Thursday, June 20, 2024

പുസ്‌തക പരിചയം - കാന്തമല ചരിതം ട്രയോളജി - വിഷ്‌ണു എം സി (Book Review - Kanthamala Charitham Triology by Vishnu M C)



പുസ്‌തക പരിചയം - കാന്തമല ചരിതം  ട്രയോളജി  - വിഷ്‌ണു എം സി 

2024 ലെ വായനാദിനത്തിൽ മലയാളത്തിലെ തികച്ചും വ്യത്യസ്ഥമായ ഒരു പുസ്‌തകമാണ്‌ ഞാൻ വായന പൂർത്തിയാക്കിയത്. ശരിക്കും പറഞ്ഞാൽ ഒരു പുസ്തകമല്ല. മൂന്ന് പുസ്തകങ്ങൾ അടങ്ങിയ ഒരു ട്രയോളജി. ശ്രീ വിഷ്ണു എം സി എഴുതിയ കാന്തമല ചരിതം  ട്രയോളജി. അഖിനാതെന്റെ നിധി എന്ന ഒന്നാം ഭാഗം, അറോലക്കാടിന്റെ രഹസ്യം എന്ന രണ്ടാം ഭാഗം, യുദ്ധകാണ്ഡം എന്ന മൂന്നാം ഭാഗം. സത്യത്തിൽ ഈ ട്രയോളജി എന്നെ അത്ഭുതപ്പെടുത്തി. ഇതിന് മുൻപ് ഇതേ ജേർണലിൽ വായിച്ച ട്രയോളജി ശ്രീ അമിഷ് എഴുതിയ ശിവ ട്രയോളജി ആയിരുന്നു. അന്ന് അത് വായിച്ചപ്പോൾ തോന്നിയ അത്ഭുതം, ഇന്ത്യയിലെ പുരാണങ്ങളെ ചുവടുപിടിച്ച് അൽപ്പം ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ ചേർത്ത് വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു എന്നതായിരുന്നു. പുരാണകഥകളാൽ സമ്പന്നമായ നമ്മുടെ ഭാരതത്തിൽ ജനിച്ച കുട്ടികൾ ഇന്ന് യാതൊരു സാംസ്‌കാരിക, പൗരാണിക അടിത്തറയുമില്ലാത്ത അമേരിക്കൻ എഴുത്തുകാർ പടച്ചുവിടുന്ന സൂപ്പർ ഹീറോകളിലും അതിശയംകൂറി ആരാധകരായി മാറുന്നു. എന്നാൽ നമ്മുടെ ഓരോ കഥകളെയും അമിഷ് ചെയ്‌തതുപോലെ പുതു തലമുറയ്ക്ക് വിശ്വസിക്കാവുന്ന രീതിയിൽ എഴുതി അവതരിപ്പിക്കാവുന്നതാണ്. അങ്ങനെ ചിന്തിച്ചിരുന്നപ്പോൾ തന്നെ അമിഷ് അടുത്ത പുസ്തക സീരീസ് ആരംഭിച്ചു. ഇക്കുറി അദ്ദേഹം കൈവെച്ചത് സാക്ഷാൽ രാമായണത്തിൽ ആയിരുന്നു. ആദി മഹാകാവ്യം. 


