Thursday, June 23, 2022

വായനാനുഭവം - തരകൻസ് ഗ്രന്ഥവരി


മലയാള സാഹിത്യവേദിയിൽ അടുത്തകാലത്ത് കോളിളക്കം സൃഷ്‌ടിച്ച കൃതി ആയിരുന്നു ശ്രീ. ബെന്യാമിൻ രചിച്ച 'തരകൻസ് ഗ്രന്ഥവരി'. ഒട്ടേറെ പ്രത്യേകതകളും വിവാദങ്ങളും ഈ കൃതിയുമായി ബന്ധപ്പെട്ടുള്ളതിനാൽ ഈ വായനാദിനത്തിൽ വായിച്ചു തുടങ്ങുവാൻ തീരുമാനിച്ചത് മേൽപ്പടി പുസ്‌തകമായിരുന്നു. ആദ്യമേ ഒരു മുൻ‌കൂർ ജാമ്യം എടുത്തുകൊള്ളട്ടെ, ഞാൻ ഒരു പുസ്തക ആസ്വാദകൻ ആണ്, നിരൂപകൻ അല്ല. അതുപോലെ ഇതൊരു നിരൂപണവുമല്ല പതിവുപോലെ എനിക്ക് ഈ പുസ്തകത്തിൽ നിന്നും ലഭിച്ച വായനാനുഭവം മാത്രമാണ്. 

ആദ്യമേതന്നെ ഈ പുസ്‌തകവുമായി ബന്ധപ്പെട്ട് ചില പ്രത്യേകതകളും വിവാദങ്ങളുമൊക്കെ ഉണ്ടെന്ന് പ്രതിപാദിച്ചതിനാൽ അതിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവർക്കായി ഒന്ന് വിശദീകരിക്കുന്നു. സാഹിത്യചരിത്രത്തിൽ ആദ്യമായി ആയിരക്കണക്കിന് രീതിയിൽ പാരായണക്രമം സാധ്യമാകുന്ന പുസ്‌തകം, വായനക്കാരൻറെ യുക്തിക്കനുസരിച്ച് വായിക്കാവുന്ന പുസ്‌തകം. പേജ് നമ്പരോ അദ്ധ്യായങ്ങളുടെ ക്രമമോ രേഖപ്പെടുത്താതെ 120 കാർഡുകൾ. ഡി സി ബുക്‌സും പ്രിയ എഴുത്തുകാരൻ ശ്രീ ബെന്യാമിനും ചേർന്ന് അവതരിപ്പിക്കുന്ന സാഹിത്യ പരീക്ഷണം. വായനാദിനത്തിൽ ആരംഭം കുറിക്കാൻ ഇതിലും മികച്ചൊരു പുസ്തകമില്ലെന്ന് ഞാൻ ഉറപ്പിച്ചു. ഇത്രയുമാണ് ആദ്യം പറഞ്ഞ പ്രത്യേകതകൾ. അതിൻറെ വിശകലനം വായനാനുഭവത്തിൽ ചുവടെ ചേർക്കാം. 

