Monday, February 8, 2016

അർത്തുങ്കലെ പള്ളിയിൽ ചെന്നിട്ട്......കുഞ്ഞുനാളിലെ നിറമുള്ള ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന  അനുഭവം ആയിരുന്നു അർത്തുങ്കൽ പള്ളിയിലെ പെരുന്നാൾ. ഞങ്ങളുടെ  വീട്ടിൽ നിന്നും ഏകദേശം പത്തു കിലോ മീറ്റർ വടക്ക് ഭാഗത്തായിട്ടാണ് ചരിത്ര പ്രസിദ്ധമായ ഈ പള്ളി നിലകൊള്ളുന്നത്. എല്ലാ വർഷവും ജനുവരി 20 നാണ് അവിടുത്തെ പ്രധാന പെരുന്നാൾ കൊണ്ടാടുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഈ പെരുന്നാൾ "മകരം പെരുന്നാൾ"എന്നും വിളിക്കപെടുന്നുണ്ട്. പെരുന്നാളിന് കൊടി കയറുന്ന ജനുവരി പത്താം തിയതി വൈകിട്ട് നാലു മണിക്ക് പള്ളി അങ്കണത്തിൽ കതിനാ വെടി മുഴക്കുന്ന  ചടങ്ങ് ഉണ്ട്. ഈ വെടി ശബ്ദം കേൾക്കുന്നവർ ഉച്ചത്തിൽ കൂവും. ഈ കൂവൽ  ആൾക്കാർ എല്ലാം അത് ഏറ്റു പിടിച്ച് തുടർന്ന് കൂവും. അങ്ങനെ ആ പെരുന്നാൾ വിളംബരം നിമിഷ നേരത്തിനുള്ളിൽ നാട് മുഴുവൻ പരക്കും. മിനിറ്റുകൾക്കുള്ളിൽ പത്തു കിലോ മീറ്റർ അപ്പുറത്തുള്ള ഞങ്ങളെ പിന്നിടുന്ന ആ കൂവൽ, പന്തളം കൊട്ടാരത്തിൽ വസിക്കുന്ന അർത്തുങ്കൽ വെളുത്തച്ചന്റെ സുഹൃത്ത് അയ്യപ്പൻറെ ചെവിയിൽ വരെ എത്തണം എന്നാണ് ഐതിഹ്യം. വെളുത്തച്ഛന്റെയും അയ്യപ്പന്റെയും സൌഹൃദത്തെ പറ്റി വഴിയെ പറയാം. കുട്ടിക്കാലത്ത് ഞങ്ങൾ എല്ലാ വർഷവും കൊതിയോടെ കാത്തിരുന്ന ഒരു അവസരം കൂടെ ആയിരുന്നു ഈ കൂവൽ വിളംബരം. സ്കൂൾ കഴിഞ്ഞു വീട്ടിലോ വഴിയിലോ ആയിരിക്കും ആ സമയത്ത്. ദൂരെ വടക്ക് ഭാഗത്തുനിന്നും വലിയ ഒരു ഇരമ്പൽ അടുത്തുവരുന്നത്‌ കേൾക്കാം. ആദ്യം തേനീച്ചയുടെ മൂളൽ പോലെയും പിന്നെ കടൽ ഇരമ്പം പോലെയും തോന്നുന്ന അത്, മഴ പെയ്തു അടുത്തേക്ക് വരുന്നതു പോലെ പെട്ടെന്ന് പാഞ്ഞു എത്തും. എവിടെ ആണെങ്കിലും ദൂരെ നിന്നും വരുന്ന ആ ഇരമ്പൽ കേട്ട്, പരമാവധി ഉച്ചത്തിൽ കൂവാറുണ്ടായിരുന്നു. ഒരു കൂവൽ ആണ് കണക്ക് എങ്കിലും രണ്ടും മൂന്നും ഒക്കെ കൂവി കിട്ടിയ അവസരം ആഘോഷിക്കും. ഇന്നിപ്പോൾ കുട്ടികൾ ഒക്കെ ആ സമയത്ത് ട്യൂഷനും മറ്റും ആയി തിരക്കിൽ ആയതോടെ കൂവൽ വിളംബരം ഏതാണ്ട് നിലച്ച പോലെ ആയി. തന്നെയുമല്ല ഒരു പ്രധാന പെരുന്നാൾ തുടങ്ങുമ്പോൾ കൂവി ആണോ ആഘോഷിക്കുന്നെ? എന്നൊക്കെ ഇന്നത്തെ തലമുറ ഒരു വൈക്ക്ലബ്യത്തോടെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പെരുന്നാൾ തുടങ്ങുന്നത് ടി വി വാർത്തയിലും, പത്രത്തിലും ഒക്കെ ആയി മാത്രം അറിയാൻ തുടങ്ങി. പാവം അയ്യപ്പൻ!!.ഇതൊക്കെ കാണാറുണ്ടോ എന്തോ?
