Monday, July 16, 2018

പുസ്തക നിരൂപണം : തക്ഷൻകുന്ന് സ്വരൂപം


കുറെ നാൾ കൂടി ഒരു പുസ്തകനിരൂപണം എഴുതണം എന്ന് മനസ്സിൽ തോന്നിപ്പിച്ചുകൊണ്ട് ഞാൻ ഒരു പുസ്തകം വായിച്ചു തീർത്തു. യു.കെ.കുമാരൻറെ തക്ഷൻകുന്ന് സ്വരൂപം. സംസ്ഥാന സാഹിത്യ അക്കാദമി,വയലാർ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ പുസ്തകം. എന്നെ ഒട്ടനവധി ആകർഷിച്ച, എന്നെ സ്വാധീനിച്ച ഒരു പുസ്തകം ആയിരുന്നു എസ്. കെ. പൊറ്റക്കാടിൻറെ ഒരു ദേശത്തിൻറെ കഥ. ആ പുസ്തകം വായിച്ചു തീർത്തതോടെ അതുപോലുള്ള പുസ്തകങ്ങൾ തേടി അലഞ്ഞിട്ടുണ്ട്. പൊറ്റക്കാടിൻറെ തന്നെ ഒരു തെരുവിൻറെ കഥയും, എം ടി യുടെ കഥകളും ഒക്കെ വായിച്ചത് ആ അന്വേഷണത്തിൻറെ ഭാഗം ആയിരുന്നു. എന്നാലും ഒരു ദേശത്തിൻറെ കഥ പോലെ എനിക്ക് അവ തോന്നിയില്ല. പിന്നീട് ഇപ്പോൾ തക്ഷൻകുന്ന് സ്വരൂപം വായിച്ചപ്പോൾ ആണ് എനിക്ക് ആ ഒരു ഫീലിംഗ്, ആ ഒരു മാനസികാവസ്ഥ വീണ്ടും അനുഭവിക്കാനായത്. സാമ്യതകൾ ഒട്ടേറെ ഉണ്ട് ഈ രണ്ടു കൃതികളിലും എന്നാൽ ഇവ രണ്ടും വ്യത്യസ്തമാണ്. രണ്ട് വ്യത്യസ്ത ദേശങ്ങളാണ് ഇതിലെ രണ്ടിലേയും പ്രതിപാദ്യം. രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങൾ ഉള്ളവരാണ് ഇതിലെ രണ്ടിലേയും നായകന്മാർ. ചുരുക്കിപ്പറഞ്ഞാൽ മലയാളത്തിലെ രണ്ട് മഹാരഥന്മാർ നിർമ്മിച്ചു നൽകിയ രണ്ട് വ്യത്യസ്ത വായനാനുഭവങ്ങൾ ആണ് ഒരു ദേശത്തിൻറെ കഥയും തക്ഷൻകുന്ന് സ്വരൂപവും. പിന്നെ എനിക്ക് എങ്ങനെ സാദൃശ്യം തോന്നി എന്ന് ചിന്തിച്ചാൽ, കഥ പറഞ്ഞിരിക്കുന്ന രീതി. രണ്ടിലും കഥ വളരുന്നത് അതിലെ നായകന്മാരോടൊപ്പം ആണ്. അവരുടെ ബാല്യവും, കൗമാരവും പ്രണയവും നഷ്ടങ്ങളും ഒക്കെ ആണ് പ്രതിപാദ്യം. അതിരാണിപ്പാടം പോലെ ഒരു വടക്കൻ ഗ്രാമം ആണ് തക്ഷൻകുന്നും. നാട്ടുകാരും അതേ പോലെ തന്നെ തനി നാടൻ. ആ ഗ്രാമം വളർന്നു വലുതാകുമ്പോൾ അറിയാതെ നഷ്ടമാകുന്ന ആ ഗ്രാമീണത്വം. കാലഘട്ടത്തെക്കുറിച്ചുള്ള വ്യക്തമായ വിവരണം. ഗ്രാമീണ പ്രണയം ഇതൊക്കെ എന്നിൽ ഒരു ദേശത്തിൻറെ കഥ വായിച്ചപ്പോൾ കിട്ടിയ ആ സമ്പൂർണ്ണത ഇവിടെയും തോന്നിക്കാൻ കാരണമായി.

