Thursday, June 14, 2018

ദശരഥം

ഇന്ന് ശരിക്കും താമസിച്ചു. ഇനി വീട്ടിലേക്ക് ഓട്ടോ കിട്ടുമോ എന്തോ?

കഴക്കൂട്ടത്ത് നിന്നും ബസ് കയറുമ്പോൾ തന്നെ സമയം പത്തുമണി.

പേടിച്ചത് പോലെ തന്നെ സംഭവിച്ചു. ദേശീയപാതയിലെ സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ ഓട്ടോ പോയിട്ട് ഒരു മനുഷ്യജീവി പോലുമില്ല. വീട്ടിലേക്ക് ഇനി മൂന്ന് കിലോമീറ്ററോളം നടക്കാൻ ഉണ്ട്. നടക്കുന്നത് പ്രശ്നം ആയിട്ടല്ല. വഴി മുഴുവൻ പട്ടി ശല്യം. കൂട്ടുകാരെ ആരെയെങ്കിലും വിളിക്കാമെന്ന് വെച്ചാൽ തന്നെ വണ്ടിയുള്ള ആരും ഇപ്പോൾ നാട്ടിൽ ഉണ്ടാകില്ല.

കുറച്ചുനേരം നിന്നു നോക്കി. നോ രക്ഷ. നടക്കുക തന്നെ. അവിടെ കിടന്ന ഒരു വടിയും കയ്യിൽ പിടിച്ച് ആഞ്ഞു നടന്നു. ഭാഗ്യം. വഴിവിളക്കുകൾ എല്ലാം തെളിഞ്ഞു കിടക്കുന്നതുകൊണ്ട് റോഡ് മുഴുവൻ പ്രകാശമാനമാണ്.

റെയിൽവെ ട്രാക്ക് എത്തിയപ്പോൾ ഗേറ്റ് അടഞ്ഞു കിടക്കുന്നു. റോഡിൽ വണ്ടികൾ ഒന്നും തന്നെയില്ല. സൈഡിലുള്ള വഴിയിലൂടെ അപ്പുറത്തേക്ക് കടക്കാം. ഗേറ്റിൻറെ അകത്തുകയറിക്കഴിഞ്ഞ് പതിവുപോലെ രണ്ടു സൈഡിലേക്ക്കും നോക്കി. വടക്കു നിന്നും ട്രെയിൻ പാഞ്ഞു വരുന്നു.

വേണ്ട. ട്രെയിൻ പോയിട്ട് പോകാം.

ട്രെയിൻ വരുന്നതും നോക്കി ഗേറ്റിന് പുറത്തേക്ക് പോകാൻ ഭാവിച്ചപ്പോളാണ് അത് കണ്ടത്. ട്രാക്കിൻറെ സൈഡിലൂടെ ട്രെയിന് നേരെ നടക്കുന്ന ഒരു മനുഷ്യൻ.

ഉള്ളിലൂടെ ഒരു കുളിരാണ് ആദ്യം ഓടി കയറിയത്. ആത്മഹത്യ തന്നെ ആകും ഉദ്ദേശം. പലവട്ടം കേട്ടിട്ടുള്ള ആ ദാരുണ ദൃശ്യത്തിന് ഇതാ താൻ സാക്ഷിയാകാൻ പോകുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം മരവിച്ചു നിന്നുപോയി. ആ മനുഷ്യനിപ്പോൾ ട്രെയിൻ എത്തുമ്പോൾ ചാടാൻ തയ്യാറായ പോലെ ട്രെയിനെ നോക്കി നിൽക്കുകയാണ്. ട്രെയിൻ തൊട്ടടുത്ത് എത്തിക്കഴിഞ്ഞു.

എവിടെ നിന്നോ തോന്നിയ ഒരു ശക്തിയിൽ ശരീരത്തിലെ മുഴുവൻ ഊർജ്ജവും തൊണ്ടയിൽ ആവാഹിച്ച് ഒറ്റ അലർച്ചയായിരുന്നു.

"ചേട്ടാ..ചാടല്ലേ"

ഇരച്ചു വരുന്ന തീവണ്ടി എഞ്ചിൻറെ ശബ്ദത്തെ തോൽപ്പിച്ചുകൊണ്ടുള്ള എൻറെ അലർച്ച കേട്ട് അയാൾ പെട്ടെന്ന് ഞെട്ടി പുറകോട്ട് നോക്കി. ആ ഒരു നിമിഷം മതിയായിരുന്നു ട്രെയിന് കടന്നു പോകാൻ.

ചൂളം കുത്തി എന്നെയും കടന്ന് ആ ശകടാസുരൻ കടന്നുപോയപ്പോൾ ഞാൻ വിറച്ചുകൊണ്ട് താഴെ ഇരുന്ന് അടിയിലൂടെ നോക്കി. ചക്രങ്ങളുടെ ഇടയിലൂടെ അയാൾ നിന്നിരുന്ന സ്ഥലത്ത് അയാളുടെ മുണ്ടിൻറെ നിറം കണ്ട്  ഞാൻ ആശ്വസിച്ചു. 

ട്രെയിൻ പോയതോടെ ഗേറ്റ് കീപ്പർ എൻറെ അടുത്തേക്ക് ഓടിയെത്തി. "എന്താ എന്ത് പറ്റി?"

"അവിടെ ഒരാൾ. ട്രെയിന് ചാടാൻ നോക്കി. ചാടിയില്ലെന്ന് തോന്നുന്നു. അവിടെ കിടക്കുന്ന കണ്ടോ?"

