Saturday, June 8, 2024

പുസ്തക പരിചയം - മെർക്കുറി ഐലന്റ് - അഖിൽ പി ധർമ്മജൻ (Book Review - Mercury Island by Akhil P Dharmajan)


വായനയോടും പുസ്തകങ്ങളോടുമുള്ള അടങ്ങാത്ത അഭിനിവേശം മൂലം ഒരു കൗമാരക്കാരൻ പുസ്‌തകം എഴുതാൻ തീരുമാനിക്കുന്നു. അതിന് അവൻ തിരഞ്ഞെടുത്ത വിഷയം മലയാളത്തിൽ അധികമാരും കൈവച്ചിട്ടില്ലാത്തതും തനിക്ക് ഏറെ ഇഷ്ടമുള്ളതുമായ ഫിക്ഷൻ/ ഫാന്റസി എന്ന വിഭാഗത്തിലെ ഒരു നോവൽ ആയിരുന്നു. എഴുതിത്തുടങ്ങുമ്പോൾ എഴുത്തുകാരന് പ്രായം വെറും പതിനേഴ്. ഫേസ്ബുക്കിലൂടെ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കൾ ആയിരുന്നു അവൻറെ പിൻബലം. ഒരു സാഹിത്യപിൻബലവുമില്ലാത്ത ഒരു കൊച്ച്  എഴുത്തുകാരൻ. എഴുത്ത് മാത്രമായിരുന്നു അവൻറെ ലക്‌ഷ്യം. മനസ്സിൽ ഉരുത്തിരിഞ്ഞു വന്ന കഥയെ അക്ഷരങ്ങൾ ആക്കണം. അത് പുസ്തകമാക്കണമെന്നോ ആ പുസ്തകം ഹിറ്റ് ആക്കണമെന്നോ അതിലൂടെ പ്രശസ്തനാവണമെന്നോ അവന് അപ്പോൾ ആഗ്രഹമില്ലായിരുന്നു. ഓരോ അദ്ധ്യായങ്ങളായി എഴുതി ഫേസ്ബുക്കിൽ പബ്ലിഷ് ചെയ്‌തു. വായിക്കുന്നവർ എല്ലാം അവനെ പ്രോത്സാഹിപ്പിച്ചു. വായനക്കാരനെ പിടിച്ചിരുത്തുന്നതിനും അടുത്ത അദ്ധ്യായം വരാൻ കാത്തിരിക്കുന്നതിനുമായി ആവശ്യമുള്ള ഗിമ്മിക്കുകൾ ചേർത്തായിരുന്നു രചന. ഇതിനിടയിൽ മറ്റൊരു കഥയുടെ ത്രെഡ് അവൻറെ മനസ്സിൽ ഉടക്കി. ഇക്കുറി ഫിക്ഷൻ അല്ല, ഹൊറർ. അതിൻറെ ചൂട് മാറും മുന്നേ ആ കഥയുടെ എഴുത്തിലേക്ക് തിരിഞ്ഞു. അങ്ങനെ ആദ്യ നോവലായി ആ ഹൊറർ പുസ്തകം പുറത്തിറങ്ങി. ഓജോ ബോർഡ് എന്നായിരുന്നു അതിൻറെ പേര്. സ്വാഭാവികമായും ആ പുസ്തകം നല്ലൊരു പബ്ലിഷറിലൂടെ പുറത്തിറങ്ങിക്കാണാൻ അവനും ആഗ്രഹം ഉണ്ടായി. അതിനായി പ്രശസ്തരും അപ്രശസ്തരുമായ ഏറെക്കുറെ എല്ലാ പബ്ലിഷേഴ്സിനെയും അവൻ സമീപിച്ചു. പക്ഷെ ആരും ആ പുസ്തകം പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. നിരാശനാവാതെ അവൻ ആ പുസ്‌തകം സ്വന്തമായി പുറത്തിറക്കാൻ തീരുമാനിച്ചു. അതിനായി കഥ പബ്ലിക്കേഷൻസ് എന്നൊരു പ്രസിദ്ധീകരണശാല ആരംഭിച്ചു. ഹൊറർ പുസ്തകം ആയതിനാൽ തന്നെ ആലപ്പുഴയിലെ വലിയ ചുടുകാട് എന്ന പൊതു ശ്‌മശാനമാണ് അവൻ പുസ്തകം പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുത്തത്. അതും നട്ടപാതിരായ്ക്ക്. തന്നെ തിരസ്കരിച്ച, പരിഹസിച്ചവരോടുള്ള പ്രതിക്ഷേധവും ആ യുവതുർക്കിയുടെ ആ നടപടിയിൽ പ്രകടമായിരുന്നു. എന്നാൽ അവനെ ഞെട്ടിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയും മറ്റും പരിചയപ്പെട്ട ഒട്ടേറെ സുഹൃത്തുക്കൾ ആ ശ്‌മശാനത്തിൽ അവൻറെ പുസ്തകപ്രസിദ്ധീകരണത്തിനെത്തി പിന്തുണ പ്രഖ്യാപിച്ചു. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ആദ്യം എഴുതിത്തുടങ്ങിയ ഫിക്ഷൻ നോവൽ പൂർത്തിയാക്കുന്നത്. അപ്പോൾ അവന് പ്രായം ഇരുപത്തിയഞ്ച്. ആദ്യ നോവലിന് ലഭിച്ച പിന്തുണയും ഫീഡ്ബാക്കുകളും രണ്ടാമത്തെ പുസ്തകത്തെ സ്വാധീനിച്ചിരുന്നു. എഴുതി തുടങ്ങുമ്പോൾ ഉണ്ടായിരുന്നതിലും ശ്രദ്ധയോടെയും കരുതലോടെയുമാണ് അവൻ ആ പുസ്തകം പൂർത്തിയാക്കിയത്. മലയാളികൾക്ക് അത്ര പരിചയമില്ലാത്ത വിഷയം ആയതിനാലും നാന്നൂറിലേറെ പേജുകളുള്ള സാമാന്യം വലിയൊരു പുസ്തകം ആയതിനാലും ഇക്കുറിയും പബ്ലിഷേഴ്‌സ് അവനോട് പുറംതിരിഞ്ഞു നിന്നു. ആദ്യത്തെ അത്ര വിഷമം ഒന്നും മനസ്സിൽ തോന്നാതെ കൂടുതൽ തിണ്ണകൾ നിരങ്ങാൻ നിൽക്കാതെ അവൻ ആ പുസ്തകം കഥ പബ്ലിക്കേഷനിലൂടെ തന്നെ പ്രസിദ്ധീകരിച്ചു. അതായിരുന്നു മെർക്കുറി ഐലന്റ് ലോകാവസാനം. ഇനി എഴുതുന്നത് ആദ്യ രണ്ടുനോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു നോവൽ ആയിരിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ച് അവൻ ചെന്നൈയിലേക്ക് ട്രെയിൻ കയറി. വ്യത്യസ്തമായ ഒരു വിഷയം തനിക്ക് ആ മഹാനഗരം നൽകിയേക്കുമെന്ന പ്രതീക്ഷയുമായി...(ഇടവേള)


ചെന്നൈയിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ കാച്ചിക്കുറുകി ഒരു നോവൽ അവൻ പൂർത്തിയാക്കി. വലിയ പ്രതീക്ഷകൾ മനസ്സിൽ വെക്കാതെ അവൻ ഇക്കുറിയും പബ്ലിഷേഴ്സിനെ സമീപിച്ചു. എന്നാൽ അവനെ ഞെട്ടിച്ചുകൊണ്ട് കേരളത്തിലെ ഒന്നാംകിട പബ്ലിഷേഴ്‌സ് ആയ ഡി.സി ബുക്ക്സ് ആ പുസ്തകം പുറത്തിറക്കാമെന്ന് സമ്മതിച്ചു. അങ്ങനെ ഡി.സി ബുക്സിലൂടെ റാം കെയർ ഓഫ് ആനന്ദി പുറത്തിറങ്ങി. ഒരു സിനിമ കാണുന്നതുപോലെ മനോഹരമായ നോവൽ. ഒരു പുതുക്കക്കാരൻ ആയതിനാലാവാം 2020 ഇൽ പുറത്തിറങ്ങിയ പുസ്‌തകം വളരെ പതുക്കെയാണ് സ്വീകരിക്കപ്പെട്ടത്. എന്തായാലും ഒരു തിരക്കഥാ ശൈലിയിൽ എഴുതപ്പെട്ട ആ നോവൽ വായിച്ച സംവിധായകൻ ജൂഡ് ആൻറണി തൻറെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നേരിട്ടുകൊണ്ടിരുന്ന ഒരു പ്രതിസന്ധി തരണം ചെയ്യാൻ ആ നോവലിസ്റ്റിന്റെ ക്ഷണിക്കുന്നു. 2018 പ്രളയം ആയിരുന്നു ജൂഡ് സിനിമയാക്കുവാൻ തീരുമാനിച്ചിരുന്നത്. അതും നല്ല ബിഗ് ബഡ്‌ജറ്റിൽ. അങ്ങനെ പുറത്തിറങ്ങുന്ന സിനിമ അൽപ്പം പാളിപ്പോയാൽ ഒരു ഡോക്യൂമെന്ററി നിലവാരത്തിലേക്ക് കൂപ്പുകുത്തപ്പെടും. അങ്ങനെ വരാതിരിക്കണമെങ്കിൽ തിരക്കഥ അതിനൊത്ത് ഉയരണം. അതിനാണ് നമ്മുടെ യുവ നോവലിസ്‌റ്റിന്റെ സഹായം സ്വീകരിക്കുവാൻ തീരുമാനിച്ചത്. 2023 ൽ ഇറങ്ങിയ സിനിമ ചരിത്രം തിരുത്തിക്കുറിക്കുന്ന ഹിറ്റ് ആയിമാറി. അതോടെ ശ്രദ്ധിക്കപ്പെട്ട പേരുകളിൽ ഒന്ന് ജൂഡിനോടൊപ്പം തിരക്കഥ എഴുതിയ നമ്മുടെ ചെക്കന്റെ പേര് ആയിരുന്നു. എന്നാൽ പിന്നെ അവൻറെ നോവൽ നമുക്ക് എന്ന് നോക്കിയേക്കാം എന്ന് കരുതി ബുക്ക് മേടിച്ചവർ ആരും നിരാശപ്പെട്ടില്ല. സോഷ്യൽ മീഡിയയിലൂടെ നോവൽ വൻ പ്രചാരണം നേടി. ആദ്യ രണ്ടുവർഷം കൊണ്ട് രണ്ടോ മൂന്നോ പതിപ്പ് മാത്രം പുറത്തിറങ്ങിയ റാം കെയർ ഓഫ് ആനന്ദിയുടെ ഇരുപതിലധികം പതിപ്പുകൾ 2023 ൽ മാത്രമിറങ്ങി. ഇന്ത്യയിൽ തന്നെ ഏറ്റവും ജനപ്രീതി നേടിയ പുസ്തകങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് നോവൽ കുതിച്ചു. റാം കെയർ ഓഫ് ആനന്ദി യെ തട്ടിയിട്ട് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കയറാൻ വയ്യാത്ത അവസ്ഥയായി. പുസ്തക കടകളുടെ മുന്നിൽ റാം കെയർ ഓഫ് ആനന്ദി ലഭ്യമാണെന്ന് പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും വരെ നിരന്നു. കാറ്റുള്ളപ്പോൾ തൂറ്റാൻ ഡി.സി യെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. 2024 ഏപ്രിൽ ആയപ്പോഴേക്കും ധാ വരുന്നു നമ്മുടെ ചെക്കന്റെ ആദ്യ രണ്ടു നോവലുകളും ഡി സി യുടെ പുറംചട്ടയിൽ. താഴെ ഒരു ടാഗ് ലൈനും " ഫ്രം ദി റൈറ്റർ ഓഫ് റാം കെയർ ഓഫ് ആനന്ദി". ഒരു കാലത്ത് തിരസ്ക്കരിച്ച ആളുകളെക്കൊണ്ട് തന്നെ തൻറെ ആദ്യ രണ്ട് നോവലുകളും പ്രസിദ്ധീകരിപ്പിച്ച ആ നോവലിസ്റ്റ് ആണ് അഖിൽ പി ധർമ്മജൻ എന്ന ആലപ്പുഴയിലെ പാതിരാപ്പള്ളി സ്വദേശി.


അഖിലിനെക്കുറിച്ച് ആദ്യം ഞാൻ കേൾക്കുന്നത് ആലപ്പുഴയിൽ ജോലിയിൽ പ്രവേശിച്ചതിന് ശേഷമാണ്. എനിക്ക് വായനാ ശീലം ഉണ്ടെന്ന് കണ്ട ഒരു സഹപ്രവർത്തകനാണ് അഖിലിനെക്കുറിച്ച് പറയുന്നത്. ആ ചങ്ങാതിയും ഞാനും ഒരേ സ്കൂളിൽ ആയിരുന്നു പഠിച്ചത്. "നമ്മുടെ സ്കൂളിൽ പഠിച്ച ഒരു പയ്യൻ രണ്ട് നോവലുകൾ എഴുതിയിട്ടുണ്ട്. മേടിച്ച് വായിക്കണം. അവൻ തന്നെ ആണ് പബ്ലിഷ് ചെയ്തത്. വിളിച്ചു പറഞ്ഞാൽ അവൻ തന്നെ സാധനം ഇവിടെ കൊണ്ടുവന്ന് തരും"  എന്ന് പറഞ്ഞു. അവൻ തന്ന നമ്പരിൽ വിളിച്ചെങ്കിലും അഖിൽ സ്ഥലത്തില്ലാതിരുന്നതിനാൽ കിട്ടിയില്ല. പുറത്തെ കടകളിലൊന്നും ഈ നോവലുകൾ ഇല്ലാത്തതിനാൽ ഓഫീസിലെ ചങ്ങാതിയുടെ കയ്യിൽ നിന്നും വാങ്ങി ഓജോ ബോർഡ് വായിച്ചു. ഒരു സാധാരണ ഹൊറർ നോവൽ. രണ്ടാമത്തെ നോവൽ ഉടനെ വായിക്കുവാൻ തോന്നിയില്ല. പകരം ആയിടയ്ക്ക് പുറത്തിറങ്ങിയ റാം കെയർ ഓഫ് ആനന്ദി വാങ്ങി വായിച്ചു. ഇക്കുറി അഖിൽ ഞെട്ടിച്ചു. അഭിപ്രായം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അഖിലിനെ നേരിട്ട് അഭിനന്ദനം അറിയിക്കുകയും ചെയ്‌തു. ഞാൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് അഖിൽ ഷെയർ ചെയ്തത് സ്വന്തം നാട്ടിലും ആളുകൾ എൻറെ പുസ്തകം സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞായിരുന്നു. 2018 സിനിമ പുറത്തിറങ്ങുന്നതിനും മുൻപായിരുന്നു അത്. റാം കെയർ ഓഫ് ആനന്ദി വായിച്ചതിൻറെ ബലത്തിൽ അഖിലിന്റെ മെർക്കുറി ഐലന്റ് ഞാൻ വായിക്കുവാനെടുത്തു.


