സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ ഒട്ടേറെ പ്രത്യേകതകളുള്ള സിനിമയായിരുന്നു ശ്രീ ലിജോ ജോസ് പല്ലിശേരി ചെയ്‌ത "ചുരുളി" ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ ചുരുളി എന്ന ഗ്രാമം ആയിരുന്നു സിനിമയുടെ പശ്ചാത്തലം. പലനാടുകളിൽ നിന്നും കുറ്റകൃത്യങ്ങൾ നടത്തി നാടുവിട്ടുപോകുന്ന ക്രിമിനലുകൾ താമസിക്കുന്ന സ്ഥലം, അവരുടേതായ നിയമങ്ങളുള്ള ഒരു ലോകം. ആ സിനിമയുടെ കഥ എഴുതിയ ശ്രീ വിനോയ് തോമസ് ൻറെ ശ്രദ്ധേയമായ നോവലാണ് "പുറ്റ്". മനുഷ്യൻ ഒരു സമൂഹ്യജീവി ആണെങ്കിലും സമൂഹമായി ജീവിക്കുന്ന ജീവികൾ എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്നത് ഉറുമ്പ്, ചിതൽ, തേനീച്ച തുടങ്ങിയ ജീവികളായിരിക്കും. ഉറുമ്പുകൾ അല്ലെങ്കിൽ ചിതലുകൾ സമൂഹമായി കഴിയുന്ന ഇടമാണ് പുറ്റുകൾ. അതിനുള്ളിലെ അവയുടെ ജീവിതം എന്നും മനുഷ്യർക്ക് കൗതുകമാണ്. അതുപോലൊരു പുറ്റ് സൃഷ്ടിക്കുകയാണ് ഇവിടെ ശ്രീ വിനോയ് തോമസ് ചെയ്യുന്നത്. പെരുമ്പാടി എന്ന വടക്കൻ മലയോരഗ്രാമമാണ് വിനോയ് സൃഷ്ടിച്ചിരിക്കുന്ന പുറ്റ്. പലപല ജീവിതങ്ങൾ കൂട്ടം കൂടി വലിയൊരു സമൂഹമായി അവിടെ മാറുന്നു.
ചുരുളിയിലേക്ക് കുറ്റവാളികൾ ആണ് നാടുവിട്ട് കുടിയേറിയിരുന്നതെങ്കിൽ ഇവിടെ പെരുമ്പാടിയിലേക്ക് കുടിയേറുന്നവർ അവർ നല്ല നിലയിൽ കഴിഞ്ഞിരുന്ന നാട്ടിൽ നിന്നും ആരാലും തിരിച്ചറിയപ്പെടാത്ത ഒരു നാട് തേടിയുള്ള പ്രയാണത്തിൽ വന്നടിയുന്നവരാണ്. അപ്പോൾ തന്നെ മനസിലാക്കാം അവിടെ എത്തിയ ഓരോരുത്തരുടെ ഉള്ളിലും പുറത്തുപറയാൻ കൊള്ളില്ലാത്ത കുറച്ച് വശപ്പിശകുകൾ ഉണ്ടെന്ന്. കുടിയേറ്റത്തിൻറെ അൻപതാം വാർഷികം ആഘോഷിക്കുവാൻ പെരുമ്പാടിക്കാർ തയ്യാറെടുക്കുന്നിടത്തുനിന്നാണ് നോവൽ ആരംഭിക്കുന്നത്. കുടിയേറിയവരുടെ മൂന്ന് തലമുറകളെ വരെ നോവലിൽ പരിചയപ്പെടുത്തുന്നുണ്ട്. അതിരാണിപ്പാടത്തിന്റെ കഥ പറഞ്ഞ എസ്.കെ പൊറ്റക്കാട്, മയ്യഴിയുടെ കഥ പറഞ്ഞ എം മുകുന്ദൻ, ഖസാക്കിൻറെ കഥ പറഞ്ഞ ഒ.