ഞാൻ കൈ ചൂണ്ടിയ സ്ഥലത്തേക്ക് ഗേറ്റ് കീപ്പർ ടോർച്ച് അടിച്ചു. അവിടെ ഒരാൾ കിടപ്പുണ്ട്. ഇനി ട്രെയിൻ തട്ടിക്കാണുമോ? എൻറെ കയ്യും കാലും വിറച്ചു. ഗേറ്റ് കീപ്പർ ടോർച്ചും തെളിച്ച് അങ്ങോട്ട് നടന്നു. 

"വാ പോയി നോക്കാം" അയാൾ വിളിച്ചു.

സ്വപ്നത്തിൽ എന്നപോലെ ഞാൻ അയാളെ അനുഗമിച്ചു. ടോർച്ചിൻറെ വെളിച്ചത്തിൽ അയാൾ അനങ്ങുന്നുണ്ട്. ഗേറ്റ് കീപ്പർ ഓടി ചെന്ന് അയാളെ പിടിച്ചു. അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഞാനും ഓടിച്ചെന്ന് കയ്യിലെ മൊബൈൽ ടോർച്ചിൻറെ വെളിച്ചത്തിൽ മൊത്തം ഒന്ന് നോക്കി.ട്രെയിൻ തട്ടിയ ലക്ഷണമില്ല. ഞാൻ മൊബൈൽ പോക്കറ്റിലിട്ട് അയാളെ പിടിച്ചു. അയാൾ തളർന്ന ചേമ്പിൻ തണ്ട് പോലെ കിടക്കുകയാണ്. മുഖത്തേക്ക് ടോർച്ച് അടിച്ച് ഗേറ്റ് കീപ്പർ അയാളെ തട്ടി വിളിക്കാൻ നോക്കുന്നുണ്ട്. കണ്ണ് തുറന്ന അയാൾ ഞങ്ങളെ തുറിച്ചു നോക്കി. 

"എനിക്ക് മരിക്കണം. എനിക്ക് മരിക്കണം. എൻറെ ശവം കണ്ടുകഴിയുമ്പോൾ അവൾക്ക് മനസിലാകും ഞാൻ അവൾക്ക് വേണ്ടിയാണ് ജീവിച്ചതെന്ന്. എനിക്ക് മരിക്കണം"

തളർന്ന ശബ്ദത്തിൽ അയാൾ പുലമ്പി. എന്തോ പ്രണയനൈരാശ്യം ആയിരിക്കും. കണ്ടിട്ട് നല്ല പ്രായം തോന്നുന്നുണ്ട്. എന്തായാലും മുടിയൊക്കെ കുറച്ച് നരച്ചിട്ടുണ്ട്. ഈ പ്രായത്തിൽ ട്രെയിന് ചാടാൻ തോന്നിപ്പിച്ച പ്രണയമോ? ഞാൻ അത്ഭുതപ്പെട്ടു.

ഇതിനിടയിൽ ഞങ്ങൾ രണ്ടുപേരും കൂടെ അയാളെ താങ്ങി എഴുന്നേൽപ്പിച്ചു. ആള് തീർത്തും അവശനാണ്. ഞങ്ങൾ അയാളെ രണ്ടു വശത്തു നിന്നും താങ്ങി ഗേറ്റിൽ എത്തിച്ചു. അയാൾ അപ്പോളും "എനിക്ക് മരിക്കണം" എന്ന് മാത്രം പുലമ്പുന്നുണ്ടായിരുന്നു.

ഗേറ്റിനോട് ചേർന്ന് അയാൾ ചാരിയിരുന്നു. ഗേറ്റ് കീപ്പർ അയാളെ ഇരുത്തിയിട്ട് ഫോൺ ചെയ്ത് പോലീസിനെ വിളിക്കാൻ തുടങ്ങി. ഞാൻ ആ സമയത്ത് അയാളോട് കാര്യങ്ങൾ ചോദിച്ചറിയാൻ ഒരു വിഫലശ്രമം നടത്തി. അയാൾക്ക് ആകെ ഇപ്പോൾ പറയാനുള്ളത് മരിക്കണം എന്ന് മാത്രമാണ്.  

"എവിടുള്ള ആളാ? എന്തെങ്കിലും പറഞ്ഞോ?" മടങ്ങിയെത്തിയ ഗേറ്റ് കീപ്പർ ചോദിച്ചു.

"ഏയ്. ഒന്നും പറഞ്ഞില്ല. അടുത്ത ട്രെയിൻ ഉടനെ വരുമോ? ഇയാള് ചിലപ്പോൾ ഇനിയും ചാടാൻ നോക്കും". ഞാൻ അൽപ്പം പരിഭ്രമത്തോടെ പറഞ്ഞു. 

"ട്രെയിൻ ഇനി ഉടനൊന്നും ഇല്ല. എന്തായാലും ഇപ്പോൾ പോലീസ് വരും. നിങ്ങളും കൂടെ ഒന്ന് നിൽക്കണെ. വേറെ കുഴപ്പം ഒന്നും ഉണ്ടാകില്ല. അവർ വന്ന് കൊണ്ടുപോകട്ടെ. നമ്മൾ എന്തിനാ റിസ്‌ക് എടുക്കുന്നെ?"

അയാൾ തീരെ അവശനായി തോന്നി. ദയനീയമായി ഞങ്ങളെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. "വെള്ളം".

