Saturday, March 16, 2024

തില്ലൈ നടരാജക്ഷേത്രം ചിദംബരം - Chidambaram Thillai Nataraja Temple Travelogue



ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനത്ത് വരുന്ന ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ ഗുഡല്ലൂർ ജില്ലയിലെ ചിദംബരത്തുള്ള തില്ലൈ നടരാജക്ഷേത്രം. ശിവന്റെ നടരാജഭാവത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടുള്ളത്. പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ചു എന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രം നിർമ്മിച്ചത് ചോള രാജാക്കന്മാരാണ്. അക്കാലത്ത് ചോളസാമ്രാജ്യത്തിൻറെ തലസ്ഥാനം ചിദംബരം ആയിരുന്നു. പിൽക്കാലത്താണ് അവരുടെ തലസ്ഥാനം തഞ്ചാവൂരിലേക്ക് മാറ്റപെടുന്നതും അവിടെ പ്രസിദ്ധമായ ബൃഹദീശ്വരക്ഷേത്രം നിർമ്മിക്കുന്നതും. ചരിത്രപരമായും വിശ്വാസപരമായും ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ ക്ഷേത്രമാണ് തില്ലൈ നടരാജക്ഷേത്രം. 


ചിത്തിനെ അംബരം ആക്കുന്ന ചിദംബരം


ചിദംബരം എന്ന പേരിൽ നിന്ന് നമുക്ക് ആരംഭിക്കാം. ചിത്തിനെ അഥവാ മനസ്, ബോധം, ജ്ഞാനത്തിനെ അംബരം അഥവാ ആകാശം ആക്കുന്നത് എന്നതിൽ നിന്നാണ് ചിദംബരം എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്. ചിത്തമ്പലം എന്ന വാക്കിൽ നിന്നാണ് പേര് രൂപംകൊണ്ടത് എന്നും വിശ്വസിക്കപ്പെടുന്നു. മനസിനെ ആകാശം പോലെ വിശാലമായ ജ്ഞാനത്തിലേക്ക് കൊണ്ടുപോകുന്ന അമ്പലം എന്നോ ആകാശം പോലെ വിശാലമായ ജ്ഞാനത്തെ ഉൾക്കൊള്ളുവാനുള്ള സ്ഥലമായോ ഈ പേരിനെ വ്യാഖ്യാനിക്കാം. ചിത്തിനെ ആനന്ദമാക്കുന്ന സത് ചിദ് ആനന്ദ ഭാവമാണ് നടരാജന്. അഥവാ സച്ചിദാനന്ദമൂർത്തിയാണ് ചിദംബരത്തെ നടരാജമൂർത്തി. പഞ്ചഭൂതങ്ങളിൽ ആകാശവുമായി ബന്ധപ്പെട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്ന ശിവക്ഷേത്രം ആണ് ചിദംബരത്തുള്ളത്. പണ്ട് തില്ലൈ എന്ന് വിളിക്കപ്പെടുന്ന കണ്ടൽ മരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നതിനാൽ ആ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നും ചിദംബരം അമ്പലത്തിന് അടുത്തുള്ള പിച്ചാവരം ഇന്ത്യയിലെ ഏറ്റവും വലുതും മനോഹരവുമായ കണ്ടൽ കാടുകൾക്ക് പ്രശസ്തമാണ്. മന്ത്രികം സിനിമയിലും ദശാവതാരം സിനിമയിലും ഉൾപ്പെടെ പിച്ചാവരത്തിന്റെ സൗന്ദര്യം നാം ആസ്വദിച്ചിട്ടുള്ളതുമാണ്. ചിദംബരം ദർശനത്തിന് ശേഷം സമയംപോലെ പിച്ചാവരത്തും സന്ദർശനം നടത്താവുന്നതാണ്.



നടരാജമൂർത്തി


കോസ്മിക് ഡാൻസറായ ശിവനാണ് നടരാജമൂർത്തിയായി ആരാധിക്കപ്പെടുന്നത്. ശിവന്റെ ഒരു കയ്യിൽ ഡമരുവാണ്. ജീവതാളം അഥവാ സൃഷ്ടിയെയാണ് ആ ഡമരു സൂചിപ്പിക്കുന്നത്. ഒരു കയ്യിൽ അഗ്നിയാണ്. സംഹാരത്തെയാണ് അഗ്നി പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ ഉള്ളിലുള്ള അഹങ്കാരത്തെ നശിപ്പിക്കുന്ന അഗ്നി എന്നാണ് അർത്ഥം. ഒരു കൈ അഭയമുദ്രയാണ്. സ്ഥിതി അഥവാ അഭയം ആ കയ്യാൽ സൂചിപ്പിക്കപ്പെടുന്നു. നൃത്തം ചെയ്യുന്നതിനായി ഉയർത്തിയ രീതിയിലുള്ള ഒരു കാലിലേക്ക് ചൂണ്ടുന്നത് പോലെയാണ് ഒരു കൈ. എല്ലാ ഭക്തരുടെയും അഭയം ആ പാദങ്ങൾക്ക് കീഴിലാണെന്ന് കാണിക്കുന്നതാണ് ആ കൈ എന്ന് വിശ്വാസം. ഒരു കാൽ ഒരു അസുരരൂപിയുടെ മേൽ ചവിട്ടിയാണ് നടരാജമൂർത്തി നൃത്തം ആടുന്നത്. നമ്മുടെയെല്ലാം അഹങ്കാരമാണ് ആ അസുരരൂപി എന്ന് അർത്ഥം.