ഇനി നമുക്ക് തക്ഷൻകുന്നിലേക്ക് ഒന്ന് പോയി വരാം. എൻറെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് ആ നാടും അവിടത്തെ നാട്ടുകാരും. അവിടത്തെ ഇരുൾ മൂടിയ ഒരു രാത്രിയിൽ വീടുവിട്ട് വന്ന്, കരഞ്ഞു തളർന്ന്  ഒരു ഒറ്റത്തടിപ്പാലത്തിൽ കിടക്കുന്ന നിലയിൽ ആണ്  കഥയിലെ നായകനായ രാമറെ ഞാൻ കണ്ടത്. അവിടെ മുതൽ രാമറിനൊപ്പം സഞ്ചരിക്കുമ്പോൾ ആ നാടിനെ നമുക്ക് മനസിലാകുന്നു. ചെയ്യുന്ന കാര്യങ്ങളിൽ, ജോലിയിൽ കാണിക്കുന്ന ആത്മാർത്ഥത രാമറെ ഒരു ധനികനാക്കുന്നത് ഒട്ടും അതിഭാവുകത്വം ഇല്ലാതെ വരച്ചിട്ടിരിക്കുന്നു. വളരെ യാദൃശ്ചികമായി ആണ് രാമർ ഒരു പ്രണയത്തിൽ അകപ്പെടുന്നത്. നായകൻറെ പ്രണയത്തെ വിവരിക്കാൻ പേപ്പറുകൾ അധികം മാറ്റിവെച്ചിട്ടില്ല എങ്കിലും മനസിനെ ഒട്ടേറെ ആകർഷിക്കാൻ ആ നാടൻ പ്രണയത്തിനായി. കുടുംബ ബന്ധങ്ങൾക്ക് കൊടുക്കുന്ന വില, അത് മാതാപിതാക്കളും കുട്ടികളും തമ്മിൽ ഉള്ളതായാലും ഭാര്യയും ഭർത്താവും തമ്മിലുള്ളതായാലും മാതൃകാപരമായാണ് രാമർ കൊണ്ടുനടന്നത്.  നായിക കല്യാണി വളരെ താമസിച്ചാണ് കഥയിൽ കടന്നു വരുന്നതെങ്കിലും ശക്തമായ ഒരു സ്ത്രീ കഥാപാത്രം തന്നെയാണവൾ. മക്കളാൽ തഴയപ്പെട്ട കോരുക്കുട്ടി ആ കഥ പറയുമ്പോൾ അത് എന്ത് അവസ്ഥ എന്ന് പോലും മനസിലാകാതെ ഇരിക്കുന്ന രാമർ ഉണ്ട് ഒരിടത്ത്. രാമർ ഒരു ഹീറോ അല്ല, എങ്കിലും അയാൾ ചെയ്യുന്ന, ഒരു സാധാരണക്കാരൻ ചെയ്യാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും അയാളെ ആ നാട്ടിലെ ബഹുമാന്യനായ ഒരാളാക്കി മാറ്റുന്നുണ്ട്. നാട്ടിലെ അനീതികൾക്ക് എതിരെ പ്രതികരിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് രാമർ.

സാധാരണക്കാരനായ രാമർ ജീവിക്കുന്ന ആ ചുറ്റുപാടിൽ അന്നത്തെ സാഹചര്യം മനസിലാക്കിത്തരാൻ നമുക്ക് പരിചിതരായ ചിലർ കൂടെ കഥാപാത്രങ്ങളാകുന്നുണ്ട് ഈ നോവലിൽ. വേറാരും അല്ല, കേരള ഗാന്ധി കെ കേളപ്പനും, കേരള സുഭാഷ് ചന്ദ്രബോസ് അബ്ദുൽ റഹിമാൻ സാഹിബും പിന്നെ സാക്ഷാൽ ഗാന്ധിജിയും. സ്വാതന്ത്ര്യം നേടാൻ നടന്ന പരിശ്രമങ്ങളും അത് നേടിയ രാവിൽ നമ്മിൽ നിന്നും നഷ്ടപ്പെട്ടുപോകുന്ന ചില നന്മകളും ലക്ഷ്യബോധവും വരികൾക്കിടയിൽ കാണാൻ സാധിക്കും. ഒരു ദേശത്തിൻറെ കഥ ഒരു ഘട്ടത്തിൽ എത്തുമ്പോൾ മനസിനെ അസ്വസ്ഥമാക്കുന്ന ഒരു ഘട്ടത്തിലെത്തുന്നുണ്ട്. വേണ്ടപ്പെട്ടവരുടെ വേർപാട്. അത് ഏകദേശം അതേ രീതിയിൽ തന്നെ ഈ നോവലിലും അനുഭവിക്കാൻ സാധിക്കും. അതേ പോലെ ആ നാട് പുരോഗതിയിലേക്ക് കടക്കുമ്പോൾ നമുക്ക് എന്തോ അസ്വസ്ഥത ആണ് മനസ്സിൽ തോന്നുന്നത്. അത് മറ്റൊന്നുംകൊണ്ടല്ല ആ പുരോഗതിക്കൊപ്പം അവർക്ക് നഷ്ടമാകുന്ന ആ ഗ്രാമീണതയുടെ നന്മയെ കാണുന്നത് കൊണ്ടാണ്. 

ഒരു ദേശത്തിൻറെ കഥ എസ്. കെ. പൊറ്റക്കാടിൻറെ ആത്മകഥാംശം ഉള്ള നോവൽ ആണെന്നാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ അതിൽ ഒട്ടും നാടകീയത ഇല്ല. എന്നാൽ തക്ഷൻകുന്നിൽ എത്തുമ്പോൾ, ചില കഥാസന്ദർഭങ്ങൾ അല്ലെങ്കിൽ ചില കഥാപാത്രങ്ങൾ നിർമ്മിക്കപ്പെട്ടത് പ്രത്യേക ഉദ്ദേശത്തോടെ തന്നെ ആണെന്ന് ചിലപ്പോൾ തോന്നിപ്പോകുന്നു.  അത് മാത്രമാണ് എനിക്ക് തോന്നിയ നിസാരവൽക്കരിക്കാവുന്ന ഒരു പോരായ്മ. 

തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം. ഗ്രാമീണതയുടെ നന്മയും വിശുദ്ധിയും ഈ കാലഘട്ടത്തിലും നന്നായി വരച്ചിട്ട യു കെ കുമാരൻ അഭിനന്ദനാർഹമായ ഒരു സംഭാവനയാണ് ഇപ്പോളത്തെ തലമുറയ്ക്ക് നൽകിയത്. അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകൾ, പ്രത്യേകിച്ച് ഒരു കാലഘട്ടത്തെ പുനഃനിർമ്മിക്കാൻ അദ്ദേഹം നടത്തിയ സൂക്ഷ്മത അത്ഭുതാവഹം തന്നെ. മലയാള സാഹിത്യത്തിലെ ഒരു രാജമൗലി എന്ന് അത്ഭുതത്തോടെ പറയാൻ മാത്രമേ എനിക്ക് സാധിക്കൂ. 

1 comment: