Tuesday, October 24, 2023

വായനാനുഭവം - അർദ്ധനാരീശ്വരൻ - പെരുമാൾ മുരുഗൻ (Book Review - Ardhanareeswaran by Perumal Murugan)


പി.എസ്.സി പരീക്ഷയ്ക്ക് പഠിക്കുന്ന സമയത്ത് ഒരു ചോദ്യത്തിൻറെ ഭാഗമായാണ് ശ്രീ പെരുമാൾ മുരുഗനെക്കുറിച്ചും അദ്ദേഹത്തിൻറെ 'അർദ്ധനാരീശ്വരൻ' എന്ന കൃതിയെക്കുറിച്ചും കേൾക്കുന്നത്. സാഹിത്യമോ അവാർഡുകളോ ആയി ബന്ധപ്പെട്ടല്ലായിരുന്നു ആ കൃതിയും ഗ്രന്ഥകർത്താവും അവിടെ ഇടംപിടിച്ചത്. വിവാദമായ കൃതി തമിഴ്‌നാട്ടിൽ നിരോധിക്കപ്പെടുകയും ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് ധാരാളം ചർച്ചകൾക്ക് അത് ഇടയാക്കുകയും ചെയ്തതായിരുന്നു കൃതി പി.എസ്.സി പരീക്ഷകളിൽ ഇടംപിടിക്കാനുള്ള കാരണം. അന്ന് ആ പേരുകൾ ആ ഒരു രീതിയിൽ മാത്രമേ പരിഗണിച്ചുള്ളൂ. പിന്നീട് വായനയെ കുറച്ചുകൂടി സീരിയസ് ആയി സമീപിച്ചുതുടങ്ങിക്കഴിഞ്ഞാണ് ആ പേരുകൾ ഒരിക്കൽക്കൂടി അന്വേഷിച്ച് ചെല്ലുന്നത്. - പെരുമാൾ മുരുഗൻ, അർദ്ധനാരീശ്വരൻ. എന്താണ് ആ കൃതിയുടെ കുഴപ്പം? എന്താണ് അല്ലെങ്കിൽ എന്തായിരുന്നു വിവാദം? അടുത്തിടെ ആ കൃതി വായിച്ചു. വിവാദങ്ങളെക്കുറിച്ച് ഓർക്കാൻ പോലും അവസരം നൽകാതെ വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന ഒരു കൃതി. വായിച്ചതിന് ശേഷമാണ് അതിനുപിന്നിലെ വിവാദങ്ങളെക്കുറിച്ച് അന്വേഷിച്ചത്. വായനാനുഭവവും വിവാദവിശേഷങ്ങളും ചുവടെ ചേർക്കുന്നു. എല്ലാം എൻറെ കാഴ്ചപ്പാടിൽ ആണെന്നുമാത്രം.