ചിദംബരത്തെ നടരാജ ഐതിഹ്യം


ഒരു അസുരൻറെ മേൽ നൃത്തം ചെയ്യുന്നതായാണ് നമുക്ക് നടരാജമൂർത്തിയെ കാണുവാൻ സാധിക്കുന്നത്. മുസലകൻ എന്ന അസുരൻറെ മേൽ നൃത്തം ചെയ്യുവാനിടയായ രസകരമായ കഥ നടരാജ ഐതിഹ്യം മനസിലാക്കുവാൻ സഹായിക്കും. പണ്ട് ഭൂമിയിൽ സ്വന്തം തപശ്ശക്തിയിൽ അഹങ്കരിച്ചിരുന്ന ഒരുകൂട്ടം മുനിമാർ താമസിച്ചിരുന്നു. ഭിക്ഷാംദേഹിയായി, ചുടലഭസ്മം പൂശിനടക്കുന്ന ശിവനെ അക്കൂട്ടർ നികൃഷ്ടനായാണ് കണക്കാക്കിയിരുന്നത്. സാമ്പ്രദായിക വിശ്വാസപ്രമാണങ്ങൾ കെട്ടിയുണ്ടാക്കി അതിൽ വിരാജിക്കുന്ന ആ സമൂഹം ഒരിക്കൽ സാക്ഷാൽ മഹാവിഷ്ണുവിൻറെ മോഹിനിയോടൊപ്പം ശിവനെ കാണാനിടയായി. അതോടെ സകല കോൺട്രോളും പോയ അണ്ണന്മാർ ശിവനുമായി ഏറ്റുമുട്ടാൻ ഇടയായി. മന്ത്രം ചൊല്ലാനല്ലാതെ ഇറങ്ങി യുദ്ധം ചെയ്യാനൊന്നും കഴിവില്ലാത്ത അവർ ശിവന് നേരെ ഭീകരസർപ്പത്തെയും വ്യാഘ്രത്തെയുമൊക്കെ സൃഷ്ടിച്ചുവിട്ടു. ശിവൻ അവരെയൊക്കെ വലിച്ചുകീറി പുലിത്തോലായി ഉടുത്തു. അങ്ങനെ അറ്റകൈയ്യായി അവർ സൃഷ്ടിച്ചുവിട്ട തുറുപ്പ് ചീട്ടായിരുന്നു മുസലകൻ എന്ന അസുരൻ. വലിയ ബിൽഡ്അപ്പോടെ തങ്ങൾ വിട്ട മുസാലകനെ അടിച്ചു റൊട്ടിയാക്കി അവൻറെ മേൽ നിന്ന് ശിവൻ ലാസ്യ താണ്ഡവമാടുന്നതുകണ്ട മുനിമാരുടെ എന്തൊക്കെയോ ആണെന്നുള്ള ഭാവം അഥവാ അഹങ്കാരം ഇല്ലാതായി. ഈ നൃത്തം കണ്ട് ഫ്‌ളാറ്റായ മറ്റൊരാൾ കൂടെ ഉണ്ടായിരുന്നു. മോഹിനീവേഷത്തിലെത്തിയ മഹാവിഷ്‌ണു. തിരികെ വൈകുണ്ഠത്തിലെത്തിലെത്തിക്കഴിഞ്ഞിട്ടും ആ നൃത്തം മഹാവിഷ്ണുവിൻറെ മനസ്സിൽ നിന്നും പോയില്ല. മഹാവിഷ്ണുവിനെ താങ്ങി പാൽക്കടലിൽ കിടന്നിരുന്ന അനന്തന് പെട്ടെന്ന് വിഷ്‌ണുവിന്റെ ഭാരം കൂടുന്നതായി തോന്നി. അതിൻറെ കാരണം തിരക്കിയപ്പോൾ വിഷ്‌ണു താൻ കണ്ട മാസ്‌മരനൃത്തത്തെക്കുറിച്ച് പറഞ്ഞു. സാധാരണ ആയിരം നാവുമായി വിശേഷങ്ങൾ വർണ്ണിക്കുന്ന അനന്തൻ, ഭഗവാൻ പറഞ്ഞുകേട്ട താണ്ഡവനൃത്ത വർണ്ണന കേട്ടപ്പോൾ തനിക്കും ആ നൃത്തം എങ്ങനെയെങ്കിലും കാണണം എന്നൊരു ആഗ്രഹം ഉന്നയിച്ചു. യുഗങ്ങൾ കൂടുമ്പോൾ സംഭവിക്കുന്ന ആ അതിശയനടനം കാണുവാൻ പ്രയാസമാണെങ്കിലും ഇനി ഒരിക്കൽ മഹാദേവൻ ആ നൃത്തം ആടുകയാണെങ്കിൽ അത് തില്ലൈ മരങ്ങൾ നിറഞ്ഞ, ഇന്നത്തെ ചിദംബരം ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ആയിരിക്കും എന്ന് മഹാവിഷ്ണുവിൽ നിന്നും അറിയുവാൻ സാധിച്ച അനന്തൻ ഭൂമിയിൽ ഒരു മുനിവേഷത്തിൽ എത്തുകയും ചിദംബരത്ത് തപസ്സിരിക്കുകയും ചെയ്‌തു. പതഞ്‌ജലി മഹർഷി അങ്ങനെ ഭൂമിയിലെത്തിയ അനന്തൻ ആണെന്ന് ഐതിഹ്യം. യോഗശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത് അതേ പതഞ്‌ജലി മഹർഷി തന്നെയാണ്. ആ തില്ലൈ വനത്തിൽ ശിവനെ തപസ്സുചെയ്യുന്ന മറ്റൊരു യുവസന്യാസി കൂടെയുണ്ടായിരുന്നു. പരാദങ്ങൾ തേൻ കുടിക്കാത്ത പുഷ്പങ്ങൾ പറിച്ച് ശിവലിംഗത്തിൽ അർച്ചന ചെയ്തിരുന്ന ആ മുനിക്ക് മരങ്ങളിൽ കയറി പുഷ്പങ്ങൾ പറിക്കുന്നതിനായി കാലുകൾ പുലിയുടെ പോലെയായിരുന്നു. അതിനാൽ വ്യാഘ്രപാദമുനി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. (ഈ വ്യാഘ്രപാദ മുനിയുടെ പേരിൽ ഒരു സ്ഥലം നമ്മുടെ കേരളത്തിലുണ്ട്. വ്യാഘ്രപാദപുരം എന്നാണ് ആ സ്ഥലം അറിയപ്പെട്ടിരുന്നത്. ആ പേര് ഇന്നാർക്കും അറിയണമെന്നില്ല. ആ പേര് ലോപിച്ച് ഇന്ന് മറ്റൊരു പേരിൽ ആണ് അറിയപ്പെടുന്നത്. സാക്ഷാൽ വൈക്കം. അങ്ങനെ ആ മുനിയാൽ കേരളത്തിലെ വൈക്കവും തമിഴ് നാട്ടിലെ ചിദംബരവും തമ്മിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.) ഈ രണ്ട് ഭക്തർക്ക് മുന്നിൽ ശിവൻ ആനന്ദനടനം ആടിയെന്നുള്ളതാണ് ക്ഷേത്ര ഐതിഹ്യം.


