കേരളത്തിന്റെ ഉൽപ്പത്തിയെപ്പറ്റിയുള്ള പരശുരാമന്റെ കഥ കേട്ടിട്ടില്ലാത്തവർ വളരെ ചുരുക്കമാണല്ലോ. കടലിൽ നിന്നും കേരളത്തെ മഴു എറിഞ്ഞു നേടിയ ശേഷം പരശുരാമൻ ആ ഭൂമി ബ്രാഹ്മണർക്ക് ദാനം ചെയ്തു. അത് കൂടാതെ കേരളത്തിന്റെ സംരക്ഷണാർത്ഥം കേരളത്തിലങ്ങോളം അദ്ദേഹം കുറെ ക്ഷേത്രങ്ങൾ കൂടെ പണി കഴിപ്പിച്ചു പ്രതിഷ്ട നടത്തി എന്നാണ് ഐതിഹ്യം. അതിൽ പ്രധാനപ്പെട്ടതാണ് ശബരിമല ഉൾപ്പെടുന്ന അഞ്ചു ശാസ്താ ക്ഷേത്രങ്ങൾ. ശാസ്താവിനോളം കേരളക്കരയുമായി ബന്ധമുള്ള മറ്റൊരു ഹൈന്ദവ ദൈവം ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ബാക്കി എല്ലാ ദൈവങ്ങളെയും കയ്യടക്കി വെച്ചിരിക്കുന്ന വടക്കേ ഇന്ത്യക്കാർക്കുള്ള ബുദ്ധിപൂർവ്വമായ മറുപടി കൂടെ ആണ് ശൈവ വൈഷ്ണവ സങ്കൽപ്പങ്ങളെ കൂട്ടിച്ചേർക്കുന്ന ശാസ്താവിന്റെ ഐതിഹ്യം. പരശുരാമൻ സ്ഥാപിച്ച അഞ്ചു ശാസ്താ ക്ഷേത്രങ്ങളും ശാസ്താവിന്റെ വിവിധ ഭാവങ്ങൾ കൊണ്ട് വെത്യസ്തമാണ്. കുളത്തുപ്പുഴയിൽ ബാല രൂപത്തിലും, ആര്യങ്കാവ് ബ്രഹ്മചാരിയായ ഒരു യുവാവിന്റെ രൂപത്തിലും, അച്ചൻകോവിലിൽ പൂർണ്ണ- പുഷ്ക്കല സമേതനായി ഗൃഹസ്ഥാശ്രമ ഭാവത്തിലും, ശബരിമലയിൽ സന്യാസരൂപനായും, കാന്ത മലയിൽ വാനപ്രസ്ഥ ഭാവത്തിലും ആണ് ശാസ്താവിനെ കാണാൻ കഴിയുക. ഇതിൽ കാന്തമല ഒഴികെയുള്ള അമ്പലങ്ങൾ ഭക്ത ജനങ്ങൾക്ക് സുപരിചിതം ആണ്. കാന്തമല ആദിവാസി ഗോത്ര വിഭാഗക്കാരുടെ സംരക്ഷണത്തിൽ ഘോര വനത്തിനുള്ളിൽ ആണത്രേ. അവിടത്തെ ഉത്സവത്തിന് ആഴി കൂട്ടുന്നതാണ് ശബരിമലയിൽ മകരവിളക്കിന് തെളിയുന്ന മകര ജ്യോതി എന്നും ഒരു ഐതിഹ്യം ഉണ്ട്. ഈ അഞ്ചു ക്ഷേത്രങ്ങളിൽ ആചാര പരമായും ഐതിഹ്യ പരമായും കുറച്ചു പ്രത്യേകതകൾ നിറഞ്ഞതാണ് അച്ചൻ കോവിൽ അമ്പലം. കഴിഞ്ഞ ദിവസം അവിടം സന്ദർശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആ വിശേഷങ്ങളിലേക്ക്.