ഇനി ഈ പുസ്തകത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിലേക്കൊന്ന് കണ്ണോടിക്കാം. മേൽപ്പറഞ്ഞ പുസ്‌തകം ആദ്യ എഡിഷൻ കളക്റ്റേഴ്സ് എഡിഷൻ ആയിട്ടാണ് പ്രസിദ്ധീകരിച്ചത്. പ്രീ ബുക്ക് ചെയ്‌തവർക്ക് മാത്രം ലഭിക്കുന്ന ലിമിറ്റഡ് എഡിഷൻ. ഓടിപ്പോയി കടയിൽ നിന്നും മേടിക്കാൻ സാധിക്കില്ലെന്ന് അർത്ഥം. മേൽപ്പറഞ്ഞ പ്രത്യേകതകൾ അറിയുമ്പോൾ ഒരു ചരിത്ര സംഭവത്തിൽ പങ്കാളിയായെന്ന ചാരിതാർഥ്യത്തോടെ തൻറെ പുസ്‌തക കളക്ഷനിൽ ഒരു മുതൽക്കൂട്ട് എന്നരീതിയിൽ വാങ്ങിക്കുന്നവർക്ക്, അല്ലെങ്കിൽ പ്രിയ എഴുത്തുകാരൻ ശ്രീ ബെന്യാമിൻ തൻറെ അടുത്ത രചന സ്വന്തം കയ്യൊപ്പോടുകൂടി ലിമിറ്റഡ് എഡിഷനായി ഇറക്കുന്നു എന്നറിഞ്ഞ് അതിൻറെ സവിശേഷതകളെക്കുറിച്ച് അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും സാരമില്ലെന്ന് കരുതി മേടിക്കുന്ന ആരാധകർക്ക്, തുടങ്ങി വില എന്നത് ഒരിക്കലും ഇതിനൊരു മാനദണ്ഡമായി കണക്കാക്കാത്തവരെ ഉദ്ദേശിച്ച് മാത്രമാണ് അങ്ങനെ ഒരു എഡിഷൻ 799 രൂപയ്ക്ക് ഇറക്കിയിട്ടുള്ളത്. അത്തരക്കാരെ ഈ പുസ്തകപ്പെട്ടി നിരാശരാക്കിയിട്ടില്ല എന്ന് മാത്രമല്ല അവർ ആവേശഭരിതരായിട്ടാണ് അതിനെ സ്വീകരിച്ചിട്ടുള്ളതെന്ന് പല പല വീഡിയോകളിൽ അവർ പോസ്റ്റ് ചെയ്‌തതായി കണ്ടിട്ടുണ്ട്. അധികം താമസിയാതെ 399 രൂപയ്ക്ക് പുസ്തകരൂപത്തിൽ ഹാർഡ് ബൗണ്ട് എഡിഷൻ പുറത്തിറങ്ങുന്നു എന്ന് കേട്ടതോടെയാണ് വിവാദങ്ങൾ പല പല കമന്റുകളായി ഉരുത്തിരിഞ്ഞു കണ്ടത്. ആദ്യം മേടിച്ചവർ മണ്ടന്മാർ ആണോ എന്നതായിരുന്നു അവരുടെ പ്രധാന ചോദ്യം. ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ ആളുകളുടെ പരിവേദനം ആയി മാത്രമേ അതിനെ കാണാൻ കഴിയൂ എന്ന് പറയുമ്പോൾ തന്നെ ഇങ്ങനെ പിന്നാലെ സാധാരണക്കാർക്കുള്ള പതിപ്പുകൾ വരുന്നുണ്ട് എന്നത് പ്രസാധകർ സൂചിപ്പിച്ചില്ല എന്ന വാദത്തിൽ കഴമ്പില്ലാതില്ല എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഇനിയൊരിക്കലും വായിക്കാൻ കിട്ടിയേക്കില്ല എന്ന് കരുതിമാത്രം പ്രീ ബുക്ക് ചെയ്‌ത ചിലർക്കെങ്കിലും മാറിനിൽക്കുവാൻ സാധിച്ചേനെ എന്ന് മാത്രമല്ല ഈ ലിമിറ്റഡ് എഡിഷൻ കിട്ടാഞ്ഞതിൽ വിഷമിക്കുന്ന ചില ഫാൻ ബോയ്‌സിന് അതിനുള്ള അവസരവും ലഭിച്ചേനെ. (അങ്ങനെ തെറ്റിദ്ധാരണ മൂലം വിഷമിക്കുന്നവർക്ക്  നൽകാൻ അവസരമുണ്ടെന്ന് ഗ്രന്ഥകർത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കണ്ടിരുന്നു)

ഇനി നമുക്ക് പ്രധാന ഐറ്റത്തിലേക്ക് കടക്കാം. വായനാനുഭവം. മനോഹരമായി തയ്യാറാക്കിയ ഒരു പെട്ടിയിൽ ഗ്രന്ഥകാരന്റെ കയ്യൊപ്പോടുകൂടി ഉള്ളടക്കം ചെയ്‌ത 120 കാർഡുകൾ. ഉള്ളടക്കം ചെയ്തിട്ടുള്ള കാർഡുകൾ എല്ലാം ഉണ്ട് എന്ന് ഉറപ്പിക്കുന്നതിനായി എല്ലാ അധ്യായങ്ങളുടെയും പേരെഴുതിയ ഒരു കാർഡ് കൂടെയുണ്ട്. എങ്ങനെ എവിടെനിന്ന് വായിച്ചു തുടങ്ങണമെന്ന് യാതൊരു നിർദ്ദേശവും ഇല്ല. എല്ലാം വായനക്കാരൻറെ സ്വാതന്ത്ര്യം. കുറച്ചുതാളുകൾ വായിച്ചുകഴിഞ്ഞപ്പോൾ തോന്നി ഒരു നോവൽ, പേജ് നമ്പർ ഇടാതെ കുത്തിക്കെട്ട് അഴിച്ചുകളഞ്ഞ് വായിച്ചോളൂ എന്ന് പറഞ്ഞു തന്നതായിരിക്കുമെന്ന്. 50-60 താളുകൾ കഴിഞ്ഞപ്പോൾ എന്തോ എവിടെയോ ഉരുത്തിരിഞ്ഞു വരുന്നത് പോലെ തോന്നി. ഇപ്പോൾ വായിക്കുന്നതിൻറെ അടുത്ത താൾ എന്താണെന്ന് ബാക്കിയുള്ള താളുകൾ പരതാൻ ആരംഭിച്ചു. കുറച്ചൊക്കെ വിജയിച്ചു. എന്തായാലും ഒരു കാര്യം അപ്പോഴേ മനസിലായി. വെറും പുസ്തകവായന അല്ല, ഒരു പസിൽ ഗെയിം കൂടെ ഇതിലുണ്ടെന്ന്. ഗെയിം കളിക്കാൻ പണ്ടേ ഇഷ്ടമല്ലാത്തതിനാൽ ഒരു വട്ടം വായന പൂർത്തിയാക്കിയിട്ട് രണ്ടാമത് ആ അനുഭവം വെച്ച് ഒരു ഓർഡർ ആക്കിനോക്കാം എന്ന് വിചാരിച്ച് ആദ്യറൗണ്ട് വായന പൂർത്തിയാക്കി. അതിൽ നിന്നും താഴെപ്പറയുന്ന നിഗമനങ്ങളിൽ ഞാൻ എത്തിച്ചേർന്നു.

