നീൽ ആംസ്‌ട്രോങ് ചന്ദ്രനിൽ കാലുകുത്തുമ്പോൾ അവിടെ ചായക്കട നടത്തുന്ന ഒരു നായരേട്ടനെ കാണുകയുണ്ടായി. ലോകത്തിൻറെ മുക്കിലും മൂലയിലും വരെ കടന്നുചെന്നിട്ടുള്ള മലയാളികളെക്കുറിച്ച് പറഞ്ഞുകേൾക്കുന്ന ഒരു ക്ളീഷേ കോമഡി ആണത്. മലയാളികളുടെ പ്രവാസജീവിതവുമായി ബന്ധപ്പെട്ട് ധാരാളം പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. അതിനാൽത്തന്നെ അക്കപ്പോരിൻറെ ഇരുപത് നസ്രാണി വർഷങ്ങൾ, മാന്തളിരിലെ ഇരുപത് കമ്മ്യുണിസ്റ്റ് വർഷങ്ങൾ എന്നിവയ്ക്ക് ശേഷം ഇരുപത് പ്രവാസിവർഷങ്ങൾ എന്ന കൃതിയെപ്പറ്റി ആ കൃതികളുടെ കർത്താവായ ശ്രീ ബെന്യാമിൻ പരാമർശിച്ചപ്പോൾ ഒട്ടൊരു കൗതുകം തോന്നി. ഇന്നും ബഹുഭൂരിപക്ഷം മലയാളികളുടെ ഇടയിൽ പ്രവാസിയായ നജീബിൻറെ കഥ പറഞ്ഞ എഴുത്തുകാരൻ എന്ന ലേബലിൽ തന്നെയാണ് അദ്ദേഹം അറിയപ്പെടുന്നത്. എല്ലാത്തിലുമുപരി അനേകവർഷം വിദേശത്ത് താമസിച്ച ഇപ്പോഴും പ്രവാസി ബന്ധങ്ങളുള്ള ബെന്യാമിൻ അത്തരം ഒരു കൃതി എഴുതുമ്പോൾ ഒരു മിനിമം ഗ്യാരന്റി ഇപ്പോഴേ ഉറപ്പിക്കാം. അപ്പോഴാണ് പ്രവാസജീവിതം ആസ്‌പദമാക്കി 'നിശബ്‌ദ സഞ്ചാരങ്ങൾ' എന്നൊരു കൃതി അദ്ദേഹത്തിൻറെ തൂലികയിൽ നിന്നും വിരിഞ്ഞിറങ്ങുന്നത്.
പുരുഷകേന്ദ്രീകൃതമായ ഒരു യാത്രയല്ല ഇതിൽ എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോകത്തിൻറെ മുക്കിലും മൂലയിലും മലയാളി വനിതകൾ ഒരുപക്ഷെ അറിയപ്പെടുന്നത് ആതുരസേവനത്തിൻറെ പേരിൽ തന്നെ ആയിരിക്കും. അതെ. ലോകത്തിൻറെ അതിരുകളോളം തനിച്ച് പാലായനം നടത്തുകയും, സ്വന്തമായ ഇടം അവിടെ സ്ഥാപിക്കുകയും, കുടുംബത്തെ കരകയറ്റുകയും ചെയ്‌തിട്ടുള്ള, ചെയ്‌തുകൊണ്ടിരിക്കുന്ന മലയാളി നഴ്‌സുമാർക്ക് സമർപ്പിച്ചുകൊണ്ടാണ് ഈ കൃതി രചിച്ചിരിക്കുന്നത്. നഴ്‌സുമാരുടെ ഈ കുടിയേറ്റം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ആ വേരുകൾ ചികയുകയാണ് ഈ നോവലിൽ.