പത്തനംതിട്ടയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് അച്ചൻ കോവിൽ അമ്പലം സ്ഥിതി ചെയ്യുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള അച്ചൻകോവിൽ വനത്തിനുള്ളിലാണ് അച്ചൻകോവിൽ ടൌൺ സ്ഥിതി ചെയ്യുന്നത്. പമ്പയുടെ പോഷകനദിയായ അച്ചൻകോവിൽ നദി ഇവിടെ കൂടെ ഒഴുകുന്നുണ്ട്. കേരളത്തിൽ ആണ് സ്ഥിതി ചെയ്യുന്നതെങ്കിലും അച്ചൻകോവിലിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത തമിഴ്നാട്ടിലെ ചെങ്കോട്ടയിലൂടെയുള്ള കൊല്ലം-ആര്യങ്കാവ് ചുരം ആണ്. കേരളത്തിൽ പുനലൂര് നിന്നും, കോന്നിയിൽ നിന്നും അങ്ങോട്ട് കാട്ടിലൂടെ റോഡുകൾ ഉണ്ട്. കേരളത്തിലുള്ള ഒരു അമ്പലം സന്ദർശിക്കാൻ എന്തിനു തമിഴ്നാടിനെ കൂട്ടുപിടിക്കണം എന്ന മൂരാച്ചി ചിന്താഗതിയുമായി ഞാൻ പുനലൂർ വഴിയുള്ള പാത ആണ് തിരഞ്ഞെടുത്തത്. അപ്പോളേ ഗൂഗിൾ മാപ്പ് പറഞ്ഞതാ പോകണ്ടാ പോകണ്ടാന്ന്. എവിടെ കേൾക്കാൻ? വരാനുള്ളത് ഗൂഗിളിൽ തങ്ങില്ലല്ലോ?. നല്ലൊരു ദിവസവും നോക്കി അമ്പലത്തിലേക്ക് പുറപ്പെട്ടു. കൂട്ടിന് ഗൂഗിൾ മാപ്പും. വഴി പുനല്ലൂര് വഴിയുള്ള കാട്ടു വഴി. ഇതുപോലുള്ള അമ്പല സന്ദർശനങ്ങൾക്ക് ഞാൻ സാധാരണ വൈകുന്നേരം ആണ് തിരഞ്ഞെടുക്കാറ്. രാവിലെ ഓടിച്ചു ചെല്ലുമ്പോൾ ചിലപ്പോൾ നട അടച്ചുപോയേക്കും. തിരുവനന്തപുരത്തു നിന്നും നൂറ്റിപ്പത്ത് കിലോ മീറ്ററും അത് താണ്ടാൻ മൂന്നര മണിക്കൂറും ആണ് ഗൂഗിൾ അനുവദിച്ചിരിക്കുന്നത്. അഞ്ചു മണിക്ക് നട തുറക്കുന്ന അമ്പലത്തിലെത്താൻ ഞങ്ങൾ ഊണും കഴിച്ച് ഒന്നരയ്ക്ക് തന്നെ ഇറങ്ങി.
എം സി റോഡിൽ നിന്നും ചടയമംഗലം കഴിഞ്ഞ് അഞ്ചലിലേക്കുള്ള റോഡിലേക്ക് കയറിയപ്പോൾ തന്നെ ഒരു വശപ്പിശക് തോന്നി. വിജനമായ ഒരു ഇടുങ്ങിയ റോഡ്. ഇടയ്ക്ക് അഞ്ചലും പുനലൂരും എത്തിയപ്പോൾ മരുന്നിനെന്നപോലെ അൽപ്പം ആൾത്തിരക്ക്. പുനലൂർ കഴിഞ്ഞതോടെ അതും തീർന്നു. എന്നാലും തരക്കേടില്ലാത്ത റോഡ്. കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോൾ ഞങ്ങൾ കരവൂർ എന്നു പറയുന്ന സ്ഥലത്തെത്തി. ഗൂഗിൾ പ്രകാരം അവിടെ മുതൽ ആണ് കാട് തുടങ്ങുന്നത്. പക്ഷെ അവിടെ ചെന്നപ്പോൾ മുന്നിൽ റോഡ് ഇല്ല. പകരം, പണി