Wednesday, June 23, 2021

ഒരു നനഞ്ഞ സ്പർശനം


യൂറോകപ്പിലെ വാശിയേറിയ മത്സരം കണ്ടുകഴിഞ്ഞപ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരുന്നു. മത്സരത്തിൻറെ ചൂടിൽ ഉറക്കം അലിഞ്ഞുപോയിരിക്കുന്നു. ടിവിയും ലൈറ്റുകളും ഓഫാക്കി ബെഡ്‌റൂമിലെത്തി. ഭാര്യയും മോളും രണ്ടുറക്കം കഴിഞ്ഞിരിക്കുന്നു. കിടന്നാൽ ഉറക്കം ഉടനൊന്നും വരില്ല. അപ്പുറത്തെ മുറിയിൽ പോയി കുറച്ചുസമയം കൂടി വായിക്കാം. വായനാദിനത്തിൽ വായിച്ചുതുടങ്ങിയ പുസ്തകം ഒരു സസ്‌പെൻസ് ത്രില്ലർ ആയതിനാൽ കൂടുതൽ ആലോചിച്ച് സമയം കളഞ്ഞില്ല. പുസ്തകവുമെടുത്ത് പടിഞ്ഞാറേ മുറിയിൽ പോയി ലൈറ്റും ഫാനുമിട്ട് കട്ടിലിൽ കയറിക്കിടന്ന് വായന തുടങ്ങി. പുസ്തകം കൊള്ളാം, ഒരു ഹൊറർ മൂഡ് ഒക്കെ ഉൾക്കൊള്ളിച്ചിരിക്കുന്നത് കൊണ്ട് രാത്രി വായിക്കുന്നതാണ് അതിൻറെ രസം. വായിച്ച് ഒന്ന് രണ്ട് അദ്ധ്യായം കഴിഞ്ഞപ്പോളേക്കും പുറത്ത് മഴ തുടങ്ങി. മഴയും കാറ്റും വീശിയടിക്കുന്നതിൻറെ ഒച്ചപ്പാടുകൾ പുറത്ത് നിന്നും കേട്ടുതുടങ്ങി. അതിലൊന്നും ശ്രദ്ധിക്കാതെ പുസ്തകത്തിൽ മുഴുകി കിടന്നപ്പോൾ പെട്ടെന്ന് കറണ്ട് പോയി. ഇൻവെർട്ടർ ഉള്ളതിനാൽ കുഴപ്പമില്ല, ഫാനിൻറെ സ്‌പീഡും ട്യൂബിന്റെ ലൈറ്റും അൽപ്പം കൂടിയത് പോലെ തോന്നും. ഇൻവെർട്ടറിൽ നിന്നുള്ള കറണ്ടിലാണ് പ്രവർത്തിക്കുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഫാൻ ചെറിയ മൂളലും ആരംഭിച്ചിട്ടുണ്ട്. കറണ്ട് ഉടനെ വന്നില്ലെങ്കിൽ ഇൻവെർട്ടറും കയ്യൊഴിയും. എത്ര മഴയും തണുപ്പും ആണെന്ന് പറഞ്ഞാലും ഫാനിൻറെ ഒച്ച കേൾക്കാതെ ഉറങ്ങാൻ പറ്റില്ല. പെട്ടെന്നാണ് ഒരു ബുദ്ധി മനസിലുദിച്ചത്. എന്തായാലും കിടന്ന് വായിക്കുന്നു. പുറത്താണെങ്കിൽ നല്ല മഴയും കാറ്റും. ജനൽ തുറന്നിട്ടാൽ ഫാൻ തത്ക്കാലം ഒഴിവാക്കാം. പിന്നെ ഉറങ്ങാൻ നേരം ഓണാക്കിയാൽ മതി. അത്രയും കൂടി കറണ്ട് സംഭരിക്കാം. ഞാൻ വായനയ്ക്ക് ബ്രേക്ക് കൊടുത്തുകൊണ്ട് എഴുന്നേറ്റ് കട്ടിലിൻറെ സൈഡിലുള്ള ജനലുകൾ തുറന്ന് കൊളുത്തിട്ട് വെച്ചു. പുറത്തുനിന്നും തണുപ്പ് അകത്തേക്ക് അടിച്ചുകയറി. ഇനിയിപ്പോൾ കറണ്ട് ഇല്ലെങ്കിലും സാരമില്ലെന്ന് ഓർത്തുകൊണ്ട് ഞാൻ ഫാൻ ഓഫാക്കി വായന തുടർന്നു. 

