വായനാനുഭവം - മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ - ബെന്യാമിൻ
മലയാളിയായ നജീബ് എന്ന ചെറുപ്പക്കാരന് മലയാളികളുടെ സ്വപ്നഭൂമിയായിരുന്ന ഗൾഫിൽ വെച്ച് സംഭവിച്ച ദുരന്തകഥ "ആടുജീവിതം" എന്ന പേരിൽ അവതരിപ്പിച്ചുകൊണ്ട് മലയാള സാഹിത്യലോകത്തേക്ക് ആധികാരികമായി കടന്നുവന്ന എഴുത്തുകാരനാണ് മുൻ പ്രവാസി കൂടിയായ ശ്രീ ബെന്യമിൻ. വായനക്കാരനെ നജീബിന്റെ കൂടെ നടത്തിക്കുന്ന, പൊള്ളിക്കുന്ന ഭാഷ തന്നെയായിരുന്നു ആടുജീവിതത്തിന്റെ വിജയത്തിന് പിന്നിലുള്ള ചാലകശക്തി. പിന്നീട് അദ്ദേഹം എഴുതിയ ഓരോ നോവലിലും വായനക്കാരനെ സത്യത്തിനും മിഥ്യയ്ക്കും ഇടയിൽ കെട്ടി വലിക്കുന്ന ഒരു മാന്ത്രികത ദർശിക്കാൻ സാധിക്കും. ആ ബെന്യമിൻ ഇക്കുറി മറ്റൊരു സംഭവകഥയുമായി വരുമ്പോൾ വായനക്കാരന് ധൈര്യമായി അതിലേക്ക് ഇറങ്ങാം. സത്യമേതാ മിഥ്യയേതാ എന്നറിയാത്തൊരു പ്രഹേളികയിലേക്കാണ് താൻ ഇറങ്ങാൻ പോകുന്നതെന്നൊരു വിശ്വാസത്തോടെ. ആ വിശ്വാസത്തോട് നൂറു ശതമാനം നീതി പുലർത്തിയ പുസ്തകമാണ് അദ്ദേഹം എഴുതിയ ഏറ്റവും പുതിയ നോവൽ "മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ"
എന്നിലെ വായനക്കാരൻ എത്രമാത്രം ശൈശവാവസ്ഥയിലാണ് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഈ നോവലിനെക്കുറിച്ച് അറിഞ്ഞപ്പോഴുണ്ടായ എന്റെ ആദ്യ പ്രതികരണം. "മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ" എന്തൊരു ഊളപ്പേര്! കേൾക്കുമ്പോഴേ അറിയാം കട്ട ക്രിഞ്ച് ആണെന്ന്. മൾബറി എന്ത് പറയാനാണ്? ഇനി അതൊരു പേരാണെങ്കിൽ അങ്ങനെയൊക്കെ ആരെങ്കിലും പേരിടുമോ? സോർബയെക്കുറിച്ച് പറയാൻ ആരാണ് ഈ സോർബ. ബെന്യാമിൻ അടുത്തിടെ യൂറോപ്പിലേക്ക് ഒരു യാത്ര നടത്തിയതായി അറിഞ്ഞിരുന്നു. ആ വഴിയിൽ കിട്ടിയ വല്ല യൂറോപ്യൻ കഥയുമായിരിക്കും. എന്തായാലും പുസ്തകത്തെ നൈസായി ഞാൻ അവഗണിച്ചു. പിന്നീട് പല കോണുകളിൽ നിന്നും നോവലിനെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ കേട്ടുതുടങ്ങിയതുകൊണ്ടും അദ്ദേഹത്തിന്റെ മുൻ രചനകൾ ഓട് നിരാശപ്പെടുത്താതിരുന്നതുകൊണ്ടും രണ്ടതും കൽപ്പിച്ച് വാങ്ങിച്ചു. ഡി.സി ബുക്ക്സ് 2025 ജൂലൈയിൽ പുറത്തിറക്കിയ ആദ്യപതിപ്പിൽ ഒന്ന് തന്നെയാണ് വാങ്ങിയത് 431 പേജുകളുള്ള പുസ്തകത്തിന്റെ വില 499 രൂപയായിരുന്നു.