ഇതൊക്കെ പറഞ്ഞത് നമ്മുടെ കാന്തമല ചരിതം എന്ന ട്രയോളജിയിലേക്ക് വരാനാണ്. പരശുരാമൻ മഴുവെറിഞ്ഞ് രൂപം കൊടുത്ത മലയാളനാടിന് വടക്കൻ നാടുകൾക്ക് ഉള്ളതുപോലെ ഒരു പൗരാണിക പശ്ചാത്തലം ഇല്ലെന്നതാണ് വാസ്‌തവം. രാമായണത്തിൽ ആരണ്യകാണ്ഡത്തിലും മഹാഭാരതത്തിൽ ചെറിയ ചില പരാമർശങ്ങളിലും മാത്രമായി നമ്മുടെ മലയാളനാട് ഒതുങ്ങുന്നു. ആ പശ്ചാത്തലത്തിലാണ് കേരളത്തിൽ, തെക്കേ ഇന്ത്യയിൽ തന്നെ ശബരിമല ഐതിഹ്യത്തിനുള്ള പ്രാധാന്യം. വടക്കേ ഇന്ത്യയിൽ അയോധ്യയ്ക്കും മഥുരയ്ക്കുമൊക്കെയുള്ള പരിഗണന തെക്കേ ഇന്ത്യയുടെ സ്വന്തം ദൈവമായ അയ്യപ്പൻറെ ശബരിമലയ്ക്ക് ലഭിക്കുന്നു. മലയാളക്കരയ്ക്ക് കാണാപ്പാഠമായ അയ്യപ്പചരിതമാണ് കാന്തമല ചരിതം എന്ന പേരിൽ ശ്രീ വിഷ്ണു അവതരിപ്പിച്ചിരിക്കുന്നത്. അയ്യപ്പൻറെ ചരിതം ഇങ്ങനെ മൂന്ന് പുസ്തകങ്ങളിലായി എഴുതി തീർക്കാൻ മാത്രം ഉണ്ടോ എന്ന് ആലോചിക്കുമ്പോഴാണ് വിഷ്‌ണുവിന്റെ ബ്രില്ല്യൻസ് മനസിലാകുന്നത്. അയ്യപ്പൻറെ കഥയ്ക്ക് പശ്ചാത്തലമായി ആധുനികകാലത്ത് നടക്കുന്ന ഒരു കഥ, സമാന്തരമായി സാക്ഷാൽ ഈജിപ്ഷ്യൻ ഫറവോമാരെ അണിനിരത്തി മറ്റൊരു കഥ, അയ്യപ്പൻറെ കഥയുടെ അനുബന്ധമായി ചോളന്മാരുടെ കാലഘട്ടത്തിലെ സംഭവവികാസങ്ങൾ - അങ്ങനെ നാല് പ്രധാന കഥകളുടെ സമാഹാരമാണ് കാന്തമല ചരിതത്തിൽ പറയുന്നത്. ഓരോന്നും ഒന്നിനൊന്ന് മികച്ചത്.  അവസാനം മറ്റൊരു സർപ്രൈസും വിഷ്‌ണു നൽകുന്നുണ്ട്. മാർവൽ യൂണിവേഴ്‌സ് ഒക്കെ പോലെ ഒരു "ഇറ യൂണിവേഴ്‌സ്" മലയാളത്തിൽ ഒരുങ്ങുന്നു. അതിൻറെ ഒരു ഭാഗമാണ് കാന്തമല ചരിതം. കഥ മാത്രമല്ല പുസ്തകം തന്നെ ഫുൾ ഓഫ് സർപ്രൈസ്.!പരീക്ഷിക്കാൻ ആരും മടിക്കുന്ന ഒരു വിഷയം ഏറ്റെടുത്ത വിഷ്ണുവിനും അത് പ്രസിദ്ധീകരിക്കാൻ തയ്യാറായ ലോഗോസ് പബ്ലിക്കേഷൻസിനും അതിൻറെ സാരഥി ശ്രീ അജിത്തിനും നന്ദിയും അഭിനന്ദനങ്ങളും. മലയാളസാഹിത്യത്തിൽ ഒരു ചരിത്രത്തിൻറെ ഭാഗമാകാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. അമിഷ് ൻറെ പുസ്തകങ്ങളെ ആഘോഷമാക്കുന്നത് പോലെ ഇന്ത്യ ഒട്ടുക്കും ഈ ട്രയോളജിയും പുതിയ യൂണിവേഴ്‌സും സ്വീകരിക്കപ്പെടട്ടെ. കഥാ അവതരണ നിലവാരത്തിൽ അമീഷിന്റെ പുസ്തകങ്ങളെക്കാൾ ഒട്ടും പിന്നിലല്ല വിഷ്‌ണുവിന്റെ പുസ്തകങ്ങൾ എന്ന് അടിവരയിട്ട് ഇതോടൊപ്പം പറയുന്നു.


