Wednesday, June 9, 2021

ഇൻഫെർണോ - പുസ്തകനിരൂപണം


ലോകപ്രശസ്ത എഴുത്തുകാരൻ ഡാൻ ബ്രൗണിൻറെ റോബർട്ട് ലാങ്ടൺ ശ്രേണിയിൽ പുറത്തിറങ്ങിയ മൂന്നാമത്തെ പുസ്തകമാണ് ഇൻഫെർണോ. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി ഓഫ് ആർട്ട്സ് ആൻഡ് സിംബൽസ് പ്രൊഫസർ ആയ, ചിത്രങ്ങളും ചിഹ്നങ്ങളും വിശകലം ചെയ്യാൻ വിദഗ്ദനായ റോബർട്ട് ലാങ്‌ടൺ എന്ന കഥാപാത്രത്തെ നായകനാക്കി 2000 ത്തിലാണ് ഡാൻ ബ്രൗൺ ആദ്യമായി ഒരു പുസ്തകം, "എയ്‌ഞ്ചൽസ് ആൻഡ് ഡെമോൺസ്" പുറത്തിറക്കുന്നത്. എന്നാൽ ആ പുസ്തകത്തിൻറെയും ഡാൻ ബ്രൗണിൻറെ തന്നെയും തലവര മാറ്റിക്കുറിക്കപ്പെടുന്നത് രണ്ടാമത്തെ പുസ്തകമായ "ദി ഡാവിഞ്ചി കോഡ്" 2003 ഇൽ പുറത്തിറങ്ങുന്നതോടെയാണ്. വിവാദങ്ങളുടെ ചുവടുപിടിച്ച് ലോകമാസകലം ശ്രദ്ധ നേടപ്പെട്ട ഡാവിഞ്ചി കോഡ് വായിച്ചവരൊക്കെ നായകനായ പ്രൊഫസർ റോബർട്ട് ലാങ്‌ടണിന്റെയും ഡാൻ ബ്രൗണിന്റെയും ആരാധകരായി മാറി. ആ വിജയങ്ങളുടെ ചുവടുപിടിച്ച് 2009 ഇൽ "ദി ലോസ്റ്റ് സിംബൽ", 2013 ഇൽ "ഇൻഫെർണോ", 2017 ഇൽ "ഒറിജിൻ" എന്നീ പുസ്തകങ്ങൾ കൂടി പുറത്തിറങ്ങി. ഓരോന്നും ലോകമാസകലമുള്ള ബെസ്റ്റ് സെല്ലർ പട്ടികകളിൽ സ്ഥാനവും പിടിച്ചു. ഡാവിഞ്ചി കോഡ്, എയ്‌ഞ്ചൽസ് ആൻഡ് ഡെമോൺസ്, ഇൻഫെർണോ എന്നീ കൃതികൾ പിന്നീട് സുപ്രസിദ്ധ ഹോളിവുഡ് നടൻ ടോം ഹാങ്ക്സ് നായകനായി സിനിമകളായി പുറത്തിറങ്ങി. ഒരു സിനിമാ ചിത്രീകരണത്തിന് ആവശ്യമായ ചെറിയ ഭേദഗതികൾ ദർശിക്കാമെങ്കിലും ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ ആയിരുന്നു ആ സിനിമകളും. റോബർട്ട് ലാങ്‌ടണിനെ നായകനാക്കി പന്ത്രണ്ടോളം കഥകൾ തൻറെ മനസിലുണ്ടെന്ന് ഡാൻ ബ്രൗൺ ഒരു അഭിമുഖത്തിൽ പറഞ്ഞത് വളരെ ആഹ്ലാദത്തോടെയും ഒട്ടേറെ പ്രതീക്ഷയോടെയുമാണ് ലോകമെമ്പാടുമുള്ള ലാങ്‌ടൺ ആരാധകർ ശ്രവിച്ചത്. 

ബഹുഭൂരിപക്ഷം ഡാൻ ബ്രൗൺ വായനക്കാരെയുംപോലെ ഞാനും ഡാവിഞ്ചി കോഡ് എന്ന പുസ്തകം വായിച്ചുകൊണ്ടാണ് ആരംഭിച്ചത്. അതും ആ പുസ്തകം ഇറങ്ങി വളരെ നാളുകൾ കഴിഞ്ഞ്. ഒട്ടും താമസിയാതെ തന്നെ എയ്‌ഞ്ചൽസ് ആൻഡ് ഡെമോൺസ് എന്ന പുസ്തകവും തപ്പിപ്പിടിച്ച് വായിച്ചുതീർത്തു. മൂന്നാമത്തെ പുസ്തകമായ ലോസ്റ്റ് സിംബൽ കിട്ടിയില്ല. അതിനാൽ പിന്നാലെ ഇറങ്ങിയ ഇൻഫെർണോ ആണ് അടുത്തതായി വായിച്ചത്. ഉള്ളത് പറഞ്ഞാൽ ആദ്യ രണ്ടു പുസ്തകം പോലെ അത്ര ദഹിച്ചില്ല എന്നത് ആദ്യമേ പറയാം.  പക്ഷെ ഈ കോവിഡ് കാലത്ത് ചിന്തിക്കുമ്പോൾ 2013 ഇൽ പുറത്തിറങ്ങിയ ആ പുസ്തകം ഒട്ടേറെ പ്രത്യേകതകൾ ഉള്ളതാണെന്ന് തോന്നുന്നു. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി, മറ്റെന്തിനേക്കാളും ജനപ്പെരുപ്പം ആണെന്ന് കരുതുന്ന, അസാമാന്യ പ്രതിഭാശാലിയായ ഒരു വില്ലൻ അതിന് പരിഹാരമായി ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു വൈറസിനെ ജനിപ്പിക്കുന്നതും വായുവിലൂടെ അതിനെ പടർത്തുന്നതുമാണ് പുസ്‌തകത്തിന്റെ ഇതിവൃത്തം എന്നത് തന്നെയാണ് ആ ഒരു ചിന്തയ്ക്ക് നിദാനം. ചൈനയിലുള്ള ഏതെങ്കിലും ഈ ചിന്താഗതിക്കാരൻറെ കൈ വിട്ടുപോയ പരീക്ഷണം വല്ലതും ആയിരിക്കുമോ ഇന്ന് നമ്മൾ അനുഭവിക്കുന്ന ഈ കൊറോണ വൈറസ്?. 