എത്രനേരം അങ്ങനെ കിടന്നു എന്നറിയില്ല, അപ്പുറത്തെ ഹാളിൽ തൂക്കിയിരിക്കുന്ന പഴയ സയന്റിഫിക് ക്ലോക്ക് നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഒരു മണിയടിക്കുന്നത് കേട്ടപ്പോളാണ് സമയത്തെക്കുറിച്ച് ഒരു ബോധ്യം ഉണ്ടായത്. എന്തായാലും ഇന്ന് തീരില്ല. നാളെ ഒരിരുപ്പിന് വായിച്ചു തീർക്കാമെന്ന് വിചാരിച്ചുകൊണ്ട് ഞാൻ കിടക്കാൻ തീരുമാനിച്ചു. ഇന്നിനി ഇവിടെ കിടക്കാം. ഇരുട്ടത്ത് തപ്പിത്തടഞ്ഞ് അപ്പുറത്ത് ചെല്ലുമ്പോൾ വന്ന ഉറക്കം പിന്നെയും പോകും. കട്ടിലിൻറെ തലയ്ക്കലുള്ള സ്വിച്ച് ബോർഡിൽ കയ്യെത്തിച്ച് ലൈറ്റ് ഓഫ് ചെയ്ത് ഫാൻ ഓണാക്കി. ഇതിനിടയിലെപ്പോളോ കറണ്ട് വന്നിരിക്കുന്നു. നോവലിനെ കുറിച്ച് ഓർത്തുകൊണ്ട് തന്നെ ഉറക്കത്തിലേക്ക് കടന്നു. 

