ജോസഫ് അന്നംക്കുട്ടി ജോസ് - അദ്ദേഹം എഴുതിയ പുസ്തകത്തെക്കുറിച്ച് പറയും മുൻപ് അദ്ദേഹത്തെക്കുറിച്ച് രണ്ടുവാക്ക്. ന്യൂ ജെൻ എഴുത്തുകാർ എന്നൊരു കൂട്ടർ ഉണ്ടോ എന്നറിയില്ല എന്നിരിക്കിലും സോഷ്യൽ മീഡിയയിൽ താരമായ, കേരളത്തിലെ അറിയപ്പെടുന്നൊരു റേഡിയോ ജോക്കി ആയ ഒരാളെന്ന നിലയിൽ അദ്ദേഹത്തിൻറെ പുസ്തകങ്ങളായ ദൈവത്തിൻറെ ചാരന്മാർ, Buried Thoughts തുടങ്ങിയവ ടോപ് സെല്ലറുകളായി മാറിയത് അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കണ്ടത്. എന്നിരിക്കിലും അതൊന്ന് മേടിച്ച് വായിച്ചുനോക്കാം എന്ന് എന്തോ എനിക്ക് തോന്നിയില്ല. മോട്ടിവേഷണൽ സ്റ്റോറീസ് എന്ന ഗണത്തിലുള്ള പുസ്തകങ്ങളോട് പൊതുവേയുള്ളൊരു വിരസതയായിരുന്നു കാരണം (ആൾറെഡി ഫുള്ളി മോട്ടിവേറ്റഡ് ആയതിനാൽ പുറത്തുനിന്നൊരു സഹായം വേണ്ടെന്നൊരു ലൈൻ). അങ്ങനെയിരിക്കുമ്പോഴാണ് സന്ദർഭവശാൽ അദ്ദേഹത്തിൻറെ ഏറ്റവും പുതിയ (നേരത്തെ പറഞ്ഞ രണ്ടു പുസ്തകങ്ങളെ അപേക്ഷിച്ച്) പുസ്തകമായ 'സ്‌നേഹം കാമം ഭ്രാന്ത്' എന്നെ തേടിയെത്തുന്നത്. ഡി സി ബുക്‌സ് 2022 ഡിസംബറിൽ ആദ്യമായി പുറത്തിറക്കിയ സ്‌നേഹം കാമം ഭ്രാന്ത് ൻറെ ആറാമത്തെ പതിപ്പായിരുന്നു 2023 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച ഞാൻ വായിച്ച പുസ്‌തകം. അതുതന്നെ ജോസഫ് അന്നംക്കുട്ടി ജോസ് എന്ന എഴുത്തുകാരൻറെ സ്വീകാര്യതയെ കാണിക്കുന്നു. അദ്ദേഹത്തിൻറെ ആദ്യ് കൃതികൾ രണ്ടും ഇരുപതും മുപ്പതും പതിപ്പുകൾ കഴിഞ്ഞുവെന്നതാണ് അറിയാൻ കഴിഞ്ഞത്. യുവ എഴുത്തുകാരിൽ ഇത്രയും സ്വീകാര്യതയുള്ള മറ്റൊരു എഴുത്തുകാരൻ ഇല്ലെന്നുതന്നെ പറയാം.
ഇനി ഞാൻ ആദ്യമായി വായിച്ച അദ്ദേഹത്തിൻറെ 'സ്‌നേഹം കാമം ഭ്രാന്ത്' എന്ന പുസ്തകത്തിലേക്ക് കടക്കാം. പതിനഞ്ച് കഥകളുടെ സമാഹാരമാണ് ഇത്. കഥകൾ എന്നതിനേക്കാളുപരി അദ്ദേഹത്തിന് നേരിട്ടോ അല്ലാതെയോ ഉള്ള പതിനഞ്ച് ജീവിതാനുഭവങ്ങളുടെ വിവരണം ആണെന്ന് പറയാം. 2009 ൽ രഞ്ജിത്ത് അണിയിച്ചൊരുക്കി പുറത്തിറക്കിയ കേരള കഫെ എന്ന ചിത്രം പോലെ ഹൃദ്യമായ കുറച്ചു ജീവിതങ്ങളുടെ വരച്ചിടൽ. ചില കഥകൾ നമ്മളെ പുസ്തകം അടച്ചുവെച്ച് അതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കും, ചില കഥകൾ ചെറുതായി ഞെട്ടിക്കും, കൂടുതലും കഥകൾ ചെറുചിരിയോടെയോ, ഇത് കൊള്ളാമല്ലോ എന്ന ചിന്തയോടെയോ വായിച്ചുവിടും. ഒരിക്കൽപ്പോലും ഇതൊക്കെ എന്ത് എഴുതാൻ മാത്രം ഇരിക്കുന്നു എന്ന് തോന്നിയില്ല. ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ തന്നെ എല്ലാം. എന്തുകൊണ്ട് അദ്ദേഹത്തിൻറെ പുസ്തകങ്ങൾ ഇത്ര സ്വീകാര്യമാകുന്നു എന്നതിനുള്ള കാരണം അദ്ദേഹം ആദ്യം പറഞ്ഞിരിക്കുന്ന ആമുഖക്കുറിപ്പ് വായിക്കുമ്പോൾ മനസിലാകും. നാല് വർഷത്തോളം ഈ രചനയുടെ മിനുക്ക് പണിക്കായി അദ്ദേഹം ചിലവഴിച്ചിട്ടുണ്ടത്രെ. അതിൻറെ ഗുണം തന്നെയാണ് പുസ്തകത്തിലുടനീളം കാണുന്നതും. നമ്മൾ കണ്ടിട്ടുള്ള, കേട്ടിട്ടുള്ള കുറെ കഥാപാത്രങ്ങൾ, അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ചില സംഭവങ്ങൾ. ഇത് അവതരിപ്പിച്ചിരിക്കുന്ന ശൈലി തന്നെയാണ് പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്.
ആദ്യ രണ്ടുപുസ്തകങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളുടെ അവതരണം ആയിരുന്നെങ്കിൽ ആദ്യമായി ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിലേക്ക് ഗ്രന്ഥകർത്താവ് കണ്ണോടിക്കുന്നതാണ് 'സ്‌നേഹം കാമം ഭ്രാന്ത്'. അതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ടെന്ന് പറയാം. അതിനാൽ തന്നെ ഇത്രയും കാലം ഞാൻ വായിക്കാതിരുന്ന ആദ്യ രണ്ടു പുസ്തകങ്ങൾ കൂടി ഉടനെ തേടിപ്പിടിച്ച് വായിക്കേണ്ടിയിരിക്കുന്നു. അത് തന്നെയാണ് ഗ്രന്ഥകാരന്റെ വിജയവും.
No comments:
Post a Comment