ഡേ: 0 : ബിഹൈൻഡ് ദി സീൻസ്
തികച്ചും അവിചാരിതമായി ഈ ഓണം അവധിക്കാലത്ത് എൻറെ ഒരു ചിരകാലസ്വപ്നം പൂവണിഞ്ഞു. ശരിക്കും പറഞ്ഞാൽ ഒന്നല്ല അതിലേറെ സ്വപ്‌നങ്ങൾ ആണ് പൂവണിയപ്പെട്ടത് എന്ന് പറയാം. നമ്മുടെ തലസ്ഥാന നഗരമായ ഡൽഹി സന്ദർശിക്കണം എന്ന സ്വപനമാണ് ഈ അവധിക്കാലത്ത് പൂവണിഞ്ഞത്. തലസ്ഥാന നഗരം എന്നതിനേക്കാൾ ചരിത്രം ഉറങ്ങുന്ന ഡൽഹി എന്നതായിരുന്നു എൻറെ ലക്ഷ്യസ്ഥാനം. കുഞ്ഞുന്നാളുകളിലെ ചരിത്ര ക്ലാസുകളിൽ വായിച്ചു തള്ളിയ ചക്രവർത്തിമാരുടെയും സാമ്രാജ്യങ്ങളുടെയും പോരാട്ടങ്ങളുടെയും നാട്. അത് കാണുക എന്നത് ഒരു സ്വപ്നം തന്നെ ആയിരുന്നു. ഭാര്യയും കുട്ടിയുമായി ഒരു വിമാനയാത്ര എന്നതായിരുന്നു ഇതോടൊപ്പം പൂവണിഞ്ഞ മറ്റൊരു സ്വപ്നം.

ഞാൻ ആദ്യമേ പറഞ്ഞില്ലേ തികച്ചും അവിചാരിതമായി ആണ് ഈ യാത്ര ഒത്തുവന്നത് എന്ന്. പണ്ടേ എനിക്ക് പോകണം പോകണം എന്ന് ആഗ്രഹമുള്ള സ്ഥലമായിരുന്നു ഡൽഹി എങ്കിലും അങ്ങോട്ട് പോകുന്നതിന് പല പല ഘടകങ്ങൾ മുന്നിൽ തടസമായി വന്നിട്ടുണ്ട്. ജോലിയിൽ നിന്നും ലീവ് എടുക്കൽ ആണ് ഒന്നാമത്തെ ഘടകം. ഒരിക്കൽ ടിക്കറ്റ് എടുക്കാൻ വരെ തുനിഞ്ഞതാണ്. അന്ന് ടിക്കറ്റിന്റെ തുക കണ്ട്, "ഇതിനേക്കാൾ ഭേദം വല്ല മലേഷ്യയോ തായ്‌ലാൻഡോ പോകുന്നതാണ്. അതാകുമ്പോൾ ഒരു വിദേശ രാജ്യം സന്ദർശിക്കുന്ന മെച്ചം ഉണ്ട് താനും" എന്ന് ചിന്തിച്ച് ആ പരുപാടി ഉപേക്ഷിച്ചിട്ടുണ്ട്. ഇപ്പ്രാവശ്യത്തെ ഓണത്തിന് അടുപ്പിച്ച് കുറെ ദിവസം അവധി വന്നപ്പോളും ഒരു ദീർഘ യാത്ര മനസ്സിൽ വന്നില്ല. പതിവ് പോലെ ഇടുക്കിയോ തമിഴ് നാടോ ഒരു കറക്കം എന്നേ കരുതിയിരുന്നുള്ളൂ. അപ്പോളാണ് കസിൻ കണ്ണൻ, ഭാര്യ ചിത്രയുമായി ഓസ്‌ട്രേലിയയിൽ നിന്നും ഒരു മാസത്തെ അവധിക്ക് നാട്ടിൽ ലാൻഡ് ചെയ്തത്. അവർ കുറച്ചു ദിവസത്തേക്ക് ഡൽഹിയിൽ പോകാൻ തീരുമാനിച്ച് ടിക്കറ്റ് ഒക്കെ എടുത്താണ് വന്നിരിക്കുന്നത്. ചിത്രയുടെ ആന്റി ഡൽഹിയിൽ ഉണ്ടെന്നുള്ളതും കണ്ണൻ ദീർഘനാൾ ഡൽഹിയിൽ താമസിച്ചിട്ടും ഇതുവരെ ചിത്ര ഡൽഹി കണ്ടിട്ടില്ല എന്നതുമായിരുന്നു അവരുടെ യാത്രയുടെ പിന്നിലുള്ള കാരണങ്ങൾ. വീട്ടിൽ വന്ന് കണ്ണൻ എന്നോട് അവരുടെ ഈ പ്ലാൻ പറഞ്ഞു കഴിഞ്ഞപ്പോൾ "നീ മുൻപേ പറഞ്ഞിരുന്നെങ്കിൽ ഞങ്ങളും കൂടെ വരാമായിരുന്നു" എന്ന ഡയലോഗ് ഒരു ഫോർമാലിറ്റിക്ക് വെച്ച് അലക്കിയത്.
കണ്ണനൊക്കെ വീട്ടിൽ നിന്നും പോയി കഴിഞ്ഞു ഞാൻ പതിവ് പോലെ കമ്പ്യൂട്ടറും കുത്തി ഇരുന്നപ്പോൾ ഭാര്യ ഒരു കസേരയും എടുത്ത് അടുത്ത് വന്നിരുന്നു.
"മുൻപേ പറഞ്ഞിരുന്നെങ്കിൽ നമുക്കും പോകാമായിരുന്നല്ലേ?"
"എവിടെ?"
"ഡൽഹിയിൽ....അവരുടെ കൂടെ....അതാകുമ്പോൾ കണ്ണന് സ്ഥലം ഒക്കെ അറിയാല്ലോ"
"ഓ അത് ഞാൻ ചുമ്മാ ആ ഫ്ലോയിൽ പറഞ്ഞതാ....നടപടി ആകണ കേസൊന്നുമല്ല" ഞാൻ കമ്പ്യൂട്ടറിലേക്ക് ഊളിയിട്ടു.
ഒന്ന് രണ്ട് മിനിറ്റ് നേരത്തെ നിശബ്ദത.
"ടിക്കറ്റ് ഉണ്ടെങ്കിൽ നമുക്കും പോകാം അല്ലേ"
"എങ്ങനേ?" ഞാൻ കമ്പ്യൂട്ടറിൽ നിന്നും കണ്ണെടുത്തു.
"അല്ല. ഇപ്പോൾ ആകുമ്പോൾ അവധി ഉള്ളത് കൊണ്ട് ലീവ് എടുക്കേണ്ടല്ലോ"
"ഒന്ന് പോയേ...പണ്ട് ടിക്കറ്റ് നോക്കിയത് ഓർമ്മ ഉണ്ടല്ലോ...ഒരാൾക്ക് എങ്ങനെ പോയാലും എണ്ണായിരം രൂപ എങ്കിലും ആകും ഒരു സൈഡ് തന്നെ. അങ്ങനെ നോക്കിയാൽ തന്നെ കുറഞ്ഞത് പത്ത് അമ്പതിനായിരം രൂപ വിമാനക്കൂലി മാത്രം !!!അത് തന്നെയുമല്ല ഓണം സീസൺ ആയത്കൊണ്ട് ടിക്കറ്റ് ഒക്കെ ഫുൾ ആയിരിക്കും.
