വായനാനുഭവം - കാലം - എം.ടി വാസുദേവൻ നായർ
എം.ടി വാസുദേവൻ നായരുടേതായി ഒരു നോവൽ വായിക്കുന്നത് കുറെ നാളുകൾക്ക് ശേഷമാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി - കാലം ആണ് ആ നോവൽ. 1969 ൽ പുറത്തിറങ്ങിയ നോവലിന്റെ 2023 ൽ ഇറങ്ങിയ മുപ്പത്തിയെട്ടാമത് പതിപ്പായിരുന്നു ഞാൻ വായിച്ചത്. കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ പ്രസാധകക്കുറിപ്പിൽ അവർ പറയുന്നത് മലയാളത്തിൽ ആധുനിക സാഹിത്യത്തിന് തുടക്കം കുറിച്ച ആദ്യ 'ഇന്ത്യൻ നോവൽ" ആണ് കാലം എന്നാണ്. സത്യം പറഞ്ഞാൽ എനിക്ക് അങ്ങനെ ഒരു തോന്നൽ ഉണ്ടായില്ല. ഏത് രീതിയിൽ ആണ് ഇത് ഒരു ഇന്ത്യൻ നോവൽ എന്ന് വിശേഷിപ്പിച്ചതെന്നും മനസിലായില്ല. വർഷങ്ങൾക്ക് ശേഷം ഒരു എം ടി നോവൽ വായിക്കുമ്പോൾ മനസ്സിൽ പഴയ അസുരവിത്തും നാലുകെട്ടും അതിലെ നായകന്മാരും ഓർമ്മയിൽ വന്നു. ഒരു പക്ഷെ ആ കാലഘട്ടത്തിൽ ഇതൊരു ആധുനികതയുടെ തുടക്കം ആയിരുന്നിരിക്കാം. എന്നിരിക്കിലും കാലവും എം ടി യുടെ സ്വത്വ പ്രതിസന്ധി നേരിടുന്ന നായകന്മാരുള്ള മറ്റ് നോവലുകളിൽ നിന്നും വ്യത്യാസമൊന്നും തോന്നാതിരുന്നത് എന്റെ പരിമിതി ആയിരിക്കാം.
കാലം സേതുവിൻറെ കഥയാണ്. ക്ഷയിച്ച ഒരു നായർ തറവാട്ടിലെ പുതു തലമുറക്കാരനാണ് സേതുവും. സേതുവിന്റെ ചിന്തകളെയും പ്രതിസന്ധികളെയും അതിമനോഹരമായി ഈ നോവലിൽ വർണ്ണിച്ചിരിക്കുന്നു. പലപ്പോഴും എന്റെയും ഉള്ളിലുള്ള അന്തർമുഖതകൾ തന്നെയല്ലേ ഈ നായകനും പ്രകടിപ്പിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന അവതരണം. സേതുവിനെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളാണ് മറ്റുള്ളവർ. ക്ഷയോന്മുഖമായ പശ്ചാത്തലത്തിൽ നിന്നും വരുന്നതിനാൽ ഉന്നതമായൊരു ജീവിതം മുന്നിൽക്കണ്ടുകൊണ്ട് സേതു സഞ്ചരിക്കുമ്പോൾ ആ പാതയിലൂടെ വായനക്കാരനും സഞ്ചരിക്കുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ അനുഭവിക്കുന്ന ദാരിദ്ര്യവും ജോലിയിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന പരീക്ഷണങ്ങളും ഒടുക്കം താൻ നേടിയതൊക്കെയും പരാജയങ്ങളായിരുന്നെന്ന തിരിച്ചറിവും എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
എം ടി യുടെ രചനാ വൈഭവം പിടിച്ചുലച്ചുകളഞ്ഞെങ്കിലും കാലം തെറ്റിയുള്ള വായനയായിരുന്നു കാലം എന്ന് എനിക്ക് തോന്നാതിരുന്നില്ല. അസുരവിത്ത്, നാലുകെട്ട് ഒക്കെ വായിച്ച സമയത്ത് ഈ നോവൽ വായിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഒത്തിരിയേറെ എനിക്ക് ഈ നോവലിനെക്കുറിച്ച് പറയാനുണ്ടാകുമായിരുന്നു എന്ന് തോന്നിപ്പോയി.