Wednesday, May 22, 2024

പുസ്‌തകപരിചയം - ഒരു പോലീസ് സർജൻറെ ഓർമ്മക്കുറിപ്പുകൾ - ഡോ. ബി.ഉമാദത്തൻ (Book Review - Oru Police Surgeonte Ormakkurippukal by Dr. B Umadathan)



പുസ്‌തകപരിചയം എന്ന് പറയുന്നുണ്ടെങ്കിലും മലയാളികൾക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത രണ്ട് പേരുകളാണ് ഡോ. ബി. ഉമാദത്തനും, അദ്ദേഹത്തിൻറെ പ്രസിദ്ധമായ ഓർമ്മക്കുറിപ്പുകളും. ഇനിയും വായിച്ചിട്ടില്ലാത്തവർക്ക് വായിക്കുവാൻ ഉതകട്ടെ എന്ന രീതിയിലാണ് ഈ പുസ്‌തകപരിചയം കുറിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഫോറൻസിക് വിദഗ്ദൻ, ഫോറൻസിക് മെഡിസിൻ, പോലീസ് സർജൻ എന്നീ മേഖലകൾക്ക് കേരളത്തിലെ സാധാരണക്കാർക്കിടയിൽ പരിചയവും വിശ്വാസവും നേടിയെടുക്കാൻ സഹായിച്ച വിദഗ്ദൻ എന്നീ രീതിയിലാണ് ഡോ. ബി.ഉമാദത്തനെ വിശേഷിപ്പിക്കുവാനുള്ളത്. നാൽപ്പത് വർഷങ്ങൾ നീണ്ട സുദീർഘമായ സേവനകാലം പ്രശസ്തവും അപ്രശസ്തവുമായ ഒട്ടേറെ കേസുകളിൽ പങ്കെടുക്കുകയും സുപ്രധാനമായ ഫോറൻസിക് തെളിവുകൾ നൽകി ആ കേസുകൾ വിജയിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സ്തുസ്ത്യർഹമാണ്. ആ കാലയളവിലേക്കുള്ള ഒരു ഓട്ടപ്രദക്ഷിണമാണ് അദ്ദേഹത്തിൻറെ പ്രശസ്തമായ ഒരു പോലീസ് സർജൻറെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്‌തകം. 2010 ലാണ് അദ്ദേഹം ഈ പുസ്തകം ഡി സി ബുക്സിലൂടെ പുറത്തിറക്കുന്നത്. ഞാൻ വായിക്കുന്നത് 2022 ൽ പുറത്തിറങ്ങിയ ഇരുപത്തിയാറാം പതിപ്പാണ്. ഇതിനിടയിൽ 2019 ൽ അദ്ദേഹം നമ്മോട് വിടപറഞ്ഞുപോയി എന്ന കാര്യം ഖേദത്തോടെ ഓർമ്മിപ്പിക്കട്ടെ. സ്വന്തം പ്രവൃത്തിപഥങ്ങളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച് പോകുന്നവരോട് എനിക്ക് എന്നും ഒരു ആരാധനയാണ്. അങ്ങനെയുള്ള ആരാധനാമൂർത്തികളുടെ ലിസ്റ്റിൽ അദ്ദേഹത്തെ ചേർക്കുമ്പോഴേക്കും  ഒരിക്കൽ പോലും അദ്ദേഹത്തെ നേരിൽ കാണുവാൻ അവസരമില്ലല്ലോ എന്ന വിഷമം മാത്രം. 2010 ൽ പുറത്തിറങ്ങിയ ഈ പ്രശസ്തമായ പുസ്തകം വായിക്കുവാൻ 14 വർഷങ്ങൾ താമസിപ്പിച്ചതിന് സ്വയം പഴിക്കുക മാത്രമേ വഴിയുള്ളൂ. 


382  പേജുള്ള ഈ ഓർമ്മക്കുറിപ്പുകളിലെ ഓരോ താളും ഒരു സാധാരണക്കാരൻ എന്ന നിലയിൽ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും "ശാസ്ത്രത്തിൻറെ ഓരോ വളർച്ചയേ!" എന്ന് ആശ്ചര്യപ്പെടുത്തുകയും ചെയ്തുവെന്ന് നിസംശ്ശയം പറയാം. സാമാന്യം വലിയൊരു പുസ്തകമായിരുന്നിട്ടും വായിക്കുന്തോറും ഉടനെയൊന്നും തീരല്ലേ എന്ന് ആഗ്രഹിച്ച് വായിച്ച ഒരു പുസ്‌തകം. പോലീസ് ഉദ്യോഗസ്ഥർക്കും ആ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് പ്രൊഫഷനലുകൾക്കും ഈ പുസ്തകം ഒരു റഫറൻസ് ഗ്രൻഥമായി ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന കാലഘട്ടത്തേക്കാൾ ഇപ്പോൾ ശാസ്‌ത്രം വളരെയധികം പുരോഗമിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്ന സമീപനരീതികൾ തികച്ചും വ്യത്യസ്തം തന്നെ. ഒരു കേസ് അന്വേഷണത്തിൽ ഫോറൻസിക് സർജൻറെ റോൾ എന്താണെന്ന് വിശദമായിത്തന്നെ അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്നുള്ള പരിശോധന മുതൽ കോടതി വിചാരണ വരെ നീളുന്നു ആ പങ്കാളിത്തം. 


മലയാളികൾക്ക് സുപരിചിതമായ, കോളിളക്കം സൃഷ്ട്ടിച്ച ഒട്ടേറെ കേസുകളിൽ ഫോറൻസിക് വിഭാഗം കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമായിരുന്നതിനാൽ ആ കേസുകളുടെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലുള്ള വിവരണവും നമുക്ക് ലഭിക്കും. സാധാരണ പത്രമാധ്യമങ്ങളിൽ നിന്നും വായിച്ചറിയുന്ന പൊടിപ്പും തൊങ്ങലുമുള്ള വിവരങ്ങളേക്കാൾ മനസ്സിൽ തൊടുന്നവ തന്നെയാണ് അത് അന്വേഷിച്ച സംഘത്തിലെ ഒരാളുടെ കാഴ്ചപ്പാടിലുള്ള വിവരണം. സുകുമാരക്കുറുപ്പ് പ്രതിയായ ചാക്കോ വധക്കേസ്, റിപ്പർ കേസ് തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രമാണ്. 


തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.

No comments:

Post a Comment