ഇനി വായനാനുഭവത്തെക്കുറിച്ച് പറയാം. നേരത്തെ പറഞ്ഞതുപോലെ നാല് പ്രധാനകഥകളാണ്. കഥാ തന്തുവിനെ കുറിച്ച് പറയുന്നില്ല. മൂന്ന് പുസ്തകങ്ങളിലായി വിവരിച്ചിട്ടുള്ള ആ നാല് കഥകളിൽ അയ്യപ്പൻറെ കഥ തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഏച്ചുകെട്ടലുകളില്ലാതെ  വിശ്വസനീയമായ രീതിയിൽ അയ്യപ്പൻ എന്ന യുവാവിനെ അവതരിപ്പിച്ചിരിക്കുന്നു. അവസാന ഭാഗത്തുള്ള യുദ്ധമൊക്കെ സിനിമയിൽ കാണുന്നതുപോലെ ആസ്വദിച്ച് വായിക്കാൻ സാധിച്ചു. രണ്ടാമത് ഈജിപ്ഷ്യൻ പശ്ചാത്തലത്തിലുള്ള കഥ. നല്ല രീതിയിലുള്ള പഠനം ആ കഥയ്ക്ക് പിന്നിലുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. ആ കഠിനാധ്വാനം വരികളിൽ അനുഭവിച്ചറിയാം. മൂന്നാമതായി ചോളന്മാരുടെ കാലഘട്ടം. അവസാനമായി ഈ കാലഘട്ടത്തിലെ കഥയും. ഒരു യൂണിവേഴ്‌സ് ന്റെ ഭാഗമാക്കാനുള്ള കണ്ണികളാണ് ഈ കാലഘട്ടത്തിലെ കഥയിലെ കഥാപാത്രങ്ങൾ എന്ന് തോന്നി. അതിനാൽ തന്നെ മറ്റ് കഥകളിലെ കഥാപാത്രങ്ങളെപ്പോലെ ഒട്ടും പൂർണ്ണത അവർക്കില്ല. ഒരു പക്ഷെ ബാക്കി പുസ്തകങ്ങൾ വായിക്കുമ്പോൾ ലഭിച്ചേക്കാം. എങ്കിലും അത്രയും കഥ മുന്നോട്ട് കൊണ്ടുപോകേണ്ടവരാണ് അവരെങ്കിൽ ഈ പുസ്തകത്തിൽ കുറച്ചുകൂടെ അവർക്ക് അടിത്തറ നൽകാമായിരുന്നു. പ്രത്യേകിച്ചും മിഥുൻ, ശ്രീജിത്ത് തുടങ്ങിയവർക്ക്. മറ്റൊരു യൂണിവേഴ്സിലേക്ക് വഴി ഇട്ടുകൊണ്ടുള്ള അവസാനിപ്പിക്കൽ ആയതിനാൽ ട്രയോളജിയുടെ അവസാന അദ്ധ്യായം ആയിരുന്നു ഈ മൂന്ന് പുസ്തകങ്ങളിലെ ഏറ്റവും വീക്ക് എന്ന് പറയാതെ വയ്യ. അയ്യപ്പൻറെ കഥയൊക്കെ അവസാനിപ്പിച്ചത് പോലെ മനോഹരമായി തീർക്കാമായിരുന്നു. ഒരു സിനിമ എത്ര ബോറാണെങ്കിലും അതിൻറെ അവസാന പത്ത് മിനിറ്റ് ടച്ചിങ് ആണെങ്കിൽ അത് മതി പടം ഹിറ്റാവാൻ. ശ്രീനിവാസൻറെ കഥ പറയുമ്പോൾ എന്ന സിനിമ തന്നെ ഉദാഹരണം. ഇവിടെ മൂന്ന് പുസ്തകങ്ങളിലായി പറഞ്ഞുവന്ന  കഥയുടെ അവസാനം കുറച്ചുകൂടെ ശ്രമിച്ചിരുന്നെങ്കിൽ വേറൊരു ലെവലിൽ എത്തിക്കാമായിരുന്നു എന്ന് തോന്നുന്നു.


