Monday, October 5, 2009

പോയവര്‍ക്ക് പോയി....

ഓരോ ദുരന്തങ്ങളും നമ്മുടെ മനസ്സില്‍ വിങ്ങുന്ന വേദനകളായി നിറഞ്ഞു നില്ക്കും. പക്ഷെ എത്ര കാലം?. കാലം എന്ന മഹാ മാന്ത്രികന്‍ മറവി എന്ന മാജിക്കാല്‍ അതെല്ലാം തുടച്ചു മാറ്റും. എന്റെ ഓര്‍മയില്‍ ആദ്യം ഓടി വരുന്ന ഒരു ദുരന്തം ആണ് പെരുമന്‍ തീവണ്ടി അപകടം. അന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചതായിരുന്നു മേലില്‍ തീവണ്ടിയില്‍ കയറില്ലെന്ന്. ഇപ്പോള്‍ ഓരോ ആഴ്ചയും അതേ പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും ആ ദുരന്തം ഞാന്‍ ഓര്‍ക്കാറില്ല.
ഞാന്‍ നേരില്‍ കണ്ട ആദ്യ ദുരന്ത രംഗം ആയിരുന്നു കുമരകം അപകടം. ഒരു ശനിയാഴ്ചയുടെ ആലസ്യത്തില്‍ ഇരിക്കുമ്പോള്‍ ആണ് ഇടിത്തീ പോലെ ആ വാര്‍ത്ത ഞാന്‍ കേള്‍ക്കുന്നത്. ചാനലുകള്‍ മത്സരിച്ചു മരണ സംഘ്യ കൂട്ടി കാണിച്ചു കൊണ്ടിരുന്നു. ഒരു കൂട്ടര്‍ പത്തെന്നു പറയുമ്പോള്‍ അടുത്ത ചാനലുകാരന്‍ ഒന്നു കൂട്ടി പതിനൊന്നു എന്ന് പറയും. ദിന രാത്രങ്ങള്‍ ഉറക്കമിളച്ചു നല്ലൊരു ഭാവി ഉണ്ടാക്കാന്‍ PSC പരീക്ഷ എഴുതാന്‍ പോയ ഒരു പറ്റം ചെറുപ്പക്കാര്‍, എത്രയോ മാതാ പിതാക്കാന്‍ മാരുടെ പ്രതീക്ഷകള്‍ ആണ് അന്ന് വേമ്പനാട്ടു കായലില്‍ അസ്തമിച്ചത്. ഞാനും ഒരു കൂട്ടുകാരനും കൂടെ ബോട്ട് ജെട്ടിയില്‍ ചെല്ലുമ്പോള്‍ അങ്ങ് അകലെ ആയി ചത്തു മലച്ച ഒരു മത്സ്യം പോലെ ആ ബോട്ട് കിടപ്പുണ്ടായിരുന്നു.


കഴിഞ്ഞ മാസം വരെ ആ ബോട്ട് ആലപ്പുഴ യാര്‍ഡില്‍ കിടപ്പുണ്ടായിരുന്നു. ചിത്രത്തില്‍ നടുക്ക് കിടക്കുന്നതാണ് കുമരകത്തെ വില്ലന്‍. അടുത്തിടെ അതും അവര്‍ ലേലം ചെയ്തെന്നു കേട്ടു. ആ ഇനത്തിലും നല്ലൊരു തുക ജല ഗതാഗത വകുപ്പിന് കിട്ടി. ഇപ്പോള്‍ ഇതാ വീണ്ടും ഒരു ബോട്ട് അപകടം. ഇത്തവണ നമ്മുടെ അതിഥികള്‍, ദൈവത്തിന്റെ സ്വന്തം നാടു കാണാന്‍ വന്ന അന്യ നാട്ടുകാര്‍. ടൂറിസം വകുപ്പിന്റെ പരസ്യം ഒട്ടും പിഴച്ചിട്ടില്ല. കേരളം കാണാന്‍ വന്നവര്‍ ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലാ....അങ്ങ് സ്വര്ഗത്ത്. അതിഥി ദേവോ ഭവഃ എന്ന് പറയാറുള്ള നമുക്കു അഭിമാനിക്കാം.

