വായനാനുഭവം - മാൽഗുഡിയിലെ നരഭോജി
സുപ്രസിദ്ധ ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരൻ ശ്രീ ആർ.കെ നാരായൺ എഴുതിയ മാൽഗുഡിയിലെ നരഭോജി എന്ന നോവലിന്റെ വിശേഷങ്ങളാണ് ഇക്കുറി. ആർ.കെ നാരായൺ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്ന സ്ഥലമാണ് മാൽഗുഡി. കർണ്ണാടകത്തിലെ മാൽഗുഡി എന്നത് അദ്ദേഹം സൃഷ്ടിച്ച ഒരു അത്ഭുത സാങ്കൽപ്പിക പ്രദേശമാണ്. ആ പ്രദേശത്തിനെ അടിസ്ഥാനമാക്കി പതിനാലോളം നോവലുകളും അതിലേറെ കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു നോവലാണ് മാൽഗുഡിയിലെ നരഭോജി.
അത്ഭുതകരമായ ഒരു രചനയാണ് ശ്രീ ആർ കെ നാരായണിന്റെത് . അദ്ദേഹത്തിന്റേതായ ഒരു സാമ്രാജ്യം - മാൽഗുഡി - സൃഷ്ടിക്കുന്നു. അവിടെ അദ്ദേഹം ഇതിഹാസങ്ങൾ രചിക്കുന്നു. സത്യവും മിഥ്യയും തിരിച്ചറിയാൻ പറ്റാത്ത ചുഴിയിലകപ്പെട്ടതുപോലെ വായനക്കാർ വട്ടം ചുറ്റുന്നു. ആ മാൽഗുഡിയിലെ സാധാരണക്കാരനായ ഒരു പ്രസ് ഉടമയുടെ കഥയാണ് മാൽഗുഡിയിലെ നരഭോജി. നടരാജ്. അദ്ദേഹവും കുടുംബവും പ്രസും അവിടെ വരുന്ന സുഹൃത്തുക്കളും കസ്റ്റമേഴ്സും പിന്നെ ജീവനക്കാരനായ ശാസ്ത്രിയും. ഇതാണ് അദ്ദേഹത്തിന്റെ ലോകം. ഏതൊരു ഇന്ത്യക്കാരനും മനസിലാക്കാൻ, അല്ലെങ്കിൽ ഉൾക്കണ്ണിൽ കാണുവാൻ സാധിക്കുന്ന ഒരു ലോകം. അവിടേക്ക് ഒരാൾ കടന്നു വരുന്നു. അയാളുടെ കടന്നുവരാളോടെ നടരാജന്റെ ജീവിതത്തിലും മാൽഗുഡിയിലും ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ഇതിവൃത്തം. ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന രചനാ രീതി.
കാലംതെറ്റിയുള്ള വായനയായിരുന്നെങ്കിലും കാലാതീതമായ ഒരു കൃതി ആയതിനാൽ ആസ്വാദനത്തിന് കുറവുകളൊന്നും സംഭവിച്ചില്ല. കുറച്ച് ദിവസത്തേക്ക് മാൽഗുഡിയിൽ ഒന്ന് പോയി വന്ന പ്രതീതി ജനിപ്പിച്ച നോവൽ. 2019 ൽ മലയാളം പരിഭാഷ തയ്യാറാക്കിയത് ശ്രീ സൈനു കുര്യൻ ജോർജ് ആണ്. ഡിസി ബുക്ക്സ് ആയിരുന്നു പ്രസാധകർ.
No comments:
Post a Comment