ഗേറ്റ് കീപ്പർ വെള്ളം എടുക്കാനായി അകത്തേക്ക് പാഞ്ഞു. തളർന്ന കൈകൾ ഉയർത്തി അയാൾ എന്നെ വിളിക്കാൻ നോക്കി. ഞാൻ കുനിഞ്ഞ് അയാളോട് അടുത്തതും അയാൾ എൻറെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു.

"ഞാൻ മരിക്കും. ഞാൻ മരിച്ചാൽ എൻറെ ശവം പോലും അവളെ കാണിക്കരുത്. അവൾക്ക് ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല. എന്നിട്ടും അവളെന്നെ പുറംകാലിന് തട്ടി ഇറങ്ങിപ്പോയി. അവൾ പതിനെട്ട് വയസ് തികയാൻ കാത്തിരിക്കുകയായിരുന്നു എൻറെ കയ്യിൽ നിന്നും രക്ഷപെടാൻ. അവളുടെ എല്ലാ ബർത്ത് ഡേയും ആഘോഷമാക്കാൻ കാത്തിരുന്ന എനിക്ക് ഒരു എഴുത്തും എഴുതിവെച്ച് അവൾ ഇറങ്ങിപ്പോയി."

ഇത്രയും തന്നെ വിഷമിച്ച് പറഞ്ഞു തീർത്തപ്പോൾ അയാളുടെ വായിൽ നിന്നും രക്തം പുറത്തേക്ക് ഒഴുകാൻ തുടങ്ങി. ഓടിയെത്തിയ ഗേറ്റ് കീപ്പർ തൻ്റെ കയ്യിലുണ്ടായിരുന്ന കുപ്പിയിൽ നിന്നും വെള്ളം അയാൾക്ക് ഒഴിച്ചുകൊടുത്തു. വെള്ളം ഇറക്കാൻ വിഷമിച്ച അയാൾ അതെല്ലാം പുറത്തേക്ക് തുപ്പി. മൊത്തം ചോര കലർന്നിരുന്നു. ഞങ്ങൾ പരിഭ്രമിച്ച് അന്യോന്യം നോക്കി.

"ഞാൻ വിഷം കഴിച്ചിട്ടുണ്ട്. എന്നാലും ഈ ശരീരം നശിപ്പിച്ചു കളയാനാ ഞാൻ ട്രെയിന് ചാടാൻ വന്നത്. എൻറെ പൊന്നുമോൾ അറിയട്ടെ അവൾ എനിക്ക് എന്ത് വേദനയാണ് തന്നിട്ട് പോയതെന്ന്"

അപ്പോളേക്കും ഞാൻ വന്ന ഭാഗത്തുനിന്നും പോലീസ് ജീപ്പ് പാഞ്ഞെത്തി. അതിൽ നിന്നും SI യും പോലീസുകാരും ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തി. ഞങ്ങൾ ഒറ്റശ്വാസത്തിൽ കാര്യം മുഴുവൻ പറഞ്ഞു. അയാൾ വിഷം കഴിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം എന്നും പറഞ്ഞപ്പോൾ പോലീസുകാർ പെട്ടെന്ന് ഉഷാറായി. SI ഉൾപ്പെടെ രണ്ടു പോലീസുകാർ ഞങ്ങളുടെ കൂടെ നിന്നിട്ട് ബാക്കിയുള്ളവർ അയാളെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഗേറ്റിൻറെ അപ്പുറത്തായി നിർത്തിയിട്ട ഒരു കാർ കണ്ടെത്തി. ലോക്ക് ചെയ്യാതിരുന്നതിൽ നിന്നും, എൻജിൻ അപ്പോളും ചൂട് ആയിരുന്നതിൽ നിന്നും ആ കാർ അയാളുടെ തന്നെ ആയിരിക്കും എന്ന് പോലീസുകാർ അനുമാനത്തിലെത്തി. സേതുമാധവൻ എന്ന ഒരാളുടെ പേരിൽ ആയിരുന്നു ആ കാർ  രജിസ്റ്റർ ചെയ്തിരുന്നത്.

****************************************************************************

ശരീരത്തിൻറെ ഉള്ളിൽ എന്തൊക്കെയോ കൊളുത്തി വലിക്കുന്നപോലത്തെ വേദന.

താൻ മരിച്ചില്ലേ? ഇല്ല, മരിച്ചിട്ടില്ല. താൻ  ഏതോ വണ്ടിയിൽ ആണെന്ന് തോന്നുന്നു.

ഈ വേദനയൊന്നും തൻറെ മകൾ തന്നിട്ട് പോയ വേദനയുടെ പകരം നിൽക്കാൻ പറ്റുന്നതല്ലെന്ന് സേതു തിരിച്ചറിയുകയായിരുന്നു.