വി വിജയൻ തുടങ്ങി ഒരു കഥാപാത്രത്തെ മുൻനിർത്തി ഒരു ദേശത്തെ മനോഹരമായി അവതരിപ്പിക്കുന്ന ഒട്ടേറെ കൃതികൾ മലയാളത്തിലുണ്ട്. ആ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു കൃതിയാണ് പുറ്റ് എന്ന് ഒരു രീതിയിൽ ആലോചിച്ചാൽ പറയാം. ഇവിടെ അങ്ങനെ ഒരുങ്ങുന്നു നായകകഥാപാത്രത്തെ വിനോയ് മുന്നോട്ട് വെക്കുന്നില്ല. അൽപ്പമെങ്കിലും പ്രാധാന്യം നൽകിയിട്ടുള്ളത് ജെറമിയാസ് പോളിനായതിനാൽ അദ്ദേഹത്തെ നായകനായി കണക്കാക്കാം. ബുദ്ധിപരമായാണ് ആ നാട്ടിലെ പ്രശ്നങ്ങൾക്കെല്ലാം മാധ്യസ്ഥം വഹിക്കുന്ന ജെറമിയാസ് പോളിനെ നായകനാക്കിയിരിക്കുന്നത്. കാരണം വശപിശകുള്ള ആളുകൾ കുടിയേറി താമസിക്കുന്ന ഒരു നാടിൻറെ പച്ചയായ ജീവിതവും ചരിത്രവുമൊക്കെ പറയുമ്പോൾ ഐതിഹ്യമാലയിൽ കുറെ ഐതിഹ്യങ്ങൾ പറഞ്ഞുപോകുന്നതുപോലെ അവിഹിതകഥകളായി അവിഹതമാലയായിപ്പോകാതെ ഒരു നോവലിന്റെ ചട്ടക്കൂട്ടിലേക്ക് ഒതുക്കാൻ അങ്ങനെ ഒരു മധ്യസ്ഥൻ ഗുണം ചെയ്തിട്ടുണ്ട്.
അവിഹിതമാല എന്ന് പറഞ്ഞത് ചുമ്മാതല്ല. വശപ്പിശകുള്ള ആളുകളുടെ പച്ചയായ ജീവിതങ്ങൾ ആയതുകൊണ്ടായിരിക്കും അടപടലം അവിഹിതമാണ്. ആളുകൾ പോട്ടെ പറന്നുപോകുന്ന പറവയുടെ മുതൽ കൂട്ടിൽ കിടക്കുന്ന വളർത്തുമൃഗങ്ങളുടെ പോലും അവിഹിതങ്ങൾ നോവലിൽ സുലഭമാണ്. പല നാട്ടിൻപുറങ്ങളിലും യുവാക്കളുടെ ഇടയിൽ പ്രചുരപ്രചാരത്തിലുള്ള തുണ്ട് തമാശകൾ പോലും സന്ദർഭോചിതമായി നോവലിസ്റ്റ് പുറ്റിൽ ചേർത്തിണക്കിയിട്ടുണ്ട്. (ഉള്ളതുപറയാമല്ലോ എൻറെ നാട്ടിലെ പലരെയുംപറ്റി പറഞ്ഞുകേട്ടിട്ടുള്ള പല അഡൾട്ട് ജോക്‌സും പെരുമ്പാടിക്കാരെപ്പറ്റി പുറ്റിൽ വായിച്ചു). ഇതൊക്കെ ആണെങ്കിലും ഒരു തുണ്ടുപുസ്തകത്തിൻറെ നിലവാരത്തിലേക്ക് പോകാതെ പറയാൻ ഉദ്ദേശിച്ച ജീവിതങ്ങളെ, ജീവിതസത്യങ്ങളെ, അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ച കാര്യങ്ങളെ ഇതിനിടയിൽ ഉയർത്തിക്കാണിക്കാൻ വിനോയിക്ക് സാധിക്കുന്നുണ്ട്. (തുണ്ടു കഥകൾ എഴുതുന്ന ഒരു മാന്യനെക്കുറിച്ചും കഥയിൽ പരാമർശിക്കുന്നുണ്ട്. ഞാൻ പറഞ്ഞില്ലേ, സകലമാന അവിഹിതക്കാരെയും വേറൊരു ആംഗിളിൽ പൊളിച്ചുകുത്തി നിരത്തിയിട്ടുണ്ട്).