ഉറക്കത്തിനിടയിൽ വലത്ത് കാലിൻറെ മുട്ടിന് താഴെ നിന്നും മുണ്ട് വഴുതി മാറിയ നഗ്നതയിൽ ഒരു തണുപ്പ് പെട്ടെന്ന് അനുഭവപ്പെട്ടപ്പോളാണ് ഞാൻ ഞെട്ടിയുണർന്നത്. ജനലഴികൾക്കിടയിലൂടെ കാലിൽ സ്പർശിച്ച ഒരു നനഞ്ഞ കൈ അതിവേഗം പുറത്തേക്ക് പോകുന്നതാണ് ഞെട്ടിയുണർന്ന എൻറെ കണ്ണുകൾ കണ്ടത്. മരിച്ചവരുടെ കൈ പോലെ ആ കൈ വല്ലാതെ വിളറി വെളുത്തിരുന്നു. മേലാസകലം പാഞ്ഞുകയറിയ ഒരു കുളിരിൽ ഞാൻ സ്വിച്ചിട്ടതുപോലെ ചാടിയെഴുന്നേറ്റ് പുറത്തേക്ക് നോക്കി. കട്ടപിടിച്ച ഇരുട്ട് മാത്രം. കട്ടിലിൻറെ അരികിലായി വെച്ചിരുന്ന മൊബൈൽ വേഗം എടുത്ത് ടോർച്ച് ഓണാക്കി പുറത്തേക്ക് തെളിച്ചു നോക്കി. വല്ല കള്ളനും ആണെങ്കിലോ?. അകത്തുള്ള ആളുടെ ഉറക്കത്തിൻറെ ഗാഢത അറിയാൻ ചില കള്ളന്മാർ ജനാലയുടെ അടുക്കൽ ലൈറ്റർ ഒന്ന് ഫ്ലാഷ് ചെയ്യിക്കും എന്ന് ആരോ പറഞ്ഞുകേട്ടത് ഓർമയിൽ വന്നു. അകത്തു നിന്നും പ്രതികരണം ഉണ്ടായില്ലെങ്കിൽ മാത്രമേ മുന്നോട്ട് പോകൂ. അങ്ങനെ എൻറെ ഉറക്കം അളക്കാൻ ആണോ ഇനി കൈ കൊണ്ട് തൊട്ടുനോക്കിയത്?? പുറത്തെങ്ങും ആരും ഉള്ള ലക്ഷണമില്ല. ഞാൻ എത്തിവലിഞ്ഞ് ജനലിന്റെ താഴെയൊക്കെ ടോർച്ച് അടിച്ചു നോക്കി. അവിടെയൊക്കെ ചെടിച്ചട്ടികളാണ്. ആർക്കും ഭിത്തിയോട് ചേർന്ന് നിൽക്കാൻ പറ്റില്ല, അതും ജനലഴികളിലൂടെ കൈ നീട്ടി എന്നെ തൊടാൻ പറ്റുന്ന രീതിയിൽ. അപ്പോൾ ഞാൻ സ്വപ്‌നം കണ്ടത് തന്നെ ആയിരിക്കും. അല്ലാതെ അത്ര വിളറി വെളുത്ത കൈ ഒക്കെ?? അസംഭവ്യം. ഞാൻ ലൈറ്റ് ഓൺ ആക്കി തലയിണയുടെ സമീപം വിശ്രമിക്കുന്ന പുസ്തകം കൈകൊണ്ട് എടുത്ത് കിലുക്കത്തിലെ തിലകനെപ്പോലെ പറഞ്ഞു. "മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോരോ കോപ്പ് എഴുതി വെച്ചേക്കുന്നു.". ലൈറ്റ് ഓഫ് ചെയ്യുന്നതിന് മുൻപായി കാലിൽ തൊട്ടു എന്ന് തോന്നിയ ഭാഗത്തേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി. നനഞ്ഞ വിരലുകൾ കൊണ്ട് തൊട്ടതുപോലെ അവിടെ ചെറിയ നനവ് വ്യക്തമായി കാണാം. അപ്പോൾ കാലിൽ ആരോ തൊട്ടു എന്നത് എൻറെ സ്വപ്നമല്ല. അവിടെ നനവ് എത്താനുള്ള ഒരു സാധ്യതയുമില്ല. ചെറിയ ഒരു ഭയം എന്നിൽ മൊട്ടിട്ടുതുടങ്ങി. പെട്ടെന്ന് തന്നെ ഞാൻ ജനാലകൾ അടച്ചു കുറ്റിയിട്ടു. കുറച്ചുനേരം കൂടി കട്ടിലിൽ ചുമ്മാതിരുന്നിട്ട് വീണ്ടും കിടന്നു. ലൈറ്റ് ഓഫ് ചെയ്യുമ്പോൾ എൻറെ ഹൃദയമിടിപ്പ് വ്യക്തമായി കേൾക്കുന്നത്രയും ഉച്ചത്തിലാണ് ഹൃദയം ഇടിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഉറങ്ങാനായി കണ്ണടച്ചുകിടക്കുമ്പോളും ചുറ്റുപാടുമുള്ള ഓരോ ചെറിയ അനക്കത്തെക്കുറിച്ചും എൻറെ കാതുകൾ ജാഗ്രതയോടെ ഉണർന്നു നിൽക്കുന്നതായി തോന്നി. ഓരോ ചെറിയ അനക്കത്തിനും ചെറിയ ഉച്ചയ്ക്കും ഞാൻ ഞെട്ടി കണ്ണു തുറന്നു. ആ ജാഗ്രതയ്ക്കിടയിൽ എപ്പോളോ എന്നെ വീണ്ടും ഉറക്കം മാടിവിളിച്ചു തുടങ്ങി. പെട്ടെന്നാണ് അത് സംഭവിച്ചത്. എൻറെ മൊട്ടത്തലയുടെ ഇടതുഭാഗത്ത് ചെവിയുടെ മുകളിലായി ഒരു തണുത്ത സ്പർശനം. എൻറെ ശരീരത്തിലെ ഓരോ രോമകൂപവും എന്നെക്കാളും മുന്നേ ഉണർന്നുകഴിഞ്ഞിരുന്നു. പെട്ടെന്ന് ഞാൻ ലൈറ്റ് ഇട്ടു. മുറിയിൽ ഒന്നുമില്ല. ഞാൻ തലയിൽ തൊട്ടുനോക്കി. നനവ് ഉള്ളതുപോലെ. ചാടിയെഴുന്നേറ്റ് മുറിയിലെ ചുമരലമാരിയിലെ കണ്ണാടിയുടെ മുന്നിലെത്തി നോക്കി. ചെറുതായി നനവ് ഉണ്ട്. പെട്ടെന്ന് കട്ടിലിൻറെ അടിയിൽ നിന്നൊരു അനക്കം. ആ തണുപ്പിലും ഞാൻ ചെറുതായി വിയർക്കുവാൻ തുടങ്ങി. മുറിയിൽ ഞാൻ തനിച്ചല്ല എന്ന് ഉറപ്പായി. പണ്ട് കണ്ട ഗ്രഡ്ജ് എന്ന ജാപ്പനീസ് പ്രേതപ്പടങ്ങളിലെപ്പോലെ കട്ടിന്നടിയിലെ ഇരുളിൽ വിളറി വെളുത്ത പ്രേതരൂപികൾ പതിയിരിക്കുന്നതായി ഞാൻ ഭയന്നു. അവസാനം എന്തുംവരട്ടെ എന്ന് മനസിലുറപ്പിച്ചുകൊണ്ട് കട്ടിലിൻറെ അടിയിലേക്ക് മൊബൈൽ ടോർച്ച് പ്രകാശിപ്പിച്ചുകൊണ്ട് കുനിഞ്ഞു നോക്കി. പെട്ടെന്ന് ഒരാൾ കയ്യിൽപിടിച്ച് വലിച്ചാൽ ഒറ്റച്ചാട്ടത്തിന് കട്ടിലിൻറെ മുകളിൽ കയറണം എന്ന തയ്യാറെടുപ്പോടുകൂടിയാണ് താഴേക്ക് കുനിഞ്ഞത്. മൊബൈൽ വെളിച്ചത്തിൽ തിളങ്ങുന്ന രണ്ടു കണ്ണുകളായിരുന്നു അവിടെ എന്നെ കാത്തിരുന്നത് 