ചിദംബരം ക്ഷേത്ര പ്രത്യേകതകൾ 


എന്തുകൊണ്ടാണ് മഹാദേവൻ ആനന്ദനൃത്തമാടാൻ ചിദംബരം തിരഞ്ഞെടുത്തത് എന്നുള്ളതിന് വിശ്വാസപരമായി പറയപ്പെടുന്നത് ഭൂമിയുടെ ഹൃദയഭാഗം ആയി കണക്കാക്കപ്പെടുന്നയിടമാണ് ചിദംബരം എന്നാണ്. എന്നാൽ ആധുനിക ശാസ്ത്രം പഠിച്ച കൊച്ചുകുട്ടികൾക്ക് വരെ അറിയാവുന്ന കാര്യമാണ് ഗോളാകൃതിയിലുള്ള ഭൂമിക്ക് ഉപരിതലത്തിൽ ഒരു കേന്ദ്രഭാഗം വരില്ല, അത് ഉള്ളിലാണ് എന്ന്. എന്നാൽ അതേ ആധുനിക ശാസ്ത്രത്തിലേക്ക് നോക്കുമ്പോൾ അതിശയിപ്പിക്കുന്ന ചില കാര്യങ്ങൾ പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ ക്ഷേത്രം സമ്മാനിക്കും. 


പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന അഞ്ച് ശിവ ക്ഷേത്രങ്ങൾ (ഭൂമി - കാഞ്ചിപുരം ക്ഷേത്രം, ജലം - തിരുച്ചിറപ്പള്ളി തിരുവാനെക്കാവൽ ക്ഷേത്രം, അഗ്നി - തിരുവണ്ണാമലൈ ക്ഷേത്രം, വായു - ശ്രീ കാളഹസ്‌തി ക്ഷേത്രം, ആകാശം - ചിദംബരം ക്ഷേത്രം) ഉള്ളതിൽ മൂന്നെണ്ണം ഒരേ രേഖയിൽ (79 ഡിഗ്രി 41 മിനിറ്റ്) മറ്റ് രണ്ടെണ്ണം ആ രേഖയിൽ നിന്നും കേവലം ഒരു ഡിഗ്രിയിൽ താഴെ മാത്രം വ്യത്യാസത്തിലുമാണ് നിലകൊള്ളുന്നത്. 9 - 10 നൂറ്റാണ്ടുകളിൽ അക്ഷാംശ രേഖാംശ നിർണ്ണയത്തെക്കുറിച്ച് കേട്ടുകേൾവി ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഇങ്ങനെ അഞ്ച് ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത് ഭാരതീയ ജ്യോതിശാസ്ത്ര മാഹാത്മ്യത്തിന് മകുടോദാഹരണം തന്നെയാണ്. ഇതിൽ കാളഹസ്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ആന്ധ്രാപ്രദേശിൽ ആണെന് കൂടി ഓർക്കണം.


23.5 ഡിഗ്രി ചരിവിൽ സാങ്കൽപ്പിക അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്ന ഭൂമിയുടെ ഭ്രമണവേഗത പരിഗണിച്ചാൽ നേരെ മുകളിലേക്ക് സെൻട്രിഫ്യൂഗൽ ഫോഴ്‌സ് അനുഭവപ്പെടുന്ന 11 ഡിഗ്രി അക്ഷാംശത്തിലാണ് ചിദംബരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. യോഗശാസ്ത്രപ്രകാരം നമ്മുടെ ഊർജ്ജത്തെ ഏറ്റവും മുകളിലേക്ക് ഉയർത്തുന്നതിന് ഉതകുന്ന മെഡിറ്റേഷൻ പോയിൻറ് ചിദംബരം ആണെന്ന് കരുതപ്പെടുന്നു. 


പ്രധാനകവാടത്തിൽ നിന്നും അകത്തേക്ക് കയറുമ്പോൾ സാധാരണയിൽ നിന്നും വ്യത്യസ്തമായി ശ്രീകോവിൽ നേരെയല്ല സ്ഥിതിചെയ്യുന്നത്. അൽപം ഇടത്തോട്ട് മാറിയാണ് സ്ഥിതിചെയ്യുന്നത്. മനുഷ്യശരീരത്തിൽ ഹൃദയം സ്ഥിതിചെയ്യുന്നതുപോലെ.