എവിടെയാണ് തനിക്ക് പിഴച്ചത്? നാലാം വയസിൽ അവളെ ഏൽപ്പിച്ച് രേണു പോയതിന് ശേഷം താൻ ജീവിച്ചത് തന്നെ അവൾക്ക് വേണ്ടിയല്ലേ? തൻറെ എല്ലാ സുഖങ്ങളും അവൾക്കായി താൻ ത്യജിച്ചില്ലേ? എന്നിട്ടും അവൾ എത്ര നിസാരമായാണ് തന്നെ ഉപേക്ഷിച്ചു പോയത്. അവൾ ആവശ്യപ്പെട്ടത് എല്ലാം നൽകി ഒരു രാജകുമാരിയെപ്പോലെ അല്ലായിരുന്നോ അവളെ നോക്കിയിരുന്നത്. അമ്മ ഇല്ലാത്തതിന്റെ കുറവ് അവൾ ഒരിക്കലും അറിയാതിരിക്കാൻ താൻ അവൾക്ക് ഒത്തിരിയേറെ സ്വാതന്ത്ര്യം നൽകിയിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഏറ്റവും നല്ല മൊബൈൽ ഫോണും അത് മതിവരുവോളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും നൽകിയിരുന്നു. കഴിഞ്ഞ കുറെ നാളുകളായി അവൾ തന്നിൽ നിന്നും അകന്നു മാറാനും എന്തോ തന്നിൽ നിന്നും ഒളിപ്പിക്കാൻ ശ്രമിക്കുന്നതായും തോന്നിയിരുന്നു. ഒരിക്കൽ രാത്രി വൈകി മുറിയിൽ ലൈറ്റ് കണ്ട് തൻ ചോദിച്ചപ്പോൾ പഠിക്കുകയായിരുന്നു എന്ന് പറഞ്ഞെങ്കിലും എന്തോ കള്ളത്തരം കണ്ടുപിടിക്കപ്പെട്ടപോലെ അവൾ അസ്വസ്ഥയായിരുന്നു. ഒടുക്കം തനിക്ക് എഴുതിവെച്ച എഴുത്തിൽ എന്താണ് അവൾ എഴുതിയത്? അവളെ മനസിലാക്കുന്ന,  ഇഷ്ടപ്പെടുന്ന ഒരാളുടെ കൂടെ ജീവിക്കാൻ പോകുന്നു എന്ന്. ഇനി താൻ എന്തിനു ജീവിക്കണം. മരിക്കണം. അതേ. താൻ മരിക്കുകയാണ്. ശ്വാസവായുവിന് കട്ടി കൂടിവരുന്നതായി സേതുവിന്‌ തോന്നി.

താൻ എവിടാ ഇപ്പോൾ? സേതു കണ്ണ് തുറക്കാൻ ശ്രമിച്ചു. ആരോ തന്നെ തള്ളിക്കൊണ്ട് പോകുന്നപോലെ. ഒന്നും വ്യക്തമല്ല. പുക വന്ന് മൂടിയപോലെ. ഇത് ആ ആശുപത്രിയല്ലേ? അവസാനം താൻ വീണ്ടും ഇവിടെ എത്തി. ഇരുപത് വർഷങ്ങൾക്ക് ശേഷം. വീണ്ടും ആ വൃദ്ധൻ. ഇയാൾ ഇപ്പോളും ഇവിടെ? അന്നത്തെ അതേ ദയനീയമായ കണ്ണുകൾ. അത് തന്നെ തന്നെ തുറിച്ചു നോക്കുന്നു. ആ നോട്ടം തന്നെ കൊളുത്തി വലിക്കുന്ന പോലെ.

"അവസാനകാലത്ത് ഞങ്ങൾക്ക് ഒരു ആശ്രയമാകേണ്ടിയിരുന്ന ഞങ്ങളുടെ മകൻറെ ചിതയ്ക്ക് നീ എന്നെക്കൊണ്ട് കൊള്ളി വെപ്പിച്ചു. അവനെക്കുറിച്ചുള്ള ഓർമ്മകളിൽ നീറി തന്നെ ഞങ്ങളും തീർന്നു. ഇന്ന് നീ ഇവിടെ എത്തിയിരിക്കുന്നു, സ്വന്തം മകളെ കുറിച്ചുള്ള ഓർമ്മകളും പേറി" അയാൾ ദൈന്യത നിറഞ്ഞ ഒരു ചിരിയോടെ പറഞ്ഞു.

"ഇല്ല. ഞാൻ മനപ്പൂർവ്വം നിങ്ങളുടെ മകനെ കൊന്നിട്ടില്ല. എനിക്ക് മാപ്പ് തരൂ"

സേതുവിൻറെ മനസിലേക്ക് ആ രാത്രിയിലെ ദൃശ്യങ്ങൾ ഓടിയെത്തി.

*****************************************************************

"ഡാ നീ ഇന്ന് കുറച്ച് ഓവറാ. വണ്ടി ഞാൻ എടുക്കാം". മനോജിൻറെ സ്വരത്തിൽ ഒരു അപേക്ഷാഭാവം ഉണ്ടായിരുന്നു.

"ഒന്ന് പോടാ ചെക്കാ, അടിച്ചു പാമ്പായി നിന്നെയും ആ തടിയനെയും ട്രിപ്പിൾസ് വെച്ച് കൊണ്ട് പോയത് നിനക്ക് ഓർമയുണ്ടല്ലോ. പിന്നാ ഈ കാർ. നീ അങ്ങ് കയറിക്കേ"

വണ്ടിയിൽ കയറി സീറ്റ് ബെൽറ്റിടുമ്പോൾ ഒരു അവസാന ശ്രമം എന്ന നിലയിൽ മനോജ് ഒന്നുകൂടെ പറഞ്ഞു നോക്കി. "പോലീസ് എങ്ങാനും പിടിച്ചാൽ.."

"കാറിൽ ഒക്കെ ഏത് പോലീസ് ചെക്ക് ചെയ്യാനാടോ. ഇനി പോലീസ് പിടിച്ചാലും നിനക്ക് കുഴപ്പമില്ലല്ലോ. ചുമ്മാ പണിമുടക്കുമായി വന്നോളും" സേതു വണ്ടിയെടുത്തു.