രണ്ടുകാര്യങ്ങൾ കൊണ്ടാണ് എനിക്ക് പുറ്റ് ഇഷ്ടപ്പെട്ടത്. ഒന്ന് മറ്റുള്ളോരുടെ അവിഹിതകഥകൾ കേൾക്കുമ്പോൾ ഏത് മലയാളിക്കും ഉണ്ടാകാറുള്ള താത്‌പര്യം. രണ്ട് ശ്രദ്ധേയനായ ഈ യുവ എഴുത്തുകാരൻറെ എഴുത്തിനോടുള്ള ധൈര്യപരമായ സമീപനം. ഒരു രക്ഷയുമില്ലാത്ത എഴുത്ത്. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വിചാരിച്ച് ജീവിക്കുന്ന മാന്യന്മാരെക്കുറിച്ച് തന്നെയാണ് പുറ്റിലും പ്രതിപാദിക്കുന്നത്. ചുമ്മാ കുറച്ചു കഥാപാത്രങ്ങളെ സൃഷ്ടിച്ചു വിടുക മാത്രമല്ല. ആ ഗണത്തിൽ പെടുത്തേണ്ട ആളല്ല ഞാൻ എന്ന് പറയുക കൂടെയാണ് ശ്രീ വിനോയ് തോമസ് ചെയ്യുന്നത്. പണ്ട് എനിക്കൊരു കണക്ക് സാറ് ഉണ്ടായിരുന്നു. കണക്കിലെ ബുദ്ധിമുട്ടുള്ള തിയറങ്ങളൊക്കെ പുള്ളി നേരെ പഠിപ്പിക്കില്ല. ജീവിതവുമായി ബന്ധപ്പെട്ട എന്തെങ്കിലും കഥകളോ തമാശകളോ ആദ്യം പറയും എന്നിട്ട് അതിലൂടെ പഠിപ്പിക്കാൻ ഉദ്ദേശിച്ച പാഠഭാഗം അവതരിപ്പിക്കും. കണക്കിൽ ഏറ്റവും മടിയനായിരുന്ന കുട്ടിപോലും സാറ് പഠിപ്പിക്കുന്ന തിയറങ്ങൾ ഇപ്പോഴും ഓർത്തിരിക്കും. അജ്ജാതി ഒരു സമീപനം ആണ് പുറ്റിലൂടെ ശ്രീ വിനോയ് തോമസ് മുന്നോട്ട് വെച്ചിട്ടുള്ളത്. അഭിനന്ദനങ്ങൾ.
പുറ്റിൽ കഥാപാത്രങ്ങളുടെ ഒരു കുത്തൊഴുക്കാണ്. ഒരു ചെറിയ തുണ്ട് തമാശ ഉൾപ്പെടുത്തുന്നതിനായിപ്പോലും ചില കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെട്ട പോലെ തോന്നും. ജെറമിയാസ്, പ്രസന്നൻ, കൊച്ച രാഘവൻ, നീരു തുടങ്ങി വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മനസ്സിൽ തങ്ങിനിൽക്കുമെങ്കിലും 382 പേജുള്ള പുസ്‌തകം വായിച്ചു തീർക്കുമ്പോൾ വേറെ അധികമൊന്നും ഓർമ്മിക്കുവാൻ ഉണ്ടാവില്ല. അല്ലെങ്കിലും രജനികാന്തിന്റെ സിനിമ കാണാൻ കയറിയിട്ട് അതിൽ ലോജിക് അന്വേഷിക്കേണ്ട കാര്യം ഇല്ലല്ലോ. ചെയ്യാനുള്ളത് ആസ്വദിക്കുക എന്നതാണ്. അത് നല്ല വെടിപ്പായി സാധിക്കും.
അവസാന വാക്ക് പറയാനാണെങ്കിൽ "ഒരു പുറ്റിലെ കഥ"
No comments:
Post a Comment