ആരോഗ്യവാനായ ഒരാളുടെ മിനിറ്റിൽ 15 എന്ന ശ്വസനനിരക്ക് പരിഗണിച്ചാൽ ഒരു ദിവസം 21600 ശ്വാസോച്ഛാസം എന്ന കണക്കിൽ 21600 സ്വർണ്ണത്തകിടുകളാണ് ക്ഷേത്രത്തിൻറെ മേലാപ്പിൽ പതിച്ചിരിക്കുന്നത്. 


ഈ സ്വർണ്ണത്തകിടുകൾ 72000 സ്വർണ്ണ ആണികൾ ഉപയോഗിച്ചാണ് പതിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിലെ നാഡികളുടെ എണ്ണമാണ് 72000. (ഇതൊന്നും ഞാൻ പോയി എണ്ണിനോക്കിയിട്ടില്ല. അവലംബം ക്ഷേത്ര വെബ്‌സൈറ്റ്)


കിഴക്കേ ഗോപുരത്തിൽ നാട്യശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്ന 108 നാട്യകലകളെ ആലേഖനം ചെയ്തിരിക്കുന്നു. 


തമിഴ് ശൈവ സന്യാസിമാരായ നാൽവർ (അപ്പർ, സാംബവർ, സുന്ദരർ, മാണിക്യവാകർ) ഈ ക്ഷേത്രത്തിൽ സമ്മേളിച്ചിരിക്കുന്നു. അവരെ പ്രതിനിധാനം ചെയ്താണ് ക്ഷേത്രത്തിൻറെ നാല് ഗോപുരങ്ങൾ പണികഴിപ്പിച്ചിരിക്കുന്നത്. അതേപോലെ അകത്തുള്ള 64 തൂണുകൾ നായനാർ എന്നറിയപ്പെടുന്ന 64 ശൈവ സന്യാസിമാരെയും 64 സുകുമാരകലകളെയും പ്രതിനിധീകരിക്കുന്നു.


ക്ഷേത്ര ഘടന 



40 ഏക്കറിലായാണ് അമ്പലം വ്യാപിച്ചുകിടക്കുന്നത്. നാല് പ്രകാരങ്ങൾ എന്നറിയപ്പെടുന്ന ഭാഗങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഏറ്റവും പുറമേയുള്ള നാലാം പ്രാകാരത്തിന് അതിശക്തമായ കോട്ടമതിലുകളും ദ്രാവിഡ കൊത്തുപണികൾ നിറഞ്ഞ നാല് ഗോപുരങ്ങളുമുണ്ട്. അതിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചുകഴിയുമ്പോൾ അടുത്ത പ്രാകാരത്തിലേക്ക് കടക്കാം. അവിടെയുള്ളതും കൂട്ടി മനുഷ്യശരീരത്തിലെ നവദ്വാരങ്ങൾ പോലെ ഒൻപത് കവാടങ്ങൾ കോവിലിന് ചുറ്റിനുമായുണ്ട്. വിവിധ ഭാവങ്ങളിലുള്ള സുബ്രഹ്മണ്യൻ, ഗണേശൻ, ശിവകാമി ദേവി, നന്ദി തുടങ്ങിയവരുടെ അമ്പലങ്ങൾ പ്രാകാരത്തിനുള്ളിൽ കാണാം. തെക്കേ ഗോപുരത്തിനടുത്തായി ആദിഗുരുവായ ദക്ഷിണാമൂർത്തിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്യാമറ ഉള്ളിൽ പ്രവേശിപ്പിക്കാനാവാത്തതിനാൽ പ്രധാന ഭാഗമായ ഉള്ളിലെ പ്രാകാരത്തിലെ കാഴ്ചകൾ കണ്ണുകളാൽ ആസ്വദിച്ച് തന്നെ അറിയണം. തമിഴ് ശിൽപ്പകലയുടെ മകുടോദാഹരണം ആണെങ്കിലും സ്വർണ്ണം പൊതിഞ്ഞ പ്രധാന ശ്രീകോവിലിന് കേരളീയ നിർമ്മാണരീതികളോട് സാദൃശ്യം തോന്നുന്നുണ്ട്. കനകസഭ എന്നാണ് ആ ഭാഗം അറിയപ്പെടുന്നത്. നടരാജ ക്ഷേത്രത്തിന് മുന്നിലായി മഹാവിഷ്ണുവിനായി ഒരു കോവിലും കാണാം. ആനന്തശായിയായ മഹാവിഷ്ണുവിനെയാണ് കാണാൻ സാധിക്കുന്നത്. അടുത്തായി ലക്ഷ്‌മി ദേവിയുടെയും ഒരു ക്ഷേത്രമുണ്ട്. അമ്പലത്തിന് മുന്നിലായുള്ള 100 കാൽ മണ്ഡപത്തിൽ തിരക്കുകളും മറ്റ് ചിന്തകളും ഒഴിവാക്കി ധ്യാനിച്ചിരിക്കുന്നത് അവർണ്ണനീയമായ അനുഭവമാണ്. രണ്ടാം പ്രകാരത്തിൽ നൃത്ത സഭ എന്ന പേരിൽ 56 കൽത്തൂണുകളോട് കൂടിയ ഒരു മണ്ഡപം ഉണ്ട്. ശിവൻറെ നൃത്തത്തോട് ദേവി മത്സരിക്കുകയുണ്ടായെന്നും ആ മത്സരത്തിൻറെ അവസാനം ദേവിയുടെ അഹങ്കാരം ശമിപ്പിക്കുന്നതിനായി മഹാദേവൻ തന്റെ കാതിലെ ഒരു കുണ്ഡലം താഴെ ഇടുകയും ഒരു കാൽ കൊണ്ട് അത് എടുത്ത് നൃത്തത്തിന് തടസം ഉണ്ടാകാത്ത രീതിയിൽ അണിയുകയും ചെയ്‌തു. ആ ഒരു നൃത്തം അനുകരിക്കാൻ സാധിക്കാതെ ദേവി പരാജയം സമ്മതിച്ചു. മത്സരിച്ച് നൃത്തം ചെയ്ത ഊർദ്ധ താണ്ഡവഭാവത്തിലുള്ള ശിവനെ അവിടെ കാണാം. 