മനോജ് പിന്നൊന്നും പറയാൻ പോയില്ല. പറഞ്ഞിട്ട് കാര്യമില്ല. ഭാഗ്യം, സമയം ഒരുമണി ആകുന്ന കൊണ്ട് റോഡിൽ ഒട്ടും തിരക്കില്ല. അല്ലാതെ തന്നെ സേതു വണ്ടി പറപ്പിച്ചേ ഓടിക്കാറുള്ളൂ. ഒഴിഞ്ഞ റോഡും നിറഞ്ഞ ലഹരിയും അവൻറെ കാലുകളെ ആക്‌സിലേറ്ററിൽ അമർത്തി. അതോടൊപ്പം അവൻ ഒരു സിഗരറ്റും കൂടെ എടുത്ത് ചുണ്ടിൽ വെച്ച് തീ കൊളുത്തി. മനോജിന് ഒട്ടും സഹിക്കാൻ പറ്റാത്ത കാര്യമാണ് ഈ സിഗരറ്റ് വലി. അതും കാറിൽ ഇരുന്ന്.

"ഡാ കോപ്പേ നീ സിഗരറ്റ് വലി നിർത്തി എന്നല്ലേ പറഞ്ഞത് എന്നിട്ടിപ്പോൾ പുകച്ചു തള്ളുന്നുണ്ടല്ലോ"

"നിർത്തിയെടാ. എന്നാലും രണ്ടെണ്ണം അടിച്ചാൽ രണ്ടു പഫ് എടുത്തില്ലേൽ ഒരു ഗുമ്മില്ല. അതാ ഈ കാറിനുള്ള സൗകര്യം" സേതു പറഞ്ഞു നിർത്തിയിട്ട് സിഗരറ്റ് ആഞ്ഞു വലിച്ചു.

കാർ മെഡിക്കൽ കോളേജ് ജംഗ്ഷൻ അടുത്തപ്പോഴാണ് അത് സംഭവിച്ചത്. പെട്ടെന്നായിരുന്നു എല്ലാം. റോഡിൻറെ ഇടതുവശത്ത് നിന്നും ഒരാൾ കാറിൻറെ മുന്നിലേക്ക് ചാടികയറി. ഞെട്ടി അയാൾ തിരിഞ്ഞു നോക്കിയതും കാർ അയാളെ ഇടിച്ചു തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു. വണ്ടിയുടെ നിയന്ത്രണം വിടാതെ സേതു മുന്നോട്ടു കയറ്റി നിർത്തി. അവൻ കുടിച്ച മദ്യം മുഴുവൻ ആവിയായി പോയിരുന്നു. ഇടിയും തെറിച്ചു പോകുന്ന ആളെയും വ്യക്തമായി കണ്ട മനോജ് ഉടനെ അവസരത്തിനൊത്ത് ഉയർന്നു.

"ഡാ, പ്രശ്‌നമാണ്. നല്ല ഇടി കിട്ടി. നീ വേഗം പുറകോട്ട് ഇറങ്ങ്. വണ്ടി ഞാനാണ് ഓടിച്ചതെന്ന് പറയാം. അവൻറെ കുഴപ്പം ആണെങ്കിലും നിന്നെ ഈ അവസ്ഥയിൽ കണ്ടാൽ പണി പാളും."

ആദ്യത്തെ ഞെട്ടലിൽ നിന്നും ഉണർന്ന സേതു വേഗം പുറകിലേക്ക് കയറി ഇരുന്നു. ഡ്രൈവർ സീറ്റിലേക്ക് കയറിയ മനോജ് ഡോർ തുറന്നു പുറത്തേക്ക് ചെന്നു. ഭാഗ്യം ആരും സ്ഥലത്തില്ല. തുറന്നിരിക്കുന്ന മെഡിക്കൽ സ്റ്റോറിൽ നിന്നും ഒരാൾ പുറത്തേക്ക് വരുന്നുണ്ട്. ദൂരെ ജംഗ്ഷനിൽ നിന്നും കുറച്ച് ആളുകൾ ഓടി വരുന്നുണ്ട്. സേതുവും പതിയെ പുറകിലെ ഡോർ തുറന്ന് ഇറങ്ങി. നടപ്പാതയിൽ ഒരു ടെലഫോൺ പോസ്റ്റിൻറെ ചുവട്ടിൽ ചോരയിൽ കുളിച്ച് ഒരു യുവാവ് കിടന്നു പിടയുന്നു. മനോജ് എത്തുമ്പോൾ തന്നെ മെഡിക്കൽ സ്റ്റോറുകാരനും എത്തിയിരുന്നു. മനോജ് പറഞ്ഞു. "ഞാൻ മര്യാദയ്ക്കാ വന്നത്. ഇയാൾ വട്ടം ചാടിയതാ".

"ഇയാൾ ഇപ്പോൾ കടയിൽ നിന്ന് മരുന്നും മേടിച്ച് ഇറങ്ങിയതാ. അൽപ്പം വെപ്രാളത്തിൽ ആയിരുന്നു. ഏതായാലും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാം. പിടിക്ക്."

കടക്കാരനും മനോജും കൂടെ അയാളെ പൊക്കിയെടുക്കാൻ ശ്രമിച്ചപ്പോളേക്കും ഓടിയെത്തിയ രണ്ടു പേര് കൂടെ എത്തി സഹായിച്ചു.

