Friday, March 15, 2024

വായനാനുഭവം - ആനോ - ജി.ആർ. ഇന്ദുഗോപൻ (Book Review - Aano - G R Indugopan)


മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവയായിരുന്നു ആനക്കഥകൾ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ആനക്കഥകൾ കേൾക്കാത്തവരായ മലയാളികളുടെ എണ്ണം ചുരുങ്ങും. അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു ആനക്കഥയാണ് പ്രിയ എഴുത്തുകാരൻ ശ്രീ ജി.ആർ ഇന്ദുഗോപൻ 2023 ൽ പുറത്തിറക്കിയ നോവൽ "ആനോ". ഇതൊരു ഐതിഹ്യമല്ല, 1962 ൽ വിശുദ്ധ നഗരമായ വത്തിക്കാനിൽ നിന്നും ലഭിച്ച ഒരു ആനയുടെ അവശിഷ്ടങ്ങളുടെ ചുവടുപിടിച്ച് വികസിപ്പിച്ചെടുത്ത ഒരു ചരിത്ര ആഖ്യായിക ആണെന്ന് പറയാം. ആ ആന നമ്മുടെ മലയാളക്കരയിൽ നിന്നും റോമിലേക്ക് എത്തിക്കപ്പെട്ട ഒരു സഹ്യസന്തതി ആയിരുന്നത്രേ. മലബാർ കീഴടക്കാൻ വന്ന പോർച്ചുഗീസുകാർ പുതിയ നാട്ടിൽ നിന്നും അവരുടെ സഭാ മേധാവിയായ പോപ്പിനെ പ്രസാദിപ്പിക്കാൻ കൊണ്ടുപോയ കേശവൻ എന്ന ആന. ആന എന്നത് അവർ വിളിച്ചപ്പോൾ "ആനോ" എന്നായി. ആ പേരിൽ അവൻ യൂറോപ്പിൽ മുഴുവൻ പ്രശസ്തനായി. സ്വാഭാവികമായും അവനെ മെരുക്കുന്നതിനും പരിപാലിക്കുന്നതിനും ഒരു മലയാളി ആനപ്പാപ്പാനും കൂടെ കൊണ്ടുപോകപ്പെട്ടിട്ടുണ്ടാകാം. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ആ മലയാളി പാപ്പാൻ ആണ് നോവലിലെ നായകനായ ചീരൻ. ചരിത്രത്തെ തൊട്ടുതലോടി ജി.ആർ ഇന്ദുഗോപൻ പറയുന്നത് അവരുടെ കഥയാണ്. ആനോയുടെയും ചീരന്റെയും. 540  പേജോളം വരുന്ന നോവൽ, വിശ്വസനീയമായ രീതിയിൽ ചരിത്രപുരുഷന്മാരായ ലിയനാർഡോ ഡാവിഞ്ചി, റാഫേൽ, പോപ്പ് ലിയോ പത്താമൻ, സാക്ഷാൽ വാസ്‌കോ ഡാ ഗാമ, എഴുത്തച്ഛൻ, പോർച്ചുഗീസ് രാജാവ് മാനുവൽ ഒന്നാമൻ തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്നതിൽ നോവലിസ്റ്റ് നടത്തിയിരിക്കുന്ന കഠിനപ്രയത്നത്തെക്കുറിച്ചായിരുന്നു ഓരോ അദ്ധ്യായം വായിക്കുമ്പോഴും ചിന്ത. വർഷങ്ങൾ നീണ്ട പഠനത്തെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചും അനുബന്ധത്തിൽ നോവലിസ്റ്റ് വിവരിക്കുന്നുമുണ്ട്. ചുമ്മാ നാടകീയതകൾ നിറഞ്ഞ, വായനക്കാരനെ പിടിച്ചിരുത്താൻ പ്രയോഗിക്കുന്ന ഗിമ്മിക്കുകൾ നിറഞ്ഞ ഒരു നോവലായി മാറാതെ അതിന്റെ ആധികാരികതയെക്കൊണ്ട്, വിശ്വസിപ്പിക്കുന്ന വസ്തുതകൾ കൊണ്ട് വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു നോവൽ. 