നടക്കുന്നതിനാൽ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു എന്നൊരു ബോർഡ് മാത്രം. അവിടെ തന്നെ ഫോറസ്റ്റിന്റെ ഒരു ചെക്ക് പോയിന്റ് ഉണ്ടായിരുന്നു. അവിടത്തെ ഗാർഡിനോട് വഴിയെപ്പറ്റി തിരക്കി. ബോർഡ് ഒന്നും നോക്കണ്ടാ നേരെ പൊയ്ക്കോ എന്നായിരുന്നു പുള്ളിയുടെ ആഹ്വാനം. പണി നടക്കുന്നതിനാൽ സ്പീഡിൽ പോകാൻ പറ്റില്ല കേട്ടോ എന്നൊരു ഉപദേശവും. പുള്ളിക്ക് നന്ദി പറഞ്ഞു ഞങ്ങൾ കാട് കയറി. റോഡ് ഇല്ല, പകരം ഒന്നര ഇഞ്ചിന്റെ മെറ്റൽ നിരത്തിയിരിക്കുകയാണ്. ഏകദേശം അഞ്ചു കിലോമീറ്ററോളം ചെന്നപ്പോൾ റോഡിൽ മുഴുവൻ വണ്ടി പോകാത്ത വിധത്തിൽ മെറ്റൽ കുറുകെ ഇറക്കിയിരിക്കുന്നു. അവിടെ നിന്ന ഒരു നാട്ടുകാരൻ ഞങ്ങൾക്ക് വേറൊരു വഴി ഉപദേശിച്ചു തന്നു. ഞങ്ങൾ വഴി ചോദിച്ച ചെക്ക് പോസ്റ്റിന്റെ അടുത്ത് നിന്നും വലത്തേക്കുള്ള വഴി ആയിരുന്നു അത്. ഗാർഡിനെയും ഗൂഗിളിനെയും മനസ്സിൽ പ്രാകിക്കൊണ്ട് വണ്ടി തിരിച്ചു. പുതിയ വഴിയിലൂടെ ഒരു എട്ടു കിലോമീറ്ററോളം ചെന്നപ്പോൾ ഞങ്ങൾ ആ പണി നടക്കുന്നതിന്റെ അങ്ങേ അറ്റത്തുള്ള റോഡിൽ ചെന്നു കയറി. ഗൂഗിൾ ഇതിനിടക്ക് ഈ കളിക്ക് ഞാനില്ല എന്നും പറഞ്ഞു പണി മുടക്കിയിരുന്നു. പിന്നെ എല്ലാം വഴിയിൽ അവിടവിടെ കണ്ട നാട്ടുകാർ ആയിരുന്നു ഗൂഗിൾ. പിന്നീടുള്ള ഒരു ഇരുപതു കിലോമീറ്റർ കാട്ടിലൂടെ തന്നെ ആയിരുന്നു യാത്ര. എന്നാലും മുൻ അനുഭവങ്ങളിൽ നിന്നും വെത്യസ്തമായി, ഉണങ്ങി വരണ്ട ആ വനാന്തരീക്ഷം ഒട്ടും നയനാനന്ദകരം അല്ലായിരുന്നു. ഗൂഗിൾ മാപ്പ് എർത്ത് വ്യൂവിൽ റോഡിനോട് ചേർന്ന് ഒഴുകുന്ന അച്ചൻകോവിൽ ആറിനെ കണ്ടു കാട്ടാറിൽ കുളിക്കാനായി തോർത്തും ഡ്രെസ്സും ഒക്കെയായി ചെന്ന ഞാൻ ഉണങ്ങി വരണ്ടു മണൽത്തിട്ടയായി രൂപാന്തരപ്പെട്ട നദിയെ കണ്ടു പകച്ചുപോയി. പണ്ടുകാലത്ത് വനത്തിൽ നിന്നും തടി വെട്ടി ആലപ്പുഴ വരെ ഒഴുക്കിക്കൊണ്ടു പോയിരുന്ന ആ പമ്പയുടെ കൈവഴിയിലൂടെ ഇപ്പോൾ നാട്ടുകാരായ ചേച്ചിമാർ ആടിനെയും മേയ്ച്ച്, ചുള്ളിക്കമ്പുകളും ശേഖരിച്ച് കഥകളും പറഞ്ഞു വീട്ടിലേക്കു നടക്കുന്നു. ഞാൻ പോയ സീസണിന്റെ ആകാം. മഴക്കാലത്ത് ഇതേ നദിയെത്തന്നെ ചിലപ്പോൾ ഉഗ്രരൂപിണി ആയി