വായനാനുഭവത്തെക്കുറിച്ച് പറയാം. ആദ്യ പേജ് മുതൽ പിടിച്ചിരുത്തി വായിപ്പിക്കുന്ന ആഖ്യാനശൈലി. ബെന്യാമിന് മനോഹരമായി യാത്രാവിവരണം രചിക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്ന രീതിയിലാണ് ആദ്യ അദ്ധ്യായം. പിന്നീട്, നായികയായ ഡെയ്‌സി നടത്തുന്ന ഗ്രീസ് യാത്രയും അവരുടെ ഫ്ലാഷ് ബാക്കും ഇടകലർത്തി മുന്നോട്ടുപോകുന്നു. ഡെയ്സിയുടെ മൂന്ന് കാലഘട്ടങ്ങളാണ് കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിലൂടെ ആരാണ് ഡെയ്സിയെന്നും, അവരുടെ ഭർത്താവ് ഷെൽവിയെക്കുറിച്ചും അവരെ ഒന്നിപ്പിച്ച അവരുടെ ആരാധ്യപുരുഷനായ ഗ്രീക്ക് എഴുത്തുകാരൻ കസാൻദ്സാക്കിസിനെക്കുറിച്ചും അവരുടെ മൾബറി ബുക്ക്സ് എന്ന പുസ്തകപ്രസിദ്ധീകരണ സ്ഥാപനത്തെക്കുറിച്ചും സോർബയെക്കുറിച്ചുമൊക്കെ വിവരിക്കുന്നു. കോഴിക്കോടേക്ക് ഷെൽവിക്കും ഡെയ്സിക്കുമൊപ്പം നടക്കാൻ വായനക്കാരൻ നിർബന്ധിതനാകുന്നു. അവരുടെ വിജയങ്ങളിൽ സന്തോഷിക്കുന്നു. അവരുടെ ഇടർച്ചകളിൽ മനസ്സ് പതറുന്നു. ഒടുക്കം ഒരുതരം നിർവികാരതയോടെ ഒരു നെടുവീർപ്പോടെ വായിച്ച് തീർക്കുന്നു. യഥാർത്ഥ നജീബിനെ കണ്ടതുപോലെ യഥാർത്ഥ ഡെയ്സിയെയും കാണാൻ ഒരു ആഗ്രഹം ആ വായന അവശേഷിപ്പിക്കും.
പുസ്തകപ്രസാധനം എന്താണെന്നും ആ മേഖലയിൽ നടക്കുന്ന മത്സരങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഒരു പാഠപുസ്തകം പിലെ നോവൽ വിവരിക്കുന്നു. ഒരു പാഷൻ ആയി തുടങ്ങുന്ന സംരംഭം പിന്നീട് ബിസിനസ് മാത്രമായി കൂപ്പുകുത്തുമ്പോൾ ഉണ്ടാകുന്ന അധഃപതനവും ദുരന്തവും കണ്ണുതുറപ്പിക്കുന്നതാണ്. പുസ്തകമേളകളിൽ പോകുമ്പോൾ പേരറിയാത്ത നൂറുകണക്കിന് പ്രസാധകരെ കാണുവാൻ സാധിക്കും. ഈ നോവൽ വായിക്കുമ്പോൾ തിരിഞ്ഞുപോലും നോക്കാതെ കടന്നുപോയ ആ പ്രസാധകരെയൊക്കെ ഓർമ്മവരും. സാഹിത്യലോകം ഒരു കടലാണ്. മീനുകൾ പുസ്തകങ്ങളാവുമ്പോൾ എഴുത്തുകാർ മീൻപിടുത്തക്കാരാവുന്നു. അത് പ്രസിദ്ധീകരിക്കുന്നവർ കടപ്പുറത്ത് മൽസ്യം ലേലം ചെയ്യാൻ വരുന്ന തരകന്മാരെപ്പോലെയും ആണ്. ആയിരക്കണക്കിന് തീരങ്ങളിൽ ഒരേ സമയം ലേലം വിളികൾ നടക്കുന്നുണ്ട്. അതിൽ രക്ഷപെട്ടുപോയവർ ആരൊക്കെ? മൽസ്യം വിൽക്കാൻ വരുന്നവരെ അറിഞ്ഞാലും ആരാണ് ഈ താരകന്മാരെ അറിയുന്നത്?
എനിക്ക് അത്ഭുതം തോന്നിപ്പിച്ച ഒരു എഴുത്തുകാരനാണ് ശ്രീ ബെന്യമിൻ. എന്തൊരു എഴുത്താണ് അദ്ദേഹത്തിന്റെ. ബുധിജീവി ഭാഷയില്ലാതെ, വായനക്കാരനെ കിടിലം കൊള്ളിക്കുന്ന മലയാള പദങ്ങൾ കുത്തിനിറയ്ക്കാതെ എന്ത് മനോഹരമായാണ് അദ്ദേഹം ജീവിതങ്ങൾ വരച്ചിടുന്നത്. വായനക്കാരന്റെ പൾസ് അറിയുന്ന നിലവിലെ ഏറ്റവും മികച്ച എഴുത്തുകാരൻ താനാണെന്ന് മൾബെറിയിലൂടെ ബെന്യമിൻ അടിവരയിടുന്നു. ഓരോ നോവലിലും എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം കൈവരിക്കുന്ന പുരോഗതി കൃത്യമായി വായിച്ചറിയാൻ സാധിക്കുന്നുണ്ട്. ഇനിയും നമുക്ക് കാത്തിരിക്കാം സ്ഥലജലവിഭ്രമം വരുത്തുന്ന അടുത്ത നോവലിനായി.
This is a very insightful review. 👍🏻
ReplyDelete