Monday, October 20, 2025

വായനാനുഭവം - പട്ടുനൂൽപ്പുഴു - എസ് ഹരീഷ് (Book Review - Pattunoolppuzhu by S Harish)

വായനാനുഭവം - പട്ടുനൂൽപ്പുഴു - എസ് ഹരീഷ് 




മലയാളികൾക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ വായനാനുഭവം പകർന്നു നൽകിയ കൃതികളായിരുന്നു "മീശ"യും "ആഗസ്റ്റ് 17" ഉം. കേരളചരിത്രത്തിലെ സുപ്രധാനമായ ഒരു കാലഘട്ടത്തിലൂടെ വായനക്കാരനെ കൈ പിടിച്ചു നടത്തിച്ച ആ നോവലുകൾ വായിക്കുമ്പോൾ ശരിക്കും ആ സൃഷ്ടികൾക്ക് വേണ്ടി നോവലിസ്റ്റ് നടത്തിയ തയ്യാറെടുപ്പുകളെയോർത്ത് അത്ഭുതം തോന്നിയിരുന്നു. അത്രത്തോളം ചരിത്രത്തെ പഠിച്ചെങ്കിൽ മാത്രമേ അത് ഒരു കഥ പോലെ അവതരിപ്പിക്കുവാനും തിരുത്തി എഴുതുവാനും സാധിക്കൂ. ആ മഹത്കൃത്യം നിർവഹിച്ച നോവലിസ്റ്റ് ശ്രീ എസ്. ഹരീഷ് ന്റെ ഏറ്റവും പുതിയ നോവലാണ് പട്ടുനൂൽപ്പുഴു. ആദ്യ രണ്ടുനോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാ തന്തുവാണ് ഇക്കുറി നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ നിന്നും മനസ്സിലായത് അദ്ദേഹം ആദ്യം എഴുതുവാൻ നിശ്ചയിച്ചിരുന്ന നോവലായിരുന്നു പട്ടുനൂൽപ്പുഴുവെന്നാണ്. പിന്നീട് മീശയും ആഗസ്റ്റ് 17 ഉം എഴുതിക്കഴിഞ്ഞ് പുറത്തിറങ്ങാനായിരുന്നു ഈ നോവലിന്റെ വിധി. മുൻ നോവലുകളിലൂടെ ഒരു നോവലിസ്റ്റ് എന്ന നിലയിൽ ശ്രീ ഹരീഷ് കൈവരിച്ച പരിചയസമ്പത്ത് മൂന്നാമത്തെ നോവലിന് ഗുണം ചെയ്തിട്ടുണ്ടെന്നുതന്നെ പറയാം. ആദ്യനോവലുകളിൽ കഥ പറഞ്ഞ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാനവും കഥാതന്തുവും കൊണ്ടുവരാനുള്ള നോവലിസ്റ്റിന്റെ ശ്രമം വിജയിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.


2024 ഡിസംബറിൽ ഡിസി ബുക്സിലൂടെ പുറത്തിറങ്ങിയ നോവലിന്റെ 2025 ജൂണിൽ പുറത്തിറങ്ങിയ ഒൻപതാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. അതിൽ നിന്നും നോവൽ കൈവരിച്ച ജനപ്രീതി വ്യക്തമാണ്. 284 പേജുകളുള്ള നോവലിന്റെ വില 350 രൂപയാണ്. 


വായനയിലേക്ക് വരാം. ഇത് സാംസ യുടെ കഥയാണ്. സംസയെ ചുറ്റിപ്പറ്റിയുള്ളവരാണ് നോവലിൽ കടന്നുവരുന്ന മറ്റ് കഥാപാത്രങ്ങൾ. പൊതുവായി ഈ നോവലിൽ നിറഞ്ഞു നിൽക്കുന്നത് ഏകാന്തതയാണ്. അന്തർമുഖനായ നായകൻ, മാനസിക പ്രശ്നങ്ങൾ നേരിടുന്ന നായകൻറെ സുഹൃത്ത്, ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയുന്നത് അന്വർത്ഥമാക്കുന്ന രീതിയിൽ സ്വപ്നലോകത്ത് ജീവിച്ച് ദുരന്തപര്യവസായിയായ ജീവിതം ചോദിച്ചുവാങ്ങുന്ന അച്ഛൻ കഥാപാത്രം, അതിന്റെ ഫലം അനുഭവിക്കുന്ന അമ്മ ആനി, അവരുടെ വീട്ടിലെ പട്ടി തുടങ്ങി വളരെ കുറച്ച് കഥാപാത്രങ്ങളാണ് നോവലിലുള്ളത്. അവരുടെ മാനസിക സംഘർഷങ്ങളും ചിന്താവ്യാപാരങ്ങളും കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു. വിഷാദം, മരണം, ഏകാന്തത എന്നിവയാൽ നിർമ്മിക്കപ്പെട്ടൊരു കൂട്ടിനുള്ളിലെ പ്യൂപ്പ അവസ്ഥയിലാണ് ഈ കഥാപാത്രങ്ങൾ. ആ പ്യൂപ്പ അവസ്ഥയിൽ നിന്നും പൊട്ടിച്ച് പുറത്തുവരുന്ന ശലഭങ്ങളായി അവരെ കാണിക്കുന്നില്ല. പ്യൂപ്പയാവാൻ നിർമ്മിക്കുന്ന കൂടിനുവേണ്ടി ജീവൻ ത്യജിക്കേണ്ടിവരുന്ന പട്ടുനൂൽപ്പുഴുവിന്റെ പേര് നോവലിന് നൽകിയതും അതുകൊണ്ടാവാം.   


എസ്. ഹരീഷിന്റെ മുൻ നോവലുകൾ ഇഷ്ടപ്പെട്ടിട്ടുള്ള വായനക്കാർക്ക് തീർച്ചയായും ഇഷ്ട്ടപ്പെടുന്ന നോവൽ തന്നെയാണ് പട്ടുനൂൽപ്പുഴു. പരിചിതമെങ്കിലും നോവലിലാകെ നിറഞ്ഞു നിൽക്കുന്ന ഏകാന്തതയും വിഷാദവും എല്ലാവർക്കും ദഹിക്കണമെന്നില്ല. പക്ഷെ എന്നെ സംബന്ധിച്ച് ഇതിലെ പല സന്ദർഭങ്ങളും പരിചിതമായി തോന്നി. ആയതിനാൽ എന്റെ കപ്പിലെ കാപ്പി തന്നെയായിരുന്നു ഈ നോവലും.

No comments:

Post a Comment