റോബർട്ട് ലാങ്‌ടണിന്റെ ഞാൻ വായിച്ച മുൻ പുസ്തകങ്ങളുമായി താരതമ്യം ചെയ്തുനോക്കുമ്പോൾ ഒട്ടേറെ പൊതുവായുള്ള കാര്യങ്ങൾ കാണുവാൻ സാധിക്കും. 24 മണിക്കൂറിനുള്ളിലാണ് ഈ കഥയും നടക്കുന്നത്. അതിനുള്ളിൽ വിവിധ രാജ്യങ്ങൾ കഥയ്ക്ക് പശ്ചാത്തലമാകുന്നു. യഥാർത്ഥത്തിൽ നിലനിൽക്കുന്ന സംഘടനകൾ കഥയിൽ പ്രത്യക്ഷപ്പെടുന്നു. മൂന്ന് പുസ്തകങ്ങളിലും കഥയിൽ വ്യക്തമായ സ്വാധീനമുള്ള സ്ത്രീ കഥാപാത്രങ്ങൾ ആദ്യാവസാനം നായകനൊപ്പം സഞ്ചരിക്കുന്നു. കൂടാതെ എനിക്ക് ഈ പുസ്തകങ്ങൾ വായിച്ചപ്പോൾ അനുഭവപ്പെട്ട മറ്റൊരു പൊതുകാര്യം, ധാരാളം അധ്യായങ്ങളുടെ സാന്നിധ്യം. അതിൽ മിക്കവാറും അധ്യായങ്ങൾ വമ്പൻ സസ്‌പെൻസിൽ കൊണ്ടുചെന്ന് നിർത്തും. അത് എന്താണെന്ന് അറിയാൻ വായനക്കാരൻ അടുത്ത അധ്യായങ്ങൾ ആവേശത്തോടെ വായിച്ചുതീർക്കും. എന്നാൽ തുടർന്നുള്ള നാലോ അഞ്ചോ അധ്യായങ്ങൾ സ്ഥലവർണ്ണനകളും മനസിലെ ചിന്തകളുമൊക്കെ വിശദീകരിച്ച്, ഇപ്പോൾ പറയും ഇപ്പോൾ പറയും എന്ന രീതിയിൽ വലിച്ചു നീട്ടും. തൊട്ടു പിന്നാലെ അടുത്ത സസ്‌പെൻസ് എത്തും. അവസാന ഭാഗം ആകുമ്പോളേക്കും ട്വിസ്റ്റുകളുടെ ചാകരയായിരിക്കും. ഇൻഫെർണോയിലെ ട്വിസ്റ്റുകൾ അൽപ്പം കൂടിപ്പോയോ എന്നൊരു സംശയം തോന്നാതിരുന്നില്ല. ആരാണ് വേട്ടക്കാരൻ, ആരാണ് വേട്ടയാടപ്പെടുന്നത് എന്നൊക്കെ മനസിലാക്കി വരുമ്പോളേക്കും ഇത്രയും മിനക്കെട്ടിരുന്ന് വായിച്ച വായനക്കാരനല്ലേ ശരിക്കും വേട്ടയാടപ്പെട്ടത് എന്ന തോന്നൽ ഉണ്ടായാൽ കുറ്റം പറയാൻ പറ്റില്ല. ക്ളൈമാക്‌സ് അത്ര ദഹിച്ചില്ലെങ്കിലും മറ്റ് രണ്ടു പുസ്തകങ്ങളും പോലെ മനോഹരമായ ഒരു വായനാ അനുഭവം തന്നെയായിരുന്നു ഇൻഫെർണോ തന്നത്. പതിവുപോലെ ഒട്ടേറെ പുതിയകാര്യങ്ങൾ മനസിലാക്കാനും ഇറ്റലിയുടെ നല്ലൊരു ചിത്രം മനസിലുണ്ടാക്കാനും ആ പുസ്തകം സഹായിച്ചു. ലാങ്‌ടൺ സീരീസിലെ അടുത്ത പുസ്തകത്തിലേക്ക് എത്രയും പെട്ടെന്ന് പോകണമെന്നും ആ സീരീസ് ഉടനെയൊന്നും തീരരുതേ എന്നും എന്നെപ്പോലെ വായനക്കാർക്ക് ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ തോന്നുന്നു എങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ ഫീഡ്ബാക്ക്.  

No comments:

Post a Comment