പുറത്തെ ചെമ്പരത്തിയിൽ ഇരുന്ന് മഴകൊണ്ടുമടുത്തപ്പോളാണ് ആ മരത്തവളയ്ക്ക് വീടിൻറെ ഭിത്തിയിൽ കുറച്ചുസമയം പറ്റിപ്പിടിച്ചിരിക്കാമെന്ന് തോന്നിയത്. ഭിത്തി ലക്ഷ്യംവെച്ച് ചാടിയ ചാട്ടം ഉന്നം തെറ്റി കൃത്യമായി എൻറെ കാലിൻറെ നഗ്നതയിൽ വന്ന് ക്രാഷ് ലാൻറ് ചെയ്യുകയായിരുന്നു. പെട്ടെന്ന് ഭൂമികുലുക്കം പോലെ അനുഭവപ്പെട്ട എൻറെ ഞെട്ടലിൽ തെറിച്ച് കമ്പ്യൂട്ടർ മേശപ്പുറത്ത് പതിച്ച തവളച്ചാർ വീണ്ടും ലൈറ്റ് ഓഫ് ആയപ്പോൾ ജനലിന്റെ നേരെ ചാടിയെങ്കിലും ഫാനിൻറെ സ്പീഡിൽ ലക്ഷ്യത്തിലെത്താതെ എൻറെ തലയിൽ തട്ടി നേരെ താഴേക്ക് വീഴുകയായിരുന്നു. 

ടോർച്ചുമടിച്ച് പ്രേതത്തെ നോക്കുന്നത് പോലെ മിഴിച്ചു നിൽക്കുന്ന എന്നെ നോക്കി ചട്ടമ്പിനാടിൽ സുരാജ് വെഞ്ഞാറമ്മൂട് പറയുന്നത് പോലെ മരത്തവള മൊഴിഞ്ഞു. "ഇങ്ങനെ പേടിക്കാതെടാ, വെറുതെ മനുഷ്യർക്ക് പേരുദോഷം ഉണ്ടാക്കാനായിട്ട്"

No comments:

Post a Comment