108 നൃത്തഭാവങ്ങളിൽ ഊർദ്ധ ഭാവവും ആനന്ദഭാവവും ആണ് ചിദംബരം ക്ഷേത്രത്തിൽ ഉള്ളത്. മൂന്നാം പ്രാകാരത്തിൽ വടക്ക് ഭാഗത്തായി വിശാലമായ ഒരു ക്ഷേത്രക്കുളം കാണാം. ശിവഗംഗ എന്നറിയപ്പെടുന്ന ആ തീർത്ഥക്കുളത്തിന്റെ തീരങ്ങളും കൽപ്പണികളാൽ മനോഹരമാക്കിയിട്ടുണ്ട്. അതിന് കിഴക്കായി രാജസഭ എന്നറിയപ്പെടുന്ന ആയിരം കാൽ മണ്ഡപം സ്ഥിതിചെയ്യുന്നു. ഇപ്പോൾ അത് നിർമ്മാണപ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരിക്കുകയാണ്. 

തില്ലൈ മൂവായിരം ദീക്ഷിതർ 


ചിദംബരം അമ്പലത്തിൽ പൂജകൾ ചെയ്യുന്നത് തില്ലൈ മൂവായിരം ദീക്ഷിതർ എന്ന് വിളിക്കപ്പെടുന്ന ബ്രാഹ്മണരാണ്. അവർ തന്നെയാണ് അമ്പലത്തിൻറെ ഭരണസാരഥ്യം വഹിക്കുന്നതും. ദീക്ഷിതരും നടരാജസ്വാമികളും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ ബ്രഹ്‌മാവ്‌ വിശേഷപ്പെട്ട ഒരു യാഗം നടത്തുവാൻ തീരുമാനിച്ചു. ആ യാഗം നിർവഹിക്കുന്നതിന് തില്ലൈ വനത്തിൽ നടരാജനെ പൂജിക്കുന്ന മൂവായിരം ദീക്ഷിതർമാരെ ക്ഷണിച്ചു. നടരാജമൂർത്തിയെ പൂജ ചെയ്യുന്ന അവർ പോകുവാൻ മടിച്ചെങ്കിലും മഹാദേവന്റെ സമ്മതത്തോടെ അവസാനം യോഗത്തിന് പോയി. തിരികെയെത്തിക്കഴിഞ്ഞ് അവർ എണ്ണി നോക്കിയപ്പോൾ 2999 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ ആകെ പരതിയെങ്കിലും അവസാനത്തെ ആളെ കിട്ടിയില്ല. അപ്പോൾ ഒരു അശരീരി മുഴങ്ങി ആ ആൾ ഞാനായിരുന്നു എന്ന്. അത് നടരാജമൂർത്തി തന്നെ ആയിരുന്നു മൂവായിരം ദീക്ഷിതരിൽ ഒരാളായി വന്നത്. മറ്റ് അമ്പലങ്ങളിൽ നിന്നും വ്യത്യസ്തമായി ചിദംബരം അമ്പലത്തിൽ കാണിക്കവഞ്ചികൾ കാണില്ല. കാരണം അവർക്കുള്ള വരുമാനം നടരാജമൂർത്തി തന്നെ നൽകുമെന്നാണ് ഐതിഹ്യം. വിഗ്രഹത്തിന്റെ മുന്നിലായി ഒരു ചെമ്പ് തകിട് വെക്കുമെന്നും ദിവസത്തിൻറെ അവസാനം ആയ തകിട് സ്വർണ്ണമായി മഹാദേവൻ മാറ്റുമെന്നും ഒരു കഥയുണ്ട്. എന്തായാലും ദീക്ഷിതർമാരും ചിദംബരം ക്ഷേത്രവുമായുള്ള ബന്ധം അഭേദ്യമായി ഇന്നും തുടരുന്നു.

ചിദംബരം രഹസ്യം


ചിദംബരം രഹസ്യത്തെക്കുറിച്ച് പരാമർശിക്കാതെ ചിദംബരം ചരിത്രം പൂർണ്ണമാകില്ല. ചിദംബരം പ്രധാന മൂർത്തിയുടെ സമീപത്തായി ഒരു സ്വർണ്ണ കൂവള ഇല വെച്ചിരിപ്പുണ്ട്. അത് ഒരു തിരശീലയാൽ മറയ്ക്കപ്പെട്ട നിലയിൽ ആയിരിക്കും ഉണ്ടാവുക. നിശ്ചിത പൂജാ സമയങ്ങളിൽ പൂജാരി ആ തിരശീല അഥവാ മായയുടെ പ്രതീകത്തെ മാറ്റുന്നു. അപ്പോൾ ഭക്തർക്ക് ചിദംബര രഹസ്യം ആ കൂവള ഇലയിൽ കാണുവാൻ സാധിക്കും. അവിടെ തെളിയിച്ചിരിക്കുന്ന വിളക്കിൻറെ വെളിച്ചത്തിൽ നമ്മൾ കാണുവാൻ ആഗ്രഹിക്കുന്ന രൂപത്തിൽ രൂപമില്ലാത്ത ദൈവത്തെ ദർശിക്കുവാൻ സാധിക്കും. ഇതാണ് ചിദംബര രഹസ്യം. ആകാശം പോലെ സർവ്വവ്യാപിയായ, രൂപ രഹിതനായ ദൈവത്തെയാണ് പഞ്ചഭൂതങ്ങളിൽ ആകാശത്തെ പ്രതിനിധാനം ചെയ്യുന്ന ചിദംബരരഹസ്യം കാണിച്ചുനൽകുന്നത്. ഭക്തന്റെ മനസ് പോലെ അത് വിവിധ രൂപങ്ങൾ അവൻറെ മനസ്സിൽ സൃഷ്ടിക്കുന്നു.