ജനുവരി പതിനെട്ടിന് സെബസ്റ്റ്യാനോസ് പുണ്യാളന്റെ തിരു സ്വരൂപം പുറത്ത് ദർശനത്തിനായി ഇറക്കുന്നതോടെ പള്ളിയിൽ തിരക്ക് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തും. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും നാനാ ജാതി മതസ്ഥർ അർത്തുങ്കലേക്ക് ഒഴുകിയെത്തും. അടൂർ ഗോപാലകൃഷ്ണന്റെ പടം പോലെ കിടന്നിരുന്ന ഞങ്ങളുടെ തീരദേശ റോഡ്‌, ഷാജി കൈലാസ് പടം പോലെ ഫുൾ ബിസ്സി ആയി മാറുന്ന നാളുകൾ ആണത്. സാധാരണ കാണുന്ന പ്രൈവറ്റ് ബസ്സുകൾ കൂടാതെ ആലപ്പുഴ നിന്നും KSRTC ബസ്സുകളും അപ്പോൾ ആ റോഡിൽ വിരുന്നിനെത്തും. അന്നൊക്കെ പള്ളിയിൽ പോകാൻ ആ ബസ്സുകൾ മതി എന്നും പറഞ്ഞു എപ്പോളും പോകാറുള്ള പ്രൈവറ്റ് ബസ്സുകളെ പുശ്ചിച്ചു ബസ് സ്റ്റോപ്പിൽ KSRTC ബസ്സുകൾക്കായി കാത്തു നിൽക്കാറുണ്ടായിരുന്നു. ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ ദൂര ദേശങ്ങളിൽ നിന്നും കാൽ നടയായി ധാരാളം ആളുകൾ കടപ്പുറത്ത് കൂടെ പള്ളിയിലേക്ക് നടന്നു പോകാറുണ്ട്. അതുകാരണം ധാരാളം ചായ കടകളും മറ്റും കടപ്പുറത്ത് ആ ദിവസങ്ങളിൽ പൊട്ടി മുളക്കും. അങ്ങനെ നടക്കുന്ന ആളുകൾക്ക് അർത്തുങ്കൽ ആയി എന്ന് മനസിലാകാനായി ഒരു കുരിശ് അർത്തുങ്കൽ കടപ്പുറത്ത് വെച്ചിട്ടുണ്ട്. ഇപ്പോൾ അതുപോലത്തെ കുരിശുകൾ കടപ്പുറത്ത് ധാരാളമായി കണ്ടു വരാറുണ്ട് എങ്കിലും അർത്തുങ്കൽ കടപ്പുറത്തെ തിരക്കും ഉത്സവ പ്രതീതിയും ഒക്കെ കൊണ്ട് സ്ഥലം മനസിലാക്കാൻ എളുപ്പമാണ്. കടപ്പുറത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരം ഉണ്ട് പള്ളിയിലേക്ക്. കടപ്പുറത്തേക്ക് തിരു സ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ആണ് പെരുന്നാൾ ദിവസത്തെ ഒരു പ്രധാന ചടങ്ങ്. ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ആ പ്രദക്ഷിണത്തിന്റെ സമയത്ത് ആകാശത്ത് ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ട് അനുഗമിക്കാറുണ്ട്. രോഗ ശാന്തി തേടി ധാരാളം വിശ്വാസികൾ കടപ്പുറത്ത് നിന്നും പള്ളിയിലേക്ക് ശയന പ്രദക്ഷിണവും, മുട്ടിൽ നിരങ്ങലും ഒക്കെ നടത്താറുണ്ട്‌. പുണ്യാളന് അമ്പും വില്ലും സമർപ്പണം, നേർച്ച സമർപ്പണം, അടിമ കൊടുക്കൽ തുടങ്ങിയവ ആണ് മറ്റു പ്രധാന വഴിപാടുകൾ. 2009 ഇൽ ഒന്നര ലക്ഷത്തോളം അമ്പും വില്ലും സമർപ്പണം ഉണ്ടായിരുന്നു എന്നാണ് പള്ളിയുടെ വെബ്‌ സൈറ്റിൽ നിന്നും മനസിലായത്. അതിൽ നിന്നും തന്നെ ആ തിരക്ക് ഒന്ന് ഊഹിക്കാവുന്നതാണ്. ജനുവരി 20 ന് പ്രധാന പെരുന്നാളിന് ശേഷവും എട്ടു ദിവസം കൂടി തിരുനാൾ ആഘോഷങ്ങൾ തുടരും. എട്ടാം പെരുന്നാൾ എന്ന പേരിൽ 27 നാണ് പെരുന്നാൾ സമാപിക്കുന്നത്. വിശുദ്ധന്റെ തിരുസ്വരൂപം നാല്പ്പത് ദിവസത്തോളം പൊതു ദർശനത്തിന് ഉണ്ടായിരിക്കും.