വീണ്ടും നിശബ്ദത. ഇച്ഛാഭംഗത്തോടെ ഇരിക്കുന്ന വാമഭാഗത്തെ ഒന്ന് സമാധാനിപ്പിക്കാൻ ഉടനെ ഞാൻ ഗൂഗിൾ എടുത്ത് കൊച്ചി-ഡൽഹി വിമാന നിരക്ക് സെർച്ച് ചെയ്തു. റേറ്റ് കണ്ട് ഞെട്ടുമ്പോൾ ഈ ഇച്ഛാ ഭംഗം ഒക്കെ അങ്ങ് മാറിക്കോളും. അല്ല പിന്നെ
റേറ്റ് കണ്ടപ്പോൾ ഞെട്ടിയത് ഞാൻ ആയിരുന്നു. 8000 പ്രതീക്ഷിച്ച സ്ഥാനത്ത് 6000 അടുത്ത് മാത്രം. അതോടെ എനിക്ക് ആവേശമായി. കണ്ണൻ ഒക്കെ യാത്ര ചെയ്യുന്നത് തിരുവോണ നാളിൽ പോയി അടുത്ത ഞായറാഴ്ച മടങ്ങുന്ന രീതിയിൽ ആയിരുന്നു. ഞാൻ ആ ദിവസം മൊത്തത്തിൽ ഒരു ദിവസം മുന്നോട്ട് തള്ളി നീക്കി. അവിട്ടതിന് പോയി അടുത്ത തിങ്കൾ മടക്കം. എൻറെ ഊഹം തെറ്റിയില്ല. രണ്ട് പ്രധാന അവധി ദിനങ്ങൾ മാറി കിട്ടിയതോടെ ടിക്കറ്റ് നിരക്ക് അയ്യായിരത്തിലെത്തി. അപ്രതീക്ഷിതമായി ലോട്ടറി അടിച്ച പോലെ ഞാൻ ഭാര്യയെ നോക്കി.
"ബുക്ക് ചെയ്യട്ടെ"
"ശരിക്കും??"
"ഇപ്പോൾ ഇല്ലെങ്കിൽ ഇനി ഇല്ല"
"എന്നാൽ കൊടുക്ക്...കണ്ണനോട് ഒന്ന് വിളിച്ച് ചോദിക്കണോ?"
"എന്ത് ചോദിക്കാൻ...നമ്മളും വരുന്നുണ്ടെന്ന് പറഞ്ഞേക്ക്"
അങ്ങനെ ടിക്കറ്റ് ബുക്ക്ഡ്.
എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ എന്നാണല്ലോ? പലപ്പോഴായി വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സ്വന്തം കാശ് മുടക്കി ടിക്കറ്റ് മേടിക്കുന്നത്. അതും കുടുംബ സമേതം. അങ്ങനെ യാത്രയ്ക്കായി ദിനങ്ങൾ എണ്ണിത്തുടങ്ങി. ഈ യാത്ര എന്തായാലും ഒരു വിനോദ യാത്ര എന്നതിനേക്കാൾ ഇതുവരെ കാണാത്ത, അനുഭവിക്കാത്ത ഒരു ദേശത്തേക്ക്, ഒരു സംസ്കാരത്തിലേക്ക് ഉള്ള യാത്രയായി കണ്ട് അതിനെ അടുത്തറിയണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു (കടപ്പാട് സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്ക്). ദില്ലിയിൽ എത്തിയാൽ കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കൽ ആയിരുന്നു ആദ്യം. അതിനായി കുറെ വെബ് സൈറ്റുകൾ കയറിയിറങ്ങി ലിസ്റ്റ് ഉണ്ടാക്കി, അത് കണ്ണനുമായി ചർച്ച ചെയ്ത് പ്രാക്റ്റിക്കൽ വശങ്ങൾ ആലോചിച്ചു. അപ്പോളാണ് കണ്ണൻ അതിൽ മിക്ക സ്ഥലങ്ങളും ഇതുവരെ കണ്ടിട്ടില്ല എന്ന് മനസിലായത്. അപ്പോൾ പിന്നെ പരമാവധി കവർ ചെയ്യുന്ന രീതിയിൽ ഒരു പ്ലാൻ ഉണ്ടാക്കാം എന്ന് തീരുമാനിച്ച് അടുത്ത ഘട്ടത്തിലേക്ക് കടന്നു. അവിടെ നിന്നും കഴിക്കേണ്ട സ്‌പെഷ്യൽ ഫുഡ് എന്തൊക്കെ എന്നതായി. പഴയ ദില്ലിയിലെ സ്ട്രീറ്റ് ഫുഡ് ഭയങ്കര പ്രസിദ്ധം ആണെന്ന് കേട്ടിട്ടുണ്ട്. ഒന്ന് രണ്ട് കടകളുടെ പേരൊക്കെ നോക്കി വെച്ചു. ഷോപ്പിംഗ് നടത്താൻ പറ്റിയ സ്ഥലങ്ങൾ കൂടെ തപ്പിക്കഴിഞ്ഞതോടെ മാനസികമായി ഞങ്ങൾ യാത്രയ്ക്ക് തയ്യാറായി കഴിഞ്ഞു.