ചിദംബരം യാത്ര


കേരളത്തിൽ നിന്നും നേരിട്ട് ട്രെയിൻ ലഭിക്കാത്തതിനാൽ മറ്റ് ക്ഷേത്രങ്ങളിൽ പോകുന്നതിനേക്കാൾ അൽപ്പം ബുദ്ധിമുട്ടേറിയതാണ് ചിദംബരം യാത്ര. ട്രെയിൻ വഴി നമുക്ക് പോകുവാൻ സാധിക്കുന്ന കോയമ്പത്തൂർ നിന്നും സേലത്ത് നിന്നും ധാരാളം ബസുകൾ ചിദംബരത്തേക്ക് ഉണ്ട്. കോയമ്പത്തൂർ നിന്നും 345 കിലോമീറ്ററും സേലത്ത് നിന്നും 180 കിലോമീറ്ററുമാണ് ചിദംബരത്തേക്ക് ഉള്ളത്. അതിനാൽ സേലം എത്തി അവിടെ നിന്നും ബസിൽ പോകുന്നതാണ് നല്ലത്. സേലത്ത് നിന്നും പകൽ ബസ് യാത്ര ചെയ്യുമ്പോൾ അരമണിക്കൂർ ഇടവിട്ട് ബസ് ഉണ്ടെങ്കിലും എ.സി ബസ് ഉണ്ടെങ്കിൽ അതിൽ പോകുന്നതാണ് ഉത്തമം. രാത്രി എ.സി.സ്ലീപ്പർ ബസുകളും സർവീസ് നടത്തുന്നുണ്ട്. രാവിലെ 6 മുതൽ 12 വരെയും വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെയുമാണ് ദർശനം. ചിദംബരം ദർശനത്തിന് ശേഷം സമീപത്തായുള്ള തില്ലൈ കാളിയമ്മൻ കോവിലിലും ദർശനം നടത്താവുന്നതാണ്. ഊർദ്ധ താണ്ഡവ നൃത്തത്തിൽ പരാജയപ്പെട്ട ദേവി വസിക്കുന്ന ഇടമാണ് അത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. 


എന്റെ ചിദംബരം യാത്ര 


ദീർഘനാളായുള്ള ആഗ്രഹമായിരുന്നു ചിദംബരം അമ്പലദർശനം. ദൂരക്കൂടുതലും നേരിട്ട് ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതും തയ്യാറെടുപ്പുകൾക്കായി കൂടുതൽ സമയം അപഹരിച്ചു. ജോലിത്തിരക്കും കാലാവസ്ഥയും മറ്റ് വ്യക്തിപരമായ കാരണങ്ങളാലും 2023 ൽ ആ യാത്ര നടത്തുവാൻ സാധിച്ചില്ല. 2024 ൽ ചിദംബരം പോയിട്ടുതന്നെ കാര്യം എന്ന് ഉറപ്പിച്ചു. സേലം വരെ ട്രെയിൻ പിന്നെ ബസ്. പോയി വരാനുള്ള ടിക്കറ്റ് കിട്ടുന്ന ദിവസം പോകാം. നോക്കി നോക്കി അവസാനം മാരാരിക്കുളത്ത് നിന്നും ധൻബാദിൽ സേലത്തിന് ടിക്കറ്റ് ലഭിച്ചു. മടക്കം കൊച്ചുവേളി എക്സ്പ്രസിൽ ചേർത്തലയിലേക്ക്. ട്രെയിൻ ടിക്കറ്റുകൾ ഓക്കേ ആയതോടെ ട്രാവൽ പ്ലാൻ ഉണ്ടാക്കി. രാവിലെ 6.15 ന് മാരാരിക്കുളത്ത് നിന്നും വിട്ടാൽ 3 മണിക്ക് സേലം എത്തും. നാല് മണിക്ക് സേലത്ത് നിന്നും ബസ് കിട്ടിയാൽ 9.30 ന് ചിദംബരം എത്താം. അപ്പോൾ അവിടെ സ്റ്റേ ചെയ്യാൻ ഹോട്ടൽ ബുക്ക് ചെയ്യണം. തെക്കേ ഗോപുരത്തിന്റെ അടുത്തായി ഒരു റൂം ബുക്ക് ചെയ്തു. ചുമ്മാ TNRTC യുടെ സൈറ്റിൽ നോക്കിയപ്പോൾ സേലത്ത് നിന്നും ചിദംബരത്തേക്ക് ബസ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സീറ്റ് ലഭ്യമാണെന്ന് കാണിക്കുന്നു. ആ സമയത്ത് തോന്നിയ പൊട്ടബുദ്ധിയിൽ ഒന്നും ആലോചിക്കാതെ ഒരു സൈഡ് സീറ്റ് ബുക്ക് ചെയ്തു. തിരികെ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ ആ സേവനം ലഭ്യമല്ലാതാനും. എന്തായാലും കിട്ടിയതായി എന്ന സന്തോഷത്തിൽ യാത്ര ചെയ്യുവാനുള്ള ദിവസത്തിനായി കാത്തിരുന്നു. 


