വായനാനുഭവം - ഒട - ജിൻഷാ ഗംഗ
സോഷ്യൽ മീഡിയകളിലും മാധ്യമങ്ങളിലുമൊക്കെ വരുന്ന ചെറുകഥകൾ വായിക്കുമെങ്കിലും പുസ്തകരൂപത്തിലുള്ള ചെറുകഥാ സമാഹാരങ്ങൾ വായിക്കാൻ പൊതുവെ എനിക്ക് ഒരു താൽപ്പര്യക്കുറവുണ്ട്. പുതിയ തലമുറ എഴുത്തുകാരുടെ ചെറുകഥകൾ പ്രത്യേകിച്ചും. അവരൊക്കെ ആ കഥകൾ അവസാനിപ്പിക്കുന്ന രീതിയാണ് എനിക്ക് ദഹിക്കാത്തത്. ചുരുങ്ങിയ താളുകളിൽ ഒരു വലിയ കഥ അവസാനിപ്പിക്കേണ്ടതിനാലാവണം കുറച്ച് തലച്ചോർ പ്രവർത്തിപ്പിച്ചാണ് അവർ കഥ പൂർത്തിയാക്കുന്നത്. അവസാനം എന്താണ് സംഭവിക്കുന്നതെന്ന് അവർ വ്യക്തമാക്കില്ല. അത് വായനക്കാരന് വിട്ടുകൊടുക്കും. പിന്നെ ആ കഥയുടെ അവസാനം ഏത് രീതിയിൽ ആണ് കഥാകൃത്ത് ഉദ്ദേശിച്ചതെന്നും പറഞ്ഞ് വായനക്കാർ തമ്മിൽ അടിയാണ് നടക്കുന്നത്. അങ്ങനെ ഒരു കഥ വായിച്ച് കഥാന്ത്യം ഊഹിച്ച് മിനക്കെടാനുള്ള മടിതന്നെയാണ് ചെറുകഥാ സമാഹാരങ്ങളിൽ നിന്നും എന്നെ അകറ്റി നിർത്തിയിരുന്നത്.
പുതുതലമുറ എഴുത്തുകാരിൽ ഏറെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ശ്രീമതി ജിൻഷാ ഗംഗ. അദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമാണ് "ഒട". ഈ കഥാസമാഹാരം 2024 മെയ് ൽ ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്നതിനും ഏറെ മുന്നേതന്നെ സോഷ്യൽ മീഡിയയിൽ ഒട എന്ന കഥയെക്കുറിച്ചും അത് എഴുതിയ ജിൻഷാ ഗംഗ എന്ന മിടുക്കിയെക്കുറിച്ചും ഏറെ വായിച്ചിരുന്നു. ഒട മാത്രമല്ല പ്രേക്ഷകപ്രീതി നേടിയ മറ്റനവധി കഥകളും ജിൻഷാ എഴുതിയിട്ടുള്ളതായി വായിച്ചു. അതിൽ തകഴി ചെറുകഥാ പുരസ്‌കാരം, സർക്കാർ ജീവനക്കാർക്കായി ജോയിന്റ് കൗൺസിൽ നടത്തിയ കഥാമത്സരത്തിലെ പുരസ്‌കാരം തുടങ്ങിയവ ശ്രദ്ധിച്ചിരുന്നു. അതിനാൽത്തന്നെ ഡിസി ബുക്ക്സ് ജിൻഷയുടെ കഥകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞപ്പോൾ ഒട്ടേറെ സന്തോഷവും പ്രതീക്ഷയും തോന്നി. ചെറുകഥാസാഹിത്യത്തോടുള്ള പരിഭവം മാറ്റിവെച്ച് ഒരു പതിപ്പ് ഞാനും സ്വന്തമാക്കി. പ്രതീക്ഷകൾ തെറ്റിക്കുന്നതല്ല, മറിച്ച് ഓരോ പേജിലും എഴുത്തുകാരിയെക്കുറിച്ച് ധാരാളം പ്രതീക്ഷകൾ മുന്നോട്ട് വെക്കുന്നതായിരുന്നു ഒടയുടെ വായന. മലയാള സാഹിത്യത്തിൽ ജിൻഷാ ഗംഗ എന്ന പേര് മുഴങ്ങിക്കേൾക്കുന്ന കാലം വിദൂരമല്ല.
9 കഥകളാണ് ഒട എന്ന കഥാസമാഹാരത്തിലുള്ളത്. എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. അതിൽ ഏറ്റവും ഇഷ്ടമേറിയ കഥകൾ വെച്ചുള്ള ഓർഡറിൽ അവയെ ചുവടെ ചേർത്തിരിക്കുന്ന പ്രകാരം വിലയിരുത്തുന്നു.
1. വിസെലിറ്റ്സ : ഒരു എഴുത്തുകാരന്റെ മനോവ്യഥകളെ അതിമനോഹരമായി അവതരിപ്പിക്കുന്ന കഥ. അതിലെ കേന്ദ്രകഥാപാത്രവുമായി പലപ്പോഴും വ്യക്തമായി സംവദിക്കാൻ സാധിച്ചു. ദുരന്തകഥാപാത്രങ്ങളെ സൃഷ്ടിച്ച് സൃഷ്ടിച്ച് മനസാക്ഷി മരിച്ചുപോകുന്നവരാണോ എഴുത്തുകാർ എന്ന ചോദ്യം വായനാന്ത്യം മുഴച്ചുനിന്നു.
2. തെയ് ദേ വാഴ്‌ക : അവതരണത്തിലെ ആകര്ഷണീയതയാണ് ഈ കഥ ഇഷ്ടപ്പെടാനുള്ള കാരണം
3. ഉപ്പ് : ശക്തമായ പ്രമേയവും, സസ്പെൻസുകളും അവതരണത്തിലെ ഭംഗികൊണ്ടും വേറിട്ട കഥ
ഒട നല്ലൊരു കഥയാണെങ്കിലും കഥ അവസാനിപ്പിച്ചരീതിയിൽ അത്ര തൃപ്തനല്ല, കുറച്ചുകൂടെ ഭംഗിയാക്കാമായിരുന്നു. ഉമ്പാച്ചി എന്ന കഥ വ്യത്യസ്തമായിരുന്നെങ്കിലും അവസാനം തനി ന്യൂ ജെൻ കഥപോലെ വായനക്കാരന്റെ ഭാവനയ്ക്ക് വിട്ടതായി തോന്നി. പറയാനാണെങ്കിൽ എല്ലാ കഥകളെക്കുറിച്ചും പറയാനുണ്ട്. ബാക്കി കഥകളും മനോഹരമെന്ന ഒറ്റവാക്കിൽ ചുരുക്കുന്നു.
കഥകൾ വായിച്ചുതീർക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും, ചെറുകഥാ സാഹിത്യത്തിൽ തുടങ്ങുന്നെന്നേയുള്ളൂ ജിൻഷയിൽ നിന്നും ജീവിതഗന്ധിയായ നോവലുകൾ നമുക്ക് പ്രതീക്ഷിക്കാം. യുവകഥാകാരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