കണ്ടേക്കാം. കാട്ടിൽ നിന്നും കുരങ്ങനെ കാണിച്ചു തരാം എന്നും പറഞ്ഞു കൊണ്ടുപോയ മോൾ, എന്റെ മുഖം തന്നെ കണ്ടുകണ്ട് തൃപ്തിയായി കിടന്നുറക്കമായി. കുറെ ദൂരം ചെന്നുകഴിഞ്ഞപ്പോൾ പെട്ടെന്ന് പൊട്ടിവീണപോലെ അച്ചൻകോവിൽ ടൌണും അതിന്റെ മധ്യഭാഗത്തായി അമ്പലവും പ്രത്യക്ഷപ്പെട്ടു. അഞ്ചരയോടെ ഞങ്ങൾ അവിടെ എത്തുമ്പോളേക്കും ഗൂഗിൾ പറഞ്ഞതിൽ നിന്നും ഇരുപതു കിലോമീറ്റർ കൂടുതൽ ഞങ്ങൾ ഓടിയിരുന്നു.
ഞാൻ നേരത്തെ പറഞ്ഞിരുന്ന പോലെ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ് അച്ചൻകോവിൽ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ടിച്ച മറ്റു ശാസ്താ വിഗ്രഹങ്ങൾ (ശബരിമലയിൽ പോലും) കാലപ്പഴക്കത്തിലും, തീ പിടുത്തത്തിലും ഒക്കെ നശിച്ചുപോയപ്പോളും ഇവിടുള്ള വിഗ്രഹം ഇപ്പോളും കേടുപാടുകൂടാതെ നിലനിൽക്കുന്നു. പത്നിമാരായ പൂർണ്ണ ദേവിയോടും പുഷ്ക്കല ദേവിയോടും കൂടെ ആണ് ധർമ്മ ശാസ്താവിനെ നമുക്ക് കാണാൻ സാധിക്കുന്നത്. പൂർണ്ണ ദേവി, സംതൃപ്തിയെയും പുഷ്ക്കല ദേവി, ഐശ്വര്യത്തെയും പ്രധാനം ചെയ്യുന്നു എന്നാണ് സങ്കല്പ്പം. വലതുകാൽ മടക്കി നിലത്തും ഇടതുകാൽ ഉയർത്തി, മുട്ടിന്മേൽ കൈ വെച്ച നിലയിലും ആണ് അയ്യപ്പ വിഗ്രഹം. റോഡിൽ നിന്നും അമ്പലത്തിലേക്ക് കയറുമ്പോൾ പതിനെട്ടു പടികളും പടികൾക്ക് ഇരുവശത്തുമായി ഗണപതിയുടെയും മുരുകന്റെയും ഉപപ്രതിഷ്ഠകളും കാണാം. മതിൽക്കെട്ടിനകത്ത് കൃഷ്ണൻ, ആദിമൂല ഗണപതി തുടങ്ങിയ ഉപദേവതകളും അമ്പലത്തിന്റെ പിന്നിലായി സർപ്പദൈവങ്ങളും യക്ഷിയമ്മയും ഉള്ളൊരു സർപ്പക്കാവും ഉണ്ട്. അമ്പല മതിലിനെ ചുറ്റി രഥം വലിച്ചുകൊണ്ട് പോകാനുള്ള ഒരു പാത ഉണ്ട്. ധനു മാസത്തിലെ ഉത്സവത്തിലെ പ്രധാന ചടങ്ങാണ് രഥോൽസവം. അമ്പലത്തിൽ നിന്നും ഏകദേശം നൂറുമീറ്റർ കിഴക്കുമാറി ശാസ്താവിന്റെ പരിവാരങ്ങളെ എല്ലാം പ്രതിഷ്ടിച്ചിരിക്കുന്നു. കറുപ്പസ്വാമി ആണ് അതിൽ പ്രധാനി. അയ്യപ്പനെ പ്രീതിപ്പെടുത്താൻ കറുപ്പസ്വാമിയെ പ്രസാദിപ്പിച്ചാൽ മതിയെന്നാണ് ഐതിഹ്യം. കറുപ്പ സ്വാമിയെ കുറിച്ചും അദ്ദേഹത്തിന്റെ ഇഷ്ട വഴിപാടായ കറുപ്പനൂട്ടിനെ കുറിച്ചുമൊക്കെ ഐതിഹ്യമാലയിൽ ധാരാളം കഥകളുണ്ട്.