എത്ര രസകരമായിട്ടാണ് ഒരു വരി കഥാതന്തുവിനെ 520 പേജുള്ള ഒരു നോവലാക്കി ശ്രീ ഇന്ദുഗോപൻ മാറ്റിയിരിക്കുന്നത്. ആനയെ യൂറോപ്പിലേക്ക് കൊണ്ടുപോകണമെങ്കിൽ കൂടെ തീർച്ചയായും വിദഗ്ദനായ ഒരു പാപ്പാനും കൂടെ കാണണം. ആനയ്ക്ക് പരിചിതമായ ഭാഷ സംസാരിക്കുന്ന ഒരു മലയാളി പാപ്പാൻ ആയിരിക്കണം അത്. അഞ്ച് നൂറ്റാണ്ടുകൾക്ക് മുൻപ് ഗാമയുടെ കാലത്തുള്ള കപ്പലിൽ കടലിനോട് മല്ലിട്ട്, ആഫ്രിക്കൻ മുനമ്പ് ചുറ്റിയുള്ള ഒരു യാത്ര എത്ര ഭീകരമായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം. അപ്പോൾ ആ ദീർഘയാത്രയിൽ ആ കപ്പലിൽ ഒരു ആന കൂടെ ഉണ്ടെങ്കിലോ? ആ യാത്രയുടെ ഭീകരത ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും. അടിമക്കച്ചവടം കൊടുമ്പിരികൊണ്ടിരിക്കുന്ന ആ നാളുകളിൽ മലബാറിയായ ആ ആനക്കാരനോട് സായിപ്പിൻറെ പെരുമാറ്റം എങ്ങനെയിരിക്കും. അവൻറെ യൂറോപ്പിലുള്ള ജീവിതം എപ്രകാരം ആയിരിക്കും. ഇന്ത്യയിലെ അക്കാലഘട്ടത്തിലെ ജാതി രാഷ്ട്രീയം, യൂറോപ്പിലെ ജാതി, രാഷ്ട്രീയം. ഇതൊക്കെ നേരിട്ട് കണ്ടറിഞ്ഞ ഒരാൾ വിവരിക്കുന്നതുപോലെ ലളിതമായി ഇന്ദുഗോപൻ വരച്ചിടുന്നു. അതിനാൽത്തന്നെ ചീരനും ആനോയും വായനയ്ക്ക് ശേഷവും വായനക്കാരൻറെ മനസ്സിൽ നിറഞ്ഞുനിൽക്കും. അത് നോവലിസ്റ്റിന്റെ വിജയം തന്നെയാണ്. 

ചരിത്രത്തെ കുറച്ചൊക്കെ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ തീർച്ചയായും വായിച്ചിരിക്കേണ്ട നോവലാണ് ആനോ. ഇതുപോലൊരു ബൃഹദ് ഗ്രൻഥം അണിയിച്ചൊരുക്കിയ നോവലിസ്റ്റ് ശ്രീ ഇന്ദുഗോപനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. കാരണം അദ്ദേഹം ഇതിനായി നടത്തിയ പ്രയത്നത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നു. ആ പ്രയത്നത്തിന് ഫലം ഉണ്ടാകുന്ന രീതിയിൽ ആനോ യെ മലയാളി വായനക്കാർ ഹൃദയത്തിൽ സ്വീകരിക്കട്ടെ. ഒരു കാര്യം ഉറപ്പ്, ചുമ്മാ ഒരു നേരംപോക്കായി  വായനയെ സമീപിക്കുന്നവർക്ക് ഈ ഗ്രൻഥം ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ ശരിയായ അർത്ഥത്തിൽ അതിൻറെ പ്രാധാന്യത്തോടെ കാണുന്നവരുടെ മനസ്സിൽ നിന്നും ചീരനും ആനോയും അതിൻറെ സൃഷ്ടാവായ ഇന്ദുഗോപനും ഏറെനാൾ തങ്ങിനിൽക്കും.

No comments:

Post a Comment