മാന്തളിരിലെ ഒരു പ്രവാസികുടുംബത്തിൽ നിന്നാണ് നായകൻ. നഴ്‌സിംഗ് എന്ന തൊഴിലിനോടുള്ള കാഴ്ച്ചപ്പാടും അതിലുണ്ടാകുന്ന മാറ്റങ്ങളും കുടുംബത്തിലെ ബന്ധുക്കളായ നഴ്‌സ്‌മാരുടെ അനുഭവങ്ങളുമാണ് പ്രധാനമായി പ്രതിപാദിക്കപ്പെടുന്നത്. മൂന്ന് തലമുറയ്ക്ക് മുൻപ് കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്നും രക്ഷിക്കുന്നതിനായി ധൈര്യപൂർവ്വം കടൽകടക്കുന്ന മറിയാമ്മ എന്ന നഴ്‌സിനെക്കുറിച്ച് നായകൻ അറിയുന്നതും പിന്നീട് അവർക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
സമീപകാലത്ത് നടക്കുന്ന രീതിയിൽ കോവിഡും ലോക്ക് ഡൗണുമൊക്കെ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും മഞ്ഞവെയിൽ മരണങ്ങൾ, മുല്ലപ്പൂ നിറമുള്ള പകലുകൾ തുടങ്ങിയവ പോലെ റിയലിസ്റ്റിക് ആയി തോന്നിപ്പിക്കുന്ന ആ സവിശേഷ ബെന്യാമിൻ ടച്ച് അത്ര ഫീൽ ചെയ്‌തില്ല. മുൻ മാന്തളിർ കഥകളിൽ നിന്നും അത്ര അപരിചിതമല്ലാത്ത കുടുംബ പശ്ചാത്തലങ്ങൾ, പ്രവചനാത്മകമായ ക്ലൈമാക്സ്, അതിലേക്ക് എത്തുന്ന യാദൃശ്ചികതകളിൽ അനുഭവപ്പെടുന്ന മുൻ കൃതികളിലെ സാദൃശ്യം എന്നിവയൊക്കെ പോരായ്‌മകളായി ചൂണ്ടിക്കാണിക്കുവാൻ സാധിക്കുമെങ്കിലും ഒരിക്കലും ബോറടിക്കാതെ വായനക്കാരന് പുസ്‌തകം ആസ്വദിക്കാൻ സാധിക്കുമെന്നത് അടിവരയിട്ട് പറയാം.
ഒരിടത്തും രേഖപ്പെടുത്താതെ പോയ് മറഞ്ഞ മലയാളി നഴ്‌സുമാരുടെ ജീവിതം ആസ്‌പദമാക്കി ഈ കോവിഡ് കാലത്ത് ഒരു പുസ്‌തകം പുറത്തിറക്കിയതിന് ഗ്രന്ഥാകർത്താവിന് ഒരായിരം അഭിനന്ദനങ്ങൾ. അവരുടെ ത്യാഗവും കഷ്ടപ്പാടുകളും കുടുംബസ്‌നേഹവും നാളിതുവരെയായി ഒരിടത്തും രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്ന നീതികേടിൽ നിന്നും ഈ കൃതി തീർച്ചയായും മലയാളികളെ രക്ഷിക്കും. കാരണം നമ്മുടെ നാട് ഇന്ന് കൈവരിച്ചിട്ടുള്ള പുരോഗതിയിൽ അവർക്കുള്ള പങ്ക് ഒരിക്കലും തള്ളിക്കളയാൻ സാധിക്കില്ലായെന്നത് തന്നെ. സാധാരണക്കാർക്ക് നഴ്‌സ്മാരോടുള്ള, പ്രത്യേകിച്ചും വിദേശങ്ങളിൽ ജോലിചെയ്യുന്ന മലയാളി നഴ്‌സ്മാരോടുള്ള കാഴ്ച്ചപ്പാട് മാറ്റിമറിക്കാൻ ഈ ഹൃദയസ്പർശിയായ അവതരണത്തിന് സാധിക്കുമെന്നത് തന്നെയാണ് നിശബ്ദ സഞ്ചാരങ്ങളെ വേറിട്ടൊരു ഗ്രന്ഥമായി അനുഭവപ്പെടാൻ കാരണം.
No comments:
Post a Comment