ഇനി അല്പ്പം ചരിത്രത്തിലേക്ക് നോക്കാം. കഥ നടക്കുന്നത് അഞ്ചു പതിറ്റാണ്ടുകൾക്ക് മുന്പാണ്. അന്ന് ആ പ്രദേശം "മൂത്തേടത്" രാജ്യത്തിന്റെ തലസ്ഥാനമായ "മൂത്തേടത്തുങ്കൽ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ആ പേര് ലോപിച്ച് "ഇടത്തുങ്കൽ" എന്നും, കാല ക്രമേണ അത് അർത്തുങ്കൽ എന്നും ആയി മാറി എന്നും ആണ് പറയപ്പെടുന്നത്‌. അന്ന് ആ പ്രദേശത്ത് ധാരാളം ആളുകൾ ക്രിസ്തുമതം സ്വീകരിച്ചു മതം മാറിയതിനാൽ അന്നത്തെ പോർച്ചുഗീസ് മിഷനറിമാർ അവിടത്തെ രാജാവിനോട് ഒരു പള്ളി സ്ഥാപിക്കാൻ ഉള്ള അനുവാദം ചോദിച്ചു. 1581 ഇൽ രാജാവ് അനുവാദം കൊടുക്കുകയും, സമീപവാസികളായ ഹിന്ദുക്കളുടെ കൂടെ സഹായത്തോടെ ഒരു പള്ളി, തടിയും ഓലയും ഉപയോഗിച്ച്  ചെയ്തു. സെന്റ്‌ ആൺഡ്രൂസ് പുണ്യാളന്റെ പേരിൽ നിർമ്മിച്ച ആ പള്ളി ആണ് ഇന്ന് കാണുന്ന അർത്തുങ്കൽ പള്ളിയുടെ പൂർവികൻ. ഇപ്പോളും പള്ളി അറിയപ്പെടുന്നത് ആ വിശുദ്ധന്റെ നാമധേയത്തിൽ തന്നെ ആണ്. ഫാദർ ഗാസ്പർ പയസ് ആയിരുന്നു പള്ളി നിർമ്മിക്കാൻ മേൽനോട്ടം നൽകിയ ആദ്യ വികാരി.

