Monday, April 1, 2024

പുസ്തകപരിചയം - കറ - സാറാ ജോസഫ് (Book Review - Kara - Sarah Joseph)



പ്രിയപ്പെട്ട എഴുത്തുകാരി ശ്രീമതി സാറാ ജോസഫ് 2023 ആഗസ്റ്റിൽ പുറത്തിറക്കിയ കൃതിയാണ് "കറ".  ശ്രീമതി സാറാ ജോസഫിൻറെ ഓരോ കൃതിയും വായിക്കുമ്പോൾ തോന്നും ഇതാണ് അവരുടെ ഏറ്റവും മികച്ച കൃതിയെന്ന്. അവസാനമായി പുറത്തിറങ്ങിയ കറ വായിച്ചപ്പോഴും തോന്നി, ഇതാണ് അവരുടെ ഏറ്റവും മികച്ച കൃതി. മാറ്റാത്തിയും ബുധിനിയും അലാഹയുടെ പെൺമക്കളും പോരാ എന്നല്ല, ഓരോന്നും ഓരോ രീതിയിൽ അല്ലെങ്കിൽ ആ പുസ്തകങ്ങൾ പറയുന്ന കഥാ പശ്ചാത്തലങ്ങളിൽ വളരെ മികച്ച രീതിയിൽ മുന്നിട്ടുനിൽക്കുന്നു. 


പ്രമേയത്തിലെ വ്യത്യസ്തതയാണ് കറയെ ശ്രദ്ധേയമാക്കുന്നത്. ബൈബിൾ പഴയ നിയമത്തിലെ അബ്രാഹാമിൻറെ കാലത്തിലേക്കാണ് ഇക്കുറി നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. അബ്രാഹാമിന്റെ സഹോദരപുത്രനും ബൈബിളിലെ ശ്രദ്ധേയ കഥാപാത്രവുമായി ലോത്ത് ആണ് കഥാനായകൻ. നമ്മെ അക്ഷരാർത്ഥത്തിൽ ആ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ചെയ്യുന്നത്. സോദാമിലേയ്ക്കും ഗാമോറയിലേക്കും നമ്മൾ ഒരു സ്വപ്നത്തിലെന്നപോലെ ആനയിക്കപ്പെടുന്നു. നമ്മുടെ കണ്മുന്നിൽ അവിടെ അരങ്ങേറുന്ന സംഭവവികാസങ്ങൾ കണ്ട് മനസ് മരവിച്ച് തിരിച്ചുവരുന്നു. പുസ്തകം വായിച്ചുകഴിഞ്ഞാലും ആ നഗരവും ആ കാലഘട്ടവും ലോത്തും ലോത്തിന്റെ മക്കളും മനസ്സിൽ നിന്നും മായില്ല. 


"കറ" ഒരു കാലഘട്ടത്തിൻറെ കഥയാണ്. ഒരു സമൂഹം ശരി എന്ന പേരിൽ കൊണ്ടുനടന്നിരുന്ന അനാചാരങ്ങളെ, സമൂഹത്തെ ബാധിച്ചിരുന്ന കറയെ തൂത്തുമാറ്റാൻ ശ്രമിക്കുന്ന നീതിമാൻ എബ്രഹാം, നീതിമാനായ ലോത്ത്. ശിശുബലിയും ലൈംഗിക വൈകൃതങ്ങളും കറുപ്പ് പോലുള്ള ലഹരിവസ്‌തുക്കളുടെ ഉപഭോഗവുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി, ആചാരങ്ങളുടെ ഭാഗമായി, ദൈവനിയോഗമായി കരുതിയിരുന്ന ഒരു സമൂഹത്തിനെ ആ കറകളിൽ നിന്നും മോചിപ്പിക്കുകയെന്നത് എത്ര പ്രയാസമേറിയ കാര്യമാണെന്ന് വായനക്കാരന് പൂർണ്ണമായും ബോധ്യമാകുന്ന രചന. 


അബ്രാഹാമിൻറെ സഹോദരപുത്രനായ നീതിമാനായ ലോത്തിനെക്കുറിച്ച് ബൈബിൾ പഴയനിയമത്തിൽ വായിക്കുമ്പോൾ നമുക്ക് അസ്വസ്ഥത തോന്നിയേക്കാം. കാരണം തലമുറകളെ നിലനിർത്തുന്നതിനായി ലോത്തിൽ നിന്നും അദ്ദേഹത്തിൻറെ പെണ്മക്കൾ ഗർഭം ധരിക്കുന്നു എന്നതുകൊണ്ട് തന്നെ. എന്നിട്ടും അദ്ദേഹത്തെ നീതിമാനായ ലോത്ത് എന്നാണ് അതിൽ പരാമർശിക്കുന്നത്. അദ്ദേഹത്തിൻറെ ജീവിതവുമായി ബന്ധപ്പെട്ട ആ വൈരുദ്ധ്യത്തെ മുൻനിർത്തിയാണ് കഥ അവതരിപ്പിക്കുന്നത്. നീതിമാനായ ലോത്ത് എങ്ങനെ തൻറെ പെൺമക്കളിൽ നിന്നും കുട്ടികളെ ജനിപ്പിച്ചു? നോവലിന്റെ അവസാനഭാഗങ്ങളിൽ ലോത്ത് അനുഭവിക്കുന്ന മനോവേദനകൾ ശരിക്കും നമ്മുടെ മനസിനെ ഉലയ്ക്കും. അത്ര തീവ്രമായിത്തന്നെ സാറാ ജോസഫ് വർണ്ണിക്കുന്നുണ്ട്. 


ബൈബിൾ പഴയനിയമത്തിൻറെ കാലഘട്ടത്തിൽ നടക്കുന്ന ഒരു കഥ. അത് പൂർണ്ണതയിലെത്തിക്കുവാൻ നോവലിസ്റ്റ് നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും വായനക്കാരനെ വളരെയധികം സഹായിക്കുന്നുണ്ട്. അന്യമായ ഒരു ദേശം, ചിന്തകൾക്ക് അപ്പുറത്തുള്ള ഒരു കാലഘട്ടം. പക്ഷെ സാറാ ജോസഫിൻറെ തൂലികയിലൂടെ ആ നോവൽ നമുക്ക് കണ്മുന്നിൽ ആസ്വദിക്കാം, അനുഭവിച്ചറിയാം. തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു മലയാളം ക്ലാസ്സിക് നോവൽ. എന്തുകൊണ്ടും നിലവിലുള്ള എഴുത്തുകാരിൽ മുന്നിൽ നിൽക്കുവാനുള്ള ക്ലാസ് തനിക്കുണ്ടെന്ന് മലയാളത്തിലെ സീനിയർ എഴുത്തുകാരി വീണ്ടും തെളിയിക്കുന്നു.


വിപണിയിൽ എത്തിച്ചിരിക്കുന്നത് കറന്റ് ബുക്ക്സ്. പേജുകളുടെ എണ്ണം 400. പേപ്പർ ക്വാളിറ്റിയെക്കുറിച്ച് പരാമർശിക്കാതെ വയ്യ. അഭിനന്ദനങ്ങൾ. 

No comments:

Post a Comment