കേരളത്തിൽ കനത്ത ചൂടിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്ന ഒരു മീനമാസപ്പുലരിയിൽ മാരാരിക്കുളത്ത് നിന്നും ധൻബാദിൽ കയറി. സമീപദിവസങ്ങളിൽ ധൻബാദിന്റെ റണ്ണിങ് ഹിസ്റ്ററി നോക്കിയപ്പോൾ ഒരു ദിവസം ഒഴിച്ച് ബാക്കി എല്ലാ ദിവസവും ആശാൻ ഏറെക്കുറെ കൃത്യസമയത്ത് സേലത്ത് എത്തിയിട്ടുണ്ടെന്ന് കണ്ടു. ആശ്വാസത്തിന് പകരം ആ ക്ര്യത്യസമയം പാലിക്കാതിരുന്ന ദിവസം വണ്ടി ഒന്നര മണിക്കൂർ താമസിച്ചിരുന്നു എന്നോർത്തായിരുന്നു എന്റെ ടെൻഷൻ. ഇന്നെങ്ങാനും അതുപോലെ താമസിച്ചാൽ ബസ് പോകും. പലകുറി തമിഴ്‌നാട്ടിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് പകൽ സമയത്ത് ഒരു മുഴുനീള യാത്ര. പ്രത്യേകിച്ചും പാലക്കാട് കോയമ്പത്തൂർ റൂട്ടിൽ ഇതുവരെ ഞാൻ പകൽ യാത്ര ചെയ്തിരുന്നില്ല എന്നതിനാൽ ആ പ്രദേശങ്ങൾ കാണുന്ന ത്രില്ലിൽ ആയിരുന്നു. ഉണങ്ങി വരണ്ടുകിടക്കുന്ന ആ പാലക്കാടൻ മലനിരകളും കടന്ന് കൃത്യ സമയത്ത് വണ്ടി തമിഴ് നാട് കയറി. കോയമ്പത്തൂർ കഴിഞ്ഞതോടെ വണ്ടിയിലേക്ക് ബംഗാളി തൊഴിലാളികൾ കുടുംബമായി ഇടിച്ചുകയറിത്തുടങ്ങി. പുറത്തേക്ക് ഇറങ്ങാൻ പറ്റാത്തവിധം വാതുക്കൽ വരെ സാധനങ്ങൾ കുത്തി നിറച്ച് അവർ നിറഞ്ഞതോടെ ആകെ ഒരു ഡാർക്ക് മൂഡായി. എന്തായാലും കൃത്യസമയത്ത് വണ്ടി സേലത്ത് എത്തി. ഓട്ടോയിൽ ബസ് സ്റ്റാന്റിലേക്ക്. ഒന്നര കിലോമീറ്റർ അപ്പുറത്തേക്ക് ഓട്ടോക്കൂലി 150 രൂപ. ഓട്ടോയിൽ പോകുമ്പോൾ തന്നെ തമിഴ് നാട്ടിലെ ചൂടിനെക്കുറിച്ച് ഒരു ഏകദേശ ധാരണ ലഭിച്ചു. ബസ് സ്റ്റാന്റിൽ ചെല്ലുമ്പോൾ ഞാൻ ബുക്ക് ചെയ്ത ബസ് വന്നിട്ടില്ല. ആ ബസ് എ.സി അല്ലെന്നറിഞ്ഞതോടെ വീണ്ടും ഡെസ്പായി. അഞ്ചര മണിക്കൂർ ഈ ചൂടിൽ ബസിൽ ഇരുന്നു പോകണമല്ലോ എന്നോർത്തപ്പോൾ തന്നെ ഞാൻ വിയർത്തു. അവിടെ കണ്ട ഒരു ബസ് ജീവനക്കാരനോട് ചിദംബരത്തേക്ക് എ.സി ബസ് വല്ലതും കിട്ടുമോ എന്ന് ചോദിച്ചു. പുള്ളിക്കാരൻ എന്നെ അവിടെ സ്റ്റാർട്ട് ആക്കി ഇട്ടിരിക്കുന്ന ഒരു ബസ് ചൂണ്ടിക്കാണിച്ചു. എനിക്കായി കാത്തുനിൽക്കുന്ന പോലെ ഒരു എ.സി ബസ് അവിടെ കിടക്കുന്നു. ഞാൻ കയറിയതും അവർ വണ്ടി വിട്ടു. എ.സി യുടെ കുളിർമയിൽ തമിഴ് നാടിന്റെ ഭംഗിയും ഊഷരതയും ആസ്വദിച്ച് പോകുമ്പോഴും എ.സി ബസ് കിട്ടിയില്ലായിരുന്നെങ്കിലുള്ള അവസ്ഥ ഓർത്ത് ഇടയ്ക്കിടെ ഞാൻ ഉഷ്ണിച്ചുപോയി. വർഷത്തിൽ ഒരിക്കലോ മറ്റോ ആയതിനാലാകാം തമിഴ് നാട്ടിലൂടെയുള്ള യാത്രകൾ എനിക്ക് വളരെ ഇഷ്ടമാണ്. രാത്രി നല്ല ഇരുട്ട് ആണെങ്കിലും പരമാവധി കാഴ്ചകൾ കണ്ടുനിൽക്കുവാൻ ഞാൻ ശ്രമിക്കാറുണ്ട്. നമ്മുടെ അയൽ സംസ്ഥാനം ആണെങ്കിലും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയും സംസ്‌കാരവും ജീവിതരീതിയുമൊക്കെ അറിയുവാനും അനുഭവിക്കുവാനും കിട്ടുന്ന അവസരം. മഴയുടെ ദൗർലഭ്യം മൂലം വരണ്ട ഭൂമിയിൽ ഡാമുകളിൽ നിന്നും ചാലുകൾ കീറി എത്തിക്കുന്ന ജലം ഉപയോഗിച്ച് അവർ നടത്തുന്ന കൃഷികൾ കാണുമ്പോൾ നല്ല ഒരു പോസിറ്റിവ് എനർജി, ഒരു പ്രചോദനം ലഭിക്കാറുണ്ട്. ഇക്കുറി ശ്രദ്ധിച്ച കാര്യം തമിഴ് നാട്ടിൽ ഉടനീളം തെങ്ങ് കൃഷി വ്യാപകമായി നടക്കുന്നു എന്നതാണ്. കീടബാധയും രോഗബാധയുമില്ലാതെ നിരയൊപ്പിച്ച് സമൃദ്ധമായി തേങ്ങാ പിടിച്ചുനിൽക്കുന്ന തെങ്ങിൻ തോപ്പുകൾ മലയാളികൾക്ക് ഇന്ന് ആസ്വദിക്കണമെങ്കിൽ അവിടെ എത്തണം. കാഴ്ചകൾ ആസ്വദിച്ച് ചിദംബരത്ത് ഒൻപത് മണിയോടെ എത്തി. താമസിയാതെ ഹോട്ടൽ മുറി കണ്ടുപിടിച്ച് ചെക്ക് ഇൻ ചെയ്തു. കുളിച്ച് ഫ്രഷ് ആയി അമ്പലത്തിൽ ഒന്ന് കയറിയേക്കാമെന്ന ചിന്തയോടെ പുറത്തിറങ്ങിയെങ്കിലും അവിടെ അത്താഴപൂജ പോലെ എന്തോ പൂജകൾ നടക്കുന്നത് കണ്ട് തിരികെ റൂമിലേക്ക് പോന്നു.