"സേതൂ, നീ വണ്ടിയിലോട്ട് ഇരുന്ന് ഇയാളെ പിടിക്ക്. ഞാൻ വണ്ടിയെടുക്കാം" മനോജ് വിളിച്ചു പറഞ്ഞു.

തലയ്ക്ക് കൈ കൊടുത്ത് തളർന്നു നിന്നിരുന്ന സേതു ചാടി പുറകിലേക്ക് കയറി. എല്ലാവരും കൂടെ അയാളെ സേതുവിൻറെ മടിയിൽ കിടത്തി. ഓടി വന്ന ഒരു ചെറുപ്പക്കാരൻ കൂടെ മുന്നിൽ കയറി. മനോജ് വേഗം വണ്ടിയെടുത്തു. ഇടി കൊണ്ട യുവാവ് വേദന കൊണ്ട് പുളയുകയാണ്. അയാളുടെ തലയിൽ നിന്നും രക്തം തൻ്റെ പാൻറ്സിനെ നനക്കുന്നതായി സേതുവിന്‌ മനസിലായി. അവന് തലചുറ്റുന്ന പോലെ തോന്നി. അധികം പ്രായം ഒന്നും തോന്നുന്നില്ല. ഇരുപത് വയസ് അടുത്തേ കാണൂ. പെട്ടെന്ന് ആ പയ്യൻ അവൻറെ കയ്യിൽ പിടിച്ചിരുന്ന കടലാസ് കവർ സേതുവിൻറെ കയ്യിൽ കൊടുത്തു. "അമ്മയ്ക്ക് ....മരുന്ന്..അവിടെ ICU.."

അവൻറെ വാക്കുകൾ മുറിഞ്ഞു. അതുവരെ ചുരുട്ടി പിടിച്ചിരുന്ന ആ കൈ നിവർന്ന് താഴേക്ക് വീണു. സേതുവിൻറെ ഉടലിലൂടെ ഒരു കൊള്ളിയാൻ മിന്നി. തൻ്റെ മടിയിൽ കിടന്ന് ഒരു ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. അതും താൻ കാരണം. ഒന്ന് അലറി കരയണം എന്ന് അവന്  തോന്നി. പക്ഷെ ഒച്ച പുറത്തു വരുന്നില്ല. "ഡാ ഇയാള് ....പോയി  എന്ന് തോന്നുന്നു"

സേതു കരയുന്നതായി മനോജിന് തോന്നി. അവൻ വണ്ടി മെഡിക്കൽ കോളേജിൻറെ പോർച്ചിലേക്ക് ഓടിച്ചു കയറ്റി നിർത്തി. മനോജും മുന്നിലിരുന്ന ചെറുപ്പക്കാരനും കൂടെ ചാടി പുറത്തിറങ്ങി ഒരു ട്രോളി വലിച്ചുകൊണ്ട് വന്നു. അപ്പോളേക്കും ഒന്ന് രണ്ടു അറ്റൻഡർമാരും ഓടിയെത്തി. എല്ലാവരും കൂടെ അയാളെ ട്രോളിയിൽ കയറ്റി തള്ളിക്കൊണ്ടുപോകുന്നത് സേതു കാറിൽ നിർവികാരനായി നോക്കിയിരുന്നു. അവൻറെ കയ്യിൽ അപ്പോളും ചോരയിൽ കുതിർന്ന ആ മരുന്നു പൊതി ഉണ്ടായിരുന്നു.

സേതു പതിയെ ഡോർ തുറന്നിറങ്ങി വണ്ടിയിൽ ചാരി നിന്നു. കുറച്ചു കഴിഞ്ഞ് മനോജ് ഓടി വന്നു. കൂടെ വേറൊരാളും. "എടാ ആ പയ്യൻ രക്ഷപ്പെട്ടില്ല. പോലീസിൽ റിപ്പോർട് ചെയ്യണം. ഇവിടെ എയ്ഡ് പോസ്റ്റിൽ പോയി പറഞ്ഞിട്ട് വരാം. നീ ഇവിടെ നിന്നാൽ മതി."

"എടാ മനോജേ, ഞാൻ...." സേതു അവൻറെ മുഖത്ത് ദയനീയമായി നോക്കി അർത്ഥഗർഭമായി നിർത്തി.

"നമ്മുടെ തെറ്റല്ലല്ലോടാ. അവൻ ഇങ്ങോട്ട് വന്ന് ചാടിയതല്ലേ. നീ വിഷമിക്കാതെ. ഞങ്ങൾ പോയി റിപ്പോർട്ട് ചെയ്തിട്ട് വരാം" മനോജ് പോലീസ് എയ്‌ഡ്‌ പോസ്റ്റിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞു രണ്ട് പോലീസുകാരുമായി സംസാരിച്ചു കൊണ്ട് അവൻ വന്നു. ഉറക്കത്തിൽ നിന്നും എഴുന്നേറ്റതിന്റെ നീരസം അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. മനോജ് അവർക്ക് ഇടിച്ച സ്ഥലം ഒക്കെ കാണിച്ചു കൊടുത്തു. അപ്പോളാണ് സേതുവിനെ പോലീസുകാർ കണ്ടത്. അവർ ചോദ്യഭാവത്തിൽ നോക്കുന്ന കണ്ടപ്പോൾ തന്നെ മനോജ് ചാടിക്കയറി പറഞ്ഞു. "ഇതാണ് എൻറെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ."