അച്ചൻകോവിൽ അമ്പലം ഇപ്പോൾ പ്രസിദ്ധമായത് അവിടത്തെ വിഷ ചികിത്സയെ അനുബന്ധിച്ചാണ്. വിഷം തീണ്ടിയവർ ഏതു സമയത്ത് അമ്പലത്തിൽ ചെന്നാലും അവിടെ ഉടൻ നട തുറക്കും. എല്ലാദിവസവും രാവിലെ നട തുറക്കുന്ന സമയത്ത് പൂജാരി അയ്യപ്പൻറെ ഇടത് കയ്യിൽ പ്രത്യേകമായി തയ്യാറാക്കിയ ഒരു കളഭകൂട്ട് വെക്കും. അടുത്ത ദിവസം രാവിലെ മാത്രമേ അത് അവിടെ നിന്നും മാറ്റൂ. വിഷം തീണ്ടിയവർ എത്തിയാൽ ഉടൻ തന്നെ ആ കളഭത്തിൽ നിന്നും കുറച്ച് രോഗിക്ക് കഴിക്കാനും കുറച്ച് വിഷം തീണ്ടിയിടത്ത് തേക്കാനും കൊടുക്കും. അതോടൊപ്പം അൽപ്പം തീർത്ഥവും സേവിക്കാൻ നൽകും. അതോടെ വിഷം ഇറങ്ങും എന്നാണ് വിശ്വാസം. ഇതിന്റെ പിന്നിലുള്ള രഹസ്യവും കളഭകൂട്ടിന്റെ ചേരുവകളും ഇന്നും അജ്ഞാതമായി നിലനിൽക്കുന്നു. ശാസ്ത്രം ഇത്ര പുരോഗതി കൈവരിച്ച ഇക്കാലഘട്ടത്തിലും ധാരാളം ആളുകൾ ഇന്നും അവിടെ ചികിത്സ തേടി എത്തുന്നു എന്നാണ് സമീപവാസികളിൽ നിന്നും അറിയാൻ കഴിഞ്ഞത്.
ഐതിഹ്യങ്ങളുടെ കൂമ്പാരമായ ഐതിഹ്യമാലയിൽ അച്ചൻകോവിൽ ശാസ്താവിനെയും പരിവാരങ്ങളെയും പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഈ വിഷചികിൽസയെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. ഉദ്ധിഷ്ട കാര്യപ്രാപ്ത്തിക്കായി നടത്തുന്ന കറുപ്പനൂട്ടിനെ കുറിച്ചാണ് അതിൽ കൂടുതലും. അയ്യപ്പൻറെ സുഹൃത്തായ കറുപ്പസ്വാമിയുടെ പ്രീതിക്കായി ഭക്തർ നേരുന്നതാണ് കറുപ്പനൂട്ട്. കറുപ്പസ്വാമിക്ക് പ്രിയപ്പെട്ട കള്ളും കഞ്ചാവും ഭക്ഷണവും തയ്യാറാക്കി, വലിയ ആഴി കൂട്ടി ആയിരുന്നു കറുപ്പനൂട്ട് നടത്തിയിരുന്നത്. പൂജാരി തുള്ളി ഫലം പറഞ്ഞു കൊടുത്തിരുന്നതായും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ കഥകളിൽ പറയുന്ന പോലെ ആഴി കൂട്ടാറില്ലെന്നും തനിക്കും കൂടെ സൌകര്യപ്രദമായ ദിവസങ്ങളിൽ ആണ് ഇപ്പോൾ കറുപ്പനൂട്ട് നടത്തുന്നതെന്ന് അവിടെ വെച്ച് പരിചയപ്പെട്ട കറുപ്പസ്വാമി നടയിലെ പൂജാരി പറഞ്ഞു. ഏകദേശം എണ്ണായിരം രൂപയോളം ചിലവ് ഒരുദിവസം നീളുന്ന ആ പൂജയ്ക്ക് ഉണ്ടത്രേ. പൂജാ സാധനങ്ങളൊക്കെ അമ്പലക്കാര് തന്നെ മേടിച്ച് നൽകുകയാണ് പതിവ്. ഇപ്പോളും മാസത്തിൽ ഒന്നെങ്കിലും കറുപ്പനൂട്ട് ഭക്തന്മാർ നടത്തിക്കാറുണ്ട്. പൂജ നടത്തുന്നവർക്ക് താമസ സൌകര്യാർത്ഥം ഒരു PWD ഗസ്റ്റ് ഹൗസും അമ്പലത്തോട് ചേർന്നുണ്ട്.