എന്തായാലും ഒട്ടും നിരാശപ്പെടുത്താത്ത ഒരു വായനാനുഭവമാണ് കാന്തമല ചരിതം നൽകിയത്. ഡി.സി പോലൊരു പബ്ലിഷേഴ്‌സ് ആയിരുന്നു ഇത് പുറത്തിറക്കാൻ ധൈര്യം കാണിച്ചിരുന്നതെങ്കിൽ മലയാളത്തിലെ അമിഷ് ആയി വിഷ്ണു മാറേണ്ട സമയം കഴിഞ്ഞേനെ. നല്ല പുസ്തകങ്ങൾ വായിക്കപ്പെടണം. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിലൂടെയുള്ള പ്രമോഷൻ മാത്രമാണ് അതിനൊരു മാനദന്ധം എന്ന് ആയിരിക്കുന്നു. വിഷ്‌ണുവിന്റെ സംരംഭവും സ്വീകരിക്കപ്പെടും. 2020 ൽ പുറത്തിറങ്ങിയ ആദ്യ പുസ്തകത്തിന്റെ അഞ്ചാം പതിപ്പ്, 2021 ൽ പുറത്തിറങ്ങിയ രണ്ടാം പുസ്‌തകത്തിന്റെ രണ്ടാം പതിപ്പ് 2023 ഒക്ടോബറിൽ പുറത്തിറങ്ങിയ മൂന്നാമത്തെ പുസ്തകത്തിന്റെ ആദ്യ പതിപ്പ് എന്നിവയാണ് ഞാൻ വായിച്ചത്. 

Saturday, June 8, 2024

പുസ്തക പരിചയം - മെർക്കുറി ഐലന്റ് - അഖിൽ പി ധർമ്മജൻ (Book Review - Mercury Island by Akhil P Dharmajan)


വായനയോടും പുസ്തകങ്ങളോടുമുള്ള അടങ്ങാത്ത അഭിനിവേശം മൂലം ഒരു കൗമാരക്കാരൻ പുസ്‌തകം എഴുതാൻ തീരുമാനിക്കുന്നു. അതിന് അവൻ തിരഞ്ഞെടുത്ത വിഷയം മലയാളത്തിൽ അധികമാരും കൈവച്ചിട്ടില്ലാത്തതും തനിക്ക് ഏറെ ഇഷ്ടമുള്ളതുമായ ഫിക്ഷൻ/ ഫാന്റസി എന്ന വിഭാഗത്തിലെ ഒരു നോവൽ ആയിരുന്നു. എഴുതിത്തുടങ്ങുമ്പോൾ എഴുത്തുകാരന് പ്രായം വെറും പതിനേഴ്. ഫേസ്ബുക്കിലൂടെ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കൾ ആയിരുന്നു അവൻറെ പിൻബലം. ഒരു സാഹിത്യപിൻബലവുമില്ലാത്ത ഒരു കൊച്ച്  എഴുത്തുകാരൻ. എഴുത്ത് മാത്രമായിരുന്നു അവൻറെ ലക്‌ഷ്യം. മനസ്സിൽ ഉരുത്തിരിഞ്ഞു വന്ന കഥയെ അക്ഷരങ്ങൾ ആക്കണം. അത് പുസ്തകമാക്കണമെന്നോ ആ പുസ്തകം ഹിറ്റ് ആക്കണമെന്നോ അതിലൂടെ പ്രശസ്തനാവണമെന്നോ അവന് അപ്പോൾ ആഗ്രഹമില്ലായിരുന്നു. ഓരോ അദ്ധ്യായങ്ങളായി എഴുതി ഫേസ്ബുക്കിൽ പബ്ലിഷ് ചെയ്‌തു. വായിക്കുന്നവർ എല്ലാം അവനെ പ്രോത്സാഹിപ്പിച്ചു. വായനക്കാരനെ പിടിച്ചിരുത്തുന്നതിനും അടുത്ത അദ്ധ്യായം വരാൻ കാത്തിരിക്കുന്നതിനുമായി ആവശ്യമുള്ള ഗിമ്മിക്കുകൾ ചേർത്തായിരുന്നു രചന. ഇതിനിടയിൽ മറ്റൊരു കഥയുടെ ത്രെഡ് അവൻറെ മനസ്സിൽ ഉടക്കി. ഇക്കുറി ഫിക്ഷൻ അല്ല, ഹൊറർ. അതിൻറെ ചൂട് മാറും മുന്നേ ആ കഥയുടെ എഴുത്തിലേക്ക് തിരിഞ്ഞു. അങ്ങനെ ആദ്യ നോവലായി ആ ഹൊറർ പുസ്തകം പുറത്തിറങ്ങി. ഓജോ ബോർഡ് എന്നായിരുന്നു അതിൻറെ പേര്. സ്വാഭാവികമായും ആ പുസ്തകം നല്ലൊരു പബ്ലിഷറിലൂടെ പുറത്തിറങ്ങിക്കാണാൻ അവനും ആഗ്രഹം ഉണ്ടായി. അതിനായി