പോലീസുകാർ കാറിന് ചുറ്റി ഒന്ന് നടന്ന ശേഷം അകത്തേക്ക് പോയി. സേതു അവിടെ തന്നെ നിന്നു. അവൻറെ മനസ് ആകെ മരവിച്ചിരുന്നു. ഒരു പോലീസുകാരൻ തിരികെ എയ്‌ഡ്‌ പോസ്റ്റിലേക്ക് പോകുന്നത് കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ജീപ്പ് പോലീസ് അവിടെ എത്തി. ജീപ്പിൻറെ ശബ്ദം കേട്ടപ്പോൾ അകത്തു പോയ പോലീസുകാരൻ പുറത്തേക്ക് വന്നു. കൂടെ മനോജും. എസ് ഐയോട് പോലീസുകാരൻ കാര്യങ്ങൾ വിശദീകരിച്ചു. അയാൾ മനോജിനെ വിളിച്ച് ചോദ്യങ്ങൾ ചോദിച്ചു. അത് കഴിഞ്ഞ് അയാൾ സേതുവിനെ നോക്കി. "നീ ആണോ കൂടെ ഉണ്ടായിരുന്നത്?"

"അതേ"

"നീ വെള്ളമടിച്ചിട്ടുണ്ടല്ലേ?"

"ഹമ്...അതെ" സേതു തലയാട്ടി.

"നീ ആണോ വണ്ടി ഓടിച്ചത്?"

"അല്ല സാറേ, ഞാനാ" മനോജ് ഇടയ്ക്ക് കയറി പറഞ്ഞു.

"നിന്നോട് ചോദിച്ചില്ലല്ലോ. അങ്ങോട്ട് മാറി നിൽക്ക്"

"അല്ല സാറേ, അവനാ വണ്ടി ഓടിച്ചത്. ഞാൻ പുറകിൽ ഇരിക്കുവായിരുന്നു" സേതു പറഞ്ഞു.

"അതെന്താ നീ പുറകിൽ ഇരുന്നത്. ഇവനാരാ നിൻറെ ഡ്രൈവർ ആണോ"

"അല്ല സാറേ, എൻറെ വണ്ടിയാ. മദ്യപിച്ച കൊണ്ട് അവൻ ഓടിക്കാമെന്ന് പറഞ്ഞു. ഞാൻ ഉറങ്ങാം എന്നും പറഞ്ഞ് പുറകിൽ പോയതാ"

അവിടെ നിന്ന പോലീസുകാരൻ SI യോട് ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ ഉള്ള ഒരു പേഷ്യന്റിന്റെ മോൻ ആണെന്ന് പറഞ്ഞു. അവൻറെ അമ്മ ഇവിടെ ICU വിൽ ഉണ്ടത്രേ. എന്തോ മരുന്ന് മേടിക്കാൻ പോയതാ. ഇപ്പോൾ അച്ഛൻ ഇവിടുണ്ട്. അയാളുടെ അവസ്ഥയും അത്ര നല്ലതല്ലത്രേ. അത് കൊണ്ട് അറിയിച്ചിട്ടില്ല. വേറെ ബന്ധുക്കൾ ആരുമില്ല. ആകെ കഷ്ടത്തിൽ ആണ് അവരുടെ കാര്യമെന്നാ ഇവർ പറയുന്നത്.

SI അകത്തേക്ക് കയറിപ്പോയി. കുറച്ചു കഴിഞ്ഞു വന്നിട്ട് ഒരു പോലീസുകാരനോട് കാർ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. മനോജിനോട് ജീപ്പിൽ കയറി സംഭവസ്ഥലം കാണിക്കാൻ പറഞ്ഞു. പോകാൻ നേരം മനോജ് അവനെ സാരമില്ല. ഞാൻ നോക്കിക്കോളാം എന്ന ഭാവത്തിൽ ഒന്ന് നോക്കി. സേതുവും എയ്‌ഡ്‌ പോസ്റ്റിലെ പോലീസുകാരും മാത്രം അവശേഷിച്ചു.

അവർ എയ്‌ഡ്‌ പോസ്റ്റിലേക്ക് പോയപ്പോൾ സേതു പതിയെ അകത്തേക്ക് നടന്നു. അവൻറെ മനസ്സിൽ ആ പയ്യൻ പറഞ്ഞ അവസാന വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു. കയ്യിൽ അവൻ പിടിച്ചേൽപ്പിച്ച ആ മരുന്നുമായി അവൻ വേച്ചു വേച്ച് ICU ന്  നേരെ നടന്നു.

റിസപ്‌ഷനിൽ നിന്നും ഓടിവന്ന സിനി സിസ്റ്റർ പറഞ്ഞ വാർത്തകേട്ട് ഞെട്ടി ഇരിക്കുകയായിരുന്നു ICU വിലെ ഡ്യൂട്ടി നഴ്‌സുമാർ.

"നീ ശരിക്കും കണ്ടോ? അത് ആ പയ്യൻ തന്നെ ആണോ?"