രാവിലെ ആറരയ്ക്ക് തന്നെ കുളിച്ചൊരുങ്ങി അമ്പലത്തിൽ എത്തി. മുൻപ് വായിച്ചു മനസിലാക്കിയിരുന്നതിനാൽ രീതികളും കോവിലുകളും മനസിലാക്കുവാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. വലിയ അമ്പലം ആണെങ്കിലും ഒട്ടും തിരക്ക് ഇല്ലായിരുന്നു. പ്രധാന കോവിലിന് മുന്നിൽ എത്തിയപ്പോൾ മാത്രമാണ് കുറച്ച് ആളുകളെ കാണുവാൻ സാധിച്ചത്. ഏഴ് മണിക്കുള്ള മഹാ ആരതിയും ചിദംബര രഹസ്യവും കണ്ടശേഷം കുറെ സമയം ആ സഭകളിൽ ചിലവഴിച്ചു. സാധാരണ അമ്പലങ്ങളിലെപ്പോലെ കാണിക്ക ഇല്ലാത്തതും വഴിപാട് കൗണ്ടറുകൾ ഇല്ലാത്തതും അത്ഭുതപ്പെടുത്തി. എങ്കിലും കനകസഭയിൽ കയറി തൊഴുന്നതിന് ഒരാൾക്ക് 100 കൊടുക്കണമെന്ന് പറഞ്ഞപ്പോൾ കാണിക്കയായി കരുതി നൽകിക്കൊണ്ട് കയറി തൊഴുതു. എത്ര സമയം വേണമെങ്കിലും ചിലവഴിക്കാൻ തോന്നുന്ന ഒരു ആമ്പിയൻസ് ആണ് പ്രധാന പ്രാകാരത്തിനുള്ളിൽ. ഏകദേശം ഒരുമണിക്കൂർ ചിലവഴിച്ചിട്ട്  പുറത്തിറങ്ങി. മറ്റ് ഉപദേവതമാരെയും (ഓരോ ഉപദേവതാ ക്ഷേത്രവും കേരളത്തിലെ ഒരു മഹാ ക്ഷേത്രത്തേക്കാൾ വിപുലവും വിശാലവുമാണ്) സമീപത്തുള്ള തില്ലൈ കാളിയമ്മൻ കോവിലിലും തൊഴുതശേഷം ഹോട്ടലിലേക്ക് മടങ്ങി. ശ്രദ്ധിക്കപ്പെട്ട മറ്റൊരുകാര്യം ദക്ഷിണഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം ആയിരുന്നിട്ടും പ്രധാന ഗോപുരങ്ങളുടെ അടുത്ത് ഒരു പൂ വിൽപ്പനക്കാരനെ കണ്ടതൊഴിച്ചാൽ അമ്പലത്തിനെ ആശ്രയിച്ചുള്ള കച്ചവടക്കാരെയൊന്നും കണ്ടില്ല. കേരളത്തിലെ അൽപ്പമെങ്കിലും പേരുകേട്ട ക്ഷേത്രങ്ങളുടെ ചുറ്റുപാടുകൾ ഏറെക്കുറെ ഭരിക്കുന്നത് കച്ചവടക്കാർ ആണെന്ന് തോന്നും. ഗുരുവായൂർ അമ്പലത്തിന്റെയൊക്കെ ഒരു കിലോമീറ്റർ ചുറ്റളവിൽ കടകളുടെ ബാഹുല്യമാണ്.



വരുന്ന വഴിക്ക് തന്നെ തിരികെ സേലത്തേക്കുള്ള എ.സി ബസ് സമയം തിരക്കിവെച്ചിരുന്നതിനാൽ അത് അനുസരിച്ച് ചെക്ക് ഔട്ട് നടത്തി മടക്കയാത്ര ആരംഭിച്ചു. ചിദംബരം സമീപത്തായുള്ള രണ്ട് ക്ഷേത്രങ്ങൾ കൂടി സന്ദർശിക്കണമെന്ന് വിചാരിച്ചിരുന്നെങ്കിലും ചൂട് കാരണം ആ പ്ലാൻ ഉപേക്ഷിച്ചു. മടങ്ങി സേലത്ത് എത്തിയ ശേഷം അവിടെയുള്ള രണ്ട് ക്ഷേത്രങ്ങൾ സന്ദർശിച്ച് ആ കുറവ് പരിഹരിച്ചിട്ടാണ് നാട്ടിലേക്കുള്ള ട്രെയിൻ കയറിയത്. 

1 comment:

  1. Suprb narratio.... Chidambaram kandathupole tanne tonunnu

    ReplyDelete