പ്രശസ്തരും അപ്രശസ്തരുമായ ഏറെക്കുറെ എല്ലാ പബ്ലിഷേഴ്സിനെയും അവൻ സമീപിച്ചു. പക്ഷെ ആരും ആ പുസ്തകം പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. നിരാശനാവാതെ അവൻ ആ പുസ്‌തകം സ്വന്തമായി പുറത്തിറക്കാൻ തീരുമാനിച്ചു. അതിനായി കഥ പബ്ലിക്കേഷൻസ് എന്നൊരു പ്രസിദ്ധീകരണശാല ആരംഭിച്ചു. ഹൊറർ പുസ്തകം ആയതിനാൽ തന്നെ ആലപ്പുഴയിലെ വലിയ ചുടുകാട് എന്ന പൊതു ശ്‌മശാനമാണ് അവൻ പുസ്തകം പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുത്തത്. അതും നട്ടപാതിരായ്ക്ക്. തന്നെ തിരസ്കരിച്ച, പരിഹസിച്ചവരോടുള്ള പ്രതിക്ഷേധവും ആ യുവതുർക്കിയുടെ ആ നടപടിയിൽ പ്രകടമായിരുന്നു. എന്നാൽ അവനെ ഞെട്ടിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയും മറ്റും പരിചയപ്പെട്ട ഒട്ടേറെ സുഹൃത്തുക്കൾ ആ ശ്‌മശാനത്തിൽ അവൻറെ പുസ്തകപ്രസിദ്ധീകരണത്തിനെത്തി പിന്തുണ പ്രഖ്യാപിച്ചു. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ആദ്യം എഴുതിത്തുടങ്ങിയ ഫിക്ഷൻ നോവൽ പൂർത്തിയാക്കുന്നത്. അപ്പോൾ അവന് പ്രായം ഇരുപത്തിയഞ്ച്. ആദ്യ നോവലിന് ലഭിച്ച പിന്തുണയും ഫീഡ്ബാക്കുകളും രണ്ടാമത്തെ പുസ്തകത്തെ സ്വാധീനിച്ചിരുന്നു. എഴുതി തുടങ്ങുമ്പോൾ ഉണ്ടായിരുന്നതിലും ശ്രദ്ധയോടെയും കരുതലോടെയുമാണ് അവൻ ആ പുസ്തകം പൂർത്തിയാക്കിയത്. മലയാളികൾക്ക് അത്ര പരിചയമില്ലാത്ത വിഷയം ആയതിനാലും നാന്നൂറിലേറെ പേജുകളുള്ള സാമാന്യം വലിയൊരു പുസ്തകം ആയതിനാലും ഇക്കുറിയും പബ്ലിഷേഴ്‌സ് അവനോട് പുറംതിരിഞ്ഞു നിന്നു. ആദ്യത്തെ അത്ര വിഷമം ഒന്നും മനസ്സിൽ തോന്നാതെ കൂടുതൽ തിണ്ണകൾ നിരങ്ങാൻ നിൽക്കാതെ അവൻ ആ പുസ്തകം കഥ പബ്ലിക്കേഷനിലൂടെ തന്നെ പ്രസിദ്ധീകരിച്ചു. അതായിരുന്നു മെർക്കുറി ഐലന്റ് ലോകാവസാനം. ഇനി എഴുതുന്നത് ആദ്യ രണ്ടുനോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു നോവൽ ആയിരിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ച് അവൻ ചെന്നൈയിലേക്ക് ട്രെയിൻ കയറി. വ്യത്യസ്തമായ ഒരു വിഷയം തനിക്ക് ആ മഹാനഗരം നൽകിയേക്കുമെന്ന പ്രതീക്ഷയുമായി...(ഇടവേള)