* കേരളത്തെ ഞെട്ടിച്ച ഒരു കൊലപാതകമാണ് നോവലിൻറെ പശ്ചാത്തലം ആണ് ഇക്കുറി ശ്രീ ബെന്യാമിൻ തിരഞ്ഞെടുത്തിരിക്കുന്നത്.

* എന്നാൽ ഇതൊരു കുറ്റാന്വേഷണ സസ്‌പെൻസ് ത്രില്ലർ അല്ല.

* കൊല്ലപ്പെട്ട ചെറുപ്പക്കാരൻറെ കുടുംബചരിത്രത്തിലേക്ക്, അതിലൂടെ തിരുവിതാംകൂർ ചരിത്രത്തിൽ മാത്തു തരകൻ എന്നയാൾ ചെലുത്തിയ സ്വാധീനത്തിലേക്ക് കഥ സഞ്ചരിക്കുന്നു.

* വർത്തമാനകാലത്തെയും ഭൂതകാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി സ്വർണ്ണത്തിൽ തീർത്ത രണ്ടു ചെവികളെ മനോഹരമായി നോവലിസ്റ്റ് തുന്നിച്ചേർത്തിരിക്കുന്നു.

* ഓരോ താളിനും സ്വാതന്ത്ര്യം നൽകുക എന്ന ഉദ്ദേശത്തോടു കൂടി ആയിരിക്കണം ആ ചെവികൾ മേടിക്കാൻ ചെല്ലുന്ന കഥാകാരനെയും  കൂട്ടുകാരനെയും കഥയിൽ തിരുകിക്കയറ്റിയിട്ടുള്ളത്. 

* ഞാൻ മനസിലാക്കിയ കഥാഗതി ആണെങ്കിൽ 120 താളുകൾ ആവശ്യം ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

* പരീക്ഷണത്തിന് മുതിരാതെ നേർപാതയിലുള്ള ഒരു പുസ്‌തകമായിരുന്നു ഇതെങ്കിൽ ഒരുപക്ഷെ മാത്തു തരകന്റെ കഥയും ജോജു തരകന്റെ കൊലപാതകവുമൊക്കെ ചേർത്ത് കുറേക്കൂടി മനോഹരമായ രചന ആക്കാമായിരുന്നു.

* വീണ്ടും വീണ്ടും വായിക്കുന്തോറും പണ്ട് സ്‌കൂളിൽ ഇംഗ്ലീഷ് സെക്കൻറ് പരീക്ഷയ്ക്ക് ഔട്ട് ലൈൻ സ്റ്റോറി ഉണ്ടാക്കുന്നതുപോലെ ഒരു വ്യക്തത വരുത്താൻ സാധിക്കുമെങ്കിലും ബെന്യാമിൻറെ ഞാൻ വായിച്ച ഇതരകൃതികൾ പോലെ മനോഹരമാകാൻ പോകുന്നില്ല എന്ന കാര്യത്തിൽ വ്യക്തത ആദ്യവായനയിൽ തന്നെ ലഭിക്കും.

* ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്ന ഹാർഡ് ബൗണ്ട് എഡിഷൻ കൂടി വായിച്ചെങ്കിലേ നോവലിസ്റ്റ് ശരിക്കും ഉദ്ദേശിച്ച രീതിയിൽ ഈ പസിൽ പൂരിപ്പിക്കാൻ സാധിക്കൂ എന്ന് തോന്നുന്നു. അങ്ങനെ ചിന്തിക്കുന്ന 799 രൂപ മുടക്കിയ ആരാധകർ ഒരു 399 രൂപ കൂടി മുടക്കാൻ അമാന്തിക്കില്ല എന്ന് വിചാരിക്കാം. 

* ഏത് ഗെയിം കിട്ടിയാലും അതിൻറെ ചീറ്റ് കോഡ് തപ്പിയിരുന്ന ഞാൻ രണ്ടാമത് എന്തായാലും ഈ പസിൽ കളിക്കുന്നില്ല. എന്നെങ്കിലും ഹാർഡ് ബൗണ്ട് എഡിഷൻ കിട്ടുമ്പോൾ അത് വായിച്ച് നിർവൃതി അടഞ്ഞോളാം. 

ഇന്നത്തെ മലയാളം എഴുത്തുകാരിൽ പ്രൊഫഷണലിസം ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്ന എഴുത്തുകാരൻ തന്നെയാണ് ശ്രീ ബെന്യാമിൻ. ധാരാളം പുതു എഴുത്തുകാരുമായി ചേർന്ന് 'പുഴ മീനുകളെ കൊല്ലുന്ന വിധം' എന്ന പരീക്ഷണം അദ്ദേഹം മുൻപ് നടത്തിയിട്ടുണ്ട്. ഒരു സസ്‌പെൻസ് കഥയുടെ ക്ലൈമാക്സ് വായനക്കാർക്ക് ഊഹിക്കാനും അതിലൂടെ ഭാവനയെ വളർത്താനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഇന്ന് ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിനെ ഹൃദയത്തിൻറെ ഭാഷയിൽ അഭിനന്ദിക്കുകയാണ്. ഇതുപോലൊരു പരീക്ഷണം നവയുഗ മലയാളം ആസ്വാദകർക്ക് മുന്നിലേക്ക് നൽകുവാൻ ധൈര്യം കാണിച്ചതിന്. രണ്ടാമത് ഹാർഡ് ബൗണ്ട് എഡിഷൻ പുസ്തകം ഇറക്കാനിടയായ സാഹചര്യം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിശദമാക്കിയതിൽ നിന്നും മനസിലാക്കാം. പുസ്‌തക പ്രസാധനം എന്നത് സിനിമ പോലെ കുറെ ആളുകളുടെ ജീവനോപാധി കൂടെയാണെന്ന് മനസിലാക്കുന്നു. പരീക്ഷണാർത്ഥം മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് ഒരു സിനിമ തിയേറ്ററിൽ ഇറക്കി ഒരു മാസത്തിന് ശേഷം അത് OTT ആയി ഇറക്കുമ്പോൾ ഇത് മുൻപേ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ തിയേറ്ററിൽ പോകില്ലായിരുന്നല്ലോ എന്ന് പറയുന്നത് പോലെ ആ വിവാദങ്ങളെ തള്ളിക്കളയാം. 'പുഴ മീനുകളെ കൊല്ലുന്ന വിധ'ത്തിൽ ക്ലൈമാക്സ് മാത്രമായിരുന്നു വായനക്കാരന് ചിന്തിക്കേണ്ടിയിരുന്നെങ്കിൽ ഇവിടെ 120 താളുകൾക്കിടയിൽ ഓരോ തവണയും വായനക്കാരന് അവയെ തമ്മിൽ കൂട്ടിയോജിപ്പിക്കുവാൻ ഭാവന ഉപയോഗിക്കേണ്ടി വരും. പരീക്ഷണങ്ങൾ തുടരുന്നു എന്നതാണ് പ്രൊഫഷണലിസത്തിന്റെ ഏറ്റവും വലിയ ലക്ഷണം. കായികരംഗത്തും സിനിമാ മേഖലയിലും ഒക്കെ കണ്ടുവരുന്ന, പരാജയങ്ങൾക്കിടയിലും പ്രതീക്ഷയുടെ വിത്ത് വിതറുന്ന ആ പ്രൊഫഷണൽ സമീപനം മലയാള സാഹിത്യലോകത്തിനും നൽകിയ എഴുത്തുകാരനും അതിന് മുൻകൈ എടുത്ത ഡി സി ബൂക്സിനും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് നിർത്തുന്നു.

No comments:

Post a Comment