കല്യാണം കഴിഞ്ഞ് പന്ത്രണ്ട് വർഷമായിട്ടും കുട്ടികളില്ലാത്ത കാളി പൊന്ന ദമ്പതികളുടെ കഥയാണ് 'അർദ്ധനാരീശ്വരൻ'. പാതി പുരുഷനും പാതി സ്ത്രീയുമായ ദൈവ (ശിവ-പാർവ്വതി) സങ്കൽപ്പമാണ് 'അർദ്ധനാരീശ്വരൻ' എന്നത്. പുരുഷൻറെ നല്ലപാതിയാണ് ഭാര്യ എന്ന സങ്കൽപ്പം. ആ ഒരു അർത്ഥത്തിന്റെ ശരിയായ തലത്തിൽ ജീവിക്കുന്ന ദമ്പതികളാണ് കാളിയും പൊന്നയും. കാളിയുടെ ഒരു മിഴിയനക്കത്തിന്റെ അർത്ഥം വരെ അറിഞ്ഞുപെരുമാറുന്നവളാണ് പൊന്ന. അവർ തമ്മിലുള്ള ബന്ധത്തെ  അതിസൂക്ഷ്മമായി നോവലിലുടനീളം വിശകലനം ചെയ്തിട്ടുണ്ട്. ദമ്പതികൾ എന്ന നിലയിൽ പൂർണ്ണതയിൽ എത്തിയവരായിരുന്നെങ്കിലും സമൂഹത്തിൻറെ കണ്ണിൽ അവർ കുട്ടികളില്ല എന്ന വലിയ കുറവുള്ളവർ ആയിരുന്നു. എല്ലാ മേഖലകളിൽ നിന്നും ആ പേരിൽ സഹതാപവും കളിയാക്കലും വേർതിരിക്കലും നേരിടേണ്ടിവരുമ്പോൾ അവരുടെ സ്വാഭാവികമായ ജീവിതം തന്നെ മാറിമറിയുന്നു. കാളി തന്റെ കൃഷിയിടത്തിലും ചുറ്റുപ്രദേശങ്ങളിലുമായി ഒതുങ്ങിപ്പോകുന്നു. പൊന്നയാവട്ടെ, സഹതപിക്കാനും കളിയാക്കാനും വരുന്ന സർവരോടും വഴക്കുണ്ടാക്കി തികച്ചും ഏകാകിയായി മാറുന്നു. സമൂഹത്തിന് വേണ്ടി മാത്രം ഒരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ചവരാവാം അവർ. കുഞ്ഞിന് വേണ്ടി നേരാത്ത നേർച്ചകളും കയറിയിറങ്ങാത്ത അമ്പലങ്ങളും ഉണ്ടായിരുന്നില്ല. വിശ്വാസങ്ങൾ മാത്രമായിരുന്നു ആ ജനതയുടെ കൂട്ട്. അത്തരം ഒരു വിശ്വാസം അവസാനകയ്യായി അവരെ തേടിയെത്തുന്നു. തേരുത്സവത്തിന്റെ പതിനെട്ടാം നാൾ മലയിലുള്ളവരൊക്കെയും ദൈവങ്ങളാണ് എന്ന സങ്കൽപ്പമാണ്. അന്നവിടുത്തെ ഇരുട്ടിൽ ഉഭയസമ്മതത്തോടെ ആർക്കും ഇണചേരാം. അങ്ങനെ ഉണ്ടാകുന്ന കുട്ടികൾ ദൈവപുള്ളകൾ ആയി വളർത്തപ്പെടും. ദൈവം നൽകിയ കുട്ടികൾ. അന്നേദിവസം ഒരു കളവിലൂടെ പൊന്നയെ സമൂഹം മലയിലേക്കയക്കുന്നു, കാളിയുടെ സമ്മതം കൂടാതെ തന്നെ.  വൈകാരികമായ ഒട്ടേറെ രംഗങ്ങളിലൂടെ അതി വൈകാരികമായിത്തന്നെ വായിക്കാവുന്ന ഒരു മാസ്റ്റർപീസ് നോവൽ ആണ് 'അർദ്ധനാരീശ്വരൻ'. നോവൽ വായന കഴിഞ്ഞാലും കാളിയും പൊന്നയും ഒക്കെ നമ്മുടെ മനസ്സിൽ നിന്നും എളുപ്പം ഇറങ്ങിപ്പോകില്ല.