ചെന്നൈയിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ കാച്ചിക്കുറുകി ഒരു നോവൽ അവൻ പൂർത്തിയാക്കി. വലിയ പ്രതീക്ഷകൾ മനസ്സിൽ വെക്കാതെ അവൻ ഇക്കുറിയും പബ്ലിഷേഴ്സിനെ സമീപിച്ചു. എന്നാൽ അവനെ ഞെട്ടിച്ചുകൊണ്ട് കേരളത്തിലെ ഒന്നാംകിട പബ്ലിഷേഴ്‌സ് ആയ ഡി.സി ബുക്ക്സ് ആ പുസ്തകം പുറത്തിറക്കാമെന്ന് സമ്മതിച്ചു. അങ്ങനെ ഡി.സി ബുക്സിലൂടെ റാം കെയർ ഓഫ് ആനന്ദി പുറത്തിറങ്ങി. ഒരു സിനിമ കാണുന്നതുപോലെ മനോഹരമായ നോവൽ. ഒരു പുതുക്കക്കാരൻ ആയതിനാലാവാം 2020 ഇൽ പുറത്തിറങ്ങിയ പുസ്‌തകം വളരെ പതുക്കെയാണ് സ്വീകരിക്കപ്പെട്ടത്. എന്തായാലും ഒരു തിരക്കഥാ ശൈലിയിൽ എഴുതപ്പെട്ട ആ നോവൽ വായിച്ച സംവിധായകൻ ജൂഡ് ആൻറണി തൻറെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നേരിട്ടുകൊണ്ടിരുന്ന ഒരു പ്രതിസന്ധി തരണം ചെയ്യാൻ ആ നോവലിസ്റ്റിന്റെ ക്ഷണിക്കുന്നു. 2018 പ്രളയം ആയിരുന്നു ജൂഡ് സിനിമയാക്കുവാൻ തീരുമാനിച്ചിരുന്നത്. അതും നല്ല ബിഗ് ബഡ്‌ജറ്റിൽ. അങ്ങനെ പുറത്തിറങ്ങുന്ന സിനിമ അൽപ്പം പാളിപ്പോയാൽ ഒരു ഡോക്യൂമെന്ററി നിലവാരത്തിലേക്ക് കൂപ്പുകുത്തപ്പെടും. അങ്ങനെ വരാതിരിക്കണമെങ്കിൽ തിരക്കഥ അതിനൊത്ത് ഉയരണം. അതിനാണ് നമ്മുടെ യുവ നോവലിസ്‌റ്റിന്റെ സഹായം സ്വീകരിക്കുവാൻ തീരുമാനിച്ചത്. 2023 ൽ ഇറങ്ങിയ സിനിമ ചരിത്രം തിരുത്തിക്കുറിക്കുന്ന ഹിറ്റ് ആയിമാറി. അതോടെ ശ്രദ്ധിക്കപ്പെട്ട പേരുകളിൽ ഒന്ന് ജൂഡിനോടൊപ്പം തിരക്കഥ എഴുതിയ നമ്മുടെ ചെക്കന്റെ പേര് ആയിരുന്നു. എന്നാൽ പിന്നെ അവൻറെ നോവൽ നമുക്ക് എന്ന് നോക്കിയേക്കാം എന്ന് കരുതി ബുക്ക് മേടിച്ചവർ ആരും നിരാശപ്പെട്ടില്ല. സോഷ്യൽ മീഡിയയിലൂടെ നോവൽ വൻ പ്രചാരണം നേടി. ആദ്യ രണ്ടുവർഷം കൊണ്ട് രണ്ടോ മൂന്നോ പതിപ്പ് മാത്രം പുറത്തിറങ്ങിയ റാം കെയർ ഓഫ് ആനന്ദിയുടെ ഇരുപതിലധികം പതിപ്പുകൾ 2023 ൽ മാത്രമിറങ്ങി. ഇന്ത്യയിൽ തന്നെ ഏറ്റവും ജനപ്രീതി നേടിയ പുസ്തകങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് നോവൽ കുതിച്ചു. റാം കെയർ ഓഫ് ആനന്ദി യെ തട്ടിയിട്ട് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കയറാൻ വയ്യാത്ത അവസ്ഥയായി. പുസ്തക കടകളുടെ മുന്നിൽ റാം കെയർ ഓഫ് ആനന്ദി ലഭ്യമാണെന്ന് പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും വരെ നിരന്നു. കാറ്റുള്ളപ്പോൾ തൂറ്റാൻ ഡി.സി യെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. 2024 ഏപ്രിൽ ആയപ്പോഴേക്കും ധാ വരുന്നു നമ്മുടെ ചെക്കന്റെ ആദ്യ രണ്ടു നോവലുകളും ഡി സി യുടെ പുറംചട്ടയിൽ. താഴെ ഒരു ടാഗ് ലൈനും " ഫ്രം ദി റൈറ്റർ ഓഫ് റാം കെയർ ഓഫ് ആനന്ദി". ഒരു കാലത്ത് തിരസ്ക്കരിച്ച ആളുകളെക്കൊണ്ട് തന്നെ തൻറെ ആദ്യ രണ്ട് നോവലുകളും പ്രസിദ്ധീകരിപ്പിച്ച ആ നോവലിസ്റ്റ് ആണ് അഖിൽ പി ധർമ്മജൻ എന്ന ആലപ്പുഴയിലെ പാതിരാപ്പള്ളി സ്വദേശി.