1584 ഇൽ അന്നത്തെ വികാരി ആയിരുന്ന ഫാദർ ജേക്കൊമ ഫെനിഷ്യൊ പള്ളിയെ പുതുക്കി പണിതു. ജന പ്രിയൻ ആയിരുന്ന ആ വികാരി ആണ് പിന്നീട് അർത്തുങ്കൽ വെളുത്തച്ഛൻ എന്ന പേരിൽ പ്രസിദ്ധനായത്‌. നല്ലൊരു വൈദ്യനും അത്ഭുത സിദ്ധികൾ പ്രദർശിപ്പിചിരുന്നവനും ആയ വെളുത്തച്ഛൻ, കളരി അഭ്യാസങ്ങൾ പഠിക്കാൻ ആയി സമീപ ഗ്രാമം ആയ മുഹമ്മയിൽ ഒരു കളരിയിൽ പഠിക്കാൻ ചേർന്ന സമയത്ത് തന്നെ ആണ് പന്തള രാജാവിന്റെ അടുത്ത് നിന്നും കളരി പഠിക്കാനായി അയ്യപ്പനും അവിടെ എത്തിച്ചേർന്നത്. അവിടെ വെച്ചാണ് അവർ തമ്മിൽ സൌഹൃദം പൊട്ടി മുളക്കുന്നത്. ആ സൌഹൃദത്തിന്റെ ഓർമ്മക്കായി ആയിരക്കണക്കിന് അയ്യപ്പഭക്തന്മാർ ശബരിമല ദർശനം കഴിഞ്ഞ് അർത്തുങ്കൽ വെളുത്തച്ഛനെ കാണാനായി എത്താറുണ്ട്. അതിനു ശേഷം മാത്രമേ മാല ഊരി വ്രതം മുറിക്കാവൂ എന്നൊരു വിശ്വാസവും നിലവിലുണ്ട്. അങ്ങനെ വരുന്ന ഭക്തർക്ക് കുളിച്ചു മാല ഊരി വ്രതം മുറിക്കാനുള്ള അവസരം പള്ളിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. മത സൌഹാർദ്ദത്തിന്റെ മകുടോദാഹരണമായിട്ടാണ്  വെളുത്തച്ഛൻ-അയ്യപ്പൻ സൌഹൃദത്തെ കാണുന്നത്.1632-ഇൽ വെളുത്തച്ഛൻ കാലം ചെയ്ത ശേഷമാണ് പടിഞ്ഞാറേക്ക് ദർശനം ആയ രീതിയിൽ ഒരു പള്ളി പണി കഴിപ്പിച്ചത്. 1647 ഇലാണ് ഇറ്റലിയിലെ മിലാനിൽ നിർമ്മിച്ച വിശുദ്ധ സെബസ്റ്റ്യാനോസ് പുണ്യാളന്റെ തിരു സ്വരൂപം അർത്തുങ്കൽ പള്ളിയിൽ സ്ഥാപിക്കപ്പെട്ടത്‌. അക്കാലത്തു നിർമ്മിച്ച ആ പഴയ പള്ളി ഇപ്പോളും കേടുപാടുകൾ കൂടാതെ സമീപത്തായി സംരക്ഷിച്ചു പോരുന്നുണ്ട്. ഈ പള്ളിയിൽ വെച്ചാണ് 1829 ഇൽ വിശുദ്ധ ചാവറ കുര്യാക്കോസ് അച്ഛൻ പൌരോഹത്യം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സേവനങ്ങളാൽ പള്ളി കൂടുതൽ അനുഗ്രഹീതമായി. ഇപ്പോൾ കാണുന്ന പുതിയ പള്ളിയുടെ പണി ആരംഭിച്ചത് 1910 ഓടു കൂടിയാണ്. പൂർണ്ണമായും കരിങ്കല്ലിൽ ആണ് ഇതിന്റെ പണി തീർത്തിരിക്കുന്നത്. 1967 ഇൽ ദേവാലയം ആശിർവദിക്കപ്പെട്ടു. 2010 ഇൽ ഈ ദേവാലയം ബസലിക്ക ആയി പ്രഘ്യാപിക്കപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ആദ്യത്തെയും, കേരളത്തിലെ ഏഴാമത്തെയും ബസലിക്ക ആണ് അർത്തുങ്കൽ ബസലിക്ക. പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന പഞ്ചലോഹ നിർമ്മിതമായ മണി അതിന്റെ പഴമ കൊണ്ടും ശബ്ദ ഗാംഭീര്യം കൊണ്ടും വളരെ പ്രശസ്തമാണ്. പണ്ടുകാലങ്ങളിൽ ആ മണിയുടെ മുഴക്കം കിലോമീറ്ററുകൾ അപ്പുറത്തുള്ള ചേർത്തല ചന്തയിൽ വരെ കേൾക്കാമായിരുന്നത്രേ.

ആലപ്പുഴ- ചേർത്തല തീരദേശ പാതയുടെ അരികിലായാണ്‌ ഈ പള്ളി സ്ഥിതി ചെയ്യുന്നത്. NH 47 നു സമാന്തരം ആയി കിടക്കുന്ന ഈ റോഡിൽ എത്തിയാൽ പള്ളിയിലേക്കുള്ള യാത്ര വളരെ എളുപ്പമാണ്. ആലപ്പുഴ നിന്നും ചേർത്തല നിന്നും ധാരാളം ബസ് സർവീസുകൾ ഇപ്പോൾ ആ റോഡിൽ ഉണ്ട്. NH ലൂടെ ആലപ്പുഴ നിന്നും വരുന്നവർക്ക് കണിച്ചുകുളങ്ങര നിന്നോ, അത് കഴിഞ്ഞുള്ള പതിനൊന്നാം മൈൽ നിന്നോ ഇടത്തേക്ക് പോകുന്ന റോഡിലൂടെ തീരദേശ പാതയിൽ എത്താവുന്നതാണ്. അടുത്തുള്ള റെയിൽവെ സ്റ്റെഷൻ, ചേർത്തല ആണ്.

ഓ.ടോ : ചിത്രങ്ങൾക്ക് കടപ്പാട് സാക്ഷാൽ ഗൂഗിളിനോട്. വിവരങ്ങൾക്ക് കടപ്പാട് വിക്കി പീഡിയയ്ക്കും പള്ളി വെബ്‌ സൈറ്റിനും.

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. അഭിപ്രായങ്ങൾക്ക് നന്ദി. സിബിൻ, അനോണിമസ് കൂട്ടുകാരാ.

    ReplyDelete