Saturday, March 9, 2019

കുട്ടനാടൻ ബ്ലോഗ് 5 : ഒരു കുട്ടനാടൻ അതിജീവനത്തിൻ്റെ കഥ

    കുട്ടനാട്ടിലെ ഒരു സ്ഥാപനത്തിൽ ജോലിക്കായി ഞാൻ അവിടെ കാലു കുത്തിയപ്പോൾ തന്നെ എന്നെ ആകർഷിച്ച ഒരു കാര്യം ആശുപത്രിയുടെ പുറകിലായി നീണ്ടു നിവർന്നു കിടക്കുന്ന കുട്ടനാടൻ പാടശേഖരം ആയിരുന്നു. അന്ന് അത് എന്നെപ്പോലെ കുളിച്ചൊരുങ്ങി പുതിയൊരു ജോലിക്ക് പോകാൻ തയ്യാറായി നിൽക്കുന്ന ജോലിക്കാരനെ പോലെ അടുത്ത കൃഷിക്കുള്ള വിത കഴിഞ്ഞു നെൽ നാമ്പുകൾ തല പൊക്കി വരുന്ന പരുവത്തിലായിരുന്നു. 


ചിത്രം 1 

       വളരെ സന്തോഷം തോന്നി. കുട്ടിക്കാലം മുതൽ കേട്ടറിഞ്ഞ, തകഴിയുടെ കഥകളിൽ വായിച്ചറിഞ്ഞ കുട്ടനാടൻ കൃഷി അടുത്ത് കാണാൻ, ആദ്യം മുതൽ കാണാൻ സാധിക്കുന്നതിലുള്ള സന്തോഷം. അങ്ങനെ എൻറെ കൺ മുന്നിൽ ആ കൃഷി വേഗം വളർന്നു. നെൽക്കതിരുകൾ ഇളം കാറ്റിനനുസരിച്ച് തലയാട്ടി നിൽക്കുന്ന കാഴ്ച്ച മനസിന് കുളിർമ നൽകി. 


ചിത്രം 2 


ചിത്രം 3 

      അപ്പോളാണ് വില്ലനെ പോലെ കുട്ടനാട്ടിൽ പ്രളയം വിരുന്നിനെത്തിയത്. കുട്ടനാട്ടിലെ ഒട്ടുമിക്ക പാടങ്ങളും വെള്ളത്തിലാക്കിയ ആദ്യ പ്രളയത്തെ ഞങ്ങളുടെ പാടം (അതെ എനിക്കിപ്പോൾ ആ പാടത്തെ അങ്ങനെ വിളിക്കാനാണ് ഇഷ്ടം) അതിജീവിച്ചപ്പോൾ അവിടെ വിളവെടുപ്പ് കാണാൻ പറ്റുമെന്ന് കരുതി. പക്ഷെ രണ്ടാമത്തെ പ്രളയത്തിൽ പൊട്ടാതെ നിന്ന പാടത്തിന്റെ ബണ്ടിന് മുകളിലൂടെ പ്രളയജലം കുത്തിയലച്ച് ആ നെൽനാമ്പുകളെ മുക്കിക്കളഞ്ഞു. പ്രളയത്തിൽ മുങ്ങിയ ഓഫീസിൽ നിന്നും കുറച്ചു പ്രധാനപ്പെട്ട സാധനങ്ങൾ എടുക്കാൻ ഞങ്ങൾ അടുത്ത ദിവസം എത്തുമ്പോൾ, സാധാരണ ഞാൻ നിന്ന് ഫോട്ടോ എടുത്തിരുന്ന സ്ഥലം വരെ ഒരാൾ പൊക്കത്തിൽ മുങ്ങിക്കഴിഞ്ഞിരുന്നു. അതായത് നെൽ ചെടികൾ ഏകദേശം മൂന്ന് മീറ്ററോളം വെള്ളത്തിനടിയിൽ.


ചിത്രം 4 : വെള്ളം കയറിത്തുടങ്ങിയ ദിവസം 


ചിത്രം 5 : അടുത്ത ദിവസം ഓഫീസിൽ എത്തിയപ്പോൾ. പുറകിൽ കാണുന്നതാണ് പാടം 

പ്രളയത്തിന് ശേഷം വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോൾ ഞങ്ങൾ എത്തുമ്പോൾ ഇതായിരുന്നു അവസ്ഥ. 