ഈ കോലാഹലങ്ങള്‍ എത്ര നാളേക്ക്? തേക്കടിയും കുമരകവും ഒക്കെ ആവര്‍ത്തിച്ചിട്ടും ആരുടേയും കണ്ണ് തുറക്കാത്തത് എന്തെ ? ഈ നിലവിളികള്‍ ആരും കേള്‍ക്കാത്തത് എന്തെ? പോയത് ആര്‍ക്കാ.അവരുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കര്‍ക്കും. അവരുടെ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍....

കഴിഞ്ഞ ദിവസം പുന്നമട R ബ്ലോക്കില്‍ നിന്നും കണ്ട ഒരു കാഴ്ച. ബോട്ടിന് മുകളില്‍ ഇരുന്നുള്ള ഈ യാത്ര പണ്ടേ നിരോധിച്ചതാണ്. പക്ഷെ അത് പണ്ടല്ലേ..ആര് ചോദിയ്ക്കാന്‍. ഇതു കണ്ടാല്‍ തോന്നും, താഴെ ഇരുന്നുള്ള യാത്ര ആണ് നിരോധിചിരിക്കുന്നെ എന്ന്.


ഇനിയും ഒരു ദുരന്ത വാര്‍ത്ത കൂടി കേള്‍ക്കാന്‍ ഇട വരാതിരിക്കട്ടെ. ചെറിയ ചെറിയ തെറ്റുകള്‍ ആണ് വലിയ വലിയ ദുരന്തങ്ങളിലേക്ക്‌ നമ്മളെ കൂട്ടി കൊണ്ടു പോയിട്ടുള്ളത്. ആ സത്യം അറിയാവുന്ന നമുക്കു ചെറിയ ചെറിയ ആ തെറ്റുകള്‍ തിരുത്തി കൂടെ? തേക്കടിയില്‍ മരിച്ചത് പ്രത്യേകിച്ച് ആരുടേയും അതിഥികളല്ല . കേരളീയര്‍ എന്ന നിലയില്‍ അവര്‍ നമ്മുടെ ഓരോരുത്തരുടെയും അതിഥികളാണ്. ആ നിലക്ക് നമുക്കും ആരെയും പഴി ചാരി കൈ കഴുകാനാവില്ല.

3 comments:

  1. അകാലത്തില്‍ നമ്മളെ ഈ ബൂലോകത്ത് വിട്ടു പിരിഞ്ഞു പോയ, ഞാന്‍ ഇത് വരെ കണ്ടിട്ടില്ലാത്ത, കവിതകളില്‍ ബൂലോകത്തെ നിത്യ സാന്നിധ്യമായിരുന്ന ജ്യോനവന് ആദരാഞ്ജലികള്‍. നഷ്ടങ്ങളുടെ ഒരു ആഴ്ച കഴിഞ്ഞിരിക്കുന്നു.

    ReplyDelete
  2. കൂട്ടുകാരാ...
    ഇവിടെയൊന്നും നടക്കാന്‍ പോകുന്നില്ല...
    അടുത്തതോരുപക്ഷെ മുല്ലപെരിയാറാകാം...
    നാലു ജില്ലകള്‍....
    കൂട്ടത്തില്‍ തൃശ്ശൂരില്ലാത്തിനാല്‍ എനിക്കാശ്വാസം...
    നിങ്ങളുടെ കാര്യം .... ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാം...

    പടച്ചോനെ എനിക്കുമാത്രം ഒന്നും വരല്ലെ....

    ReplyDelete
  3. കുമാരന്‍, നായരച്ചന്‍, ആര്‍ദ്ര ആസാദ് : നന്ദി.

    ReplyDelete