അമ്പല ദർശനം എല്ലാം കഴിഞ്ഞപ്പോൾ ആ വേനലിന് ഒരു ശമനമായി പെട്ടെന്നൊരു മഴ അവിടെ പൊട്ടി വീണു. തികച്ചും അപ്രതീക്ഷിതമായി പെയ്തതിനാൽ മുഴുവൻ നിന്നുകൊണ്ടു. അത് അയ്യപ്പൻറെ അനുഗ്രഹമായി കരുതിയതിനാൽ മനസ്സിൽ ഒരു കുളിർമ്മ തോന്നി. സന്ധ്യ ആയതിനാലും തിരിച്ചും ആ റോഡിലൂടെ ഓടിക്കേണ്ട അവസ്ഥ ഓർത്തിട്ടും തിരിച്ചു ഞങ്ങൾ ചെങ്കോട്ട വഴിയുള്ള റോഡ് ആണ് തിരഞ്ഞെടുത്തത്. കാട്ടിലൂടെ കുറെ ദൂരം പോകണമായിരുന്നു. പക്ഷെ നല്ല റോഡ്.
ചെങ്കൊട്ടയ്ക്ക് മുൻപായി പൻപൊലി എന്നൊരു സ്ഥലമുണ്ട്. അവിടെ ഈ അമ്പലത്തിൻറെ പേരിൽ കുറെ കൃഷിഭൂമി ഉണ്ട്. പണ്ടൊരു ബ്രാഹ്മണൻ അമ്പലത്തിന്റെ പേരിൽ എഴുതിക്കൊടുത്ത തരിശായ സ്ഥലം ആണത്. അമ്പലത്തിൻറെ പേരിലായ ശേഷം അവിടെ നല്ല വിളവ് ലഭിച്ചു തുടങ്ങി എന്നാണ് ഐതിഹ്യം. ആ നിലങ്ങളിൽ കൃഷി ചെയ്യുന്ന നെല്ല് ആണ് ഇപ്പോൾ ശബരിമലയിൽ അയ്യപ്പന് വിഷുക്കണി ഒരുക്കാൻ ഉപയോഗിക്കുന്നത്. ചെങ്കോട്ടയിൽ നിന്നും തിരുവനന്തപുരത്തെക്ക് മൂന്നു മണിക്കൂറിനുള്ളിൽ എത്താം. അമ്പലത്തിലേക്ക് പുനലൂരുനിന്നും ചെങ്കോട്ട നിന്നും ബസ് സർവീസ് നടത്തുന്നുണ്ട്. കൂടാതെ ജീപ്പ് സർവിസുകളും ഇപ്പോൾ ഈ റൂട്ടിൽ ഉണ്ട്.
ഓ.ടോ: ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിൾ. പിന്നെ എന്റെ മൊബൈലും
പരശുരാമൻ പണ്ട് പ്രതിഷ്ടിച്ചതിൽ, ഇപ്പോളും നിലനിൽകുന്ന ഏക അയ്യപ്പ വിഗ്രഹം ഉള്ള അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ.
ReplyDelete