അഖിലിനെക്കുറിച്ച് ആദ്യം ഞാൻ കേൾക്കുന്നത് ആലപ്പുഴയിൽ ജോലിയിൽ പ്രവേശിച്ചതിന് ശേഷമാണ്. എനിക്ക് വായനാ ശീലം ഉണ്ടെന്ന് കണ്ട ഒരു സഹപ്രവർത്തകനാണ് അഖിലിനെക്കുറിച്ച് പറയുന്നത്. ആ ചങ്ങാതിയും ഞാനും ഒരേ സ്കൂളിൽ ആയിരുന്നു പഠിച്ചത്. "നമ്മുടെ സ്കൂളിൽ പഠിച്ച ഒരു പയ്യൻ രണ്ട് നോവലുകൾ എഴുതിയിട്ടുണ്ട്. മേടിച്ച് വായിക്കണം. അവൻ തന്നെ ആണ് പബ്ലിഷ് ചെയ്തത്. വിളിച്ചു പറഞ്ഞാൽ അവൻ തന്നെ സാധനം ഇവിടെ കൊണ്ടുവന്ന് തരും"  എന്ന് പറഞ്ഞു. അവൻ തന്ന നമ്പരിൽ വിളിച്ചെങ്കിലും അഖിൽ സ്ഥലത്തില്ലാതിരുന്നതിനാൽ കിട്ടിയില്ല. പുറത്തെ കടകളിലൊന്നും ഈ നോവലുകൾ ഇല്ലാത്തതിനാൽ ഓഫീസിലെ ചങ്ങാതിയുടെ കയ്യിൽ നിന്നും വാങ്ങി ഓജോ ബോർഡ് വായിച്ചു. ഒരു സാധാരണ ഹൊറർ നോവൽ. രണ്ടാമത്തെ നോവൽ ഉടനെ വായിക്കുവാൻ തോന്നിയില്ല. പകരം ആയിടയ്ക്ക് പുറത്തിറങ്ങിയ റാം കെയർ ഓഫ് ആനന്ദി വാങ്ങി വായിച്ചു. ഇക്കുറി അഖിൽ ഞെട്ടിച്ചു. അഭിപ്രായം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അഖിലിനെ നേരിട്ട് അഭിനന്ദനം അറിയിക്കുകയും ചെയ്‌തു. ഞാൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് അഖിൽ ഷെയർ ചെയ്തത് സ്വന്തം നാട്ടിലും ആളുകൾ എൻറെ പുസ്തകം സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞായിരുന്നു. 2018 സിനിമ പുറത്തിറങ്ങുന്നതിനും മുൻപായിരുന്നു അത്. റാം കെയർ ഓഫ് ആനന്ദി വായിച്ചതിൻറെ ബലത്തിൽ അഖിലിന്റെ മെർക്കുറി ഐലന്റ് ഞാൻ വായിക്കുവാനെടുത്തു.


