മലയാളം പരിഭാഷയാണത്. ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ട കൃതിയാണ് 'ദി ഷാഡോസ് ഓഫ് ദി വിൻഡ്'. അതിശയകരമായ ഒരു സൃഷ്ടി തന്നെയാണ് ആ നോവൽ. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ സ്‌പാനിഷ് സിറ്റിയായ ബാഴ്‌സലോണയിലെ ആഭ്യന്തരയുദ്ധകാലഘട്ടത്തിലാണ് കഥ നടക്കുന്നത്. അതിനാൽത്തന്നെ ഈ കൃതി 2001 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് നോവൽ വായിച്ചുകഴിയുമ്പോൾ തോന്നും. അത്രയ്ക്ക് മനോഹരമായിട്ടാണ് കാർലോസ് റൂയിസ് സാഫോൺ നോവൽ രചിച്ചിരിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ക്ലാസിക് രചന.
നോവലിനെക്കുറിച്ച് പറയുവാനാണെങ്കിൽ ഒരു കുറ്റാന്വേഷണ സ്വഭാവത്തിലൂടെ മുന്നേറുന്ന എന്നാൽ പ്രണയവും, ഡ്രാമയും, കുടുംബ വൈകാരികതകളും ആവശ്യത്തിന് മേമ്പൊടിയായിട്ടുള്ള കഥ. ശ്രീ അജയ് പി മങ്ങാട്ട് എഴുതിയ സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവൽ പോലെ പുസ്‌തകങ്ങളും ഗ്രന്ഥപ്പുരകളും നിറഞ്ഞൊരു പശ്ചാത്തലത്തിൽ നിന്നാണ് കഥയുടെ തുടക്കം. നായകനായ ഡാനിയേലിൻറെ ബാല്യത്തിൽ ലഭിക്കുന്ന ഒരു പുസ്‌തകം. അത് അവന്റെയും അവനോട് അനുബന്ധിച്ചുള്ളവരുടെയും ജീവിതത്തെ മാറ്റിമറിക്കുന്നു. വിവിധ കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. ഡാനിയേലും അച്ഛനുമായുള്ള ബന്ധം പോലെ മൂന്നോളം ഊഷ്‌മളമായ അച്ഛൻ-മകൻ ബന്ധങ്ങളെ തികച്ചും വ്യത്യസ്തവും എന്നാൽ മനസ്സിൽ തൊടുന്നരീതികളിൽ നോവലിസ്റ്റ് എഴുതിച്ചേർത്തിരിക്കുന്നു. അതേപോലെ തന്നെയാണ് രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ഡാനിയേലിന്റെയും ജൂലിയൻ കാരക്‌സിന്റെയും പ്രണയത്തിലെ തീവ്രതകളും ഹൃദ്യമെന്ന് വിശേഷിപ്പിക്കാം. ഒരു സിനിമയിൽ കാണുന്നതുപോലെ ബാഴ്‌സലോണയുടെ ആ കാലഘട്ടത്തിലെ ജീവിതങ്ങളെ നമ്മുടെ മുന്നിൽ നോവലിസ്റ്റ് തുറന്നുകാട്ടുന്നുണ്ട്. 561 പേജുകളുള്ള വലിയൊരു നോവലാണ് കാറ്റിൻറെ നിഴൽ എങ്കിലും ഒരിക്കൽപ്പോലും വായന മതിയാക്കിയേക്കാം എന്നൊരു ചിന്ത വായനക്കാരിൽ ഉളവാകാതെ താൽപര്യത്തോടെ വായനയുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന എഴുത്തുരീതി അഭിനന്ദനാർഹം തന്നെ. ഏച്ചുകെട്ടലുകളില്ലാത്ത രമാ മേനോൻറെ പരിഭാഷയും പ്രശംസനീയം തന്നെ.
വിശ്വവിഘ്യാതമായ ഒരു നോവലിൽ കുറവുകൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് പാഴ് വേലയാണ് എന്നറിയാമെങ്കിലും, 561 എന്നത് ഒരു 400 പേജിൽ ഒതുക്കിയിരുന്നെങ്കിൽ നോവലിന് ഒരു ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന വേഗത കൈവന്നേക്കുമായിരുന്നു എന്ന് തോന്നി. ശ്രമിച്ചിരുന്നെങ്കിൽ തീർച്ചയായും അത് സംഭവ്യം ആയിരുന്നെന്നും. എന്നിരുന്നാലും ആദ്യമേ പറഞ്ഞതുപോലെ നോവലിൻറെ വലിപ്പം ഒരിക്കലും അതിൻറെ ആസ്വാദ്യതയെ ബാധിച്ചിട്ടില്ല എന്നകാര്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.
അവസാനവാക്ക് : നിരാശപ്പെടുത്താത്ത, ഹൃദ്യമായ ഒരു വായനാനുഭവം. വ്യത്യസ്തവും കാമ്പുള്ളതുമായ കൃതികൾ വായിക്കണമെന്നുള്ളവർക്കും പേജുകളുടെ എണ്ണം വായനയെ ബാധിക്കില്ല എന്നുള്ളവർക്കും ധൈര്യപൂർവ്വം തിരഞ്ഞെടുക്കാവുന്ന പുസ്‌തകം.
No comments:
Post a Comment