ചിത്രം 6 

പിന്നെ ഓരോ ദിവസവും വെള്ളം കുറയുന്നത് നോക്കിയിരുന്നു. ഓഫിസിന്റെ പടിയിൽ നിന്നും മുറ്റത്തു നിന്നും പതിയെ പതിയെ വെള്ളം ഇറങ്ങിയപ്പോൾ തന്നെ മൂന്ന് ആഴ്ച എങ്കിലും എടുത്തു. പാടത്തെ വെള്ളം പറ്റി കൃഷിക്ക് തയ്യാറാകാൻ പിന്നെയും രണ്ടു മാസം കൂടെ കാത്തിരിക്കേണ്ടി വന്നു. 


ചിത്രം 7. മുറ്റത്ത് നിന്നും ഇറങ്ങിയ വെള്ളം പാടത്ത് നിറഞ്ഞു നിൽക്കുന്നു.


ചിത്രം 8. വെള്ളം ഇറങ്ങിയ സമയം 


ചിത്രം 9 . വീണ്ടും കൃഷിക്ക് തയ്യാറായപ്പോൾ 


ചിത്രം 10. വിത്ത് വിതച്ചപ്പോൾ 

കുറച്ചു താമസിച്ചിട്ടാണെങ്കിലും ഞങ്ങളുടെ പാടശേഖരത്തിലും വിതയ്ക്കാനുള്ള വിത്ത് സർക്കാരിൽ നിന്നും ലഭിച്ചപ്പോൾ ഒക്ടോബർ മാസം തീരാറായിരുന്നു. 

വിത്ത് വിതച്ച് അഞ്ച് മാസം തികയുന്നതിന് മുൻപ് വിളവെടുപ്പ് നടന്നു. 
ചിത്രം 11, 12, 13 : കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ 

പ്രളയത്തിൽ ദുരിതം എത്തിച്ച പ്രകൃതി കുട്ടനാടിൻറെ മക്കൾക്കായി കിഴക്കൻ നാടുകളിൽ നിന്നും ഫലഭൂയിഷ്ഠമായ എക്കൽ മണ്ണ് അവരുടെ പാടങ്ങളിൽ നിറച്ചിട്ടാണ് പോയത്. അതിനാൽ തന്നെ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച വിളവാണ് ഇത്തവണ. അതായത് സാധാരണ ഒരു ഏക്കർ പാടത്തിൽ നിന്നും ലഭിക്കുന്നത് 20 മുതൽ 25 ക്വിന്റൽ വരെ നെല്ല് ആയിരുന്നെങ്കിൽ ഇപ്രാവശ്യം അത് 35 ക്വിന്റലിന് മുകളിൽ വരെ ലഭിച്ചിട്ടുണ്ട്. കുട്ടനാട്ടുകാരുടെ തന്നെ അഭിപ്രായത്തിൽ പ്രളയത്തിൽ മുക്കിക്കളഞ്ഞ കൃഷിയുടെ കുറവ് കൂടെ നികത്തിയാണ് ഇത്തവണത്തെ വിളവെടുപ്പ്. 


ചിത്രം 14 . ഞങ്ങളുടെ പാടത്തും കൊയ്ത്ത് മെഷീൻ ഇറങ്ങിയപ്പോൾ 


ചിത്രം 15 : കൊയ്ത നെല്ലിന്റെ അളക്കലും ചാക്കിൽ നിറക്കലും 


ചിത്രം 16 : ചാക്കുകൾ വള്ളത്തിൽ കയറ്റിയപ്പോൾ. 250 ക്വിന്റൽ വരെ ഈ കേവ് വള്ളങ്ങളിൽ കയറ്റാൻ കഴിയും 

1 comment:

  1. കുട്ടനാടൻ വിജയഗാഥ നന്നായിരിക്കുന്നു. വെള്ളം നശിപ്പിച്ചു കളഞ്ഞ നെല്ലിനു പകരം കൂടുതൽ നെല്ലുണ്ടാക്കാൻ ഫലഭൂയിഷ്ഠമായ മണ്ണും തന്ന് അതേ വെള്ളം ഇറങ്ങിപ്പോയി. പ്രകൃതിയുടെ ഒരു തരം ശുദ്ധി കലശമായിരിക്കും ഈ വെള്ളപ്പൊക്കം.

    രാസമാലിന്യങ്ങൾ നിറഞ്ഞ് ജീവജാലങ്ങൾക്ക് ജീവിതം ഭീഷണിയാകുന്ന സമയത്ത് പ്രകൃതിയുടെ തന്നെ ശുദ്ധികലശം. എത്ര മഹത്തരം അല്ലേ....!!

    ReplyDelete