മലയാളത്തിൽ അധികം വായിച്ചിട്ടില്ലാത്ത ഫാന്റസി ജേർണലിലുള്ള രചന. അത്യാവശ്യം നല്ല രീതിയിൽ അഖിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷെ ആനന്ദിയെക്കാൾ അഖിൽ കഷ്ടപ്പെട്ടിട്ടുണ്ടാവുക ഈ നോവലിന് വേണ്ടി ആയിരിക്കാം. പക്ഷെ ആനന്ദിയെ ആഘോഷമാക്കുന്ന യൂത്ത് ഈ പുസ്തകം ആ രീതിയിൽ സമീപിച്ചാൽ നിരാശപ്പെട്ടേക്കാം. ഫിക്ഷൻ നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് നിസംശയം തിരഞ്ഞെടുക്കാവുന്ന നോവലാണ് മെർക്കുറി ഐലന്റ്. ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതിയിൽ എഴുതപ്പെട്ട നോവൽ. അഖിലിന്റെ ഭ്രാന്തമായ ഭാവനകളെ നമിക്കുന്നു.


ഹോളിവുഡ് സിനിമ കാണുന്നതുപോലെ എന്ന് പറഞ്ഞതിൽ തന്നെയുണ്ട് ആ നോവലിൻറെ പോരായ്‌മ. ഫിക്ഷൻ/ ഫാന്റസി പ്രേമികൾ ആയിരിക്കും ഈ നോവൽ തിരഞ്ഞ് എത്തുക. ആ ആളുകൾ കാണുന്ന പല സിനിമകളും ഈ നോവൽ വായിക്കുമ്പോൾ ഓർമ്മ വരും (ഓർമ്മ വരും എന്ന് വെച്ച് ഒരു ആശയം പോലും അഖിൽ ഈ സിനിമകളിൽ നിന്നും കോപ്പി അടിച്ചിട്ടില്ല എന്ന് നിസംശയം പറയാം. അഖിലിന്റെതായ സൃഷ്ടികൾ മാത്രമാണ് മെർക്കുറി ഐലന്റ് നിറയെ) ജുമാൻജി, ഇന്ത്യാന ജോൺസ്, മമ്മി സീരീസ് തുടങ്ങി ഒട്ടേറെ സിനിമകൾ മനസിലൂടെ മിന്നിക്കൊണ്ടിരുന്നു. അത്തരം സിനിമകൾ കാണാത്ത ആളുകളാണ് വായിക്കുന്നതെങ്കിൽ ഒന്നും നോക്കണ്ട, ഞെട്ടിയിരിക്കും. രണ്ടാമതായി തോന്നിയ പോരായ്മ തുടർ ഭാഗങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് എന്നതുപോലെ ഓരോ അദ്ധ്യായത്തിലും വെച്ചുകെട്ടിയിരിക്കുന്ന സസ്പെൻസുകൾ ആണ്. ഫേസ്ബുക് പോസ്റ്റുകൾ ആയി ഇറക്കുമ്പോൾ അവ ഗുണം ചെയ്യുമെങ്കിലും അറുപത്തിമൂന്ന് അധ്യായങ്ങളുള്ള ഒരു നോവൽ ആയി ഇറക്കുമ്പോൾ ഓരോ അദ്ധ്യായത്തിലും നിർബന്ധപൂർവ്വം വെച്ചിരിക്കുന്ന സസ്പെൻസുകൾ ഏച്ചുകെട്ടലുകൾ പോലെ അനുഭവപ്പെട്ടു. പിന്നെ ഒരു തുടക്കക്കാരൻ എന്ന നിലയിൽ നോക്കിയാൽ ഒട്ടേറെ പ്രതീക്ഷകളോടെയാണ് ഈ നോവൽ വായിച്ചു തീർത്തത്. വെറും ഇരുപത്തിയഞ്ചാം വയസിൽ ഇജ്ജാതി ഒരെണ്ണം എഴുതി തീർത്തെങ്കിൽ അഖിലിൽ നിന്നും ഇനി വരാൻ പോകുന്നത് എന്തൊക്കെ ആയിരിക്കും എന്നോർത്ത്. 


മലയാളി വായനക്കാരിൽ അഖിൽ ഉളവാക്കിയിരിക്കുന്ന പ്രതീക്ഷകൾ എത്ര വലുതാണെന്ന് സോഷ്യൽ മീഡിയ ആയുധമാക്കി വളർന്ന അഖിലിന് തീർച്ചയായും മനസിലായിട്ടുണ്ടാകും. ആ പ്രതീക്ഷയ്ക്ക് അപ്പുറമായി വളരാൻ അനുജന് സാധിക്കട്ടെ എന്ന ആശംസയോടെ നിർത്തുന്നു.

No comments:

Post a Comment