മലയാളത്തിൽ അധികം വായിച്ചിട്ടില്ലാത്ത ഫാന്റസി ജേർണലിലുള്ള രചന. അത്യാവശ്യം നല്ല രീതിയിൽ അഖിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷെ ആനന്ദിയെക്കാൾ അഖിൽ കഷ്ടപ്പെട്ടിട്ടുണ്ടാവുക ഈ നോവലിന് വേണ്ടി ആയിരിക്കാം. പക്ഷെ ആനന്ദിയെ ആഘോഷമാക്കുന്ന യൂത്ത് ഈ പുസ്തകം ആ രീതിയിൽ സമീപിച്ചാൽ നിരാശപ്പെട്ടേക്കാം. ഫിക്ഷൻ നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് നിസംശയം തിരഞ്ഞെടുക്കാവുന്ന നോവലാണ് മെർക്കുറി ഐലന്റ്. ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതിയിൽ എഴുതപ്പെട്ട നോവൽ. അഖിലിന്റെ ഭ്രാന്തമായ ഭാവനകളെ നമിക്കുന്നു.


ഹോളിവുഡ് സിനിമ കാണുന്നതുപോലെ എന്ന് പറഞ്ഞതിൽ തന്നെയുണ്ട് ആ നോവലിൻറെ പോരായ്‌മ. ഫിക്ഷൻ/ ഫാന്റസി പ്രേമികൾ ആയിരിക്കും ഈ നോവൽ തിരഞ്ഞ് എത്തുക. ആ ആളുകൾ കാണുന്ന പല സിനിമകളും ഈ നോവൽ വായിക്കുമ്പോൾ ഓർമ്മ വരും (ഓർമ്മ വരും എന്ന് വെച്ച് ഒരു ആശയം പോലും അഖിൽ ഈ സിനിമകളിൽ നിന്നും കോപ്പി അടിച്ചിട്ടില്ല എന്ന് നിസംശയം പറയാം. അഖിലിന്റെതായ സൃഷ്ടികൾ മാത്രമാണ് മെർക്കുറി ഐലന്റ് നിറയെ) ജുമാൻജി, ഇന്ത്യാന ജോൺസ്, മമ്മി സീരീസ് തുടങ്ങി ഒട്ടേറെ സിനിമകൾ മനസിലൂടെ മിന്നിക്കൊണ്ടിരുന്നു. അത്തരം സിനിമകൾ കാണാത്ത ആളുകളാണ് വായിക്കുന്നതെങ്കിൽ ഒന്നും നോക്കണ്ട, ഞെട്ടിയിരിക്കും. രണ്ടാമതായി തോന്നിയ പോരായ്മ തുടർ ഭാഗങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് എന്നതുപോലെ ഓരോ അദ്ധ്യായത്തിലും വെച്ചുകെട്ടിയിരിക്കുന്ന സസ്പെൻസുകൾ ആണ്. ഫേസ്ബുക് പോസ്റ്റുകൾ ആയി ഇറക്കുമ്പോൾ അവ ഗുണം ചെയ്യുമെങ്കിലും അറുപത്തിമൂന്ന് അധ്യായങ്ങളുള്ള ഒരു നോവൽ ആയി ഇറക്കുമ്പോൾ ഓരോ അദ്ധ്യായത്തിലും നിർബന്ധപൂർവ്വം വെച്ചിരിക്കുന്ന സസ്പെൻസുകൾ ഏച്ചുകെട്ടലുകൾ പോലെ അനുഭവപ്പെട്ടു. പിന്നെ ഒരു തുടക്കക്കാരൻ എന്ന നിലയിൽ നോക്കിയാൽ ഒട്ടേറെ പ്രതീക്ഷകളോടെയാണ് ഈ നോവൽ വായിച്ചു തീർത്തത്. വെറും ഇരുപത്തിയഞ്ചാം വയസിൽ ഇജ്ജാതി ഒരെണ്ണം എഴുതി തീർത്തെങ്കിൽ അഖിലിൽ നിന്നും ഇനി വരാൻ പോകുന്നത് എന്തൊക്കെ ആയിരിക്കും എന്നോർത്ത്. 


മലയാളി വായനക്കാരിൽ അഖിൽ ഉളവാക്കിയിരിക്കുന്ന പ്രതീക്ഷകൾ എത്ര വലുതാണെന്ന് സോഷ്യൽ മീഡിയ ആയുധമാക്കി വളർന്ന അഖിലിന് തീർച്ചയായും മനസിലായിട്ടുണ്ടാകും. ആ പ്രതീക്ഷയ്ക്ക് അപ്പുറമായി വളരാൻ അനുജന് സാധിക്കട്ടെ എന്ന ആശംസയോടെ നിർത്തുന്നു.