ഡൽഹിയെ കുറിച്ച് ഒരു യാത്രാ വിവരണം ആണോ ഉദ്ദേശം എന്ന് ചോദിച്ചാൽ ആണെന്നോ അല്ലെന്നോ പറയാൻ പറ്റില്ല. എം മുകുന്ദൻ തുടങ്ങി കേരള സാഹിത്യത്തിലെ പ്രഗത്ഭരും നവയുഗ ബ്ലോഗർ മാരും വരെ അതി മനോഹരമായി വിവരിച്ചിട്ടുള്ളതാണ് ഡൽഹിയെ. ഇത് എൻറെ യാത്രാ അനുഭവങ്ങളാണ്. ഒരു ഓന്തിനെ പല നിറങ്ങളിൽ ആളുകൾ കാണുന്ന പോലെ പലപ്പോഴും പല രീതിയിൽ ആയിരിക്കും ഒരു സ്ഥലത്തിനെ ഒരാൾക്ക് അനുഭവേദ്യമാകുന്നത്. അതിൽ അഞ്ച് ദിവസങ്ങളിലായി ഞാൻ കണ്ട ഡൽഹി എന്ന അനുഭവമാണ് ഇവിടെ കുറിക്കുന്നത്.
കണ്ണനും ഭാര്യയും താമസിക്കുന്നത് അവരുടെ ആന്റിയുടെ വീട്ടിൽ ആണെന്ന് പറഞ്ഞു. രോഹിണി സെക്റ്ററിൽ റിതാല എന്ന സ്ഥലത്താണ് ആന്റിയും കുടുംബവും താമസിക്കുന്നത്. ഞങ്ങൾക്ക് സ്ഥലങ്ങൾ കാണുന്നതിനായി ഒരു മലയാളിയുടെ വണ്ടി പറഞ്ഞിട്ടുണ്ടെന്ന് അവർ അറിയിച്ചു. ഒരു ദിവസം അതായത് വെള്ളിയാഴ്ച ഡൽഹി ടൂറും അടുത്ത ദിവസം, ശനിയാഴ്ച ആഗ്ര യാത്രയുമാണ് ആ വണ്ടിക്കാരനോട് ഏർപ്പാടാക്കിയിരിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു. അപ്പോൾ ഇനി ചെല്ലുന്ന ദിവസവും തിരിച്ചു വരുന്ന ദിവസവും കൂടാതെ ഞായറാഴ്ച മാത്രമാണ് ഉള്ളത്. ഡൽഹി ടൂറിൽ കാണാൻ കഴിയാത്ത സ്ഥലങ്ങൾ ആ സമയം കൊണ്ട് തീർക്കണം എന്ന് ഉറപ്പിച്ചു. റിതാല എന്ന സ്ഥലം ഡൽഹി മെട്രോ റെഡ് ലൈൻ അവസാന സ്റ്റേഷൻ ആണെന്ന് അറിഞ്ഞപ്പോൾ ഒരു ഐഡിയ മനസ്സിൽ കത്തി. എയർപോർട്ടിൽ നിന്നും ഒരു മെട്രോ ലൈൻ ഉണ്ട്. അങ്ങനെ രണ്ട് ലൈൻ മാറി കയറിയാൽ സുഖമായി ഈ പറഞ്ഞ സ്ഥലത്ത് എത്തും. ടാക്സി വഴി എടുക്കുന്ന സമയവും മെട്രോ വഴി എത്താൻ എടുക്കുന്ന സമയവും ഏറെക്കുറെ ഒരുപോലെ ആണെന്നതും പണ്ട് ജപ്പാനിൽ വച്ച് ടോക്യോ മെട്രോയിൽ ഇതുപോലെ ലൈനുകൾ മാറി കയറിയ അനുഭവം വീട്ടുകാർക്കും വിവരിച്ച് കൊടുക്കാം എന്നൊക്കെ ഓർത്തപ്പോൾ ഞാൻ അത് അങ്ങ് മനസ്സിൽ ഉറപ്പിച്ചു. കണ്ണനോട് എന്റെ ഈ പ്ലാൻ പറഞ്ഞപ്പോൾ തന്നെ അവൻ ചോദിച്ചു
"അണ്ണാ അത് വേണോ?"
"വേണം. അതാകുമ്പോൾ സുഖമായി റിതാല വരാം. വരുന്ന വഴി മെട്രോയിൽ ഇരുന്ന് ഡൽഹി ഒക്കെ നന്നായി കാണുകയും ചെയ്യാലോ. അവിടെ വന്നിട്ട് നമുക്ക് എങ്ങോട്ടെങ്കിലും കറങ്ങാൻ പോകാം."
"അതല്ല അണ്ണാ. ഈ ഡൽഹി മെട്രോ എന്ന് പറയുന്നത് ജപ്പാനിലെ പോലെ അല്ല. നല്ല തിരക്ക് ആയിരിക്കും. പിന്നെ ആൾക്കാരൊക്കെ ഒരുമാതിരി കച്ചറ ആണ് അണ്ണാ. ലൈൻ മാറി കയറാൻ ഒക്കെ നല്ല പാട് പെടും"
"ശരിയാണ് ഏട്ടാ, നമുക്ക് വല്ല ടാക്സി വിളിച്ചും പോകാം. ഈ ലഗ്ഗേജ് ഒക്കെ ആയി ട്രെയിനിൽ പോകാം എന്ന് പറഞ്ഞാൽ..." നിമ്മിക്കും കണ്ണൻ പറയുന്നതിൽ എന്തോ കാര്യം ഉണ്ടെന്ന് കത്തി തുടങ്ങി.
"അതാ അണ്ണാ നല്ലത്. ഞാൻ ഒരു പ്ലാൻ പറയാം. നിങ്ങൾ വരുന്ന സമയം നോക്കി ഞങ്ങൾ ഒരു കാറിൽ അങ്ങോട്ട് വരാം. എന്നിട്ട് നേരെ പോയി ഇന്ത്യ ഗേറ്റ് ഒക്കെ കണ്ട് പോകാം"
ആ ഐറ്റം കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി. അങ്ങനെ മെട്രോ പരുപാടി ഡ്രോപ്പ്ഡ്.
കണ്ണനും ഭാര്യയും നേരത്തെ തന്നെ ടിക്കറ്റ് എടുത്തിരുന്നതിനാൽ അവർ തിരുവോണദിവസം സദ്യ കഴിഞ്ഞ് യാത്ര തിരിച്ചു. വീട്ടിൽ സമൃദ്ധമായ ഓണാഘോഷവും കഴിഞ്ഞു ഞങ്ങൾ നേരത്തെ കട്ടിലിൽ സ്ഥാനം പിടിച്ചു. നാളെ, അതായത് വ്യാഴാഴ്ച, അവിട്ടത്തിന്റെ അന്ന് രാവിലെ 10 മണിക്കാണ് ഫ്ലൈറ്റ്. രണ്ട് മണിക്കൂർ എടുക്കും വീട്ടിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്താൻ. ഡൊമസ്റ്റിക് ഫ്ലൈറ്റ് ആയതിനാൽ യാത്രാ സമയത്തിന് രണ്ട് മണിക്കൂർ മുന്നേ എങ്കിലും വിമാനത്താവളത്തിൽ എത്തണം. അങ്ങനെ നോക്കിയാൽ കുറഞ്ഞത് 6 മണിക്ക് എങ്കിലും യാത്ര തുടങ്ങണം. അതിനാൽ ഉറക്കം വരാത്ത മനസുമായി കട്ടിലിൽ നാളത്തെ യാത്രയെയും ആലോചിച്ച് ഞാൻ കിടന്നു. സമീപത്ത് ആദ്യമായി നടത്താൻ പോകുന്ന വിമാന യാത്രയുടെ ടെൻഷനുമായി നിദ്രയെ ധ്യാനിച്ച് ഭാര്യയും മകളും.
(തുടരും)
(ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്)

No comments:
Post a Comment