മനോഹരമായ ഈ നോവലിന് എന്താണ് വിവാദം? ആശ്ചര്യം തോന്നിയതിനാൽ അതിനെക്കുറിച്ച് അന്വേഷിച്ചു. 2010 ലാണ് 'മാതൊരുഭാഗൻ' എന്ന പേരിൽ പെരുമാൾ മുരുഗൻ ഈ കൃതി പുറത്തിറക്കുന്നത്. തമിഴ് നാട്ടിലെ തിരുച്ചെങ്കോട്ടൈ മലൈക കോവിലിലെ പ്രതിഷ്ഠയാണ്  മാതൊരുഭാഗൻ  അഥവാ അർദ്ധനാരീശ്വരൻ. വൈകാശി മാസത്തിലെ തേരുത്സവത്തിൻറെ പതിന്നാലാംദിവസം തിരുച്ചെങ്കോട്ടു കാൽ കുത്തുന്ന എല്ലാവരും ദൈവങ്ങളാണ്. ആ രാത്രി ഉഭയസമ്മതപ്രകാരം ഏതു ആണിനും പെണ്ണിനും എവിടെയും സംഗമിക്കാം. കുട്ടികൾ ഇല്ലാത്തവർക്ക് അന്നൊരു വിശേഷദിനം കൂടിയാണ്. പത്തു മാസം കഴിയുമ്പോൾ അവർക്ക് 'സാമി പുള്ളൈകൾ' ഭൂജാതരാവും. അത് ആ നാടിന്റെ വിശ്വാസമാണ്. ഈ അനുഷ്ഠാനമാണ് പെരുമാൾ മുരുകന്റെ നോവലിന്  ആധാരം. നോവൽ പ്രസിദ്ധീകരിച്ചതോടെ സമുദായ സംഘടനകൾ പ്രക്ഷോഭം തുടങ്ങി. കേസ് മദ്രാസ് ഹൈക്കോടതിയിലെത്തി. താൻ എഴുത്ത് നിർത്തുന്നുവെന്ന് നോവലിസ്റ്റ് പ്രഖ്യാപിച്ചു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് എതിരായ ഈ നടപടിയിൽ പ്രതിക്ഷേധിച്ച് "അർദ്ധനാരീശ്വരൻ" എന്ന പേരിൽ ഈ കൃതിയുടെ മലയാള പരിഭാഷ 2015 ൽ പുറത്തിറക്കി. കേസ് നിലനിൽക്കുന്നതിനാൽ ഇംഗ്ലീഷ് പതിപ്പിൽ നിന്നുമുള്ള പരിഭാഷയാണ് മലയാളത്തിൽ ഇറങ്ങിയത്. എന്നാൽ കേസ് അനുകൂലമായി വിധിവന്ന ശേഷം പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം പതിപ്പിൽ തമിഴിൽ നിന്നും നേരിട്ടുള്ള വിവർത്തനമാണ് ശ്രീ ബാബുരാജ് കളമ്പൂർ നടത്തിയിട്ടുള്ളത്. മനോഹരമായ പരിഭാഷ അർദ്ധനാരീശ്വരനെ വേറിട്ടൊരു ആസ്വാദ്യനിലവാരത്തിലേക്ക് ഉയർത്തുന്നുണ്ട്. 


തിരുച്ചെങ്കോട്ടൈ കോവിലിനെക്കുറിച്ചോ അവിടെ നിലവിലുണ്ടായിരുന്ന ആചാരങ്ങളെക്കുറിച്ചോ അറിയാത്തവർക്ക് കൂടി അറിയാൻ ഈ വിവാദം ഉപകരിച്ചു എന്നാണ് എനിക്ക് തോന്നിയത്. അത് യാഥാർത്ഥം ആണെന്ന് തോന്നിയില്ലെങ്കിൽ കൂടി നോവലിൻറെ ആസ്വാദ്യതയ്ക്ക് ഒരു കുറവും ഉണ്ടാകില്ല. അത് ഒരു മിത്ത് ആയിരുന്നു, കഥാകാരൻ സങ്കൽപ്പിച്ചെടുത്ത ഒരു ആചാരം എന്ന് വിചാരിച്ചിരുന്നെങ്കിൽ അൽപ്പം കൂടി ആരാധന കൂടിയേനെ എന്നാണ് എൻറെ അഭിപ്രായം. വായനയെ എപ്പോഴും വായനയായിക്കണ്ട് ആസ്വദിക്കണം. അല്ലാതെ അതിൻറെ പിന്നാമ്പുറങ്ങൾ ചികഞ്ഞ് വിവാദങ്ങൾ സൃഷ്ടിക്കുന്നത് വിപണനത്തെ മുന്നിൽക്കണ്ട് ആയാൽപ്പോലും നന്നല്ല .ഇനിയും വായിച്ചിട്ടില്ലാത്തവർ തീർച്ചയായും വായിച്ചിരിക്കേണ്ട മനോഹരമായ ഒരു തമിഴ് ഗ്രാമീണ നോവൽ. വിവാദങ്ങൾക്കപ്പുറം തമിഴ് ഗ്രാമങ്ങളിലെ സൗന്ദര്യവും, ഊഷരതയും, നിഷ്കളങ്കതയും, പച്ചയായ ജീവിതവും നമുക്ക് അർദ്ധനാരീശ്വരനിൽ കാണാൻ സാധിക്കും.

No comments:

Post a Comment