"അതേ സിസ്റ്ററെ, കുറച്ചുമുൻപ് ആ ചെറുക്കൻ പുറത്തേക്ക് ഓടി പോകുന്നത് ഞാൻ കണ്ടതല്ലേ" സിനി സിസ്റ്റർ പറഞ്ഞു നിർത്തി

"ഈശ്വരാ, ഞാൻ പറഞ്ഞിട്ടാണല്ലോ അവൻ ആ മെഡിസിൻ മേടിക്കാൻ ഇപ്പോൾ പോയത്. അവൻറെ അമ്മയ്ക്ക് അത്ര വയ്യാത്ത കൊണ്ടാ രാത്രി വൈകിയിട്ടും ഞാൻ ആ മെഡിസിൻ കൊണ്ടുവരാൻ പറഞ്ഞത്. അവൻ പോയെന്നറിഞ്ഞാൽ അവൻറെ അച്ഛനും അമ്മയും പിന്നെ ജീവനോടെ ഉണ്ടാകില്ല. അത്രയ്ക്ക് അവശരാണ് അവർ" ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിസ്റ്റർ അത്രയും പറഞ്ഞപ്പോളേക്കും വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.

"അവൻറെ അച്ഛൻ..??" സിനി സിസ്റ്റർ ചോദ്യഭാവത്തിൽ നിർത്തി.

"ആകെ കഷ്ടമാ സിസ്റ്ററെ. നല്ല പ്രായം ഉണ്ട്. അമ്മയും അതേ പോലെ തന്നെ. അയാൾക്ക് കാഴ്ചയും കുറവാ ചെവിയും കേൾക്കില്ല. ഒറ്റ മോനാ. അവനാ എല്ലാം നോക്കുന്നത്. അച്ഛൻ ഇവിടെ തന്നെ ഉണ്ടാകും. അവന് ജോലിയൊന്നും ആയിട്ടില്ല. കാശില്ലാത്ത കൊണ്ടാ അമ്മയുടെ ഓപ്പറേഷൻ ഇങ്ങനെ നീട്ടിക്കൊണ്ട് പോകുന്നത്. ഇന്നിപ്പോൾ ആരോടോ കാശ് കടം വാങ്ങാൻ പോയത് കൊണ്ടാ താമസിച്ചത്. മരുന്ന് കൊടുക്കേണ്ട സമയം കഴിഞ്ഞതിന് ഞാൻ രണ്ടു പറയുകയും ചെയ്തിരുന്നു" അവരുടെ കണ്ണുകൾ നിറഞ്ഞു.

നഴ്‌സ് റൂമിൽ സംസാരം കേട്ടാണ് സേതു വാതിൽക്കലേക്ക് ചെന്നത്.

ഒരു അപരിചിതനെ കണ്ട് നേഴ്‌സുമാർ പെട്ടെന്ന് സംസാരം നിർത്തി. രക്തം പുരണ്ട അവൻറെ വേഷം കൂടെ കണ്ടപ്പോൾ അവർ ഞെട്ടി.

"ഇവിടെ ഉള്ള ഒരു പേഷ്യന്റിന്റെ മോനെ വണ്ടി ഇടിച്ചു" അവൻ വിക്കി വിക്കി പറഞ്ഞു.

"ങാ ഞങ്ങൾ ഇപ്പോൾ അത് പറയുവായിരുന്നു. നിങ്ങൾ ആരാ?"

"ഞങ്ങളാ അവനെ ഇവിടെ എത്തിച്ചത്. ഈ മരുന്ന് അമ്മയ്ക്ക് ആണെന്ന് പറഞ്ഞു." സേതുവിൻറെ ശബ്ദം ഇടറി.

ഡ്യൂട്ടി നഴ്‌സ്‌ ഓടിവന്ന് മരുന്ന് കവർ മേടിച്ചു. രക്തം പുരണ്ട ആ കവർ കണ്ട് അവർ വിതുമ്പിപ്പോയി. ഏതാനും നിമിഷങ്ങൾക്ക് മുൻപ് താനാണല്ലോ അവനെ മരുന്ന് മേടിക്കാൻ പറഞ്ഞുവിട്ടത്. അവൻറെ രക്തം ഇതാ തൻറെ കയ്യിൽ പുരണ്ടിരിക്കുന്നു. അവർ തളർച്ചയോടെ കസേരയിലേക്ക് ഇരുന്നു.

സേതു ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി. അയാളുടെ കണ്ണുകൾ അറിയാതെ ICU വിന് നേരെ നീണ്ടു. അവിടെ ഡോറിൽ പിടിച്ച്, അകത്തേക്ക് തുറിച്ചു നോക്കി ഒരു വൃദ്ധൻ നിൽക്കുന്നുണ്ടായിരുന്നു. അയാൾ പ്രതീക്ഷയോടെ പുറത്തേക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. മരുന്ന് വാങ്ങാൻ പോയ മകനെയും കാത്ത്.

*******************************************************************

"ഇല്ല... നിങ്ങളുടെ മോനെ ഞാൻ അറിഞ്ഞുകൊണ്ടല്ല..." സേതുവിൻറെ വാക്കുകൾ കുഴഞ്ഞു. തൻറെ ട്രോളിയുടെ അടുത്ത് നിന്ന് ചിരിക്കുന്ന ആ വൃദ്ധൻറെ രൂപം മങ്ങി തുടങ്ങി, അവിടെ അതാ തൻറെ മോൾ നിന്ന് ചിരിക്കുന്നു. താൻ എന്നും കൊതിച്ചിരുന്ന അവളുടെ പഴയ ഓമനത്തം തുളുമ്പുന്ന ചിരി. അവളെ തൊടാനായി, ഒന്ന് തലോടാനായി, കൈകൾ ഉയർത്താനായി ഒരു ശ്രമം. സേതുവിൻറെ ദേഹം ഒന്ന് വിറകൊണ്ടു. പിന്നെ നിശ്ചലമായി. എന്നെന്നേക്കുമായി.

1 comment: