ലോക്ക് ഡൗണും ടൗട്ട ചുഴലിക്കാറ്റ് കൊണ്ടുവന്ന മഴയും എന്നെ വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിച്ചപ്പോൾ ഉണ്ടായ വിരസതയിൽ നിന്ന് ഒഴിവാകാനാണ് ഓഫീസിലെ സുഹൃത്തിൻറെ കയ്യിൽ നിന്നും ശ്രീ ബെന്ന്യാമിൻ എഴുതിയ മഞ്ഞവെയിൽ മരണങ്ങൾ എന്ന പുസ്തകം വാങ്ങിക്കുന്നത്. അതുൾപ്പെടെ കുറച്ച് പുസ്‌തകങ്ങൾ മേടിക്കണം എന്ന് വിചാരിച്ചപ്പോളാണ് ലോക്ക് ഡൌൺ അവതരിച്ചതും പുസ്തക കടകൾ അടച്ചുപൂട്ടപ്പെട്ടതും.
വായിച്ച് തീർത്തിട്ട് പ്രത്യേകിച്ച് വേറെ ബുക്കുകൾ കൈവശം ഇല്ലാതിരുന്നതിനാൽ പതിയെ, ആസ്വദിച്ച് വായിച്ച് തീർത്താൽ മതിയെന്നായിരുന്നു മനസ്സിൽ വിചാരിച്ചിരുന്നത്. ബെന്ന്യാമിൻറെ സൂപ്പർഹിറ്റ് നോവൽ ആടുജീവിതം പോലെ ഒറ്റയിരുപ്പിന് വായിച്ച് തീർക്കാൻ മാത്രം ഈ കൃതി ഉണ്ടാകും എന്ന് മനസാ വാചാ കർമ്മണാ നിരൂപിച്ചിരുന്നില്ല. ആടുജീവിതം ഒരെഴുത്തുകാരൻറെ ജീവിതത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ആകസ്‌മിക വസന്തം മാത്രമാണെന്നും, അതിൽ പറയുന്നതുപോലെ ആ കഥ കഥാകാരനെ തേടിയെത്തുകയായിരുന്നു എന്നും അതിനാൽ തന്നെ അദ്ദേഹത്തിൻറെ തുടർന്നുള്ള രചനകളിൽ ആ പകിട്ട് പ്രതീക്ഷിക്കേണ്ടതില്ല തുടങ്ങിയ മുൻവിധികൾ ധാരാളമായി മനസിലുണ്ടായിരുന്നു.
ഈ മുൻവിധികളെ മൊത്തത്തിൽ തകർത്തെറിയുന്നതായിരുന്നു മഞ്ഞവെയിൽ മരണങ്ങൾ എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. കേരളത്തിൽ തുടങ്ങി പ്രധാന ലൊക്കേഷനായ ഡീഗോ ഗാർഷ്യ എന്ന ദ്വീപ് രാജ്യത്തേക്ക് പടർന്നുകയറിയ കഥ ഒരു ത്രില്ലർ ആണെന്ന് അപ്പോൾ മാത്രമായിരുന്നു ഞാൻ മനസിലാക്കിയത്. ഓരോ അദ്ധ്യായവും എന്നിലെ വായനക്കാരനെ അങ്ങേയറ്റം സസ്‌പെൻസിൽ നിർത്തിയ ഇതുപോലെ ഒരു പുസ്തകം വേറെയില്ല എന്ന് അടിവരയിട്ട് സമ്മതിക്കാം. കഥാപാത്രമാകുന്ന എഴുത്തുകാരനും, മുൻപ് കേട്ടിട്ടുള്ള ബ്ലോഗർ നട്ടപ്രാന്തൻ തുടങ്ങിയവരുടെ സാന്നിധ്യവും ഇത് ശരിക്കും നടന്ന സംഭവമാണോ എന്ന ചിന്തയായിരുന്നു ആദ്യന്തം പിടിച്ചിരുത്തിയ മറ്റൊരു സംഗതി. പി എസ് സി ക്ലാസുകളിൽ കേട്ടിരുന്ന ഉദയംപേരൂർ സുന്നഹദോഹ് തുടങ്ങിയ സംഗതികളും ഡീഗോ ഗാർഷ്യ എന്ന ദ്വീപ് പ്രധാന പശ്ചാത്തലമായതും സത്യമേതാ മിഥ്യ ഏതാ എന്നുള്ള സംശയങ്ങൾ കൂട്ടി. ഇന്ത്യയുടെ അടുത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ സൈനിക സാന്നിധ്യം എന്ന പേരിൽ ആണ് ആ ദ്വീപിനെ കുറിച്ച് കേട്ടത്. പക്ഷെ കഥയിലെ ഡീഗോ ഗാർഷ്യയിൽ അങ്ങനെ അമേരിക്കൻ സാന്നിധ്യം ഒന്നും പറയുന്നില്ല. പകരം മലയാളികളും തമിഴരും ശ്രീലങ്കൻ വംശജരും ഒക്കെ ധാരാളമായി താമസിക്കുന്ന, സുപ്രധാന പദവികൾ വഹിക്കുന്ന ഒരു പ്രദേശം ആയാണ് ചിത്രീകരിക്കുന്നത്. അതിനാൽ തന്നെ നോവൽ വായന ഇടയ്ക്ക് വെച്ച് നിർത്തി ഗൂഗിളിൽ ആ ദ്വീപിനെ കുറിച്ചും, അതിൻറെ ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് കുടിയേറിയവരുടെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ തിരഞ്ഞെങ്കിൽ അത് തീർച്ചയായും ആ റിയലിസ്റ്റിക് എഴുത്തിൻറെ വിജയമാണ്. (ഈ ഗൂഗിൾ തിരച്ചിലുകൾ വളരെ രസകരമായ അനുഭവം ആയിരുന്നു. ഇത് ചെയ്ത ആയിരങ്ങളിൽ ഒരുവൻ മാത്രമാണെന്ന് എനിക്ക് അപ്പോൾ മനസിലായി. 2010 സെപ്റ്റംബറിൽ നിധിൻ അന്ത്രപ്പേർ എന്നൊരാൾ എഴുതിയ ഒരു ബ്ലോഗിലാണ് ഈ അന്വേഷണം എന്നെ ചെന്നെത്തിച്ചത്. 2011 ആഗസ്റ്റിൽ ബെന്ന്യാമിൻറെ മഞ്ഞവെയിൽ മരണങ്ങൾ ഇറങ്ങിയതിന് ശേഷം നൂറുകണക്കിന് ആളുകളാണ് അതുവരെ അധികമാരും ശ്രദ്ധിക്കാതെ കിടന്ന ബ്ലോഗിൽ കമൻറുകൾ ഇടുന്നത്. എല്ലാവർക്കും അറിയേണ്ടത് കഥാ നായകൻ ക്രിസ്റ്റി അന്ത്രപ്പേർ എന്നയാളിനെ കുറിച്ചാണ്. അങ്ങനെ ഒരാൾ ആ കുടുംബത്തിൽ ഇല്ലെന്നും കുടുംബ ചരിത്രം താമസിയാതെ പുറത്തിറക്കുമെന്നും നിധിൻ പറയുന്നുണ്ട്. പലരും ഡീഗോ ഗാർഷ്യയുമായി അന്ത്രപ്പേർ കുടുംബത്തിനുള്ള ബന്ധത്തിനെക്കുറിച്ചും ചോദിച്ചിട്ടുണ്ട്. അതും ഫിക്ഷൻ തന്നെ ആണെന്ന് ആർക്കും ദഹിക്കുന്നില്ല. ഇതൊക്കെ ഉള്ളതാണെന്നും ക്രിസ്റ്റി ഇപ്പോളും എവിടെയോ ഉണ്ട് എന്നും വിശ്വസിക്കാൻ ആണ് എന്നെപ്പോലെ മിക്കവരും ആഗ്രഹിക്കുന്നതെന്ന് ആ കമന്റുകളിൽ നിന്നും മനസിലായി. ബെന്ന്യാമിനോടുള്ള ആരാധന അതൊക്കെ കണ്ടപ്പോൾ കൂടിക്കൂടി വന്നു).
രണ്ട് അന്വേഷണങ്ങൾ ആണ് നോവലിൽ പരാമർശിക്കുന്നത്. പ്രധാനമായും നായകൻ ക്രിസ്റ്റി അന്ത്രപ്പേർ, തനിക്ക് ചുറ്റും നടക്കുന്ന ദുരൂഹതകളെ കുറിച്ച് നടത്തുന്ന അന്വേഷണം, രണ്ടാമത് കഥാകാരൻ ശ്രീ ബെന്ന്യാമിനും സുഹൃത്തുക്കളും ക്രിസ്റ്റിയെ കുറിച്ച് നടത്തുന്ന അന്വേഷണം. ഇതിൽ ആദ്യത്തേത് ഏറെക്കുറെ പൂർണ്ണമാക്കുന്നുണ്ട്. എന്നാൽ രണ്ടാമത്തേത് ഈയടുത്ത് കണ്ട മാർട്ടിൻ പ്രക്കാട്ട് സിനിമ നായാട്ടിൻറെ ക്ലൈമാക്സ് പോലെ ബാക്കി വായനക്കാരന് പൂരിപ്പിക്കാൻ വിട്ടാണ് നിർത്തുന്നത്. സത്യം പറഞ്ഞാൽ അതൊരു ബ്രില്ലിയൻസ് ആണെന്ന് വായനക്കാർ നടത്തുന്ന ഞാൻ നടത്തിയ പോലെയുള്ള അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഈ നോവലിൽ ഒരിടത്ത് പറയുന്നുണ്ട് ഒരു നോവലിന്റെ ആദ്യ അഞ്ച് പേജുകൾ വായിക്കുമ്പോൾ വായനക്കാരന് തീരുമാനിക്കാം അതിനെ എങ്ങനെ തുടർന്ന് പരിഗണിക്കണമെന്ന്. ആ രീതിയിൽ നോക്കിയാൽ ആദ്യ അഞ്ച് താളുകൾ മഞ്ഞവെയിൽ മരണങ്ങൾ വായിച്ചു കഴിയുമ്പോൾ നമുക്ക് ഒരു അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങും, എത്രയും വേഗം തുടർന്ന് എന്ന് സംഭവിക്കും എന്ന് അറിയാനുള്ള ആകാംക്ഷ കുത്തിവെക്കുന്ന അസ്വസ്ഥത. അത് നോവൽ ഒറ്റയിരുപ്പിന് വായിച്ചു തീർക്കാനും അതിനു ശേഷം ക്രിസ്റ്റിയെ കുറിച്ചോർത്ത് ആശങ്കപ്പെടാനും വരെ വായനക്കാരനെ എത്തിക്കുന്നു. ആടുജീവിതത്തിലെ നജീബ് യഥാർത്ഥം ആയിരുന്നത് പോലെ ഒരിക്കൽ ക്രിസ്റ്റി അന്ത്രപ്പേരുമായി ശ്രീ ബെന്ന്യാമിൻ പ്രത്യക്ഷപ്പെടും എന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.
No comments:
Post a Comment